തണുത്ത കാറ്റിൽ ഹരിതയുടെ മുടിയിഴകൾ പറന്നു.
നീണ്ട വിരലുകൾ കൊണ്ടവൾ അവയെ തന്റെ കാതുകൾക്ക് പിന്നിലേക്ക് ഒതുക്കി വച്ചു.
വാഗമണിലെ റിസോർട്ടിൽ സായംസന്ധ്യ നിഴൽ വിരിക്കുന്ന ആകാശച്ചോട്ടിൽ കയ്യിലൊരു പുസ്തകമുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധ ചെലുത്താതെ അകലേക്ക് നോക്കിയിരിക്കുകയായിരുന്നു അവൾ.
കിളികളൊക്കെയും കലപിലാ ശബ്ദമുണ്ടാക്കിക്കൊണ്ട് ചേക്കേറാനുള്ള തിടുക്കത്തിലാണ്.
മഞ്ഞിന്റെ നേർത്ത ഞരമ്പ് അന്തരീക്ഷത്തിൽ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്.
രാത്രി ആകുമ്പോഴേക്കും പല ഞരമ്പുകൾ ഒഴുകി ചേർന്ന് നാഡിവ്യൂഹമായി ശരീരത്തിനെ വിറങ്ങലിപ്പിച്ചു പടർന്ന് കേറാൻ തുടങ്ങും.
അതിൽ നിന്ന് രക്ഷ നേടാൻ സുധീർ സിഗരറ്റ് വലിക്കുകയോ വോഡ്കയിൽ സോഡാ ചേർത്ത് കുടിക്കുകയോ ചെയ്യും.
അത്തരം ശീലങ്ങൾ തന്നെ ഇത് വരെ കീഴടക്കിയിട്ടില്ലാത്തത് കൊണ്ട് തന്നെ കമ്പിളി കൊണ്ട് മേലാസകലം മൂടി ചുരുണ്ട് കിടക്കുക തന്നെ ശരണം.
“ഹരീ…റൂം റെഡി ആയിട്ടുണ്ട് വാ”
സുധീർ വിളിക്കുന്നു.
ഹരിത എഴുന്നേറ്റ് ചെന്നു.
റിസപ്ഷനിൽ ഇരിക്കുന്ന പയ്യൻ ആരാധന നിറഞ്ഞ കണ്ണുകളോടെ തന്നെ ഉറ്റു നോക്കുന്നത് ഹരിത കണ്ടു.
ആ കണ്ണുകളിലെ തിളക്കം തന്റെ അഴകും ഉടലും കണ്ടിട്ടാണെന്ന് അവൾക്ക് മനസിലായി.
മുന്താണി തുമ്പ് ഒന്നു കൂടി വലിച്ച് പിടിച്ച് അവൾ തല ഉയർത്തി നടന്നു.
സുധീറിനു പിന്നാലെ ആ ആഡംബര മുറിയിലേക്ക് കടന്ന് ചെന്ന് രാജകീയ കിടക്കയിലെ വെളുത്ത വിരിപ്പിലേക്ക് അവൾ മലർന്ന് കിടന്നു.
തെല്ലൊരു അത്ഭുതത്തോടെ അവളെ നോക്കിയിട്ട് സുധീർ ബാത്ത്റൂമിലേക്ക് കയറി.
പുലർച്ചെ തുടങ്ങിയ യാത്രയാണ്. ഡ്രൈവിംഗ് ചെയ്തു തളർന്നു. കൈകളിൽ ഒക്കെ ഒരു മരവിപ്പ് പോലെ. ഇടയ്ക്കെവിടെയോ നിർത്തി ചൂട് കട്ടനും ഉപ്പും കുരുമുളകുമിട്ട ഓംലറ്റും കഴിച്ചത് മാത്രമാണ് വയറ്റിലുള്ളത്.
ഹരിതയാണെങ്കിൽ അത് കൂടി കഴിച്ചിട്ടില്ല. ബാഗിൽ ഉണ്ടായിരുന്ന ജീരകവെള്ളമാണ് അവൾ ഇവിടം വരെയും കുടിച്ചത്.
ഫ്രഷ് ആയിട്ട് പുറത്ത് ഇറങ്ങിയപ്പോൾ സുധീർ കണ്ടത് കുഞ്ഞുങ്ങളെ പോലെ ചെറുതായി വായ് തുറന്ന് ഉറങ്ങുന്ന ഹരിതയെ ആണ്.
ചെരുപ്പിട്ട കാലുകൾ രണ്ടും കിടക്കയ്ക്ക് പുറത്തും. സുധീർ താഴെ കുനിഞ്ഞു ഇരുന്ന് അവളുടെ ചെരുപ്പുകൾ അഴിച്ചു മാറ്റി. പിന്നെ പതിയെ അവളുടെ കാലുകൾ പൊക്കി നേരെ കിടത്തി.
തണുപ്പ് വിരിച്ച കുളിരും പുതച്ച് ഹരിത ഒരു കുറുകലോടെ അവന്റെ കയ്യിലേക്ക് ചേർന്ന് കിടന്നു. ഒന്ന് പരിഭ്രമിച്ചെങ്കിലും അവൻ മെല്ല അവളെ കയ്യിൽ നിന്ന് മുക്തയാക്കി കട്ടിയുള്ള പുതപ്പ് അവളുടെ ദേഹത്തേക്ക് വിരിച്ചിട്ടു.
ഹരിതയുടെ ഫോൺ ബെല്ലടിക്കുന്നുണ്ട്. ഡിസ്പ്ലെയിൽ മിസ്റ്റർ മനീഷ് എന്ന് തെളിഞ്ഞു.
മനീഷ്…
ഹരിതയെ വിവാഹം ചെയ്യാൻ പോകുന്ന ആൾ. അടുത്ത ആഴ്ച അവരുടെ വിവാഹമാണ്.
എന്നിട്ടും തന്നെ കാണാനും മിണ്ടാനും അവസാനമായി യാത്ര ചോദിച്ചിട്ട് പോകാനും അവൾ എത്തിയിരിക്കുന്നു.
അതും പണ്ടെപ്പോഴോ അവൾ ആഗ്രഹം പറഞ്ഞ ഈ സ്ഥലത്ത് വച്ച് തന്നെ വേണമെന്ന് അവൾക്കായിരുന്നു നിർബന്ധം.
മനീഷുമായി അവൾ പരിചയപ്പെട്ടിട്ട് രണ്ടോ മൂന്നോ മാസമായി കാണണം. ഇപ്പോഴും മിസ്റ്റർ മനീഷ് എന്നാണ് അവൾ സേവ് ചെയ്തു വച്ചിരിക്കുന്നത്.
തന്റെ പേർ എങ്ങനെയാകും അവൾ പതിച്ചു വച്ചിട്ടുണ്ടാകുക?
സുധീറിനു കൗതുകം തോന്നി ഒപ്പം പുരുഷസഹജമായ ഒരു തരം അസൂയയും.
ഫോണടുത്ത് ഹരിതയുടെ നമ്പർ ഡയൽ ചെയ്തു.
💙
ഒരു നീലനിറത്തിലെ ലവ് ചിഹ്നം മാത്രം.
തന്റെ ഇഷ്ട നിറം നീലയായത് കൊണ്ടാവുമല്ലോ അവൾ അങ്ങനെ സേവ് ചെയ്തു വച്ചിരിക്കുന്നത്.
“ഹരീ.. നിന്നെ എനിക്ക് മനസ്സിലാകുന്നില്ലല്ലോ?”
സുധീർ ഒന്നും മിണ്ടാതെ പുറത്തെ ബാൽക്കണിയിലേക്ക് നടന്നു.
ഹരിത ഉറക്കം വിട്ട് ഉണരുമ്പോൾ കിടക്കയ്ക്ക് അങ്ങേ വശത്ത് സുധിയും പുതച്ച് കിടക്കുന്നുണ്ടായിരുന്നു.
മെല്ലെ എഴുന്നേറ്റ് കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി. നല്ല ഇരുട്ടിയിരിക്കുന്നു.
മേശപ്പുറത്ത് ഭക്ഷണം അടച്ചു വച്ചിട്ടുണ്ട്. അടപ്പ് തുറന്ന് നോക്കി. തണുത്ത് പോയിട്ടുണ്ട്. റൂം സർവീസ് നെ വിളിച്ചാൽ ചൂടാക്കി തരുമായിരിക്കും.
പക്ഷേ വേണ്ടാ. വിശപ്പിന്റെ വിളിയെ അവഗണിക്കുക വയ്യ.
തണുത്ത റൊട്ടിയും കാന്താരി ചിക്കനും കൂടി ചേർത്ത് കഴിച്ചു. സാലഡിലെ കാരറ്റ് കഷ്ണങ്ങൾ പെറുക്കി കഴിച്ചു. ഫ്ലാസ്കിൽ നിന്ന് ചൂട് ചായയും കൂടി കഴിഞ്ഞപ്പോൾ ഹരിതയുടെ വയറ് നിറഞ്ഞു.
അവൾ ബാത്ത്റൂമിൽ പോയി ഒന്ന് ഫ്രഷായി വന്നു. സാരി മാറ്റി ചുരിദാർ ധരിച്ചു.
കിടക്കയിൽ ചെന്നിരുന്നിട്ട് സുധീറിനെ നോക്കി. ഒരു വശം ചരിഞ്ഞു കിടന്ന് ഉറങ്ങുകയാണ്. പണ്ടും സുധിയെ താനിങ്ങനെ നോക്കി ഇരുന്നിട്ടുണ്ട്.
അന്ന് ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. താൻ അന്ന് സുധിയുടെ ഭാര്യ ആയിരുന്നു.
പലപ്പോഴും അവനെ നോക്കിയിരുന്ന നോട്ടങ്ങൾക്ക് പല അർത്ഥങ്ങൾ ഉണ്ടായിരുന്നു.
ചിലപ്പോൾ സ്നേഹത്തിന്റെ, പ്രണയത്തിന്റെ, കാമത്തിന്റെ, വിരഹത്തിന്റെ, സംശയത്തിന്റെ പിന്നെ ഒടുവിലെപ്പോഴോ വെറുപ്പിന്റെ. അതിനു ശേഷം അവനെ സ്നേഹത്തോടെ നോക്കിയിട്ടില്ല.
ഇന്നിപ്പോൾ തിരിഞ്ഞു ചിന്തിക്കുമ്പോൾ പലതും നെയ്തെടുത്ത കാരണങ്ങൾ ആയിരുന്നു. ഒന്ന് സംസാരിച്ചാൽ തീരാവുന്നത്.
ഒന്ന് കൂടെയിരുന്ന് തലോടിയാൽ പൊഴിഞ്ഞു പോയേക്കാവുന്ന ഈഗോ മാത്രമേ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ എന്ന് ഇപ്പോൾ തോന്നുന്നു.
സുധി ഉണർന്ന് നോക്കിയത് ഹരിതയുടെ മുഖത്തേക്ക് ആണ്.
“നീ ഉറങ്ങിയില്ലേ?”
ഹരിത ഒന്ന് ഞെട്ടി അവനെ നോക്കി.
“ഇല്ലാ.”
“എന്തേ?”
“അറിയില്ല.”
മൗനം. നീണ്ട നിശബ്ദത.
സുധീർ എഴുന്നേറ്റ് കിടക്കയുടെ ഹെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്നു. മുറിഞ്ഞു പോയ ഉറക്കത്തിന്റെ ബാക്കി എന്നോണം കോട്ടു വായിട്ടു.
“സുധീ”
ഹരിത അവന്റെ കണ്ണുകളിലേക്ക് നോക്കി.
“ഞാൻ.. ഞാൻ ഒന്ന് ചേർന്ന് ഇരുന്നോട്ടെ?”
വിടർന്ന കണ്ണുകളോടെ സുധീർ ഹരിതയെ നോക്കി.
“വാ..” അവൻ കൈ വിടർത്തി.
ഹരിത വിരിപ്പിലൂടെ വലിഞ്ഞ് അവന്റെ അരികിലേക്ക് നീങ്ങി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവളെ തന്നോട് ചേർത്ത് പിടിച്ച് സുധീർ അവളുടെ മൂർദ്ധാവിൽ മുഖമമർത്തി.
“ഹരീ..”
“മ്മ്..”
“നമ്മൾ സ്നേഹിച്ചിട്ടുണ്ടോടോ?”
“അറിയില്ല സുധി. പക്ഷേ എനിക്ക് സുധിയോട് ഇഷ്ടമായിരുന്നു. ”
“ഇപ്പോഴോ?”
“അറിയില്ല.”
കുറേ നേരത്തേക്ക് രണ്ടു പേരും മിണ്ടിയില്ല. അവളുടെ ദേഹത്തെ ചൂട് തന്നിലേക്ക് പകരുന്നത് അവൻ അറിഞ്ഞു.
“നിനക്ക് എന്തേലും പറയാനുണ്ടോ?”
ഹരിത മെല്ലെ അവന്റെ മുഖത്തേക്ക് നോക്കി. ചെറുതായി നനഞ്ഞ ആ കണ്ണുകളിലെ കണ്മഷി പടർന്നിരുന്നു.
സ്വയം അറിയാതെ തന്നെ അവൻ അവളുടെ കണ്ണുകളിൽ ചുംബിച്ചു. കണ്ണുകളടഞ്ഞു ഹരിത അവന്റെ ചുംബനങ്ങൾ ഏറ്റു വാങ്ങാൻ സന്നദ്ധയായി. അവന്റെ ചുണ്ടുകൾ കവിളിലൂടെയും താടിയിലൂടെയും സഞ്ചരിച്ച് നെറ്റിയിലെത്തി വിശ്രമിച്ചു.
“സുധീ,.”
“പറയ് മോളെ..”
“ഞാൻ നിങ്ങൾക്ക് ആരാണ്?”
സുധീർ അവളുടെ മുഖത്തേക്ക് നോക്കി.
“പറ. ഞാൻ നിങ്ങൾക്ക് ആരാണ്?
ഒരിക്കൽ ഭാര്യയായി ഇരുന്നവൾ.
നിങ്ങളുടെ രാവിനും പകലിനുമൊപ്പം കൂട്ട് നൽകിയവൾ.
ആഹാരം ഉണ്ടാക്കി വച്ച് വിളമ്പി തന്ന് നിങ്ങളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കി വെളുപ്പിച്ച് തേച്ച് മടക്കി നിങ്ങളുടെ ഓരോ കാര്യങ്ങളും വൃത്തിയായി ചെയ്തിരുന്നവൾ.
തണുപ്പിലെ പുതപ്പായും ഉഷ്ണം വരുമ്പോൾ കുളിർ നൽകാനുള്ള ഫാനായും പ്രവർത്തിച്ചിരുന്നവൾ. അതിൽ കൂടുതൽ ഞാൻ എന്നെങ്കിലും ആരെങ്കിലും ആയിട്ടിരുന്നിട്ടുണ്ടോ സുധി?”
സുധീറിനു വാക്കുകൾ ഉണ്ടായിരുന്നില്ല. അവളെ ഒന്നു കൂടി ചേർത്ത് പിടിച്ച് അവൻ മെല്ലെ പറഞ്ഞു.
“നീ എന്റെ ജീവിതമായിരുന്നു ഹരീ. ഞാൻ അറിയാതെ പോയ നിനക്ക് മനസിലാക്കി തരാൻ കഴിയാതെ പോയ എന്തോ ഒന്നാണ് നീ എനിക്ക്. അത് മനസ്സിലാക്കാൻ നീ എന്നെ വിട്ട് പോകേണ്ടി വന്നു.”
“പിന്നെ എന്നെ എന്തിനാണ്…”
“വേണ്ടന്ന് വച്ചതല്ലല്ലോ ഹരീ. നീ വിട്ടേച്ച് പോയതല്ലേ?”
അവഗണനയാണ് തന്നോട് കാണിക്കുന്നതെന്ന് തോന്നിയപ്പോൾ എടുത്ത തീരുമാനം ആയിരുന്നു അത്. തന്നെ വേണ്ടാത്ത ഒരാളുടെ ജീവിതത്തിൽ തൂങ്ങി കിടന്ന് അയാളുടെ സ്വസ്ഥത കൂടി നശിപ്പിക്കേണ്ട എന്ന തന്റെ തീരുമാനം തെറ്റായി പോയോ?
“ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഹരി എനിക്ക് മാനസികമായും തൊഴിൽ പരമായും കുടുംബത്തിലും ഒക്കെ. നിന്നോട് അറിയിക്കാൻ തോന്നാഞ്ഞത് എന്റെ തെറ്റ് തന്നെയാണ്.
അതിനിടയിൽ എന്റെ സെക്രട്ടറി ദിവ്യ എന്റെ ശരീരത്തിലും മനസ്സിലും ചെലുത്തിയ സ്വാധീനം എല്ലാതരത്തിലും എന്നെ മാറ്റി കളഞ്ഞു ഹരി.
അത് നശ്വരമാണെന്ന് അറിഞ്ഞത് നീ എന്നെ വിട്ടു പോയപ്പോഴാണ്. മദ്യം കൊണ്ടും പണം കൊണ്ടും കാമം കൊണ്ടും ഞാൻ എന്റെ പൗരുഷത്തെ വെറി പിടിപ്പിക്കുമ്പോൾ അതിനിടയിൽ ചതഞ്ഞു തീരുന്ന നിന്റെ മനസിനെയും ആഗ്രഹങ്ങളെയും വ്യക്തിത്വത്തെയും ഓർക്കാതെ പോയി.”
സുധീർ അവളെ വിഹ്വലതയോടെ ഒന്നുകൂടെ അടക്കി പിടിച്ചു. അവന്റെ നെഞ്ചിൽ അവൾക്ക് ശ്വാസം മുട്ടി.
“സുധീ..”
അവൻ അവളെ നോക്കി.
“ഒരിക്കൽ പോലും സുധി എന്നെ കേൾക്കാൻ നിന്നു തന്നിട്ടില്ലല്ലോ?
എനിക്ക് എന്തൊക്കെ പറയാൻ ഉണ്ടായിരുന്നെന്നോ?
ഞാൻ ജനിച്ചത്, വളർന്നത്, ആദ്യമായി പാവാടത്തുമ്പിൽ രക്തം പടർന്നത്, അമ്മമ്മയുടെ ഒറ്റമൂലികളും അമ്മയുടെ വൈദ്യവും, എനിക്ക് ആദ്യമായി കിട്ടിയ പ്രണയലേഖനം, ആദ്യ ചുംബനം അങ്ങനെ അങ്ങനെ എന്തൊക്കെയോ എനിക്ക് നിങ്ങളോട് പറയാൻ ഉണ്ടായിരുന്നു സുധി.”
പെരുമഴയത്ത് കുട ഇല്ലാതെ ഒറ്റയ്ക്കായി പോയ ഒരു പെൺകുട്ടി ശരീരത്തോട് ഒട്ടിപ്പിടിച്ച വസ്ത്രങ്ങളുമായി ഭീതിയോടെ നടന്നു. അവളെ കടന്ന് പിടിച്ച് ഇടവഴിയിലെ പരുത്ത കല്ല് നിറഞ്ഞ തറയിലേക്ക് തള്ളിയിട്ട് മുകളിലേക്ക് കയറിക്കിടന്ന് പാവാട പൊക്കാൻ ശ്രമിച്ച ഒരു ഭ്രാന്തനെ അവൾക്ക് പിന്നെയും ഓർമ വന്നു.
ഭയന്ന് അവൾ സുധീറിന്റെ ഷർട്ടിൽ അള്ളിപ്പിടിച്ചു.
“എന്താ മോളെ?”
“അയാളോട്… അയാളോട് പോകാൻ പറ സുധി. എന്നെ അയാൾ നശിപ്പിക്കും”.
” ആര്.? ”
സുധീർ ചുറ്റും നോക്കി. പിന്നെ മെല്ലെ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ച് പറഞ്ഞു
“ആരും വരില്ല. നിന്നെ ആരും ഒന്നും ചെയ്യില്ല. ഞാനില്ലേ? ഞാനില്ലേ നിന്റെ കൂടെ?”
ഹരിത കലങ്ങിയ കണ്ണുകളോടെ അവനെ നോക്കി.
“ഉണ്ടോ? സുധി എന്റെ കൂടെ ഉണ്ടോ?”
അവന് കരച്ചിൽ വന്നു.
“ഉണ്ടെടാ.. ഞാനുണ്ട്. നിനക്ക് ഞാനുണ്ട്.”
അവളെ കുത്തിനീറ്റി നോവിപ്പിച്ചിരുന്ന ഒരു ഭൂതകാലയോർമ്മയുടെ ആണി കൊളുത്ത് ഊരിപ്പോയി താൻ സ്വാതന്ത്രയാകുന്നത് അവൾ അറിഞ്ഞു.
നാട്ടുകാർ കല്ലെറിഞ്ഞു കൊന്ന ആ കാമഭ്രാന്തന്റെ വികൃതമുഖം അവളിൽ നിന്ന് മാഞ്ഞു പോയി.
അവൾ പറഞ്ഞുകൊണ്ടേയിരുന്നു.
അവളുടെ ഉള്ളിൽ ഉണ്ടായിരുന്നതൊക്കെ പറയുകയും ഇടയ്ക്കിടെ സുധീറിനോട് എന്തെക്കെയോ ചോദിക്കുകയും ചെയ്തു.
സുധീർ സങ്കടത്തോടെയും ചിലപ്പോഴൊക്കെ ചിരിയോടെയും അവളെ കേട്ടു.
അവൻ ഓർത്തു.
എന്ത് കൊണ്ടാണ് താനിത് വരെ അവളെ അറിയാതെ പോയത്? ഒന്നും ചോദിച്ചിട്ടില്ല ഇത് വരെ. വേണ്ടത് എന്താണെന്ന് ചോദിച്ചിട്ടില്ല. എല്ലാം അവൾക്ക് ഉണ്ടല്ലോ? താൻ വാങ്ങി കൊടുത്തില്ലെങ്കിലും അവളുടെ സാലറി കൊണ്ട് അവൾ എല്ലാം വാങ്ങിക്കുമല്ലോ എന്നൊക്കെ ചിന്തിച്ചു.
എക്സിബിഷനിൽ ഒക്കെ പോകുമ്പോൾ കൗതുകത്തോടെ പുസ്തകങ്ങൾ മറിച്ചു നോക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അവൾക്ക് അക്ഷരങ്ങൾ ഒരു ലഹരി ആണെന്ന് അറിഞ്ഞിരുന്നില്ല.
അത് അറിയാൻ തമ്മിൽ പിരിഞ്ഞതിനു ശേഷം ഫേസ്ബുക്കിലോ പത്രത്തിലോ മറ്റോ കണ്ട ഒരു ചിത്രം വേണ്ടി വന്നു.
അവളുടെ തൂലികയിൽ പിറന്ന പുസ്തകത്തിന്റെ പ്രകാശനം.
ആ ചിത്രത്തിൽ കറുത്ത സാരിയും ചുവന്ന ബ്ലൌസും അണിഞ്ഞു ചിരിച്ചുകൊണ്ട് നിൽക്കുന്ന അവളെ കണ്ടപ്പോൾ ഹൃദയത്തിൽ ഒരു മുള്ള് കൊണ്ട് പോറിയ പോലെ.
അവളെ മനസ്സിലാക്കാൻ തനിക്ക് പറ്റാഞ്ഞത് പോലെ അവൾക്ക് പക്ഷേ ഒരിക്കലും തന്നെ മനസിലാക്കാതെ ഇരിക്കാൻ ആയില്ല.
അത് കൊണ്ട് ആണല്ലോ മടുപ്പ് തോന്നിയ ജീവിതത്തിലെ മറ്റൊരു ഏട് ആണവൾ എന്ന് തോന്നിയ നിമിഷം തന്നെ മാറി തന്നത്.
അവൾക്ക് എന്നോട് ഒരുപാട് പറയാൻ ഉണ്ടായിരുന്നു. പക്ഷേ തനിക്ക് കേൾക്കാൻ സമയമുണ്ടായിരുന്നില്ല.
ഇപ്പോൾ സമയം ഏറെയുണ്ട്. പക്ഷെ അവൾ അടുത്ത് ഇല്ല. ദൂരെ ഏറെ ദൂരെ അവൾ നടന്ന് നീങ്ങി പോയിരിക്കുന്നു.
അവളുടെ ശരീരത്തെ ഭ്രാന്തമായി സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്ത താൻ അവളുടെ ഹൃദയത്തിന്റെ ആ നൈർമല്യത്തെ അറിയാൻ വല്ലാതെ വൈകി പോയി.
“സോറി..”
അവൻ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി.
നേരം വെളുക്കുമ്പോഴും അവന്റെ മാറോട് ചേർന്ന് മയങ്ങുകയായിരുന്നു ഹരിത.
ഒരു വർഷം ഒരുമിച്ച് ജീവിച്ചിട്ടും തമ്മിൽ പറയാനും അറിയാനും വിട്ടു പോയതൊക്കെ പൂരിപ്പിച്ചെടുത്ത് ഒരു രാത്രി കൊണ്ട് തങ്ങളിലെ അഹംഭാവത്തെയും അജ്ഞതകളെയും തീർത്തും ഒഴുക്കിക്കളഞ്ഞിരുന്നു ഇരുവരും.
ഒരു ഞെട്ടലോടെയാണ് സുധീർ ഓർത്തത്.
രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ അവളുടെ കല്യാണമാണ്.
അവളുടെ സഹപ്രവർത്തകനായ മനീഷ് ആണ് വരൻ.
അവളെ ഇഷ്ടപ്പെട്ട് അവളുടെ കാര്യങ്ങൾ ഒക്കെയും അറിഞ്ഞ് കുടുംബക്കാരെല്ലാം കൂടി തീരുമാനം എടുത്തതാണ്.
ഹരിതയും രണ്ടാമത് ഒന്ന് ആലോചിച്ചില്ല.
കാരണം അത്രയും നാളുകൾ കൊണ്ടുള്ള പരിചയം കൊണ്ട് അവൾക്ക് മനസ്സിലായിരുന്നു മനീഷ് ഒരു നല്ല മനുഷ്യൻ ആണെന്ന്.
തന്നെ ഓർത്ത് വേദനിക്കുന്ന അച്ഛനമ്മമാർക്ക് ഒരു ആശ്വാസം ആകട്ടെ എന്ന് കരുതി അവൾ.
എങ്കിലും ആദ്യമായി മനസ്സും ശരീരവും സ്വന്തമാക്കിയവനോടുള്ള നേരിയ സ്നേഹം ഉള്ളിൽ എവിടെയോ കിടപ്പുണ്ടായിരുന്നു.
വിവാഹവാർത്ത അറിഞ്ഞപ്പോൾ സുധീർ അവളെ ഒന്ന് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
അതൊരു ലോങ്ങ് ഡ്രൈവ് ആയിക്കോട്ടെ എന്ന് തീരുമാനിച്ചതും സ്ഥലം നിശ്ചയിച്ചതും അവൾ തന്നെയായിരുന്നു.
ഒരു ദാമ്പത്യജീവിതത്തിന്റെയും ലൈഫിൽ ഉണ്ടായിരുന്ന ഒരു പുരുഷന്റെ ഓർമകളുടെയും ഒടുക്കം ഇങ്ങനെയാവട്ടെ എന്ന് അവൾ കരുതി.
ഉള്ളിലുള്ളത് ഒക്കെയും പുറത്ത് പറഞ്ഞ് പാപപുണ്യങ്ങൾ ഒഴുക്കിക്കളഞ്ഞ പാപനാശിനി പോലെ തെളിഞ്ഞ ഹൃദയവുമായിട്ടാണ് ഇന്നവൾ അവിടം വിടാൻ പോകുന്നത്.
ഇനി അവളുടെ ജീവിതം. തീരുമാനം. സന്തോഷം.
യാത്ര പറഞ്ഞു പോകാൻ തുടങ്ങവേ സുധീർ അവളുടെ കയ്യിൽ പിടിച്ചു.
“ഈ വിവാഹം വേണ്ടെന്ന് വച്ചൂടെ ഹരി. നിനക്ക്… നിനക്ക് എന്റെ കൂടെ വന്നൂടെ? നിന്നെ ഇനി എന്നോളം മനസ്സിലാക്കാൻ ആരും ഉണ്ടാവില്ല.”
ഹരിത പുഞ്ചിരിച്ചു.
തന്റെ കയ്യിൽ പിടിച്ച അവന്റെ കൈയിൽ വിരലുകൾ ചേർത്ത് അവൾ പറഞ്ഞു.
“ഇല്ല സുധി. ഇനി ഒരു ഏച്ച് കെട്ട് ശരിയാവില്ല.
ഈ വിവാഹം നടക്കുമോ ഇല്ലയോ എന്നത് പിന്നത്തെ കാര്യം.
പക്ഷേ നമ്മൾ തമ്മിൽ ഒരുമിച്ച് ഇനിയൊരു ജീവിതം ഉണ്ടാവില്ല.
നിങ്ങൾ എനിക്ക് എന്തൊക്കെയോ ആയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. അന്ന് പക്ഷെ ഞാൻ നിങ്ങൾക്ക് ആരും അല്ലായിരുന്നു.
അതിലെനിക്ക് ഇപ്പോൾ സങ്കടമില്ല. ഇതൊരു പ്രതികാരമല്ല സുധി.
ഇത് ഞാൻ എന്ന പെണ്ണിന് ഞാൻ കൊടുക്കുന്ന നീതിയാണ്. എനിക്ക് ഞാൻ നൽകുന്ന സമ്മാനമാണ്.”
അവൾ മുന്നോട്ട് ആഞ്ഞു അവന്റെ നെറ്റിയിൽ ചുംബിച്ചു.
മുടിയിഴകളെ തലോടി അവൾ പതിയെ പറഞ്ഞു.
“നിങ്ങൾക്ക് ഞാൻ ഉണ്ടാകും സുധി. കയ്യെത്തുന്ന ദൂരത്ത് നിങ്ങൾക്ക് ഒരു സഹയാത്രികയായ്.. കൂട്ടുകാരിയായ്.. അമ്മയായ്.. ഞാൻ ഉണ്ടാകും.
ഇപ്പോൾ ഞാൻ പോകട്ടെ.”
കാറിൽ കയറി അവൾ പോകുന്നതും പൊടിപടലങ്ങൾ കാറ്റിൽ അമരുന്നതും നിറഞ്ഞ കണ്ണുകളോടെ സുധീർ നോക്കി നിന്നു.
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ
2 Comments
ഹൃദ്യം മനോഹരം💙💜
Good one…. ഒത്തിരി ഇഷ്ടമായി 🥰