“നോക്കിത്താ..ഇന്നാകാശം നീലനിറത്തിൽ മുകളിൽ.”
സുഹൈല തലയ്ക്ക് മുകളിൽ തട്ടം തലോടി.
“ഒത്തിരി ദൂരെയാണ്”.
പാത്തു പറഞ്ഞുകൊടുക്കേണ്ടത് എങ്ങനെയെന്നറിയാതെ വിഷമിച്ചു.
അവർ പുല്ലിൽ ഇരുന്നു.കാഴ്ചയെന്ന സൗഭാഗ്യം ലഭിക്കാത്ത സുഹൈല പുല്ലിൽപരതി.
“വായിക്കട്ടെ”
“തോടിനപ്പുറം പറമ്പിനപ്പുറം*.
ആഫ്രിക്കയിൽ നിന്ന് തിരിച്ചു വീടെത്തിയ ഉടൻതന്നെ കുരുടി ഉമ്മച്ചി വല്ലാത്ത ക്ഷീണമെന്നു പറഞ്ഞു കട്ടിലേൽ കയറിക്കിടന്നു….
…….അമ്പാടിക്കവലയിൽ നിന്ന് ബസ്സുകയറി രണ്ടുപേരും ചുങ്കത്തിറങ്ങി.വാരിശ്ശേരിക്കവല കഴിഞ്ഞപ്പോൾതന്നെ സുൽഫത്ത് കുരുടി ഉമ്മച്ചിയുടെ ചെവിയിൽ പറഞ്ഞു.അടുത്ത സ്റ്റോപ്പാണ് ലണ്ടൻ…”
ചുങ്കംപാലത്തിനു മുകളിൽ നിന്ന് മീനച്ചിലാറിനെ നോക്കി തേംസ്നദിയിലെ ഒഴുക്കെങ്ങനെയുണ്ട് എന്നു ഉമ്മച്ചി ചോദിക്കുന്ന ഭാഗമെത്തിയതും സുഹൈല ചിരിക്കാൻ തുടങ്ങി.കണ്ണുനിറഞ്ഞു മനസ്സുനിറഞ്ഞു നിർത്താനാവാത്ത ചിരി കഥ തീരുംവരെ നീണ്ടു.അവസാനം പൊട്ടിക്കരഞ്ഞു.
“കുരുടി ഉമ്മച്ചി ഞാനാണ് പാത്തൂ.നീയെന്നെയിങ്ങനെ രാജ്യംകാട്ട്”.
പാത്തുവിന്റെ കണ്ണുംനിറഞ്ഞു.
“നമ്മളിപ്പോൾ സ്വിറ്റ്സർലൻഡിലാണ്.ചെറിയ വീടുകൾ അങ്ങിങ്ങായി കാണാം.പുൽമേടുകളാണ് കൂടുതലും.
കൊയ്ത പാടത്തിന്റെ നടുവിലൂടെ ഇത്തയുടെ കൈപിടിച്ചു പോകുമ്പോൾ അവൾ പറയാൻ തുടങ്ങി.വൈക്കോൽകുറ്റികൾ തറച്ചു കാലുനോവുമ്പോളും സുഹൈല പുൽമേടുള്ളിൽകണ്ടു.
*കഥ-ഉണ്ണി ആർ.