“സർ, സമയം 6 ആവുന്നു നമുക്ക് പുറപെട്ടാലോ അങ്ങ് കട്ടപ്പന വരെ എത്തണ്ടേ?”
കാർത്തിക് കണ്ണ് തുറന്ന് നോക്കി. സെറ്റിയിൽ ഒന്ന് ചാരി ഇരുന്നതേ ഉള്ളൂ ഉറങ്ങി പോയത് അറിഞ്ഞതേ ഇല്ല.
“രമേശൻ എപ്പോ വന്നു?”
ഇന്നലെ നല്ല യാത്ര അല്ലായിരുന്നോ?
അതിന്റെ ക്ഷീണം നന്നായിട്ടുണ്ട്.”
കാർത്തിക് സെറ്റിയിൽ നിന്നും എഴുനേറ്റു.
“സർ കാപ്പി വെല്ലോം കുടിച്ചോ?
ഞാൻ ഒരു കാപ്പി ഇട്ട് തരട്ടേ?”
“ഹോ വേണ്ട രമേശാ നമുക്ക് ഇറങ്ങാം.. ഇനിയും താമസിച്ചാൽ വഴിയിൽ ബ്ലോക്ക് കൂടും..”
രമേശൻ കർത്തിക്കിന്റെ ബാഗ് കാർ ഡിക്കിയിൽ വെച്ചു. അവർ കട്ടപ്പനയിലേയ്ക്ക് യാത്ര തിരിച്ചു.
“നമുക്ക് പോകുന്ന വഴിയിൽ എന്തെങ്കിലും കഴിക്കാം..”
“മഴയ്ക്ക് അല്പം ശമനം ഉണ്ട് അല്ലേ സർ..”
“ഹമ്…. പക്ഷേ പെയ്തമഴയുടെ കെടുതികൾ വളരെ വലുതാ രമേശാ..
“ഇന്നലെ എത്ര സ്ഥലങ്ങൾ സന്ദർശിച്ചു. എല്ലാം ഒന്നിനൊന്നു സഹായങ്ങൾ കൊടുക്കേണ്ടത് തന്നെ..”
“സർക്കാർ പ്രഖ്യാപിച്ച സഹായം അവർക്കൊക്കെ കിട്ടില്ലേ.. സർ ”
“കിട്ടേണ്ടതാണ്.. പക്ഷെ രാഷ്ട്രീയ സ്വാധീനം ഉള്ളവർ വേഗം ആനുകൂല്യങ്ങൾ നേടി എടുക്കും.”
“സർ വിചാരിച്ചാൽ എന്തെങ്കിലും ഒക്കെ ചെയ്തു കൊടുത്തൂടെ..”
“രമേശാ.. ഞാൻ കളക്ടർ ആണെങ്കിലും.. ഞങ്ങളുടെ പ്രവർത്തനങ്ങളിലും രാഷ്ട്രീയ സ്വാധീനം ഒരുപാട് ഉണ്ടാവാറുണ്ട്. ”
“സാധാരണ ജനങ്ങൾക്കിടയിലൂടെ അവർക്ക് വേണ്ടി പ്രവർത്തിക്കാൻ ആണ് ഞങ്ങളെ പോലെ ഉള്ളവർ IAS എടുക്കുന്നത്. അധികാരത്തിൽ എത്തുമ്പോൾ പലരും ജീവിത ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുന്നു.”
“പലരും വാഗ്ദാനങ്ങളിൽ മതി മറന്നും, മറ്റ് ചിലർ സാഹചര്യങ്ങളുടെ സമ്മർദത്തിന് വഴങ്ങിയും തങ്ങളുടെ കർത്തവ്യങ്ങളിൽ നിന്നും വ്യതിചലിക്കുന്നു.”
“എന്നാലും സാറിനെ പറ്റി എല്ലാവർക്കും നല്ല അഭിപ്രായം ആണ്.”
കാർത്തിക് പുറത്തേയ്യ്ക്ക് നോക്കി. കാറിന്റെ ചില്ലിൽ മഴത്തുള്ളികൾ ചിതറി കിടക്കുന്നു. മഴ മാറി സൂര്യന്റെ കിരണങ്ങൾ പതിയെ കാണാൻ തുടങ്ങിയിട്ടുണ്ട്. ആ കിരണങ്ങളിൽ കാറിന്റെ ചില്ലിലെ മഴത്തുള്ളികൾ തിളങ്ങുന്നുണ്ട്. അയാൾ ചില്ലിലൂടെ കൈകൾ ഓടിച്ചു. ചെറുപ്പത്തിൽ അച്ഛന്റെ ഓട്ടോറിക്ഷയുടെ ചില്ലിലെ മഞ്ഞു തുള്ളിയിൽ താനും ചേട്ടനും ചിത്രം വരച്ചത് അയാൾ ഓർത്തു.കാർത്തിക് കാറിന്റെ സീറ്റിലേയ്ക്ക് ചാഞ്ഞിരുന്നു.
“രമേശാ, ഞാൻ ഒന്ന് മയങ്ങാൻ പോവുന്നു. ഒരു 8 മണി ആവുമ്പോൾ വണ്ടി എവിടേലും നിർത്തി നമുക്ക് കഴിക്കാം.”
“ശരി സർ..”
കാർത്തിക് മയക്കത്തിലേക്ക് വഴുതി വീണു.
മലഞ്ചരിവിലെ ഓടിട്ട ആ കുഞ്ഞു വീട്ടിൽ നിന്നും സന്തോഷത്തിന്റെ..ഓമനത്വത്തിന്റെ.. കരുതലിന്റെ.. മാതൃത്വത്തിന്റെ കിളി കൊഞ്ചലുകൾ കേൾക്കാം. അതാ ഒരുവൻ ഓടി വന്ന് മുറ്റത്തെ ഒരറ്റാത്തായി ഇരിക്കുന്ന കോഴിക്കൂട് തുറന്ന് വച്ചിട്ട് ഓടുന്നു. അവൻ ഓടി തൊടിയിലെ പേര മേൽ വലിഞ്ഞു കയറി. അമ്മ പുറകെ വടിയുമായി വരുന്നുണ്ട്. മുറ്റത്ത് എതിർ സൈഡിലെ മുല്ല വള്ളികൾക്കിടയിലൂടെ അനിയൻ ചെക്കൻ ഓടുന്നുണ്ട്. അമ്മയുടെ മുല്ല ചെടികളിൽ ചവുട്ടരുത് എന്ന് അമ്മ എപ്പോഴും താക്കീത് തരുന്നതാണ്. അമ്മയ്ക്ക് ആ മുല്ല ചെടികൾ ജീവനാണ്.
അച്ഛൻ എവിടെ? വീടിനകത്തോട്ട് കയറിയപ്പോൾ മദ്യത്തിന്റെ അസഹ്യം ആയ ദുർഗന്ധം അവിടെ നിറഞ്ഞു നിന്നു.അച്ഛൻ മുറിയുടെ കോണിൽ ബോധം ഇല്ലാണ്ട് കിടപ്പുണ്ട്.എവിടെ നിന്നോ ഒരു കുഞ്ഞിന്റെ ഞരക്കം കേൾക്കുന്നു. അടുത്ത മുറിയിലേയ്ക്ക് കേറി ചെന്നപ്പോൾ ഒരു കുട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്നു. അത് ആരാണ് ? അമ്മ എവിടെ? മുറ്റത്തു പരതിയിട്ടും അമ്മയെ കാണുന്നില്ല. വീണ്ടും തിരിച്ചു കുട്ടിക്കരുകിൽ എത്തിയതേ ഓർമ്മയുള്ളൂ. പുറത്തിനിട്ട് ആരോ വടി കൊണ്ട് ശക്തിയായി അടിച്ചു. താൻ താഴെ വീണു.
“അയ്യോാ……….”
ഉറക്കെ നിലവിളിച്ചു കൊണ്ട് കാർത്തിക് ഞെട്ടി ഉണർന്നു.
“ഹേ.. എന്തു പറ്റി സർ..”
രമേശൻ പെട്ടെന്ന് കാർ ബ്രേക്ക് ഇട്ട് നിർത്തി.
“ഈ തണുപ്പത്തും സർ നന്നായി വിയർത്തിരിക്കുന്നല്ലോ? എന്തു പറ്റി സർ?”
കാർത്തിക് ടവൽ കൊണ്ട് തന്റെ മുഖം തുടച്ചു.
“ഒന്നുമില്ല രമേശാ.. ഉറക്കത്തിൽ എന്തോ…”
“ഇനി വണ്ടി എവിടേലും നിർത്തൂ നമുക്ക് ബ്രേക്ഫാസ്റ് കഴിക്കാം.”
കഴിക്കാനായി അത്യാവശ്യം നല്ല ഒരു ഹോട്ടലിൽ രമേശൻ കാർ നിർത്തി.
“വരൂ രമേശാ നമുക്ക് കഴിക്കാം..”
കാർത്തിക് രമേശനെ വിളിച്ചു.
“വേണ്ട സർ.. ഞാൻ അങ്ങ് ചെന്നിട്ട് കഴിച്ചോളാം..”
“അങ്ങ് ചെല്ലുമ്പോൾ ഒരു നേരം ആവും. വരൂ കഴിക്കാം.. ”
“സർ കഴിച്ചോളൂ എന്നിട്ട് ഞാൻ കഴിച്ചോളാം..”
“അതെന്താടോ, എന്റെ കൂടെ കഴിക്കാൻ തനിക്ക് ബുദ്ധിമുട്ട് വല്ലോം ഉണ്ടോ?..
“അയ്യോ, അതല്ല സർ,.. സർ ഒക്കെ വല്യ ആൾക്കാർ അല്ലേ..”
“എടോ താൻ എന്നോട് കാണിക്കുന്ന ഈ ബഹുമാനവും ‘സർ ‘ എന്നുള്ള ഈ വിളിക്കും ഒക്കെ ഞാൻ ശരിക്കും അർഹനാവുന്നത് എപ്പോൾ ആണെന്നറിയാമോ?”
“എന്റെ പ്രവർത്തിയിലൂടെ, പെരുമാറ്റത്തിലൂടെ, സഹവർത്തിത്വത്തിലൂടെ എന്നോട് ഇടപിഴകുന്ന എന്റെ സഹപ്രവർത്തകർക്ക് സാധാരണക്കാരായ ജനങ്ങൾക്ക് മാനസികമായി ഞാൻ നല്ല ഒരു മനുഷ്യൻ ആണ് എന്നുള്ള തോന്നൽ ഉണ്ടാവുമ്പോൾ..”
“ബഹുമാനം എന്നുള്ളത് ഒരിക്കലും ചോദിച്ചു വാങ്ങേണ്ട ഒന്നല്ല. അത് പ്രവർത്തിയിലൂടെ കിട്ടേണ്ട ഒന്നാണ്.”
“ശരിയാണ് സർ, ഞാൻ സാറിനെ പോലെ പല സാറുമ്മാരുടെ കൂടെയും ജോലി ചെയ്തിട്ടുണ്ട്. പക്ഷേ സാറിനെ പോലെ ഒരാളെ ആദ്യം ആയാണ് കാണുന്നത്.”
കാർത്തിക്കും രമേശനും ഭക്ഷണം കഴിച്ചു യാത്ര തുടർന്നു.
കാർത്തിക് തന്റെ കുട്ടികാലത്തിലേയ്ക്കുള്ള ഓർമ്മകളിലൂടെ യാത്ര ചെയ്തു.
എത്ര സുന്ദമായ കുഞ്ഞു വീടായിരുന്നു തന്റെ. അമ്മയും അച്ഛനും ചേട്ടനും അടങ്ങുന്ന കുഞ്ഞു വീട്. അതൊരു കൊച്ചു സ്വർഗം ആയിരുന്നു. അമ്മയുടെ മുല്ലചെടികളുടെ മുല്ലപ്പൂ ഗന്ധം നിറഞ്ഞു നിന്ന വീട്. ചേട്ടന്റെയും തന്റെയും കുസൃതികൾ നിറഞ്ഞ വീട്.
അതെന്നാണ് നരക തുല്യം ആയത്. അതെ ഈ ഭൂമിയിൽ തന്നെ ഉണ്ട് നരകവും സ്വർഗ്ഗവും.
അവ നിർമിയ്ക്കുന്നതോ മനുഷ്യരുടെ ചെയ്തിലുകൾ ആണ്. താങ്കളുടെ കുഞ്ഞു സ്വർഗം നരകം ആവാൻ തുടങ്ങിയത് എന്നാണ്. അമ്മ… അതെ.. സ്വന്തം പെറ്റമ്മ എവിടെ ഉണ്ടോ.. അവിടെ തീർച്ചയായും സ്വർഗം തന്നെ.. അമ്മയുടെ പെട്ടെന്നുള്ള മരണം തങ്ങളുടെ ജീവിതം കീഴ് മേൽ മറിച്ചു കളഞ്ഞു. സ്വർഗത്തിൽ നിന്നും നേരെ നരകത്തിലേയ്ക്ക് വീണ അവസ്ഥ.
അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു കൊണ്ടു വന്നു ഒരു കുഞ്ഞമ്മയെ. വിവാഹത്തിന് എല്ലാവരുടെയും മുൻപിൽ വച്ച് എന്തായിരുന്നു അവരുടെ പ്രകടനം. തന്നെയും ചേട്ടനെയും വാരി പുണരുന്നു, ഉമ്മ വെയ്ക്കുന്നു. നാൾ കഴിയും തോറും അവരുടെ തനി നിറം പുറത്തു വന്നു. കഴിക്കാൻ ഭക്ഷണം പോലും തരാതെ തങ്ങൾ വിശന്നു വലഞ്ഞു. അയല്പക്കത്തെ വീടുകളിൽ നിന്നോ കൂട്ടുകാരുടെ പക്കൽ നിന്നോ എന്തെങ്കിലും ഭക്ഷണം കിട്ടിയാൽ ചേട്ടൻ പൊതിഞ്ഞു കൊണ്ടുവന്നു തനിക്കും തന്നിരുന്നു. കുഞ്ഞമ്മയോട് ഭക്ഷണം ചോദിച്ചാലോ അവർ തങ്ങളെ ഭീകരമായി മർദിക്കും. ഉച്ചയ്ക്ക് സ്കൂളിൽ ഉച്ച ഭക്ഷണം ഉള്ളത് കൊണ്ട് തങ്ങൾ വിശപ്പടക്കി.സ്കൂൾ അവധി ദിവസങ്ങളിൽ തങ്ങൾ മുഴു പട്ടിണിയിൽ ആയി.അച്ഛൻ ആൾ ആകെ മാറിയിരുന്നു.മിക്കവാറും മദ്യലഹരിയിൽ ബോധം ഇല്ലാതെ കിടക്കും.
ഒരിക്കൽ ഭക്ഷണം ചോദിച്ച ചേട്ടനെ അവർ വലിച്ചെറിഞ്ഞു. മുറിയിലെ കട്ടിലിൽ ശക്തിയായി തല ഇടിച്ചു ചേട്ടന്റെ ബോധം പോയി. തനിക്കിട്ടും ഒരുപാട് തല്ല് കിട്ടി.ചേട്ടൻ കുറെ നാളുകൾ ആയി സ്കൂളിലും ചെന്നിരുന്നില്ല.
സ്കൂളിൽ ചെന്നപ്പോൾ തന്റെ കയ്യിലെ പാടുകൾ കണ്ട സരോജിനി ടീച്ചർ കാര്യം തിരക്കി. വിവരം അറിഞ്ഞ ടീച്ചർ പോലീസിലും ബാലവകാശകമ്മീഷനിലും വിവരം അറിയിച്ചു.
ചേട്ടനെ അവർ ഹോസ്പിറ്റലിൽ ആക്കി. തന്നേക്കാളും നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു ചേട്ടൻ. അപ്പോഴേക്കും തലയ്ക്കു പറ്റിയ പരിക്കിൽ അവന്റ ബുദ്ധിക്ക് സാരമായ ക്ഷതം ഏറ്റിരുന്നു.ചികിത്സകൾക്ക് ശേഷം ചേട്ടനെയും തന്നെയും ബാല ഭവനത്തിൽ ആക്കി കോടതി ഉത്തരവായി.
എങ്ങനെയും പഠിച്ചു നല്ല നിലയിൽ എത്തണം എന്നുള്ളത് സരോജിനി ടീച്ചറുടെ എപ്പോഴും ഉള്ള ഉപദേശം ആയിരുന്നു. ടീച്ചർക്ക് ഞങ്ങൾ സ്വന്തം മക്കളെ പോലെ ആയിരുന്നു. ഞങ്ങൾക്ക് പുത്തൻ ഉടുപ്പുകളും പലഹാരങ്ങളും ആയി മിക്കപ്പോഴും ബാല ഭവനത്തിൽ ടീച്ചർ എത്തിയിരുന്നു. അതെ സ്വർഗം സൃഷ്ടിക്കുന്നവർ മനുഷ്യർ തന്നെ ആണ്. അവരുടെ ചെയ്തിലുകളാണ്, അവരുടെ വാക്കുകൾ ആണ്, അവരുടെ കാഴ്ചപ്പാടുകൾ ആണ്.
വണ്ടി ബാലഭവനത്തിന്റെ മുറ്റത്തു നിന്നു. താൻ പഠിച്ചു വളർന്ന തന്റെ വീട് ഇതാണ്.. ഇവിടം ആണ് തന്നെ താൻ ആക്കിയത്. ചേട്ടൻ ഇപ്പോഴും സ്പെഷ്യൽ പെർമിഷനോടെ ഇവിടെ തന്നെ താമസിക്കുന്നു. കാർത്തിക്കിനെ കണ്ടപ്പോൾ ഓടി വന്ന് കെട്ടി പിടിച്ചു. ആ പഴയ കുഞ്ഞേട്ടനെ പോലെ.വല്യ സ്വീകരണം തന്നെ ഒരുക്കിയിരുന്നു അന്തേവാസികൾ. അനുഗ്രഹിക്കാനായി സരോജിനി ടീച്ചറും എത്തിയിരുന്നു. ടീച്ചറുടെ കാൽക്കൽ തൊട്ട് അനുഗ്രഹം വാങ്ങി കാർത്തിക്.
ചേട്ടനെ തനിക്കൊപ്പം കൊണ്ടു പോവണം. ഇനി ആ പഴയ കുടുംബം ആയി സന്തോഷത്തോടെ ജീവിക്കണം. ബാലഭവനത്തിലെ കുട്ടികളോടെല്ലാം ഒരു കൊച്ചു കുട്ടിയെ പോലെ ചേട്ടൻ യാത്ര പറയുന്നത് കാർത്തിക് നോക്കി നിന്നു.കാറിൽ അവർ യാത്ര തിരിച്ചു. ചേട്ടൻ കാർത്തിക്കിന്റെ കൈകൾ പിടിച്ച് ഒരു മിഠായി അയാളുടെ കൈകളിൽ കൊടുത്തു. ബാലഭാവനത്തിലെ ഏതോ കുട്ടി പോവാൻ നേരം അയാൾക്ക് കൊടുത്തതായിരുന്നു അത്. കാർത്തിക് ആ മിഠായി വായിൽ ഇട്ടു. അതിലെ സ്നേഹത്തിന്റെ.. കരുതലിന്റെ.. സാഹോദര്യത്തിന്റെ… മധുരം ആവോളം അയാൾ നുണഞ്ഞു.
ലക്ഷ്മി മനീഷ് ✍️
ചിത്രം കടപ്പാട് – ഗൂഗുൾ