എനിക്ക് വീട് മൂന്നാണ്..
ജനിച്ചു വളർന്ന വീട്..
കെട്ടിച്ച് വിട്ട വീട്..
സ്വന്തം പേരിലുള്ള സ്വന്തമായിട്ട് ഉള്ളൊരു വീട്..
ഉറങ്ങുന്നതിനും ഉറക്കമെഴുന്നേൽക്കുന്നതിനും സമയം വച്ചിരുന്ന വീട്ടിലാണ് എന്റെ ജനനം.
കടുവാക്കുഴി വീട്
അവിടെ പണ്ട് കാട് ആയിരുന്നെന്നും അവിടെ ഒരു കുഴിയിൽ കടുവ കുഞ്ഞുങ്ങളോടൊത്ത് താമസിച്ചിരുന്നെന്നും ഒക്കെയാണ് നാട്ടു മൊഴി.അങ്ങനെ വന്ന പേരാണ് അത്.
എങ്കിലും ചിലപ്പോഴൊക്കെ ഉണരാൻ താമസിക്കുമ്പോൾ അമ്മ പുറത്ത് വന്ന് തട്ടും.
“കുറച്ച് നേരം കൂടി അമ്മാ…” ന്ന് പറഞ്ഞാലും ദയയില്ലാതെ
“വേറൊരു വീട്ടിൽ പോകേണ്ടവളാ.. മൂട്ടിൽ വെയിൽ ചായുമ്പോഴാ എണീക്കുന്നെ..അവരെന്ത് പറയും? അമ്മ പഠിപ്പിച്ചു വിട്ടത് ഇങ്ങനാണെന്നല്ലേ പറയുക?” എന്നും പറഞ്ഞു എഴുന്നേൽപ്പിക്കും.
ചിലപ്പോൾ കൂട്ടത്തിൽ ഒരു പിച്ചും കിട്ടും. അച്ഛൻ കുറച്ച് നേരം കൂടി കുഞ്ഞ് ഉറങ്ങട്ടെ എന്നു പറഞ്ഞാലും അമ്മ സമ്മതിക്കില്ല.
പാത്രങ്ങൾ തേച്ചു മെഴുക്കൽ എന്റെ പണി ആയിരുന്നു. ചേച്ചിക്ക് മുറ്റമടി. ചിലപ്പോൾ ജോലി വച്ചു മാറും. അന്ന് വിറകടുപ്പ് ആയിരുന്നത് കൊണ്ട് കരിപിടിച്ച പാത്രങ്ങൾ ആണധികവും. അടുപ്പിൽ നിന്ന് വരുന്ന ചാരവും സബീനപൊടിയും ഒക്കെ ചേർത്ത് സകല മനുഷ്യരോടും ഉള്ള ദേഷ്യം തീർക്കനെന്ന പോലെ ഒരു ഒര ഉണ്ട്. ഒരച്ച് ഒരച്ച് കലം വെളുക്കും. എന്റെ കയ്യിൽ നിറയെ കരിയും.
‘പാവത്തൂങ്ങൾക്ക് ഇത്രേം സൗന്ദര്യം തരല്ലേ ദൈവേ’ എന്ന് ദിനവും നാല് വട്ടം പുലമ്പുന്ന എന്റെ കയ്യാണ് കരി പുരണ്ട ജീവിതത്തിന്റെ രണ്ടാം ഭാഗം കളിക്കുന്നത്.
ഗ്യാസ് അടുപ്പിൽ വെള്ളവും ചായയും മാത്രം തിളപ്പിക്കുന്ന അമ്മ അത് മാത്രം നൈസ് ആയിട്ടങ്ങ് കഴുകി വയ്ക്കും.
കരി പറ്റിയ വെളുത്ത കയ്യൊക്കെ സോപ്പിട്ട് നല്ല പോലെ കഴുകി തോർത്തുമ്പോഴാണ് ഞാനൊന്നും ഇവിടെ ജനിക്കേണ്ടത് അല്ലായിരുന്നെന്നും അമേരിക്കയിലെ ഏ സി മുറിയിൽ കിടന്നുറങ്ങേണ്ട ഞാനീ വെയലത്തിരുന്ന് കരിപാത്രങ്ങളൊക്കെ വെളുപ്പിച്ചു വച്ചതെന്ന് ഓർക്കുമ്പോഴാ സങ്കടങ്ങളൊക്കെ ഉള്ളീന്ന് തിക്കി മുട്ടി വന്ന് കക്കൂസിൽ പോകാൻ മുട്ടുന്നത്.
അവിടെ പോകണമെങ്കിലും വെള്ളം കോരണം. ഒറ്റ പൈപ്പ് ആ മൂട്ടിലെങ്ങാണ്ട് വച്ചിട്ട് അതീന്ന് പിടിക്കണം അല്ലെങ്കിൽ. മുട്ടി നിൽക്കുന്ന ഞാൻ വെള്ളം കോരിയാലുള്ള അവസ്ഥ.
അങ്ങനെ അമ്മപ്പോരിൽ തുടങ്ങുന്ന ജീവിതമാണ് എന്റെ.
പഠിച്ചു വല്യ ജോലിക്കാരിയായി കാറിലൊക്കെ ടൂർ പോണമെന്ന് വിചാരിച്ചു മനകോട്ടയൊക്കെ ഒരുപാട് കെട്ടിയിട്ടുണ്ട്.
രണ്ട് മുറിയും ഒരു ഹാളും ഒരു പൂജാമുറിയും ഒരു കിച്ചണും ഉള്ള ഒരു കൊച്ചു വീടായിരുന്നു ഞങ്ങളുടേത്.
പക്ഷേ ആ വീട്ടിലാരുന്നു എന്റെ സന്തോഷവും സമാധാനവും.
എന്ത് ചോദിച്ചാലും മേടിച്ചു തരുന്ന അച്ഛൻ. ആഹാരം ഉണ്ടാക്കി തന്ന് തീറ്റിക്കുന്ന അമ്മ.
സ്നേഹിക്കാൻ മാത്രം അറിയാവുന്ന ചേച്ചി. സ്വർഗമായിരുന്നു അവിടം.
എല്ലാ ഞായറാഴ്ചയും ചീനിയും ബീഫും എടുക്കുന്ന, ഒരുമിച്ചിരുന്ന് കഴിച്ചോണ്ട് ടിവി കാണുന്ന, പുതിയ സിനിമകൾ വരുമ്പോൾ കുടുംബത്തോടെ ഫസ്റ്റ് ഷോയ്ക്ക് പോയി തിരിച്ചു വരുമ്പോൾ ഷാജി ഹോട്ടലിൽ നിന്ന് ഫുഡും തട്ടിയിട്ട് വരുന്ന ഒരു സാധാരണ കുടുംബം.
അവിടുന്നാണ് വെറുതെയിരുന്ന എന്നെ പിടിച്ചു വേറൊരു മനുഷ്യന്റെ കയ്യിലോട്ട് പിടിച്ചു കൊടുത്തത്. അതും ആരാ ഏതാ എന്നു പോലും അറിയാത്ത ഒരാളുടെ ജീവിതത്തിലേക്ക്.
പറിച്ചു മാറ്റിയ ചെടി പോലെ കുറച്ചു നാൾ തളർന്നു വാടി നിന്നെങ്കിലും വേര് പിടിച്ച് ഞാനും നിന്നു തുടങ്ങി. വളർന്നു എന്നൊക്കെ പറഞ്ഞാൽ അത് അമാനുഷികം ആയി പോകും. അവിടെ ഞാനങ്ങനെ മുരടിച്ചു നിന്നു. വളരാതെയും
തളരാതെയും.
അവിടുത്തെ വീട് ഒരു ജയിൽ ആരുന്നു.
ആനന്ദഭവനം എന്നായിരുന്നു വീട്ടുപേരെങ്കിലും അശാന്തി ഭവനം എന്നായിരുന്നു ഇടേണ്ടത്.
ഒളിഞ്ഞും മറഞ്ഞും ഞാൻ പൂതന എന്ന് സംബോധന ചെയ്തിരുന്ന ഒരു അമ്മയുടെ കേന്ദ്ര ഭരണ പ്രദേശം ആയിരുന്നു അത്.
രാവിലെ അലാറം വെച്ച് എഴുന്നേൽക്കേണ്ടി വന്നു. ഇത്തിരി താമസിച്ചു പോയാൽ കിലോമീറ്ററുകൾ ദൂരെയുള്ള എന്റെ അച്ഛനെയും അമ്മയെയും തുമ്മിച്ച് എഴുന്നെല്പ്പിക്കും അവർ.
ആ മുഖം കറുക്കുന്നതും ഇരുണ്ട് കേറുന്നതും കണ്ട് ഹൃദയം പോലും നിലച്ചത് പോലെ ഭയന്ന് നിന്നിട്ടുണ്ട് ഞാൻ.
രാവിലെ ചായയിടാൻ കേറുന്ന എനിക്ക് പിന്നെ റെസ്റ്റ് ഉച്ചയ്ക്കലത്തെ ഊണും കഴിഞ്ഞിട്ട് ആകും. പിന്നെ അതിനിടയിലൂടെ തൂപ്പും തുടപ്പും തുണി കഴുകലും.
അനിയന്റെ തുണി മാത്രം കഴുകണ്ട. അത് പുള്ളി കഴുകിക്കോളും. ആദ്യമൊക്കെ അമ്മ എന്നെ കൊണ്ട് കഴുകിച്ചെങ്കിലും അനിയൻ ഇടപെട്ട് അത് നിർത്തിച്ചതാണ്.
അവിടെയും വിറകടുപ്പ്. കരിക്കലങ്ങളെ വെറുത്തു പോയ എനിക്ക് അവിടെയും കൂട്ട് കുറേ കരി പുരണ്ട പാത്രങ്ങൾ.
ബ്യൂട്ടിഫുൾ പീപ്പിൾ..
ഉപ്പു കുറഞ്ഞു.. മുളക് കൂടി എന്നൊക്കെ പരാതികൾ വേറെയും.
ഓരോ തവണത്തെ കറി വയ്പ് കഴിയുമ്പോഴും എന്റെ പൊന്നമ്മയുടെ തുമ്മലുകൾ കൂടി കൂടി വന്നിരിക്കണം.
ഈയമ്മ കൊടുങ്ങല്ലൂർ ഭരണിക്ക് ഉണ്ടായത് ആകണം. അല്ലെങ്കിൽ ഇത്രയും വെറൈറ്റി സ്ലാങ്ങുകൾ എവിടുന്ന് കിട്ടാനാ?
മഞ്ഞപൊടി കൂടി പോയാൽ മഞ്ഞപിത്തം വരുമെന്ന് കണ്ടുപിടിച്ച മുതലാണ്.
മര്യാദയ്ക്ക് കറി വയ്ക്കാൻ അറിയാത്ത എന്നെ ഉണ്ടക്കണ്ണും നോക്കി പേടിപ്പിക്കലും വാക് ചാതുര്യവും കൊണ്ട് മാത്രം പാചക കലയിലെ ഏറ്റവും പ്രസിദ്ധമായ രണ്ട് പ്രബന്ധങ്ങൾ എഴുതിപ്പിച്ചു കളഞ്ഞു.
വീണ്ടും ബ്യൂട്ടിഫുൾ പീപ്പിൾ..
അവധി ദിവസങ്ങൾ പോലും എനിക്ക് ഡ്യൂട്ടി ആയിരുന്നു. ഒരിക്കലും ലീവില്ലാത്ത ഇടം ആണല്ലോ അടുക്കള.
ഇവിടെ കിടന്ന് മുരടിച്ചു തീരുമല്ലോ എന്റെ യൗവനവും വാർദ്ധക്യവും എന്നോർത്തു എന്റെ തല പുകഞ്ഞു കൊണ്ടേയിരുന്നു.
ഇതിനിടയ്ക്ക് എന്റെ പേറും പ്രസവവും അമ്മയുടെ ഓപ്പറേഷൻ, അനിയന്റെ നടുവേദന, ഏട്ടന്റെ പനി, മോളുടെ വയറിളക്കം, പ്രഷർ, ഷുഗർ തുടങ്ങി സകലമാന രോഗങ്ങൾക്കും ഡോക്ടറും ഹോംനേഴ്സും ഒക്കെയായി വർഷങ്ങൾ കുർള എക്സ്പ്രസ്സ് പോലെ പാഞ്ഞു പൊയ്ക്കോണ്ടേ ഇരുന്നു.
ഞാൻ ഒരു തരമാന കിച്ചൻ പ്രോഡക്റ്റ് ആയി മാറി കഴിഞ്ഞിരുന്നു.
ആരൊക്കെയോ കീ കൊടുത്തു വിട്ട് പാവക്കുട്ടി.
മൂന്നു നേരം ഭക്ഷണം. നാണം മറയ്ക്കാൻ വസ്ത്രം. വല്ലപ്പോഴും വീട്ടിലും മറ്റ് ബന്ധു വീടുകളിൽ പോകാൻ അനുവാദം. ഇഷ്ടമില്ലാത്ത അവരുടെ ബന്ധുക്കളുടെ വിശേഷങ്ങൾക്ക് നിർബന്ധിച്ച് കൊണ്ട് പോകൽ. തുടങ്ങിയ കലാപരിപാടികൾ നിർബാധം നടന്നു കൊണ്ടിരുന്നു.
വല്ലപ്പോഴും കൂട്ടുകാർ വന്നാൽ പോലും വിലക്ക്. നാണമില്ലാത്ത കൂട്ടുകാർ ആയോണ്ട് വീണ്ടും കേറി വന്നോണ്ടിരുന്നു.
ഇവരോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നോണ്ട് അവർ മുകളിലത്തെ പടികൾ കയറുമ്പോഴൊക്ക ആയമ്മ വലിയ ശബ്ദത്തോടെ അടുക്കള വാതിൽ കൊട്ടിയടച്ചു.
ആ ശബ്ദത്തിൽ എന്റെ സകല കിളികളും പറന്നു പോകുമെങ്കിലും അതിനെയൊക്കെ പിടിച്ചു കൂട്ടിലിട്ട് തന്നിട്ടേ അവളുമാർ പോകൂ.
അതൊരു ആശ്വാസം.
ഇത്രയൊക്കെ നാണം കെട്ട് അവിടെ നിന്നിട്ടാണ് ഇപ്പോ തത്വമസി എന്ന് ഏട്ടൻ പേരിട്ട ഞങ്ങളുടെ കൊച്ചു വീട്ടിലേക്ക് വരുന്നത്.
വർഷങ്ങൾ അധികം ആയിട്ടില്ലെങ്കിലും ഞാൻ വീണ്ടും പൊട്ടി ചിരിച്ചു തുടങ്ങിയതും ടിവി കാണാൻ തുടങ്ങിയതും ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങിയതും ഇവിടെയാണ്.
അലാറം ഇല്ലാതെ എഴുന്നേൽക്കാനും മടിയോടെ കുറച്ച് നേരം കൂടി ഏട്ടന്റെ നെഞ്ചിൽ പറ്റി പിടിച്ച് കിടന്നുറങ്ങാനും പറ്റുന്നത് ഇപ്പോഴാണ്.
ബെല്ലടിച്ച് അടുക്കളയിൽ കയറി ജോലി ആരംഭിച്ചിരുന്ന ഞാൻ എനിക്ക് മടി മാറി എഴുന്നേറ്റ് എന്റെ കാര്യങ്ങൾ ഒക്കെ ചെയ്ത് പത്രവും വായിച്ച് കുറച്ചു നേരം ചെടികളോടും പൂക്കളോടും കിന്നാരം പറഞ്ഞിട്ടാണ് അടുക്കളയിൽ കയറുക.
പ്രൈവസി സ്പേസ് എന്താണെന്ന് എനിക്ക് മനസിലാകുന്നത് എന്റെ ഈ വീട്ടിലാണ്. ഒരു ചായ കുടിച്ചിട്ടാണ് ഞാൻ ജോലികൾ തുടങ്ങുക.
അതും വെപ്രാളം ഇല്ലാതെ. അവിടെ ആയിരുന്നപ്പോൾ രാവിലത്തെ ചായ കുടിച്ച കാലം മറന്നിരുന്നു.
ഗ്യാസിൽ ആണ് പാചകം. വർക്കേരിയയിൽ വിറകടുപ്പ് ഉണ്ടെങ്കിലും അത് ഉപയോഗിക്കില്ല.
ഉത്സവത്തിനോ ഓണത്തിനോ ആളുകൾ കൂടുതൽ ഉള്ളപ്പോൾ മാത്രം ഉപയോഗിക്കാൻ വച്ചിരിക്കുകയാണ്.
കരി പുരണ്ട ജീവിതം എന്നിൽ നിന്നു ഊരിയിറങ്ങി പോകുന്നത് ചിരിയോടെ നോക്കി നിൽക്കുകയാണ് ഞാൻ.
ഏട്ടന് റൊമാൻസ് ഒക്കെ അറിയാമെന്ന് ഇവിടെ വന്നതിനു ശേഷമാണ് ഞാൻ അറിയുന്നത് തന്നെ.
ഞാൻ ആഗ്രഹിച്ചിരുന്നത് പോലെ അടുക്കളയിൽ പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ പിറകിലൂടെ വന്ന് കെട്ടി പിടിക്കാനും മുഖം കഴുത്തിടയിലേക്ക് പൂഴ്ത്തി ഉമ്മ വയ്ക്കാനും എന്തെങ്കിലും ജോലി ചെയ്തോണ്ട് നിൽക്കുമ്പോൾ വെറുതെ വന്നു ഇക്കിളി ഇട്ടിട്ട് പോകാനും ഞ്ഞോണ്ടാനും ഒക്കെ ഏട്ടൻ പഠിച്ചിരിക്കുന്നു.
ഒരുപക്ഷേ ഇതൊക്കെ ഏട്ടനും ആഗ്രഹിച്ചിരുന്നിരിക്കാം.
അവിടെ അമ്മയും അനിയനും അപ്പുറത്ത് ചേട്ടനും ചേട്ടത്തിയും അവരുടെ പിള്ളേരും കേറി ഇറങ്ങി നടക്കുന്ന ഇടത്ത് അതൊന്നും സാധ്യമല്ലല്ലോ?
മോൾ താമസിച്ചാണ് എഴുന്നേൽക്കുന്നത്.
പെൺപിള്ളേർ നേരത്തെ എഴുന്നേൽക്കണമെന്ന് പറഞ്ഞു ഞാൻ ബഹളം വയ്ക്കാറില്ല.
അമ്മയെ കണ്ടല്ലേ മോൾ പഠിക്കുന്നത് എന്ന് ഏട്ടൻ പറഞ്ഞാൽ ഞാൻ ചെറഞ്ഞു നോക്കും. പക്ഷെ സത്യം ആയോണ്ട് ഒന്നും പറയില്ല.
അവളോട് ഞാൻ വേറൊരു വീട്ടിൽ പോകേണ്ട കുട്ടി ആണെന്ന് പറഞ്ഞു കൊടുക്കില്ല.
നേരത്തെ എഴുന്നേൽക്കാനും ഉറങ്ങാനും പറയില്ല. കൂട്ടുകാരോട് കളിക്കാൻ പോകരുതെന്ന് പറയില്ല.
സ്വന്തം നില മനസ്സിലാക്കി നിലപാടോടെ വളരാൻ പറയും. പക്ഷേ ഒന്നും ഞാൻ അവളിൽ അടിച്ച് ഏൽപ്പിക്കില്ല.
ആകെ നിർബന്ധിക്കുന്നത് ബെഡ് റെഡി ആക്കിയിടാൻ മാത്രമാണ്.
എങ്കിലും ഇന്ന് നിൽക്കുന്ന നില്പിൽ എനിക്ക് ഒരാഴ്ച എങ്ങോട്ടെങ്കിലും മാറി നിൽക്കേണ്ടി വന്നാൽ പോലും മോൾ എല്ലാ കാര്യങ്ങളും മാനേജ് ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ട്. വീട് മാത്രമല്ല അവളെയും അവളുടെ അപ്പയെയും അവൾക്ക് നോക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പാണ്.
അത് ഞാൻ ഞെക്കി പഴുപ്പിച്ച് അവളെ കൊണ്ട് ചെയ്യിപ്പിച്ചതല്ല.
സ്വയം അറിഞ്ഞു ചെയ്തതാണ്. അത് ഈ വീട്ടിൽ വന്നപ്പോൾ കിട്ടിയ തിരിച്ചറിവാണ്.
പന്ത്രണ്ട് വയസ്സുള്ള കുട്ടിയുടെ പക്വത അല്ല അവൾക്ക്. അതുക്കും മേലെ.
അതെന്റെ മിടുക്ക് അല്ലായിരിക്കാം. പക്ഷെ എന്റെ പങ്ക് അതിലുണ്ട്. അവളെ മടുപ്പിക്കാതെ അവൾ പഠിച്ചെടുത്തത് ആണത്.
എന്റെ കുരുകി പോയ ജീവിതം ആകരുത് അവൾക്കെന്ന് ആത്മാർഥമായും എനിക്ക് ആഗ്രഹമുണ്ട്.
ഇന്ന് ഞാൻ ഈ വീട്ടിൽ ജീവിക്കുകയാണ്.
ഓരോ നാളുകളും ആസ്വദിക്കുകയാണ്.
ഹാളിൽ കിടക്കുന്ന സോഫയിൽ ഞാനെന്റെ ലോകം സൃഷ്ടിച്ചു വച്ചിട്ടുണ്ട്. അവിടെ ഇരുന്നും കിടന്നും ഞാൻ എനിക്ക് ചുറ്റും മായാ വർണ പ്രപഞ്ചം സൃഷ്ടിക്കുന്നുണ്ട്.
എനിക്ക് ഒരു സ്പേസ് ഞാൻ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. എനിക്കത് അച്ഛനും മോളും കൂടി തന്നിട്ടുണ്ട്. ഞാൻ എഴുതാനോ വായിക്കാനോ ഇരിക്കുമ്പോൾ മാത്രം ആരും എന്നെ ശല്യപ്പെടുത്തില്ല.
അത് അവർ എനിക്ക് തന്ന സമയം.
ഞാൻ ഒരുമിച്ച് കാരംസ് കളിക്കും. സംസാരിക്കും. തമാശ പറയും. പൊട്ടിച്ചിരിക്കും. വഴക്ക് കൂടും.
വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടും ഞാൻ അറിയാത്ത ഒരു മനുഷ്യൻ ആണ് ഇന്ന് ഏട്ടൻ.
അത് ഞങ്ങൾക്ക് ഈ വീട്ടിൽ നിന്ന് ലഭിച്ച ഒരു പ്രൈവസി സോൺ ആണ്. ഈ വീട് എന്റെ കംഫോർട്ട് സോൺ ആണ്..
ഇനി ഒരു ആഗ്രഹം കൂടിയേ ബാക്കിയുള്ളൂ.
മുകളിൽ ഒരു മുറി. കണ്ണാടി ജനലുകൾ ഉള്ള കിടക്കാനും വായിക്കാനും എഴുതാനും സൗകര്യമുള്ള ഒരു ഒറ്റ മുറി. എനിക്ക് മാത്രം സ്വന്തമായി. നിറയെ പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞ.. മഴയും വെയിലും മഞ്ഞും ഒക്കെ കാണാൻ കഴിയുന്ന ഒരു ചില്ലുമുറി.
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ