വേനലവധിക്കാലത്തെ വിനോദങ്ങളിൽ ഒന്നായിരുന്നു കൂട്ടുകാരുമൊത്തുള്ള സൈക്കിൾ ചവിട്ടൽ. പക്ഷെ ആർക്കും സ്വന്തമായി സൈക്കിളില്ലായിരുന്നു. തൊട്ടടുത്തുള്ള സൈക്കിൾ റിപ്പയർചെയ്യുന്ന കടയിൽ വാടകക്ക് സൈക്കിൾ കിട്ടുമായിരുന്നു. മണിക്കൂറിനു ഒരുഉറുപ്പിക വാടക. ആളെണ്ണി പൈസ പിരിച്ചെടുത്തു വേണം വാടക കൊടുക്കാൻ. പണം തന്ന ഓരോത്തർക്കും അഞ്ചുമിനിറ്റ് വീതം ചവിട്ടാൻ കൊടുക്കണം അതാണു ചട്ടം.
അങ്ങനെയിരിക്കെ എന്റെ അനിയത്തിക്കുട്ടിക്കും സൈക്കിൾചവിട്ടു പഠിക്കാൻ മോഹം വന്നു. കൂട്ടത്തിൽ ചെറുതായതു കൊണ്ട് കളികൾക്കൊന്നും അവളെ കൂട്ടാത്ത കുശുമ്പിൽ എപ്പോഴും വഴിക്കിടുന്ന അനിയത്തിയെ സൈക്കിൾ ചവിട്ടി പഠിപ്പിക്കാൻ അമ്മ വാഗ്ദാനം ചെയ്ത ഒരു ഉറുപ്പിക കയ്യിൽ കിട്ടിയപ്പോൾ കോടീശ്വരന്റെ പത്രാസായിരുന്നു. സൈക്കിൾ വാടകക്കെടുത്തു അനിയത്തികുട്ടിയെ പഠിപ്പിച്ചു തുടങ്ങി. പക്ഷെ ഏതോ ദുർബല നിമിഷത്തിൽ അവളെ പിന്നിൽ നിന്നും താങ്ങി നിർത്തിയിരുന്ന എന്റെ കൈകൾ പിടി വിട്ടതും അനിയത്തി തലകുത്തി കരണം മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു. തലപൊട്ടി ചോരയൊലിച്ചു നിൽക്കുന്ന അനിയത്തിയെ കണ്ടതും അമ്മയുടെ വിഷമം ദേഷ്യത്തിനു വഴിമാറി. അന്ന് കിട്ടിയ അടിയുടെ പാടുകൾ ഇന്നുമുണ്ട് കാലിൽ. പാവം അനിയത്തികുട്ടിക്കാകട്ടെ സൈക്കിളിന്റെ നിഴൽ പോലും കാണുന്നത് ഭയമായി പിന്നീട്.
സ്വന്തമായി സൈക്കിൾ വാങ്ങി പഠിക്കാൻ ഏറേ നിർബന്ധിച്ചെങ്കിലും നടന്നില്ല. വാടകക്ക് സൈക്കിൾ കൊടുത്തിരുന്ന കട എപ്പോഴോ അപ്രത്യക്ഷമായി.
പകരം കാറുകളും മോട്ടോർ ബൈക്കുകളും സ്ഥാനം പിടിച്ചെങ്കിലും ഇന്നും കുട്ടിക്കാലത്തു ഒരു ഉറുപ്പികക്ക് വാടകക്കെടുത്തു സൈക്കിൾ ചവിട്ടുമ്പോൾ കിട്ടിയ ആത്മ സംതൃപ്തിയും സന്തോഷവും പിന്നീടൊരിക്കലും തിരിച്ചുകിട്ടിയില്ല.
റംസീന നാസർ