#ഭാര്യ
“ഇനി ഇപ്പോ വേണ്ടാ ഏട്ടാ.. എത്ര കട ആയി കേറുന്നു. അവളോട് പറയാം”. ബൈക്ക് നിറുത്തിയപ്പോ ലക്ഷ്മി കണ്ണനോട് പറഞ്ഞു.
“സാരമില്ലെടീ ഇവിടെം കൂടി ഒന്നു നോക്കാം. ഇവിടെ കാണാതിരിക്കില്ല. ഒരു ചെറിയ കാര്യം അല്ലേ അവള് പറഞ്ഞേ.. നീ ഇവിടെ ഇരുന്നോ ഞാൽ വേഗം പോയിട്ട് വന്നോളാം.”
ഇതിനു മറുപടി ആയി ലക്ഷ്മി പറഞ്ഞു.
” പിള്ളേരുടെ താളത്തിനൊത്തു തുള്ളിക്കോ.. രണ്ടും പെൺകുട്ടികളാ.. ഇപ്പോ തന്നെ പറയുന്നത് മുഴുവൻ സാധിച്ചു കൊടുക്കാൻ നിക്കണ്ടാ..”
ലക്ഷ്മിയെ ഒന്നു നോക്കി ചിരിച്ചിട്ട് കണ്ണൻ സൂപ്പർമാർക്കറ്റിന്റെ പടികൾ ഓടിക്കയറുന്നത് ലക്ഷ്മി പുഞ്ചിരിയോടെ നോക്കി നിന്നു.
സംഭവം ഇത്രേ ഉള്ളൂ. അവരുടെ മക്കൾ ഒരാൾ നാലാം ക്ലാസിലും ഒരാൾ രണ്ടാം ക്ലാസിലും പഠിക്കുന്നു. രണ്ടാംക്ലാസിൽ പഠിക്കുന്നവളുടെ കൂട്ടുകാരി അവളുടെ പിറന്നാൾ ദിവസം ക്ലാസിൽ എല്ലാവർക്കും ചോക്ലേറ്റ് കൊടുത്തു. അത് അവൾക്ക് ഭയങ്കര ഇഷ്ടമായി. അത് ചേച്ചിക്കും കൂടി കൊടുക്കണം ന്ന് ആഗ്രഹം. അതിന്റെ കവർ കണ്ണന്റെ കൈയിൽ കൊടുത്ത് ഇന്ന് വാങ്ങിട്ടു വരാംന്ന് സത്യം ചെയ്യിപ്പിച്ച് വിട്ടിരിക്കാണ്. ആ ചോക്ലേറ്റിന് വേണ്ടിയാണ് അയാൾ കട മുഴുവൻ കയറുന്നത്. സൂപ്പർ മാർക്കറ്റിൽ ഉണ്ടാവും എന്ന ഉറപ്പോടുകൂടിയാണ് അയാൾ ഇവിടെ ബൈക്ക് നിർത്തിയത്.
േചാക്ലേറ്റ് സെക്ഷനിൽ ഓരോ ചോക്ളേറ്റും കൈയിലെക്റ്റ് വെച്ച് ചെക്കു ചെയ്യുന്നതിനിടയിലാണ് അതേ മിഠായി ഒരു ഓരത്ത് ഇരിക്കുന്നത് കണ്ണൻ കണ്ടത്. അയാൾ ഒന്നു ആശ്വാസത്തോടെ നെടുവീർപ്പിട്ടു. ആ ബോക്സ് കൈയിൽ എടുക്കുമ്പോൾ അയാളുടെ ഉള്ളിൽ തെളിഞ്ഞത് മുമ്പിലെ രണ്ട് പല്ലില്ലാത്ത മകളുടെ മുഖത്തെ പുഞ്ചിരി ആയിരുന്നു’
ബോക്സുമായി ബിൽ സെക്ഷനിലേക്ക് നടക്കുമ്പോഴാണ് തൊട്ടപ്പറുത്തു നിന്നും റാക്കിലെ സാധനം എടുത്ത് ഒരു സ്ത്രീ പാസേ ജിലേക്ക് വന്നതും അവർ തമ്മിൽ കൂട്ടിയിടിച്ചതും.രണ്ടാളും പരസ്പരം കണ്ടില്ലായിരുന്നു. അവരുടെ കൈയിലുണ്ടായിരുന്ന സാധനം ഒരു വലിയ ശബ്ദത്തോടെ താഴെ വീണു. വീഴാൻ തുടങ്ങിയ അവരെ കണ്ണൻ താങ്ങിപ്പിടിച്ചു.ശബ്ദം കേട്ടതുകൊണ്ടാവണം സൂപ്പർ മാർക്കറ്റിലുള്ള സകല വരും അങ്ങോട്ടു നോക്കി. അവരെ പിടിച്ചു നേരെ നിർത്തി കണ്ണൻ പറഞ്ഞു.
“സോറി ഞാൻ കണ്ടില്ലായിരുന്നു .ഒന്നും പറ്റിയില്ലാലൊ അല്ലേ.. ” പക്ഷേകണ്ണൻ പ്രതീക്ഷിച്ച ഒരു മുഖഭാവം ആയിരുന്നില്ല അവർക്ക് .
” മനപ്പൂർവ്വം വന്നിടിച്ചിട്ട് സോറി പറയുന്നോ. ഇത്തിരി തൊലി വെളുപ്പും കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളേം കണ്ടാ സകലവന്മാർക്കും തോന്നുന്ന ഒരു ഏനക്കേടാ ഇത്. തനിക്ക് നാണമുണ്ടോടൊ .. കണ്ടാൽ എന്തൊരു മാന്യൻ ഇതാണ് കൈയിലിരിപ്പ്. തന്നെപ്പോലെ ഉള്ളവൻമാർ കാരണം എന്നെപ്പോലത്തെ പെണ്ണുങ്ങൾക്ക് റോഡിൽ ഇറങ്ങി നടക്കാൻ പറ്റാണ്ടായി .”
അവർ ഭയങ്കര ശബ്ദത്തിൽ ഇത്രയും പറഞ്ഞപ്പോ അവിടെ ഉള്ള ആൾക്കാരെല്ലാം അവരുടെ ചുറ്റും കൂടി. അതിനിടയിൽ നിന്ന് ഒരു ആള് വിളിച്ചു പറഞ്ഞു. “ഇവനെപ്പോലുള്ളവരാണ് ഞങ്ങളെപ്പോലെ ഉള്ളവരുടെ പേരു പോലും കളയുന്നത്. അമ്മയെയും പെങ്ങളെയും കണ്ടാ തിരിച്ചറിയാത്തവൻ. ഇവനെയൊക്കെ കൈകാര്യം ചെയ്തു വിടുകയാണ് വേണ്ടത്. ”
ഇത്രയും കേട്ടപ്പോഴേക്കും കണ്ണൻ അപമാനം കൊണ്ട് തളർന്നു പോയിരുന്നു’
സപ്പോർട്ട് ചെയ്യാൻ ആളുണ്ടായപ്പോൾ ആ സ്ത്രീക്ക് കുറച്ച് കൂടി ധൈര്യമായി. “തനിക്ക് അത്രക്ക് അസുഖം കൂടുതലാണെങ്കിൽ വല്ല മുള്ള് മുരിക്കിലും ചെന്ന് കേറെടോ.. കുറച്ചെങ്കിലും ആശ്വാസം കിട്ടും “.
ആ സ്ത്രീ അത് പറഞ്ഞു തീർന്നപ്പോഴേക്കും പിന്നെ എല്ലാവരും കേട്ടത് പടക്കം പൊട്ടുന്ന പോലെ ഉള്ള ഒരു സൗണ്ടാണ്.കവിളിൽ കൈവെച്ചു തിരിഞ്ഞ അവർ കണ്ടത് മുന്നിൽ ഭദ്രകാളിയെപ്പോലെ നിൽക്കുന്ന ലക്ഷ്മിയെ ആണ്. അവരെ നോക്കി പല്ലുരുമ്മി കൊണ്ട് ലക്ഷ്മി പറഞ്ഞു.
“ഒന്നു മുട്ടിയപ്പോഴേക്കും നിനക്ക് ഇത്രേം വലുതായ് ഫീൽ ചെയ്തങ്കിൽ നീയാണ് മുരിക്ക് മരത്തിൽ കേറേണ്ടത് അല്ലാതെ എന്റെ കണ്ണേട്ടനല്ലാ.. നിന്റെ നീ കോലം കണ്ട് കണ്ണേട്ടൻ നിന്നെ ശരിക്കും കേറിപ്പിടിച്ചാലും എനിക്ക് ഒന്നും തോന്നില്ല. ഇത് എന്റെ ഭർത്താവാണ്. കഴിഞ്ഞ പത്തു വർഷമായ് ഒരു ദിവസം പോലും പിരിഞ്ഞിരിക്കാതെ എന്റെ കൂടെ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന ആള്. എനിക്കില്ലാത്ത എന്താടീ നിനക്കുള്ളത്. നീ ഇപ്പോകെട്ടിവരിഞ്ഞ് പുറത്തേക്ക് തള്ളി നിർത്തിയതിനേക്കാൾ കൂടുതൽ എനിക്കുണ്ട്. ഇത്രേം കാലമായിട്ടും എന്റെ സമ്മതമില്ലാതെ എന്റെ ദേഹത്ത് തൊടാത്ത എന്റെ ഭർത്താവ് ഈ പട്ടാപ്പകല് നിന്നെ കേറി പിടിച്ചു ന്നു പറഞ്ഞാ അത്യ കേട്ടു ഞാൻ മിണ്ടാതെ ഇരിക്കും ന്ന് നീ കരുതുന്നുണ്ടോ.. ഈ നിൽക്കുന്നത് എന്റെ വിശ്വാസം ആണ് ‘ഇനിയെന്തെങ്കിലും നീ പറഞ്ഞാ ചിലപ്പോ നിന്നെ ഞാൻ കൊല്ലും.”
ലക്ഷ്മി വെട്ടിത്തിരിഞ്ഞ് മുമ്പ് അവരെ സപ്പോർട്ട് ചെയ്ത് സംസാരിച്ച ആളുടെ മുന്നിലെത്തി വീണ്ടും പറഞ്ഞു.
” ഒരു പെണ്ണ് തെറ്റ് ചെയ്തു എന്നറിഞ്ഞിട്ടും അത് തിരുത്താതെ അവൾ പെണ്ണല്ലേ എന്നു കരുതി സപ്പോർട്ട് ചെയ്യുന്ന നിന്നെപ്പോലെ ഉള്ള വൻ മാരാടാ ആണുങ്ങൾക്ക് അപമാനം. അല്ലാതെ എന്റെ കണ്ണേട്ടനല്ലാ.. താൻ പറഞ്ഞില്ലേ അമ്മയേയും പെങ്ങളെയും കണ്ടാ തിരിച്ചറിയില്ലാന്ന്. അത് തിരിച്ചറിയാൻ കഴിയുന്നത് കൊണ്ട് ഇവര് ഇത്രേം പറഞ്ഞപ്പോഴും എന്റെ ഭർത്താവ് കേട്ടു നിന്നത്. താൻ ഒന്നു ചിന്തിച്ച് നോക്ക് എന്റെ കണ്ണേട്ടന്റെ ഒരടിക്ക് ഉണ്ടോ ഇവള് .എന്റെ മോൾക്ക് ഒരു പത്തു രൂപയുടെ ചോക്ളേറ്റിനു വേണ്ടിയാ എന്റെ ഭർത്താവ് ഇത്രേം കട കേറിയിറങ്ങിയത്.തനിക്ക് അതൊന്നും പറഞ്ഞാ മനസ്സിലാവില്ല. ആവണെങ്കിൽ ആണായാ പോരാ.. ആണുങ്ങളുടെ മനസ്സും ഉണ്ടാവണം.
എല്ലാം കേട്ടു നിന്ന കണ്ണന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായി.ലക്ഷ്മിയേയും ചേർത്ത് പിടിച്ച് മുഖം താഴ്ത്തി നിൽക്കുന്ന സ്ത്രീയുടെ അടുത്തേക്ക് കണ്ണൻ ചെന്നു.
” പെങ്ങളെ എല്ലാവരെയും ഒരു പോലെ കാണരുത്. നിങ്ങളുടെ ഭർത്താവോ കുടുംബത്തിലുള്ളവരോ അങ്ങനെ ആയതു കൊണ്ടാവണം നിങ്ങൾ ഇങ്ങനെ പറയാൻ കാരണം. എന്നെപ്പോലെ ഉള്ളവർക്ക് വൈകുന്നേരം വരെ ജോലി ചെയ്തു വീട്ടിലെത്തുമ്പോ ഉള്ള ആശ്വാസവും സ്നേഹവുമാണ് എന്റെ കുടുംബം. എന്റെ പുണ്യം ആണ് എന്റെ മക്കൾ. ഈ വിശ്വാസവും സ്നേഹവും ഇല്ലാണ്ടാവുമ്പോ തകരുന്നത് എന്റെ കുടുംബമാണ്. എന്റെ സന്തോഷങ്ങളാണ്. എനിക്ക് പറയാൻ തോന്നിയ കാര്യങ്ങളൊക്കെ തന്നെയാണ് ഇവള് പറഞ്ഞത്.കാരണം എന്നെ ഭാര്യ എന്റെ മനസ്സാണ്. ഈ മനസ്സ് എന്റെ കൂടെയുള്ളിടത്തോളം കാലം എന്റെ സമാധാനവും സന്തോഷങ്ങളും ഒന്നും തീരാനും പോവുന്നില്ല.”
ബില്ലടച്ച് ചോക്ളേറ്റ് പൊതിയുമായ് ലക്ഷ്മിയും കണ്ണനും ഇറങ്ങുമ്പോ അവിടെ കൂടി നിന്നവരെല്ലാം അവരെ ആരാധനയോടെ നോക്കുന്നുണ്ടായിരുന്നു. അവരുടെ മനസ്സിലപ്പോൾ ഉണ്ടായിരുന്നത് എന്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് ഇങ്ങനെ ആയിരിക്കണേ എന്ന പ്രാർത്ഥന ആയിരുന്നു …
Ajeesh Kavungal