“സാവിത്രീ”
കാരണവർ ഉമ്മറക്കോലായിലെ ചാരുകസേരിയിലിരുന്നു നീട്ടിവിളിച്ചു. ഗൗരവക്കാരനായ കാരണവരുടെ മുഖം രോഷം കൊണ്ടു വലിഞ്ഞു മുറുകി .
“ഏട്ടൻ വിളിച്ചുവോ”
സാവിത്രി പതിഞ്ഞ സ്വരത്തിൽ പൂമുഖ വാതിൽപ്പടിയിൽ നിന്നു ആരാഞ്ഞു .
” എന്താ നിന്റെ മകനു ആ മ്ലേച്ഛൻ നാണുവിന്റെ അനന്തരവളുമായുള്ള ഇടപാട്?
ആ നിഷേധിയോട് പറഞ്ഞേക്കു അവന്റെ മോഹം നടപ്പില്ല്യാന്ന്. തറവാടു മഹിമക്കു ദോഷം വരാൻ ഞാൻ അനുവദിക്കില്ല്യ “.
കാരണവരുടെ ഗാംഭീര്യം നിറഞ്ഞസ്വരം നാലുകെട്ടിൽ മുഴങ്ങിക്കേട്ടു.
ഉമ്മറത്തു വലിയമ്മാവന്റെ വിസ്താരം കേട്ടുകൊണ്ടാണ് ഉണ്ണി ഉമ്മറത്തെത്തിയത് .
ഉണ്ണിയുടെ തലവെട്ടം കണ്ടതും കാരണവർക്കു വീണ്ടും ഹാലിളകി.
“തന്തയാരെന്നറിയാത്ത ആ മ്ലേച്ഛ സന്തതിയുമായുള്ള ഇടപാട് ഇന്നത്തോടെ അവസാനിപ്പിച്ചേക്കണം. ഇല്ല്യാച്ചാൽ ഇല്ലത്തിന്റെ പടിചവിട്ടാന്ന് നിരീക്കണ്ട “.
വലിയമ്മാവന്റെ ആക്രോശവും കുലമഹിമയുടെ അഹങ്കാരവും ജീവിതത്തിൽ ഒരു മ്ലേച്ഛപ്രവർത്തിയും ചെയ്യാഞ്ഞിട്ടു കൂടി മ്ലേച്ഛനെന്നു കേൾക്കേണ്ടി വന്ന നിസ്സഹായനായ നാണുവിന്റെ മുഖവും അച്ഛൻ ജീവിച്ചിരുന്നിട്ടും അച്ഛനില്ലാത്തവളെന്ന പഴിചാരൽ കേൾക്കേണ്ടിവന്ന ഒരു പാവം പെൺകുട്ടിയുടെ മുഖവും അവന്റെ മനസ്സിൽ മിന്നിമറഞ്ഞു .
വലിയമ്മാവൻ ചെയ്ത മ്ലേച്ഛത്തരത്തിന്റെ ബാക്കിപത്രമാണ് നാണുവിന്റെ അനന്തരവളെന്നു ഉച്ചത്തിൽ വിളിച്ചു പറയാനാഞ്ഞെങ്കിലും .
“ഉണ്ണീ ”
എന്ന സാവിത്രിയുടെ വിളിക്കുമുമ്പിൽ അവൻ നിശബ്ദനായി.
റംസീന നാസർ