ഒരുത്തി ഭാഗം 1
സുധമ്മായി അങ്ങനെ ഓർമയായി. അമ്മയുടെ വീട്ടിൽ ഒരു പാട് കാലത്തിനു ശേഷം പോയത് കൊണ്ട് രാജിക്ക് അയല്പക്കക്കാരെയൊന്നും തീരെ ഓർമ കിട്ടിയില്ല.ഓരോ ആളുകളും വന്നു പരിചയപ്പെടുമ്പോൾ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് പടത്തിലെ കീറിയ ചിന്തുകൾ അവൾ ഒട്ടിച്ചെടുക്കാൻ ശ്രമിച്ചു. അവളുടെ കൂടെ ചെറുപ്പത്തിൽ ഓടി കളിച്ചിരുന്ന പലരും ഒന്നും രണ്ടും കുട്ടികളുടെ അച്ഛനും അമ്മയുമൊക്കെയാണ്. രാജിയുടെ കുടുംബം എവിടെയെന്നു മാത്രം ആർക്കും കൃത്യമായി പിടികിട്ടിയില്ല. അവൾ രണ്ടാഴ്ച അവിടെ തങ്ങി വീട്ടിലേക്ക് മടങ്ങി.
രാജുവുമൊത്തു മടങ്ങുമ്പോളാണ് അവനൊരു ബോംബ് പൊട്ടിച്ചത്. അത് പക്ഷെ നല്ലൊരു വാർത്തയായിരുന്നു. അച്ഛന്റെ പേരിലുള്ള സ്വത്തെല്ലാം അവനും അമ്മയുടെ പേരിലുള്ള സ്വത്തെല്ലാം രാജിക്കുമാണ് എഴുതി വെച്ചിരിക്കുന്നത്. ഇപ്പൊ മാമനും അമ്മായിയും മരിച്ചു. അവർക്ക് വേറെ അവകാശികളുമില്ല. ഇനി അമ്മയുടെ വീടും പറമ്പും രാജിക്ക് സ്വന്തം. അതിന് രജിസ്റ്റർ ഓഫീസിൽ ചെറിയൊരു ഫോർമാലിറ്റി മാത്രം.
ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാത്ത അവൾ ഒരു നിമിഷം കൊണ്ട് വീട്ടുടമയായി. അവൾക്ക് അമ്മയുടെ വില്പത്രത്തെക്കുറിച്ച് രാജു പറയും വരെ ഒരറിവും ഉണ്ടായിരുന്നില്ല.
“ഏതായാലും അച്ഛനെയും കൊണ്ട് നടു റോഡിലോട്ട് ഇറങ്ങേണ്ടല്ലോ?അതൊരാശ്വാസം.”
“അതിനു അച്ഛൻ അങ്ങോട്ട് വരാൻ സമ്മതിക്കുമോ?”
അവൻ അങ്ങനെ ചോദിച്ചപ്പോളാണ് അവളത് ചിന്തിക്കുന്നത്.
“പിന്നെ നീ നോക്കോ അച്ഛനെ?”
അവൾ തിരിച്ചു ചോദിച്ചു.
“എന്റെയും കൂടെ അച്ഛനല്ലേ?”
“ഇപ്പൊ അങ്ങനെയൊക്കെ ആയോ? നന്നായി. എടാ നീ ഇപ്പോളെങ്കിലും അച്ഛനെ മനസിലാക്കിയല്ലോ.”
അവൻ കഷ്ടപ്പെട്ട് ചിരി വരുത്തി വണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ അവൾക്ക് പാവം തോന്നി. ഇത്ര കൊല്ലം ആരും അറിയാതെ എത്ര പ്രയാസം ഉള്ളിൽ കൊണ്ട് നടന്നു ഇവൻ? പാവം. അച്ഛനെ ഒരിക്കൽ പോലും മുറിയിൽ കേറി കാണാതിരുന്നത് എന്ത് കൊണ്ടാണെന്നു ഇപ്പോൾ മനസ്സിലാവുന്നുണ്ട്.
കുറച്ചു ദിവസം കഴിഞ്ഞ് അവൾ അമ്മയുടെ വീടിന്റെ അവകാശിയായി കേറി ചെല്ലുമ്പോൾ ഒരു മുറിയിലും കർട്ടനുകൾ കാണുന്നില്ല. അടുക്കളയിൽ നല്ലൊരു പാത്രം പോലും ഇല്ല. കഴിഞ്ഞ ദിവസം ഇവിടന്ന് പോകുമ്പോൾ ഇതൊക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ. അമ്മായിയുടെ കമലമ്മയും തമിഴത്തിയും എല്ലാം പങ്കു വെച്ചു എടുത്തു കൊണ്ട് പോയതാണ്. അമ്മായി ജീവിച്ചിരുന്ന കാലമത്രയും സ്വരുക്കൂട്ടി വെച്ച പാത്രങ്ങളും സാധനങ്ങളും ഏതായാലും അമ്മായിക്ക് അവസാനം പോകുമ്പോൾ കൊണ്ട് പോകാൻ പറ്റിയില്ല. അത് കൂടെ നിന്നവർ പങ്കിട്ടെടുത്തു. അവൾക്കു അവരോട് ഒരു നീരസവും തോന്നിയില്ല.
കട്ടിലും മേശയുമൊന്നും കൊണ്ട് പോയില്ലല്ലോ?ഭാഗ്യം. അവളോർത്തു.
രണ്ട് ദിവസം കൊണ്ട് തന്നെ ഒറ്റക്കുള്ള വാസം അവൾക്ക് ബോറടിച്ചു തുടങ്ങി. അവൾ കൂടെ ജോലി ചെയ്യുന്നവരോട് പേയിങ് ഗസ്റ്റ് ആയി ആരെയെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ചു. അങ്ങനെ രണ്ട് പേരെ കൂടെ താമസിക്കാൻ കിട്ടി. ശാരദയും അമ്പിളി ചേച്ചിയും. രണ്ട് പേരും സർക്കാർ ഉദ്യോഗസ്ഥർ. ഒരുമിച്ച് ഒരു ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു. എങ്ങനെയെങ്കിലും മാറണം എന്ന് പറഞ്ഞ് നിക്കുമ്പോളാണ് ഇങ്ങനെ ഒരു വീടിനെ കുറിച്ച് അറിയുന്നത്. പിന്നെ ഒന്നും നോക്കിയില്ല. അവർ ഇങ്ങോട്ട് മാറി.
ഒരു പാട് മുറികളുള്ള ആ പഴയ തറവാട്ടിൽ അങ്ങനെ ഒരുപാട് ദിക്കുകളിൽ നിന്നും പെൺ കിളികൾ വന്നു കൂടു കൂട്ടി.വാടക കിട്ടി തുടങ്ങിയപ്പോൾ രാജിക്ക് അത്യാവശ്യം നല്ല വരുമാനമായി. പക്ഷെ അവൾ ജോലിക്ക് പോകുന്നത് തുടർന്നു. എല്ലാവരും രാവിലെ ജോലിക്ക് പോയാൽ പിന്നെ ഒറ്റക്കിരുന്നു മടുക്കും.
അങ്ങനെയിരിക്കെ ഒരു ദിവസം അവളുടെ സ്കൂട്ടറിനു മുന്നിൽ ഒരു വൃദ്ധ വന്നു ചാടി. അവൾ അവരെ ആശുപത്രിയിൽ എത്തിച്ചു. മക്കളെ വിളിച്ചു അറിയിച്ചു കാത്ത് നിന്നു. ആരും വന്നില്ല. സമയം ഇരുട്ടും തോറും അവൾക്ക് ഏറെ കുറെ ഉറപ്പായി ആരും വരില്ലയെന്ന് . ശാരദയും കൂടെ ഉണ്ടായിരുന്നു. “നമുക്ക് ഇവരെ തല്ക്കാലം വീട്ടിലേക്ക് കൊണ്ട് പോയാലോ? ”
അങ്ങനെ അവരെ വീട്ടിലേക്ക് കൊണ്ട് വന്നു. രാവിലെയായപ്പോൾ അവരെ എങ്ങനെ ഒറ്റക്ക് അവിടെ ഇരുത്തി പോകും എന്ന ആശയക്കുഴപ്പത്തിലായി എല്ലാവരും.
“ഞാനിന്ന് ഓഫീസിൽ പോകുന്നില്ല. ”
രാജിക്ക് പിന്നീടങ്ങോട്ട് ഓഫീസിൽ പോകാൻ പറ്റിയില്ല.
ആ വൃദ്ധ ഒരു സ്കൂൾ ടീച്ചർ ആയിരുന്നു. മക്കളൊക്കെ വളർന്നു വലിയ നിലയിൽ ആയപ്പോൾ ഗുരുവായൂർ അമ്പലനടയിൽ കൊണ്ട് വന്നു തള്ളിയതാണ് അവരെ. അങ്ങനെ എത്രയെത്ര അമ്മമാർ.
ഇത് രാജിയുടെ മനസ്സിൽ ആഴത്തിൽ പതിച്ചു.അവൾ തീരുമാനിച്ചു ഏതായാലും ഈ ലോകത്തെ എല്ലാ അമ്മമാരെയും രക്ഷിക്കാൻ എനിക്കാവില്ല. പക്ഷെ കുറച്ചു പേർക്കെങ്കിലും തണലാവാൻ സാധിക്കും. അവൾ വീടിന്റെ ഒരു ഭാഗം അമ്മമാർക്കുള്ള കിളിക്കൂടാക്കി മാറ്റി.ബാക്കി താമസക്കാരുടെ വാടക കൊണ്ട് അമ്മമാരുടെ ഭക്ഷണവും മരുന്നും ഒക്കെ അവൾ ഒപ്പിച്ചു.
അശരണയായി വീട്ടിൽ നിന്നിറങ്ങാൻ നിന്ന ആ രാത്രി പുലർന്നപ്പോൾ അവളുടെ ജീവിതത്തിൽ ഉണ്ടായ മഹാത്ഭുങ്ങൾ കണ്ട് അവൾ തന്നെ ആശ്ചര്യപ്പെട്ടു. ഇന്ന് സന്തോഷത്തോടെ ജീവിതത്തിൽ ഒരു ലക്ഷ്യം കണ്ടെത്തി അവൾ ജീവിക്കുമ്പോൾ അവളെ പോലെ ഒരാൾ മാത്രം.ആ ഒരുത്തി മാത്രം.
അവളുടെ അർഥവത്തായ പുതിയ ജീവിതം തുടങ്ങുന്നിടത്ത് ഈ കഥ അവസാനിക്കുന്നു.
ഷിജു
2 Comments
ഇപ്പോള വായിച്ചത. മുഴുവൻ ആക്കിയല്ലോ ❤️❤️. നല്ല കഥ
Pingback: ഒരുത്തി 4 - By Shiju KP - കൂട്ടക്ഷരങ്ങൾ