ഉത്രാടസദ്യ
വാട്ട്സ്ആപ് മെസേജുകൾ വരുന്നതിൻ്റെയാവാം ഫോൺ ചിലച്ചു കൊണ്ടേയിരിക്കുന്നു. അപ്പുറത്ത് കിടക്കുന്ന ഷീല ഉറക്കത്തിൽ നിന്നുണർന്നാൽ പിന്നെ ബഹളം അത്യുച്ഛത്തിലാവും. കാര്യമായെന്തെങ്കിലും പറയുമ്പോഴൊന്നും ചെവി കേൾക്കില്ലെങ്കിലും ഇത്തരം സമയങ്ങളിൽ നായ്ക്കളെ പോലെ വളരെ സെലക്ടീവായ ചെവിയാണ് ഷീലക്ക്. പാലു കുടിക്കാൻ പമ്മി വരുന്ന കള്ളിപൂച്ചയെ പോലെ ഞാൻ ശബ്ദമുണ്ടാക്കാതെ, കൈയെത്തിച്ച് ഫോണെടുത്ത് തുറന്നു. ഗ്രൂപ്പിൽ ധാരാളം വോയിസ്ക്ലിപ്പുകൾ വന്നു കിടപ്പുണ്ട്. അമ്പത്തി അഞ്ച് വയസ്സായെങ്കിലും ഇപ്പോഴാണ് സ്കൂൾ ഗ്രൂപ്പൊക്കെ സജീവമായത്. അങ്ങേര് അകാലത്തിൽ മരിച്ച് മക്കള് രണ്ടും കല്യാണം കഴിഞ്ഞ് വിദേശത്തായതിന് ശേഷം, ഒരൊറ്റപ്പെട്ട ജീവിതമായിരുന്നു. ഇന്നലെ ഞാൻ പറഞ്ഞ സ്കൂൾ ഗെറ്റ് ടുഗെദറിനെക്കുറിച്ചുള്ള ചർച്ചകളാണ്. പക്ഷേ എല്ലാം കേൾക്കണമെങ്കിൽ കുറച്ചു സമയം കൂടി കാത്തിരിക്കുക തന്നെ വേണം. അൽപ്പം തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് തള്ളിക്കയറുന്ന തണുത്ത കാറ്റിൻ്റെ വളരെ ചെറിയ ഒരല എന്നെ തൊട്ടു.
കഴിഞ്ഞ ചിങ്ങത്തിലാണ് ഈ വർക്കിങ്ങ് വിമൻസ് ഹോസ്റ്റലിലേക്ക് താമസം മാറിയത്. പകല് മുഴുവൻ ജോലി സ്ഥലത്തായാലും രാത്രി ഒറ്റക്കാവുന്നത് വല്യ പ്രശ്നമായിരുന്നു. ഇവിടേക്ക് മാറിയപ്പോൾ കൂട്ടിനാളുള്ളത് കൊണ്ട് മക്കൾക്ക് രണ്ടിനും സമാധാനമാണ്. മാസത്തിൽ ഒരിക്കലോ, രണ്ടു മാസം കൂടുമ്പോഴോ പോയി വീടൊക്കെ ഒന്നു അടിച്ചുവാരി തുടച്ചു പോരും. വീട് വാടകക്ക് കൊടുത്താലോന്ന് മക്കൾ പറയുന്നുണ്ടെങ്കിലും എന്തോ മനസ്സതിനു അനുവദിക്കുന്നില്ല. എന്നെങ്കിലും മക്കളു വരുമ്പോൾ അവരോടൊത്ത് നിൽക്കാൻ വീട് അവിടെ തന്നെ വേണം. ഓണത്തിനും വിഷുവിനുമൊന്നും അവർ വരുന്നില്ലെങ്കിലും പ്രത്യാശ കൈവിടാൻ ഞാനൊരുക്കമല്ല. രാവ് വെളുത്തു തുടങ്ങിയിരിക്കുന്നു.
ഗ്രൂപ്പിലെ മെസേജുകളെല്ലാം വോയ്സ് ആയതിനാൽ ഞാൻ കുടുംബ ഗ്രൂപ്പ് തുറന്നു. അടുത്ത ആഴ്ച ഓണമാണ്. മക്കൾക്ക് രണ്ടു പേർക്കും നാട്ടിൽ വരാൻ സാധിക്കില്ലെന്ന് അവര് ഐക്യകണ്ഠേന പ്രഖ്യാപിച്ചിട്ടുണ്ട്. അമ്മ ഇത്തവണ കുടുംബക്കാരേയും കൂട്ടുകാരുടേയും ഒപ്പം ഓണമാഘോഷിക്കാൻ പറഞ്ഞ് കുറച്ച് ആഹ്വാനങ്ങളും. അമ്മ എവിടേയും പോകുന്നില്ലെങ്കിൽ നേരത്തെ അറിയിക്കണം, നഗരത്തിലെ ഏറ്റവും പ്രശസ്തമായ റസ്റ്റോറൻ്റിലെ ഓണസദ്യ തന്നെ ലഭിക്കണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന ഓർമ്മപ്പെടുത്തലുമുണ്ട്. അതിന്നടിയിൽ പേരക്കുട്ടികളുടെ വകയായി കൊതിനീരു വരുന്ന ചിത്രങ്ങളും. പെട്ടെന്നുയർന്നു വന്ന സങ്കടത്തിരയടക്കാൻ ഞാൻ പാടുപെട്ടു.
ഒരു പ്രായം കഴിഞ്ഞാൽ ഭക്ഷണമോ വസ്ത്രമോ ആഭരണങ്ങളോ അല്ല മനുഷ്യനെ ഭ്രമിപ്പിക്കുന്നത്, പ്രിയപ്പെട്ടവരുടെ ഗന്ധവും സ്നേഹവുമാണെന്ന് പറയണമെന്ന് തോന്നി. ആരോട് പറയാൻ ആർക്കു മനസ്സിലാവാൻ ഈ വക കാര്യങ്ങളെന്നോർത്ത് ഞാനെൻ്റെ ദീർഘനിശ്വാസത്തെ പുഞ്ചിരിയുടെ ഇമോജിയാക്കി. ഫോൺ ഓഫാക്കി, കാച്ചെണ്ണ മണക്കുന്ന തലയണയിലേക്ക് മുഖമമർത്തി കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങാനാവുന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകി കവിളുകൾ നനച്ചു കൊണ്ട് കഴുത്തിലേക്ക് പടരുന്ന കണ്ണീർ. സത്യത്തിൽ എൻ്റെ ഭർത്താവ് അകാലത്തിൽ കരൾരോഗം വന്നു മരിച്ചപ്പോൾ ആശ്വാസമാണ് തോന്നിയത്. ഏറെ നാൾ അടച്ചിട്ട മുറിയിൽ കുടുങ്ങി പോയിട്ട് നല്ല കാറ്റും വെയിലും അകത്തേക്ക് കയറുന്ന ജനൽ പാളി തുറന്നതു പോലുള്ള സുഖം. ഇടക്കൊക്കെ ആ ജാലകത്തിന്നടുത്ത് നിന്ന് പുറത്തു പെയ്യുന്ന ചാറ്റൽ മഴ നനയാം. അതിലപ്പുറം മോഹങ്ങളൊന്നുമില്ല താനും! ഇല്ലേ, ഇനിയും നിറവേറാത്ത ഒരു സ്വപ്നം?
വീണ്ടും ഫോണിൽ മെസേജ് വന്നതിൻ്റെ കിലുകിലാ ശബ്ദം കേട്ടപ്പോൾ കണ്ണും മുഖവും തുടച്ച് ഞാൻ ഫോണെടുത്ത് തുറന്നു. രവിയാണ്. എന്തായിരിക്കും അവൻ്റെ മറുപടി? ഇന്നലെ കിടക്കുന്നതു വരെ ഇടക്കിടക്ക് ഞാൻ ഫോണെടുത്ത് തുറന്നു നോക്കി. മെസേജ് കണ്ടിട്ടുണ്ടോന്ന് പതിനായിരം തവണ പരിശോധിച്ചു. അവൻ കണ്ടില്ലാന്ന് മനസ്സിലായപ്പോൾ വല്ലാത്ത ദേഷ്യത്തോടെ കിടന്നുറങ്ങിയതാണ്. അല്ലെങ്കിലും രവി അങ്ങനെയാണ്. ആവശ്യമുള്ളതൊന്നും കൃത്യസമയത്തു കാണില്ല. അവനെ പ്രാണനെ പോലെ സ്നേഹിച്ച നേരം ന്യൂജെൻ പിള്ളേര് പറയും പോലെ രണ്ട് വാഴ വെച്ചാൽ മതിയായിരുന്നു.
രവിയുടെ വോയ്സിലേക്ക് കൈ നീണ്ടെങ്കിലും ചുരുണ്ട് കിടക്കുന്ന ഷീലയെ സൂക്ഷിച്ച് നോക്കിക്കൊണ്ട് ഞാൻ ഫോണുമായി മെല്ലെ പുറത്തേക്കിറങ്ങി. പുറത്തെ വരാന്തയിലൂടെ ചുറ്റി വേണം കുളിമുറിയിലേക്ക് നടക്കാൻ. പഴയ കെട്ടിടമാണ്. മാസാമാസം വാടക കൃത്യമായി വാങ്ങിക്കുകയെന്നല്ലാതെ സൗകര്യങ്ങൾ ഒന്നും വർദ്ധിക്കുന്നില്ല.
കുളിമുറിയിലെ ടാപ്പ് തിരിച്ചു വെച്ചു കൊണ്ട് ഞാൻ രവിയുടെ ശബ്ദം ചെവിയോട് ചേർത്തു.
“ഉത്രാടത്തിൻ്റെ തലേന്ന് ഇങ്ങനെയൊരു ഗെറ്റ് ടുഗെദർ വെച്ചാൽ കുടുംബമായി നിൽക്കുന്നവർക്കൊക്കെ വരാൻ പറ്റുമോ? അകലെയുള്ളവരൊക്കെ വരുമോ? ഞാനിപ്പോൾ നാട്ടിലുണ്ട്. ഓണം കഴിഞ്ഞാൽ തിരിച്ചു പോവും. എല്ലാവരെയും കാണണമെന്നൊക്കെയുണ്ട്. എല്ലാവരും വരോണെങ്കിൽ ഞാനും വരാം.” പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഞാൻ പറഞ്ഞ കാരണമാവും രവി വരാന്ന് സമ്മതിച്ചത്. എത്ര കാലമായൊന്ന് കണ്ടിട്ട്. നെഞ്ചിൽ സന്തോഷമാണോ സങ്കടമാണോന്ന് തിരിച്ചറിയാനാവുന്നില്ല. പലപ്പോഴും പറഞ്ഞ് പറ്റിച്ചവനാണ്, വരുമോ എന്തോ? അവൻ്റെ ഭാര്യയും മരിച്ചിട്ട് അധികകാലമായിട്ടില്ല. പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. അന്നവനെ കാണാൻ പോവണമെന്നൊക്കെ ഓർത്തതാണ്. പക്ഷേ എന്തോ ഒന്നെന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. വർഷങ്ങളിത്രയൊക്കെ കടന്നു പോയിട്ടും അവനെൻ്റെതായിരുന്നുവെന്ന തോന്നലാണോ അതിൽ നിന്നെന്നെ തടഞ്ഞത്?
ഞാൻ ഗ്രൂപ്പിലെ മറ്റു മെസേജുകൾ ഓരോന്നായി കേട്ടുകൊണ്ടിരുന്നു. ലൈലയും റസിയയും വരാമെന്ന് സന്തോഷത്തോടെ സമ്മതിച്ചിട്ടുണ്ടെന്ന് മാത്രമല്ല, കസവു സാരി ഉടുക്കണോ, നേര്യേതുടുക്കണോന്നുള്ള ചർച്ച വരെ തുടങ്ങിയിരിക്കുന്നു. തോമസിന്, ഇത്തവണത്തെ ഓണം മോൾടെ കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ഓണമാണ്. അവളും ഭർത്താവും വരും. ചടങ്ങുകളൊക്കെയുള്ളത് കൊണ്ട് വരാൻ പറ്റില്ലെന്ന് ഗദ്ഗദകണ്ഠനായി ബോധിപ്പിക്കുന്നത്. ആ സ്വരത്തിലെ ഇഴച്ചിൽ കേട്ടിട്ട് ഇന്നലെ കഴിച്ചത് ഇത്തിരി മുന്തിയ ഇനമാണെന്ന് തോന്നുന്നു.
“അത്തം പത്തിന് പൊന്നോണം.” “അത്തം പത്തിന് പൊന്നോണം” കുരിയാക്കു മാഷ്ടെ സ്കൂളിലെ മലയാളം എടുത്തിരുന്ന സുഭദ്ര ടീച്ചർടെ മുന്നിലിരുന്ന് ഇമ്പോസിഷൻ എഴുതും പോലെ അവൻ പറഞ്ഞതു തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഞാൻ ചെടിപ്പോടെ വോയ്സിനിടയിൽ അർദ്ധവിരാമമിട്ട് അടുത്തതിലേക്ക് മുങ്ങാംകുഴിയിട്ടു.
“അത്തം വെളുത്താൽ ഓണം കറുക്കുമെന്നാണ്. ഇത്തവണ നല്ല മഴയായിരിക്കും, അതോണ്ടന്നെ ഞാൻ വരുന്നില്ല. പാടത്ത്ന്ന് മാറിനിക്കാൻ പറ്റണ സമയമല്ല കൂട്ടരേ..” രാഘവൻ സ്വതവേയുള്ള പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“പഴഞ്ചൊല്ലുകളിലൊക്കെ പതിരു കയറി രാഘവാ, താൻ ധൈര്യായിട്ട് പോരെടോ.. മഴ പെയ്താലെന്താ, നമുക്ക് അടിച്ചു പൊളിക്കാലോ. കസവുമുണ്ടൊക്കെയുടുത്ത് പൂക്കളമിട്ട് മഴയത്ത് ഊഞ്ഞാലാടുന്ന റീൽസൊക്കെ എടുക്കാന്നേ.. പൊളി വൈബായിരിക്കും..” ഗ്രൂപ്പിലെ വളർന്നു വരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഉഷ കലപില പറഞ്ഞു കൊണ്ടിരുന്നു.
” വീടിൻ്റെ ആധാരം പണയം വെച്ച് കോപ്പറേറ്റീവ് ബാങ്കീന്ന് പലിശക്ക് പണം കടം വാങ്ങീട്ടാ വിത്തിറക്കിയിരിക്കുന്നത്. മഴ പെയ്താൽ പിന്നെ കയറ് വാങ്ങിക്കേ തരൊള്ളൂ.. ഇങ്ങൾക്കൊന്നും അത് മനസ്സിലാവില്ല.. ” അയാളുടെ സ്വരം അവസാനമാകുമ്പോഴേക്കും ചിലമ്പിച്ചിരുന്നു.
“അത്തപ്പത്തോണം വന്നടുത്തെടോ രാഘവൻ നായരേ, ചോതി പുഴുങ്ങാനും നെല്ലു തായോ. എന്നല്ലേ മുത്തശ്ശി പറയാറ്. താനിങ്ങനെ ബേജാറാവാതിരിക്ക്. ഞങ്ങളൊക്കെയില്ലേ, താൻ തനിച്ചല്ലെടോ. ഈ കൂട്ടുകാരൊക്കെ പിന്നെ എന്തിനാ? വരാൻ പറ്റുമെങ്കിൽ വാ.. ” ഡോ.കമലാ ഉണ്ണി രാഘവനെ സമാശ്വസിപ്പിച്ചു. ഡോക്ടർ കമല വരുമോ? ദൂരെയൊരു നഗരത്തിലെ മണിക്കൂറിന് പതിനായിരങ്ങൾ വിലമതിക്കുന്ന ഗൈനക്കോളജിസ്റ്റാണ്. അതൊക്കെ വേണ്ടെന്ന് വെച്ച് വരുമെന്ന് എനിക്കു തോന്നുന്നില്ല.
ഞാൻ വീണ്ടും രവിയുടെ പ്രൊഫൈൽ ചിത്രം വലുതാക്കി നോക്കി. കവിളുകൾ കുറച്ചൂടെ ചീർത്തിരിക്കുന്നു. പഴയ എലുമ്പൻ പയ്യനൊന്നുമല്ല ഇപ്പോൾ. വർഷമെത്ര പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ആ ഫോട്ടോയിലേക്ക് നോക്കി നിൽക്കുമ്പോൾ ഒരായിരം ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുന്നു. ഉറുമ്പു ഓണം കരുതും പോലെ കരുതി മാത്രം ചിലവഴിച്ചിരുന്ന ദേവേച്ചി. അച്ഛനില്ലാത്തത് കൊണ്ടു തന്നെ രവിക്ക് എന്നും കഷ്ടപ്പാടായിരുന്നു. ദേവേച്ചി വീട്ടുപണിക്ക് വരുന്നതു കൊണ്ടായിരുന്നു അവർ അമ്മയും മോനും ജീവിച്ചിരുന്നത്. നാൽപ്പത് വർഷങ്ങൾക്ക് മുൻപൊരു ഓണ ദിവസത്തേക്ക് മനസ്സ് ഓടി പോയപ്പോൾ കവിളുകൾ നനഞ്ഞു കുതിർന്നു. ഞാൻ മുഖം വീണ്ടും വീണ്ടും കഴുകി, പുറത്തേക്ക് നടന്നു.
ഇന്ന് ഓഫീസിൽ ലീവു പറഞ്ഞാലോന്നോർത്തു. ഓണാവധി വരും മുൻപ് അയക്കാൻ കുറെ ഫയലുകളുണ്ട്. പോവാതിരിക്കാൻ കഴിയില്ല. അല്ലെങ്കിൽ തന്നെ ഇന്ന് പോവാതിരുന്നാൽ മനസ്സിൻ്റെ അടിത്തട്ടിൽ നീറി പുകഞ്ഞു നിൽക്കുന്ന പലതും തികട്ടി തികട്ടി വരും. നനുത്ത സ്പർശം പോലൊരുമ്മയും അതിനെ തുടർന്നുണ്ടായ പുകിലുകളും. ദേവേച്ചിടെ കരഞ്ഞു കലങ്ങിയ കണ്ണുകളും പരിപ്പു പ്രഥമൻ്റെ ശർക്കര മണമുള്ള അവരുടെ നേര്യേത്. ചില ഗന്ധങ്ങൾ അങ്ങനെയാണ്, കാലമേറെ കഴിഞ്ഞാലും നമ്മെ വിട്ടു പോവില്ല.
ഓഫീസിലെത്തിയിട്ടും ഗ്രൂപ്പിലെ ചർച്ചകൾ തീർന്നില്ല. നഗര തിരക്കിൽ നിന്നു മാറി സമുദ്രത്തിലേക്ക് തുറക്കുന്ന നീളൻ ജാലകങ്ങളുള്ള ആ റിസോർട്ടിൽ വെച്ച് കൂടാമെന്ന് ആദ്യം പറഞ്ഞത് ഞാനായിരുന്നു. കഴിഞ്ഞ തവണ ഓഫീസിലുള്ളവർ അവിടേക്ക് ടൂർ പോയതിൻ്റെ ചിത്രങ്ങൾ കണ്ടപ്പോഴേ ഉള്ളിൽ ഇങ്ങനെയൊരു മോഹം ഉണർന്നിരുന്നു. എത്ര രാത്രികളിൽ രവിയോടൊത്ത് ആ ജാലകത്തിന്നരികെ കടൽ കാറ്റേറ്റ് സംസാരിച്ചിരിക്കുന്നത് ഭാവനയിൽ കണ്ടിരിക്കുന്നു. എല്ലാവരും സമ്മതിക്കുന്നത് വരെ ഉള്ളിലൊരു പെടപെടപ്പായിരുന്നു. ഒന്നിലും മനസ്സുറച്ച് നിൽക്കുന്നില്ല. നിരവധി തവണ വാട്ട്സ് ആപ് തുറന്നു നോക്കുന്നത് കണ്ട് അപ്പുറത്തെ സീറ്റിലെ ലിനി കളിയാക്കി. ഫാനിൻ്റെ കര കര ശബ്ദം എന്നെ അലോസരപ്പെടുത്തി.
ഉത്രാടത്തലേന്ന് രാവിലെ നേരത്തെ തന്നെ റിസോർട്ടിലെത്താമെന്ന് എല്ലാവരും വാക്കു തരികയും റിസോർട്ടിൽ അടക്കാനുള്ളതും അത്യാവശ്യ ചെലവുകൾക്കുമുള്ള കാശ് ഗൂഗിൾ പേ ചെയ്യാനും പറഞ്ഞ് ട്രഷറർ രാമൻകുട്ടി മെസേജിട്ടപ്പോഴാണ് എൻ്റെ ശ്വാസം നേരെ വീണത്. രവി ഗൂഗിൾ പേ ചെയ്ത ഉടനെ തന്നെ ഞാനും കാശയച്ച് കൊടുത്തു.
എൻ്റെ സ്വപ്നം! രവിയോട് എങ്ങനെ ഇതേക്കുറിച്ച് പറയണമെന്നറിയില്ലായിരുന്നു. അവനെന്നെക്കുറിച്ച് എന്തു കരുതും? ചീത്ത സ്ത്രീയെന്ന ലേബൽ ഒട്ടിച്ച് അവജ്ഞയോടെ കൂട്ടുവെട്ടുമോ?
ദിവസമടുക്കും തോറും എന്തോ ഒരു തളർച്ച വന്നെന്നെ പൊതിഞ്ഞു കൊണ്ടിരുന്നു. രവിയുമായി സംസാരിക്കണമെന്ന് കരുതി നിരവധി തവണ ആ ഫോൺ നമ്പർ ഫേവറൈറ്റ് ലിസ്റ്റ് ഓപ്പൺ ചെയ്ത് എടുത്തു നോക്കിയതാണ്. വിളിക്കാൻ തുനിയുമ്പോൾ ആരോ എന്നെ തടയും പോലെ.. ഇനിയും വിളിക്കാതിരുന്നിട്ട് കാര്യമില്ല. ഇങ്ങനെയൊരവസരം ജീവിതത്തിൽ വീണു കിട്ടണമെന്നില്ല.
ഓണാവധിക്ക് സ്കൂൾ ഗെറ്റ് ടുഗെദർ ആണെന്നും റിസോർട്ടിൽ ആയതിനാൽ ചിലപ്പോൾ രണ്ടു ദിവസം കഴിഞ്ഞേ തിരിച്ചെത്തൂന്നും പറഞ്ഞ് ഫാമിലി ഗ്രൂപ്പിൽ വോയ്സ് മെസേജിടുമ്പോൾ എന്തിനെന്നറിയാതെ ഞാൻ വിയർത്തു. ടിവിയിൽ ഓണ ദിവസങ്ങളിൽ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പുതിയ സിനിമകളെക്കുറിച്ചുള്ള പരസ്യം ആവർത്തിച്ച് കാണിച്ചു കൊണ്ടിരുന്നതിൽ മുഴുവൻ ശ്രദ്ധയും കൊടുത്തിരിക്കുന്നതു കൊണ്ടാവാം ഷീല ഞാൻ പറഞ്ഞതൊന്നും കേട്ടിട്ടില്ല. ഓണത്തിന് വീട്ടിൽ പോവണമെന്ന് പറയാം ഷീലയോട്. വീട്ടിലേക്ക് ഞാനും വരാമെന്ന് പറയോ കുരിശ്!
വ്യാഴാഴ്ച ഓഫീസിലേക്ക് ഇത്തിരി നേരത്തെ തന്നെ ഇറങ്ങി. രാവിലെയായതുകൊണ്ടാവാം പാർക്ക് വിജനമായിരുന്നു. ആരോ എറിഞ്ഞിട്ടിരുന്ന ധാന്യമണികൾ കൊത്തിപ്പറിക്കുന്ന കിളികളുടെ കലപില മാത്രം കേൾക്കുന്നു. പാർക്കിലെ ആളൊഴിഞ്ഞ മൂലയിൽ ഇരുന്നാണ് ഞാൻ രവിയുടെ നമ്പറിലേക്ക് വിളിച്ചത്. ശബ്ദം കേട്ടതും അപ്പുറത്ത് നിശ്ശബ്ദമായി. നമ്പർ സേവ് ചെയ്തിട്ടിരുന്നതാവാം. കുശലപ്രശ്നത്തിനു ശേഷം സംസാരിക്കാൻ ഒന്നുമില്ലാതെ തപ്പി തടഞ്ഞപ്പോൾ അപ്പോഴിനി മറ്റന്നാൾ നേരിൽ കാണാമല്ലേന്ന് പറഞ്ഞ് രവി ഫോൺ വെയ്ക്കാനൊരുങ്ങി.
“ദേവേച്ചി?” ഞാൻ വിക്കി വിക്കി ചോദിച്ചു.
“അമ്മ മരിച്ചിട്ടിപ്പോൾ ആറു വർഷമായി. അമ്മയുടെ ശ്രാദ്ധം ഊട്ടാൻ വേണ്ടി വന്നതാണു ഞാൻ നാട്ടിൽ. തിരിച്ചു പോവാൻ നിൽക്കുമ്പോഴാണ് ഗ്രൂപ്പിൽ സുനന്ദയുടെ മെസേജ് കണ്ടത്.” സുനന്ദ! സ്നേഹിക്കുന്ന കാലത്ത് നന്ദയെന്ന് തികച്ച് വിളിക്കാത്തവൻ. അവൻ്റെ മനസ്സിൽ നിന്നും ഞാനേറെ കാതം വിദൂരത്താണ്. ഞാൻ സങ്കടത്തോടെ മിടയിറക്കി.
“വർഷമെത്ര കഴിഞ്ഞു. ഇനി കാണണോ വേണ്ടേന്നൊരു സംശയം ഉള്ളിലിങ്ങനെ. സുമ ജീവിച്ചിരിക്കുമ്പോഴൊക്കെ എന്നെ കളിയാക്കാറുണ്ടായിരുന്നു.. ഒന്നു പോയി കണ്ടൂടേന്ന് അവളെപ്പോഴും പറയും. അവളും പോയി .. ”
“സുമക്ക് അറിയാമായിരുന്നോ എല്ലാം?” അതെനിക്കൊരു പുതിയ അറിവായിരുന്നു. ഞാനൊരു കോമാളിയാക്കപ്പെട്ടതു പോലെ..
“അറിയാം. അവളോടൊത്ത് ഒരു ദിവസം സുനന്ദയുടെ വീട്ടിൽ വന്ന് ഭർത്താവിനേയും കുട്ടികളേയും കാണണമെന്ന് പറയുമായിരുന്നു എന്നും. പക്ഷേ സുനന്ദയെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. സുനന്ദയുടെ ഭർത്താവ് എന്തു പറയുമെന്നോർത്ത് ഞാനാണ് സുമയെ തടഞ്ഞത്.”
“ഭർത്താവ്, എൻ്റെ ഭർത്താവ് മരിച്ചിട്ട് കാലമേറെയായി. “എൻ്റെ സ്വരം നേർത്തു.
“സോറി സുനന്ദാ. പ്രിയപ്പെട്ടവരുടെ മരണവും ഒറ്റക്കുള്ള ജീവിതവും നമ്മളെ വല്ലാതെ തളർത്തും. സുമ മരിച്ചതിന് ശേഷം ഞാൻ മനസ്സറിഞ്ഞൊന്ന് ചിരിച്ചിട്ടില്ല, ശരിക്ക് ഉറങ്ങിയിട്ടില്ല. അവൾ മരിച്ചപ്പോഴാണ് അവളെ ഞാൻ ഇത്രക്കധികം സ്നേഹിക്കുന്നല്ലോന്ന് എനിക്ക് തിരിച്ചറിവുണ്ടായത്.” രവിയുടെ ശബ്ദം ചിലമ്പിച്ചു. അവന് സുമയോടുള്ള സ്നേഹത്തെക്കുറിച്ച് വാ തോരാതെ പറയുന്നതെന്നെ അലോസരപ്പെടുത്തി.
“ഞാനിന്ന് വിളിച്ചതൊരു കാര്യം പറയാനാ.. ” മുഖവുരയോടെ ഞാൻ പറഞ്ഞു തുടങ്ങി.
” ഗെറ്റ് ടുഗെദർ കഴിഞ്ഞാൽ അന്ന് റിസോർട്ടിൽ താമസിച്ച് പിറ്റേന്ന് പോരാം. എനിക്ക് രവിയോട് ഒരുപാട് സംസാരിക്കാനുണ്ട് പ്ലീസ്..” ഇല്ലാത്ത ധൈര്യം സംഭരിച്ച് ഒറ്റ ശ്വാസത്തിൽ അതു പറഞ്ഞു കഴിഞ്ഞ് രവിയുടെ മറുപടിക്കായി കാതോർക്കുമ്പോൾ എൻ്റെ ഹൃദയം അതീവ വേഗതയിൽ മിടിക്കുന്നുണ്ടായിരുന്നു.
“സുനന്ദാ.. താനെന്താ പറയുന്നത്? നമ്മുടെ മക്കൾ. ഈ സമൂഹം? ആർക്കും നമ്മളെ മനസ്സിലാവണമെന്നില്ല.”
പെട്ടെന്ന് എൻ്റെയുള്ളിലെ പൊടിമീശക്കാരൻ രവി മുതിർന്ന ഒരു പുരുഷനായി. സമൂഹത്തിനു വേണ്ടി ജീവിക്കുന്ന, ഇന്നോളം എൻ്റെ സ്നേഹം തിരിച്ചറിഞ്ഞിട്ടില്ലാത്ത പുരുഷൻ. ഇനിയൊന്നും പറയാനില്ലാന്ന് തോന്നിയത് കൊണ്ട് നിറഞ്ഞു വരുന്ന കണ്ണുകളെ വാശിയോടെ തുടച്ചു കൊണ്ട് ഞാൻ ഫോൺ വെച്ചു. പ്രാണനെ പോലെ സ്നേഹിച്ചവൻ അപരിചിതനെപ്പോലെ സംസാരിക്കുന്നതാവും ഈ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ ദുരന്തം.
തെരുവിൽ നിറയെ പൂ വിൽപ്പനക്കാരുടെ ബഹളമായിരുന്നു. കോളേജ് പിള്ളേരും സ്കൂൾ പിള്ളേരും പൂക്കാരോട് വിലപേശുന്നുണ്ട്. ചെണ്ടുമല്ലിയുടേയും ജമന്തിയുടേയും വാടാമല്ലിയുടെയും ഗന്ധം എൻ്റെ തലവേദനയുടെ ആക്കം കൂട്ടി. ഞാൻ കാനയിലേക്ക് കുന്തിച്ചിരുന്ന് ചർദ്ദിച്ചു. ബാഗിൽ നിന്നും കുപ്പിവെള്ളമെടുത്ത് മുഖം കഴുകുമ്പോഴാണ് ഫോൺ വീണ്ടും ശബ്ദിച്ചത്.
രവി കാളിങ്ങ്, ഫോൺ എടുക്കണോ വേണ്ടേന്നൊരു വടംവലി മനസ്സിൽ നടന്നുകൊണ്ടിരിക്കേ ഞാൻ ഫോണെടുത്തു.
“സോറി നന്ദാ.. ഞാൻ വരാം. അന്നവിടെ നിൽക്കാം.” കൂടുതലൊന്നും പറയാതെ അവൻ ഫോൺ വെച്ചു.
കാറ്റത്ത് പറക്കുന്ന അപ്പൂപ്പൻ താടി കണക്കേ എൻ്റെ മനം തുടിച്ചു. എനിക്കീ ലോകത്തോടു മുഴുവൻ പ്രണയം തോന്നി. തെരുവിൽ എതിരെ വരുന്നവരോടെല്ലാം അതിരില്ലാത്ത സ്നേഹത്തോടെ ഞാൻ പുഞ്ചിരിച്ചു. ആളുകൾ പലരും എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. കത്തിക്കയറുന്ന ചൂടിലും എനിക്ക് തണുപ്പു തോന്നി. ഉള്ളിലും പുറത്തും പടരുന്ന തണുപ്പ്. എ ടി എമ്മിൽ കയറി ആവശ്യത്തിന് കാശെടുത്ത് കയ്യിൽ വെച്ചു.
കുറച്ച് ഷോപ്പിങ്ങുണ്ടെന്ന് പറഞ്ഞാണ് ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയത്. ഗൂഗിളിൽ തപ്പി കണ്ടു വെച്ച ബ്യൂട്ടിപാർലറിലേക്ക് കയറുമ്പോൾ പരിചയക്കാരാരും കാണരുതേയെന്നൊരു പ്രാർത്ഥനയും അതേ സമയം ഞാനെന്തിനാ മറ്റുള്ളവരുടെ ഇങ്ങനെ ഭയപ്പെടുന്നതെന്ന ചിന്തയും ഉയർന്നു പൊങ്ങി.. പുരികം ആകൃതി വരുത്തുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. മുടി കരാട്ടിൻ ചെയ്ത് വിടർത്തിയിട്ടു. മുഖം ഫേഷ്യൽ ചെയ്യുമ്പോൾ ആദ്യമായി ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ പാർലറിലെ ഇന്തോനേഷ്യക്കാരി പെൺകുട്ടി എന്നെ അത്ഭുതത്തോടെ നോക്കി.
നിരത്തിലൂടെ തലയുയർത്തി നടക്കുമ്പോൾ ഞാനൊരു കൊച്ചു പെണ്ണായതുപോലെ തോന്നി. വറീതുമാപ്ലയുടെ കടയിൽ തയ്ക്കാൻ കൊടുത്ത ഓണക്കോടിക്കായി കാത്തിരുന്ന കൊച്ചുനന്ദ. അതേക്കുറിച്ചോർത്തപ്പോഴാണ് ഏത് സാരി ഉടുക്കണമെന്നോർത്തത്. ഖാദിക്കടയിൽ കയറി നേരിയ കസവുള്ള മുണ്ടും നേര്യേതും വാങ്ങി. ദേവേച്ചിയെ ഓർമ്മ വന്നു. രവിക്ക് കസവു കരയുള്ള മുണ്ടും ഷർട്ടും വാങ്ങാമെന്നോർത്തു. ഷർട്ടിൻ്റെ സൈസറിയില്ല. അപ്പോഴാണ് കടയിൽ ഒരു മൂലയിൽ ഇരുന്ന മനോഹരമായ മുറുക്കാൻ ചെല്ലം കണ്ടത്. പിച്ചള കൊത്തിയ ചെല്ലപെട്ടി. അതും കവുങ്ങിൻ പാള കൊണ്ട് നിർമ്മിച്ച സുന്ദരനൊരു വിശറിയും എടുത്തു.
അരിമാർക്കറ്റിനു പിന്നിലെ മരുന്നു കടക്കടുത്ത് നിന്ന് തളിർവെറ്റിലയും നൂറും പുകയിലയും കഷ്ണങ്ങളാക്കിയ കളിയടക്കയും വാങ്ങി പെട്ടിയിൽ വെച്ചു. അരി മാർക്കറ്റിനുള്ളിൽ നല്ല കടുമാങ്ങാ അച്ചാർ കിട്ടുന്ന സ്ഥലമുണ്ട്. അതു കഴിക്കുമ്പോഴൊക്കെ ഞാൻ ദേവേച്ചിടെ കൈപ്പുണ്യം ഓർക്കാറുണ്ടായിരുന്നു. ചെറിയൊരു ഭരണി അച്ചാർ മനോഹരമായൊരു കസവുതുണി വെച്ച് മൂടി മുറുക്കെ കെട്ടി വാങ്ങി. രവിക്ക് എന്തു കൊടുത്താലും എനിക്ക് മതിയാവില്ലായിരുന്നു.
ഷീല വൈകുന്നേരത്തെ ട്രെയിനിൽ നാട്ടിലേക്ക് പോയത് കൊണ്ടു തന്നെ ആരുടേയും ചോദ്യോത്തരവേളകളുണ്ടായില്ല. കൊണ്ടുപോവാനുള്ള സാധനങ്ങൾ ട്രോളി ബാഗിൽ ഒതുക്കി വെച്ചു. കിടന്നിട്ടുറക്കം വരുന്നില്ല. ആദ്യമായി സ്കൂളിൽ പോവുന്ന കുട്ടികളുടെ ജിജ്ഞാസ. എത്ര പ്രാവശ്യം മൂത്രമൊഴിച്ചെന്ന് പറയാൻ വയ്യ.
പുലർച്ചെ അഞ്ചു മണിക്കുള്ള വന്ദേ ഭാരതിൽ തന്നെ കയറി. റിസോർട്ടിൽ എത്തി മുറിയെടുത്ത് ഒന്നു ഫ്രെഷായി മുണ്ടും നേര്യേതും ഉടുത്തു. കണ്ണുകളിൽ ഇത്തിരി കൺമഷി ഇടാമായിരുന്നുവെന്ന മോഹം കണ്ണാടി നോക്കും തോറും ഏറി വന്നു. സമൃദ്ധമായ മുടി അഴിച്ചിട്ട് കുളിപ്പിന്നൽ മെടഞ്ഞു.
“സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി ”
രവിയുടെ ഇഷ്ടഗാനം എൻ്റെ ചെവിയിൽ മുഴങ്ങി. നെറ്റിയിൽ കുങ്കുമപ്പൊട്ട് തൊടുമ്പോൾ രേണുക്കൾ വീണെൻ്റെ മൂക്ക് ചുവന്നു. ഹാൻഡ് ബാഗെടുത്ത് കയ്യിൽ വെച്ച് റസ്റ്റോറൻ്റിലേക്ക് നടക്കുമ്പോൾ സ്കൂളിൽ പോകുമ്പോൾ രവിയുടെ സൈക്കിളിൻ്റെ മണിയൊച്ച പിന്നിൽ നിന്നും കേൾക്കുമ്പോൾ തോന്നാറുള്ള അതേ പാരവശ്യം അനുഭവപ്പെട്ടു. മൊരിഞ്ഞ നെയ് റോസ്റ്റും നേന്ത്രപ്പഴം പുഴുങ്ങിയതും കഴിക്കുമ്പോൾ ഞാൻ ചെങ്കല്ല് കൊത്തിയ അടുക്കളയിലെ ചാണകം മെഴുകിയ നിലത്തിട്ട തടുക്കിലിരുന്ന് ഓണത്തലേന്ന് കാപ്പി കുടിക്കാറുള്ളതോർത്തു. മുഴുവനും കഴിക്കണേ നന്ദ മോളേന്ന് ദേവേച്ചിടെ സ്നേഹം വന്നെന്നെ പൊതിയുന്നു.
ഭക്ഷണം കഴിച്ച് കഴിയുമ്പോഴേക്കും രാമൻകുട്ടി എത്തി. റിസോർട്ട് ബുക്ക് ചെയ്യാനെടുത്ത ബുദ്ധിമുട്ടും, കാശ് കുറച്ചു കിട്ടാൻ പിശകിയതും എല്ലാം പറഞ്ഞു കൊണ്ടേയിരുന്നു. ആരെങ്കിലും വന്നിരുന്നെങ്കിൽ.. എനിക്കു മടുത്തു തുടങ്ങി. റസിയയും ലൈലയും തോമസും ഒരുമിച്ചാണ് വന്നത്.
“വരില്ലാന്ന് പറഞ്ഞിട്ട്.. ” ഞാൻ തോമസിനെ ചോദ്യഭാവത്തിൽ നോക്കി.
“ഞങ്ങൾ നേരെ പോയി പൊക്കിയെടുത്തു അച്ചായനെ.. ” റസിയയും ലൈലയും ചിരിച്ചു. ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. അവൻ മാത്രം എത്തിയില്ല. ഉഷ റീൽസെടുക്കാൻ ക്യാമറ ഓണാക്കിയിട്ടാണ് വന്നു കയറിയതു തന്നെ. അവളുടെ വണ്ടിയിൽ നിറയെ പൂക്കളുണ്ടായിരുന്നു.
കടലോരത്ത് വട്ടത്തിലിരുന്ന് പൂക്കളം ഇട്ടു കൊണ്ടിരിക്കുമ്പോഴാണ് പരിചിതമായ ആ ഗന്ധമെന്നെ പൊതിഞ്ഞത്. തിരിഞ്ഞു നോക്കാതെ തന്നെ രവിയായിരിക്കുമെന്നെനിക്ക് മനസ്സിലായി. എൻ്റെ വിരലുകൾ വിറ പൂണ്ടു. ഞാനിപ്പോൾ കുഴഞ്ഞു വീഴുമെന്നു തോന്നി.. അവനെൻ്റെ പിറകിൽ വന്നിരിക്കുന്നുണ്ടെന്ന് മനസ്സിലായി.അവൻ്റെ നിശ്വാസവായു എൻ്റെ പുറംചുമലിൽ സ്പർശിക്കുന്നു. ജീവിതത്തിൽ ഇന്നോളം ഞാനനുഭവിച്ച കയ്പ്പേറിയ അനുഭവങ്ങളെല്ലാം ഈ നിമിഷം മാഞ്ഞു പോയതുപോലെ.
“നന്ദ ഒന്നു വരോ, എനിക്ക് സദ്യ ഉണ്ടാക്കുന്ന റീൽസെടുക്കണം.നന്ദ പറഞ്ഞിട്ടല്ലേ ഈ റിസോർട്ട് തന്നെ എടുത്തത്. താൻ അവരുമായി ഒന്നു സംസാരിക്കാമോ?” ഉഷ എന്നെ എഴുന്നേൽപ്പിച്ചു. ഞാൻ തിരിഞ്ഞു നിന്നപ്പോൾ കൗതുകത്തോടെ നോക്കുന്ന രവിയെ കണ്ടു. ഒന്നും മിണ്ടാതെ ഞാൻ ഉഷയോടൊപ്പം റിസോർട്ട് മാനേജറെ കാണാനായി നടന്നു. മാനേജറോട് ഉഷ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും ഞാൻ മണലിൽ മുട്ടുകുത്തിയിരിക്കുന്ന രവിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
“സദ്യ ഏകദേശം അടുപ്പത്തായി കഴിഞ്ഞു മാഡം.” മാനേജർ വിനയത്തോടെ പറഞ്ഞു. ഉഷ എന്നെയും വലിച്ച് അടുക്കളയിലേക്ക് നടന്നു. ചട്ടികളിൽ തിളച്ചു കൊണ്ടിരിക്കുന്ന ഓലനും പച്ചടിയും കൂട്ടുകറിയും ഇറക്കിവെച്ച് വെളിച്ചെണ്ണ തൂവുന്ന അവിയലും ഇന്നലെ ഉണ്ടാക്കി വെച്ച ഇഞ്ചിക്കറിയും കാളനുമൊക്കെ വീഡിയോയിലാക്കി. പാലട പ്രഥമൻ ഇളക്കി കൊണ്ടിരിക്കുന്ന ഷെഫിൻ്റെ കയ്യിൽ നിന്നും ചട്ടുകം വാങ്ങി അവൾ എൻ്റെ കയ്യിലേക്ക് തന്നു..
“ഈ പെണ്ണ്.. ” ഞാൻ അവളുടെ പുറത്ത് തട്ടിക്കൊണ്ട് പായസം ഇളക്കി.
അതു കണ്ടു കൊണ്ടാണ് എല്ലാവരും കയറി വന്നത്.
” ചെറുപ്പത്തിൽ കമിഴ്ന്നു വീണ ഇല മറിച്ചിടാത്ത ആളാണിപ്പോൾ പായസമുണ്ടാക്കുന്നത്.. ” രവിയുടെ സംസാരം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. എൻ്റെ കവിളിലേക്ക് രക്തം ഇരച്ചുകയറി.
ഉഷ വണ്ടിയിൽ കരുതിയിരുന്ന പച്ചക്കറികൾ എടുത്തു കൊണ്ടുവന്നു. എല്ലാവരും പച്ചക്കറികൾ കഴുകുന്നതും അരിയുന്നതായും അഭിനയിച്ച് തകർത്തു.
“ഒന്നാമോണം നല്ലോണം,
രണ്ടാമോണം കണ്ടോണം,
മൂന്നാമോണം മുക്കീം മൂളിം,
നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം,
ആറാമോണം അരിവാളും വള്ളിയും ”
രാഘവനാണ് നാടൻപാട്ട് പാടി തുടങ്ങിയത്.
“ഓണത്തലേന്ന് റീൽസോണം.. ” ഉഷയെ കളിയാക്കി തോമസ് ഉറക്കെ പാടി..
രവി മേശമേൽ താളത്തിൽ കൊട്ടി. തോമസും കമലാ ഉണ്ണിയും റസിയയും ലൈലയും രാമൻകുട്ടിയും സിദ്ധാർത്ഥനും ജോസും മരക്കാറുമൊക്കെ കൂടെപാടി. ഉഷ ഓടിനടന്ന് വീഡിയോ എടുത്തു. ഇടക്കിടെ റിസോർട്ടിലെ പയ്യന്മാരുടെ കയ്യിൽ കൊടുത്തു ഫോൺ. അവളും അഭിനയിച്ചുകൊണ്ടിരുന്നു.
ഊണു കഴിച്ചു കഴിഞ്ഞതും എല്ലാവർക്കും ക്ഷീണമായി. പക്ഷേ വിശ്രമിക്കാൻ ഉഷ സമ്മതിച്ചില്ല. ലൈലയും റസിയയും ഞാനും ഉഷയും കമലയും ജയശ്രീയും മീനാക്ഷിയും ഗ്രേസിയും വട്ടത്തിൽ നിന്ന് കൈകൊട്ടികളിക്ക് വട്ടം കൂട്ടി. ഉഷ ബാഗിൽ നിന്നും കൺമഷിയെടുത്ത് എൻ്റെ കണ്ണുകളിൽ പടർത്തിയെഴുതി. മുടിയിൽ തുമ്പയും മുക്കുറ്റിയും മുല്ലപ്പൂ മാലയും തിരുകി തന്നു. രവിയുടെ കണ്ണുകൾ എന്നെ തന്നെ തഴുകി കൊണ്ടിരുന്നു. കടലിലേക്കിറക്കി കെട്ടിയിരുന്ന ഊഞ്ഞാലിൽ പൂക്കൾ വെച്ചലങ്കരിച്ചിരുന്നു. ഊഞ്ഞാലിൽ കയറി നിന്നും ഇരുന്നും ആടിക്കൊണ്ടിരുന്നപ്പോൾ കണ്ണടച്ച് ഞാൻ തറവാട്ടിലെ മൂവാണ്ടൻ മാവിലെ ഊഞ്ഞാലിലെത്തി. ഇനിയുമിനിയും ഉയരത്തിൽ ഊഞ്ഞാൽ ആട്ടാൻ പറഞ്ഞ് രവിയോട് തല്ലു പിടിക്കാറുള്ളതോർത്തു. കൺ കോണുകൾ നനഞ്ഞു. എല്ലാം ഒരു സ്വപ്നമാണോ?
കസേര കളിയും ലെമൺ & സ്പൂൺ കളിയും ഒക്കെ കഴിഞ്ഞ് വൈകുന്നേരമായതോടെ ഓരോരുത്തരായി പിരിഞ്ഞു പോയ്ക്കൊണ്ടിരുന്നു. ഞാൻ പോവുകയാണെന്നും പറഞ്ഞ് ആരും കാണാതെ റിസോർട്ടിലെ റൂമിനകത്തേക്ക് നടന്നു.
റൂം നമ്പർ എത്രയാണെന്ന് രവിക്ക് മെസേജിട്ടു. രവിയും തൊട്ടടുത്ത റൂമിലുണ്ടെന്ന് പറഞ്ഞു. കോറിഡോറിൽ ഈ രണ്ട് മുറികൾ മാത്രമേയുള്ളൂ. മുണ്ടും നേര്യേതും അഴിച്ച് വെച്ച് കുളിച്ച്, മുടിയഴിച്ചിട്ട് അയഞ്ഞു കിടക്കുന്ന നീളൻ കുർത്തയെടുത്ത് ധരിച്ചു. ഭക്ഷണമെന്തെങ്കിലും വേണോന്ന് ചോദിച്ച് റൂംബോയി വിളിച്ചു. ഒന്നും വേണ്ടെന്ന് പറഞ്ഞ് ഫോൺ വെച്ചു. പെട്ടി തുറന്ന് നിലവിളക്കെടുത്ത് മേശപ്പുറത്ത് വെച്ച് തിരികൊളുത്തി. മുറുക്കാൻ ചെല്ലം അരികിൽ വെച്ചു. മുല്ലപ്പൂ മുടിയിൽ കൊരുത്തിട്ടു. രവിയോട് ഇങ്ങാേട്ട് വരാമോന്ന് മെസേജിട്ട് അഞ്ചു മിനിട്ട് കഴിഞ്ഞതും വാതിലിൽ പതിഞ്ഞ ശബ്ദത്തിൽ മുട്ടു കേട്ടു. വിറക്കുന്ന കൈകളോടെ വാതിൽ തുറന്നു.
“സുനന്ദ.. ഇതൊക്കെ? ” രവി സംശയത്തോടെ എന്നെ നോക്കി.
” രവീ പ്ലീസ്, എന്നെ പഴയതുപോലെ നന്ദയെന്ന് വിളിച്ചൂടേ, ഇന്നൊരു രാത്രിയെങ്കിലും..”
രവി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി. ഞാൻ കസേര വലിച്ചിട്ട് കൊടുത്തു.
“നന്ദാ, ഞാൻ കാരണം ഒത്തിരി സങ്കടപ്പെട്ടവളാണ് താൻ. അതുകൊണ്ടാണ് ഞാൻ വന്നത്, പക്ഷേ അതിൽ കൂടുതലൊന്നും എന്നിൽ നിന്നും പ്രതീക്ഷിക്കരുത്. സുമ മരിച്ചെങ്കിലും അവളെൻ്റെ കൂടെയുണ്ട്. മരിക്കുന്നതിനു മുമ്പ് കളി പോലെ പലവട്ടം അവളിത് പറഞ്ഞിട്ടുണ്ട്.ഞാൻ മറ്റൊരാളുടെ കൂടെ അന്തിയുറങ്ങുന്നത് അവൾക്ക് സഹിക്കില്ല.”
മരിച്ചു പോയെങ്കിലും സുമ എൻ്റെ മനസ്സിൽ ശത്രുസ്ഥാനത്തേക്ക് കയറി ഇരുന്നു.
ഞാനൊന്നും മിണ്ടാതെ രവിക്ക് അഭിമുഖമായിട്ടുള്ള കസേരയിലിരുന്ന് കടലിലേക്ക് തുറക്കുന്ന നീളൻ ജാലകങ്ങൾ മലർക്കേ തുറന്നിട്ടു. ഇന്നു വരെ സന്തോഷമെന്തെന്നറിയാത്ത എൻ്റെ ദാമ്പത്യത്തെക്കുറിച്ച് എനിക്കൊന്നും പറയാനില്ലായിരുന്നു. ഞാൻ ഓണക്കാലത്ത് പൂക്കുടയും പിടിച്ച് ഞങ്ങൾ രണ്ടും കയറിയിറങ്ങിയിരുന്ന ചിറ്റാരിക്കുന്നിലെ അസംഖ്യം പൂക്കളെ പറ്റി പറഞ്ഞുകൊണ്ടിരുന്നു. കട്ടുറുമ്പു കടിച്ചിട്ടും രവിയെ നിർബന്ധിച്ച് കയറി മറിഞ്ഞ കശുമാവിൻ തോട്ടങ്ങൾ. വീട്ടിൽ എല്ലാവരുമുറങ്ങുമ്പോൾ ഞങ്ങൾ ഉറുഞ്ചി കുടിച്ച ചക്കര മാങ്ങകൾ.
സംസാരത്തിന്നിടയിൽ ഞാൻ മുറുക്കാൻ ചെല്ലം തുറന്ന് തളിർവെറ്റില എടുത്ത് തണ്ടൊടിച്ച് ഇത്തിരി നൂറ് ചേർത്ത് അടക്കയും പൊതിഞ്ഞ് രവിക്ക് കൊടുത്തു. അമ്മമ്മയെ പറ്റിച്ച് എടുത്തു കൊണ്ടുവരാറുള്ള മുറുക്കാൻ്റെ കഥ പറഞ്ഞ് ഞങ്ങൾ രണ്ടും ഒരുമിച്ച് പൊട്ടിച്ചിരിച്ചു. അതു വരെ കനം മൂടി നിന്നിരുന്ന അന്തരീക്ഷം അയഞ്ഞു. പുള്ളിപശു പ്രസവിക്കുന്നത് കാണാൻ പത്തായപ്പുരയിൽ ഒളിച്ചിരുന്നത് രവി ഓർത്തെടുത്തു. കഥകൾ ഒരായിരമുണ്ടായിരുന്നു ഞങ്ങൾക്ക് പറയാൻ. ഉറക്കം വരുന്നേയില്ലായിരുന്നു.
“നന്ദയുടെ ഭർത്താവ്?”
“ജാതിയിൽ ഉന്നതങ്ങളിൽ.. സമ്പന്നൻ, പക്ഷേ മുഴുക്കുടിയൻ. ശാരീരികമായ ആവശ്യങ്ങൾ തീർക്കാനും കൈ തരിപ്പ് തീർക്കാനുമുള്ള ഒരു ഉപകരണം മാത്രമായിരുന്നു അയാൾക്ക് ഭാര്യ.. എത്ര ഓണ ദിവസങ്ങളിൽ ഞാൻ പട്ടിണി കിടന്നിട്ടുണ്ടെന്നോ.. ഒടുക്കം ഏതൊരു കുടിയനേയും പോലെ കരൾരോഗം ബാധിച്ച് മരണം. രണ്ട് പെൺമക്കൾ.ജോലിയുള്ളത് കൊണ്ട് ഇന്നാരേയും ആശ്രയിക്കേണ്ട.” ഞാനൊരു നെടുവീർപ്പിട്ട് മേശമേൽ മുഖമമർത്തി.
“സുമ ജീവിതത്തിലേക്ക് വരും വരെ ഞാനും ഒരു മൂരാച്ചിയായിരുന്നു. അവളാണെന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത്. സത്യത്തിൽ സെക്സ് ആസ്വദിച്ചു ചെയ്യാൻ പോലും അവളാണെന്നെ പഠിപ്പിച്ചത്. അവളെ ഓർക്കാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ സാധ്യമല്ല.” ഞാനെന്തെങ്കിലും മനസ്സിൽ കരുതിയിട്ടുണ്ടെങ്കിൽ തന്നെ അതു നടക്കില്ലെന്ന് പറയാതെ പറയുകയാണ് രവി.
“എനിക്ക് ലൈംഗിക മോഹങ്ങളൊന്നുമില്ല രവീ.. തീരെ ഇല്ലാന്ന് പറഞ്ഞാൽ അതു കളവാകും. സ്നേഹത്തോടെ രവി എന്നെയൊന്ന് സ്പർശിച്ചിരുന്നെങ്കിൽ അമർത്തി ഒരുമ്മ തന്നിരുന്നെങ്കിൽ എന്നൊക്കെ ഞാൻ കൊതിച്ചിട്ടുണ്ട്. സ്വപ്നം കണ്ടിട്ടുണ്ട്. പക്ഷേ അതിനേക്കാളൊക്കെ എത്രയോ ഇരട്ടി രവിയുമായി വെറുതെ വർത്തമാനം പറഞ്ഞിരിക്കുന്നത്, പഴയതുപോലെ നൂറാംകോല് കളിച്ച് വെറി കൂടുന്നത് ഒക്കെ സ്വപ്നം കണ്ടിരിക്കുന്നു. ഈ ഓണം ഞാനൊരിക്കലും മറക്കില്ല രവീ..” രാവ് വെളുക്കും വരെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.
തീവണ്ടിയിൽ മടങ്ങുമ്പോൾ എസി കമ്പാർട്ട്മെൻ്റിൽ എന്നെ ഇരുത്തി രവി പുറത്തേക്ക് പോയി. തിരിച്ചു വന്നു കയറുമ്പോൾ രണ്ടിലയും സദ്യയും ഉണ്ടായിരുന്നു. തീവണ്ടിയിലെ സീറ്റിൽ ചമ്രം പഠിഞ്ഞിരുന്ന് ഞങ്ങൾ സദ്യ കഴിച്ചു. ഒറ്റ ഇലയിൽ, രവി എനിക്ക് സദ്യ വാരി തന്നുകൊണ്ടിരുന്നു.
അമൽ ഫെർമിസ്
44 Comments
നന്ദയുടെ മനസ്സ്, പ്രണയം .. മനോഹരമായി എഴുതി, as always ❤️
മനോഹരം. ആർദ്രമായ സ്നേഹം..
വാർദ്ധക്യ തീച്ചൂളകളിൽ,
മോഹ കണി കൊന്നകൾ
കൊഴിഞ്ഞൊഴിയും മുമ്പേ
കീർത്തിയുമാർത്തിയുമല്ലാ
സംസർഗ സ്നാനമാണഭികാമ്യം.
സ്തുതിപാഠകർ മരണ.ശേഷം
തൻ പാതിയെപ്പോലും പതിയെ
തനിക്കേറ്റം പ്രിയമെന്നറിയും.
മറവികൾ മർത്യനു മഹാ ഭാഗ്യം.
കിടിലൻ കഥ.
നന്ദി ദാസേട്ടാ.. കൂട്ടക്ഷരങ്ങളിൽ എഴുതി തുടങ്ങണം ദാസേട്ടൻ. Tiny Affairs ദാസേട്ടന് നന്നായി എഴുതാൻ പറ്റും.ഇവരുതരുന്ന ഓരോ വിഷയത്തെക്കുറിച്ചും കവിതയായോ ഗദ്യമായോ എഴുതാലോ .. എഴുതണേ
നല്ലെഴുത്ത് ❤️❤️ വീണ്ടും വീണ്ടും കാത്തിരിക്കുന്നു ❤️എഴുതു അമൽ 🌹🌹🌹
ഒത്തിരിയിഷ്ടം പ്രിയപ്പെട്ടവളേ..
ഇത്താത്ത കരളിൽ കൊത്തി വലിക്കുന്ന മറ്റൊരു കഥ കൂടി.
ഇഷ്ടം ❤️.
സ്നേഹം ബബിതാ
മനോഹരം. കാലങ്ങൾക്കിപ്പുറമൊരു ചേർത്തുനിർത്തൽ. ഓർമ്മകളുടെ വസന്തത്തിൽ ഒരിക്കലും മറക്കാനാവാത്ത പൊന്നോണം. ബന്ധങ്ങളിലെ സങ്കീർണ്ണതകൾ. നന്നായി എഴുതി.
സ്നേഹം.. വായനക്കും അഭിപ്രായത്തിനും നന്ദി സഖേ
. ❤️❤️❤️✍️👌🏻അമൽ 🙏കഥ
നന്നായിട്ടുണ്ട്.. പ്രണയത്തിനു, പ്രായമില്ല,,,മരണമില്ല… ഋതുഭേദങ്ങളില്ല..
പതിവുപോലെ വളരെ മനോഹരമായ എഴുത്ത്👌👌😍
സ്നേഹം നിയാസ് ബായീ
ഇടവേളക്ക് ശേഷംഅമലേച്ചിയുടെ, മനസ് നിറച്ച ഒരു കഥ
നീതൂസേ,
ഇതു വായിക്കുമ്പോൾ ഒത്തിരി സന്തോഷം പ്രിയപ്പെട്ടവളേ
Amal tha , valare manoharamaya ezhuthu…nalloru Onasammanam😍😍❤️❤️
ഒത്തിരി സ്നേഹം മീരാ. വായനക്കും അഭിപ്രായത്തിനും നന്ദി
Manoharam♥️♥️♥️
സ്നേഹം സജ്നാ
Beautiful ethaaa.
സ്നേഹം കൂട്ടേ
മനോഹരമായ വികാരം, ഹൃദ്യമായി അവതരിപ്പിച്ചു. സ്വാർത്ഥതയില്ലാത്ത മോഹങ്ങൾക്കു പ്രായമില്ലെന്നു അടിവരയിടുന്ന കഥ.
അഭിനന്ദനങ്ങൾ കൂട്ടുകാരി…
നമുക്കു പ്രായമാവുമ്പോഴാണ് ഇതൊക്കെ ശരിക്കും മനസ്സിലാവുന്നത്.. സ്നേഹം ജോ വായനക്കും അഭിപ്രായത്തിനും നന്ദി
“ഒരു പ്രായം കഴിഞ്ഞാൽ ഭക്ഷണമോ വസ്ത്രമോ ആഭരണങ്ങളോ അല്ല മനുഷ്യനെ ഭ്രമിപ്പിക്കുന്നത്, പ്രിയപ്പെട്ടവരുടെ ഗന്ധവും സ്നേഹവുമാണെന്ന് പറയണമെന്ന് തോന്നി”
സത്യമാണ്… മനോഹരമായ കഥ..
അഭിനന്ദനങ്ങൾ
സ്നേഹം
ഒത്തിരി സ്നേഹം ശ്രീ
പലരിലൂടെ ചിലത് പറഞ്ഞു.ചിലരിലൂടെ പലതും പറഞ്ഞു.നോവായി ബാക്കി വച്ച ഒരൊറ്റ കഥാപാത്രം..ജീവിതത്തിൽ ഇന്നോളം ശരിക്കൊന്ന് സ്നേഹിക്കുകയോ സ്നേഹം ലഭിക്കുകയോ എന്തിന്..അങ്ങനെയൊന്ന് തോന്നിപ്പിക്കുകയോ പോലും ഭാഗ്യമില്ലാത്ത നന്ദ..
അവസാനം അവൾക്ക് കാലം നീതി കൊടുത്തുവോ? ഇല്ല..കിട്ടിയെന്ന് അവൾ ധരിച്ചു.കിട്ടാത്ത പ്രണയം അവൾ സ്വയം സങ്കല്പ്പിച്ചു.സന്തോഷിച്ചു…അത്രയേ ഉള്ളൂ…
അമലിത്താ..ഓരോ കഥാപാത്രങ്ങളിലൂടെയും ങ്ങളെന്നെ കൊതിപ്പിച്ചു കൊണ്ടേയിരിക്കുന്നു..
സ്നേഹം അഞ്ജു സേ..കഥ വായിച്ചതിനും അതിൻ്റെ പൊരുളറിഞ്ഞ ഈ അഭിപ്രായത്തിനും. നമുക്കിടയിൽ ഇങ്ങനെ എത്രയെത്ര നന്ദമാർ
ഒരു പാടിഷ്ടമായി ❤️പറഞ്ഞെതെത്ര ശരിയാണ്. ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ സ്നേഹശൂന്യത നമ്മൾ മറന്നേക്കാം പക്ഷേ പ്രായമായിക്കഴിയുമ്പോൾ സ്നേഹത്തിൻ്റെ കുളിർമ്മയും ഗന്ധവും അന്യമായാൽ ……. അതു വല്ലാത്തൊരു വേദനയാവും.
Heart touching story, superb Amal 👍
സ്നേഹം ഹഫ്സൂ
ആഹാ മനോഹരമായി😍😍😍
സ്നേഹം ദിവ്യാ
Nice
സ്നേഹം ഹസീന
ഉഗ്രൻ കഥ 👌
സ്നേഹം പവീ.. കുറേക്കാലങ്ങൾക്കു ശേഷമാണ് ഒരു കഥ
വൈകി വന്നാലും ലെറ്റസ്റ്റ് ആയി വന്നിടും അല്ലെ അമൽ. നൈസ്.. ❤️❤️
Thanks dear
ഹഹഹഹ
അടിപൊളി ചങ്ങാതി, സംഗതി ജോറായി ട്ടാ.
കൂട്ടുകാരിയുടെ കഥയിൽ സ്വന്തം പേര് കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം അത് അടിപൊളിയാണ് 👌i❤️
മനസ്സിലങ്ങനെ നിറഞ്ഞു നിൽക്കുകയല്ലേ പ്രിയപ്പെട്ടവൾ
മനോഹരം as usual 👌👌
സ്നേഹം ഹസീന
സ്നേഹം ദിവ്യാ