*ഇനിയൊരു ജന്മമുണ്ടെങ്കിൽ*
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു മയിൽപ്പീലിയാകണം .
പുസ്തകത്താളിനുള്ളിൽ മാനം കാണാതെ വിരിയാൻ കാത്തിരിക്കുന്ന കുഞ്ഞു മയിൽപ്പീലി.
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു നീലക്കടലാകണം
വീണ്ടും വീണ്ടും കരയോട് കിന്നാരം പറയുന്ന പ്രണയക്കടൽ.
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു അപ്പൂപ്പൻ താടിയാകണം
ഇളം കാറ്റിനൊപ്പം പാറിപ്പറക്കുന്ന പഞ്ഞിപോലുള്ള കുഞ്ഞു അപ്പൂപ്പൻതാടികൾ.
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് മഴമേഘങ്ങൾ ആകണം
ഭൂമിയെ പുൽകിയുണർത്താൻ ഹൃദയം ത്രസിച്ചു നിൽക്കുന്ന മഴമേഘങ്ങൾ.
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു ചിത്ര ശലഭമാകണം
പൂക്കളുടെ കവിളിൽ ചുംബനം ചൊരിയുന്ന തരളിതയായ വർണ്ണശലഭം.
ഇനിയൊരു ജന്മമുണ്ടെങ്കിൽ പൂക്കൾ നിറഞ്ഞ ഉദ്യാനത്തിലെ
പൂമരചില്ലയിലിരുന്ന് പാടിയുണർത്തുന്ന പൂങ്കുയിലാകണം.
നീലകാശത്തിനു താഴെ പച്ചവിരിച്ചു നിൽക്കുന്ന
ഭൂമിയുടെ വിരിമാറിൽ തല ചായ്ച്ചുറങ്ങി
ഒന്നുമറിയാതെ സുഖനിദ്രയിലാണ്ടിരിക്കുമ്പോൾ
ഇല്ലാതാകണംമെൻ വരും ജന്മം.
റംസീന നാസർ