(മുന്നറിയിപ്പ്: മരണത്തെ പേടിയുള്ളവർ വായിക്കരുത്)
ഇന്നിത്തിരി ജോലികൾ കൂടുതൽ ഉണ്ടായിരുന്നു. വീട്ടിൽ എത്തിയപ്പോഴേക്കും ഒരുപാട് വൈകി. വൈകുന്നത് ഇവിടെ പ്രശ്നമുള്ള കാര്യം ഒന്നും അല്ലേലും അമ്മയുടെ വക ഇടയ്ക്കിടെ ‘പെൺകുട്ടിയാണെന്ന് ഓർമ വേണം’ ക്ലാസ്സ് വരും. മിക്കവാറും ഇത്തരം ക്ലാസ്സുകളുടെ തുടക്കം, പകൽ അമ്മക്ക് സഹായത്തിനു വരുന്ന ജാൻസി ചേച്ചി കൊണ്ടു വരുന്ന വാർത്തകളുടെ ബാക്കി പത്രം ആവും.
കയറി വന്ന കോലത്തിൽ തന്നെ ഡൈനിങ് ടേബിളിൽ ഇരുന്നു. ടിവിയിൽ വാർത്ത കണ്ടുകൊണ്ടിരുന്ന അച്ഛൻ ഇടക്ക് അവിടെനിന്ന് കണ്ണൊന്നു വെട്ടിച്ചു നോക്കി. പണ്ടായിരുന്നേൽ പുറമെ നിന്നു വന്നാൽ മേലുകഴുകാതെ ഇവിടെ എവിടെയും ഇരിക്കാൻ പോലും സമ്മതിക്കില്ലായിരുന്നു. പ്രായം കൂടുമ്പോൾ ആളുകൾ മാറുമെന്ന് പറയുന്നത് ശരിയാണെന്നു തോന്നുന്നു. അല്ലെങ്കിൽ ഒരു പക്ഷെ ഇനിയും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയിട്ട് നിർത്തിയതും ആവാം.
വാർത്തയിൽ മിനിയാന്ന് നടന്ന അരുംകൊലയുടെ വിശദീകരണം നടക്കുന്നു. എങ്ങനെ കെട്ടിയിട്ടു, എവിടെ അടിച്ചു, എവിടെ മുറിച്ചു, എവിടെ കുത്തി, ചോര എവിടേക്ക് തെറിച്ചു, എങ്ങനെ ഒഴുകി, എത്ര കഷണങ്ങൾ ആക്കി, എങ്ങനെ കുഴിയെടുത്തു എങ്ങനെ കുഴിച്ചിട്ടു…
ഇരുന്നിടത്തു നിന്ന് ടിവി സ്ക്രീൻ കാണാൻ പറ്റാത്തത് കൊണ്ട് വാർത്തകൾ പറയുന്നവന്റെ മുഖഭാവം അറിയില്ലെങ്കിലും അവന്റെ ശബ്ദത്തിൽ ഉണ്ട് അവന്റെ ആത്മാർത്ഥത. ആത്മാർത്ഥത എന്നല്ല അതിനെ പറയേണ്ടത്. സിനിമാ കഥ പറയും പോലെ ആസ്വദിച്ചു പറയുകയാണ് റിപ്പോർട്ടർ.
ഇതാണോ മാധ്യമങ്ങൾ വൈകിട്ട് വീട്ടിൽ ഇരിക്കുന്നവരോട് പറയേണ്ടത്? ഈ നേരം ടിവി വെക്കുന്ന വീടുകളിൽ കുട്ടികളും മുതിർന്നവരും ലോലഹൃദയമുള്ളവരും കാണില്ലേ? പത്രമായിരുന്നു എങ്കിൽ വാർത്തകൾ, വേണ്ടവർക്ക് മാത്രം വേണ്ട സമയത്തു വായിച്ചാൽ മതിയായിരുന്നു. ഇത് അങ്ങനെ ആണോ? ആവശ്യമില്ലാത്തവരുടെ ചെവിയിൽ വരെ കൊണ്ടു വന്ന് ഒഴിക്കുകയല്ലേ.
ഈയിടെയായി ഇതിപ്പോൾ ഒരു പതിവാണ്, ഒരു മരണമോ റേപ്പ് കേസോ വന്നാൽ പിന്നേ നേരിട്ട് കാണുന്നത് പോലെ അവതരിപ്പിക്കുക എന്നതാണ് ഇവരുടെ ധർമ്മം എന്ന മട്ടാണ്. പ്രേക്ഷകർക്ക് കണ്ടും കേട്ടും അനുഭവിക്കുക എന്നതും.
കുറച്ചു നേരം കേട്ടിരുന്നപ്പോൾ, ചെവിക്ക് പുറകിൽ എവിടെയോ ആഴത്തിൽ നിന്ന് ഒരു വിറയൽ വരുന്നത് പോലെ. ദേഹം മുഴുവൻ ആ വിറയൽ ഇനി പടരും. ഇനി കൈ കാൽ വിരലുകൾ തണുക്കാൻ തുടങ്ങും. ഇത് ആദ്യമായല്ല. പേടിപ്പിക്കുന്നത്, ഇഷ്ടമല്ലാത്തത് കേൾക്കുമ്പോൾ, കാണുമ്പോൾ, മുന്നിൽ നിന്ന് ആരേലും സംസാരിക്കുമ്പോൾ ഒക്കെ ഇത് പതിവായിട്ടുണ്ട് ഈയിടെ. വല്ലാത്ത അസഹിഷ്ണുത. നേരത്തെ ഇതൊന്നും ഒരു പ്രശ്നവും അല്ലായിരുന്നു എന്ന് വീണ്ടും ഓർത്ത് മുന്നിൽ ഇരുന്ന ജഗ്ഗിൽ നിന്ന് കുറച്ച് വെള്ളം എടുത്തു കുടിച്ചു.
അപ്പോഴേക്കും ‘ഭക്ഷണം കഴിക്കുന്നില്ലേ?’ എന്ന് ചോദിച്ച് കൊണ്ട് അമ്മ വന്നു. ഇതിനിടെ അച്ഛനോട് കണ്ണുകൾ കൊണ്ട് എന്തോ ഗോഷ്ടി കാണിക്കുന്നുണ്ട്. ഭാവം വെച്ച് എന്നോട് എന്തോ ചോദിക്കാൻ വേണ്ടി ആണ്. ഞാൻ ഒരു നിമിഷം അവിടെ തന്നെ നിന്നു. ഇനി അതെന്താണാവൊ? അച്ഛൻ ശ്രദ്ധിക്കാത്തത് കണ്ടപ്പോ, അമ്മ ചോദിക്കാനുള്ള തയ്യാറെടുപ്പു നടത്തുന്നത് കണ്ടു. അമ്മയുടെ ശീലം പണ്ടേ ഇങ്ങനെ ആണല്ലോ. എന്തേലും ചോദിക്കാനായാലും പറയാൻ ആയാലും കേൾക്കാൻ ആയാലും ഒരുപാട് ചടങ്ങുകൾ ആണ്. എന്റെ സഹികെട്ടു.
“എന്താ കാര്യം? വല്ലോം ചോദിക്കാൻ ഉണ്ടേൽ ചോദിക്ക്?” എനിക്ക് ദേഷ്യം വരുന്നുണ്ട്.
“അല്ല, ഈ വാർത്തയിൽ പറയുന്ന ആള് ഫേസ്ബുക്കിൽ കുറെ പേരുടെ ഫ്രണ്ട് ആണെന്നും അങ്ങനെ ഉള്ളവരെ പോലീസ് ശ്രദ്ധിക്കുന്നു എന്നുമൊക്കെ വാർത്തയുണ്ട് എന്ന് ജാൻസി പറഞ്ഞു. നിന്റെ…?”
പോകുന്ന വഴി മനസ്സിലായി. വായിൽ എന്തെല്ലാമോ വന്നു. പക്ഷെ ഒരു വർത്തമാനത്തിനുള്ള ശക്തി എനിക്കില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ അമ്മയെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞു.
“ഇല്ല. എന്റെ ഫ്രണ്ട് അല്ല.” റൂമിലേക്ക് പോയി നേരെ ബെഡിൽ വീണു.
എനിക്ക് എന്താണ് സംഭവിക്കുന്നത്? ഞാൻ ഇങ്ങനെ അല്ലായിരുന്നല്ലോ. നിജിനുമായുള്ള ബ്രേക്കപ്പ് ആയിരിക്കുമോ ഇതിനു കാരണം? അതിപ്പോൾ മാസം ആറു കഴിഞ്ഞില്ലേ. അതോ അന്നുണ്ടായ ആഘാതം ഞാൻ കരുതുന്നതിലും ആഴത്തിൽ ആണോ? അത് കുഴിച്ചു മൂടിയതിന്റെ ആണോ ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്?
ആരോ ചങ്കിൽ പിടിച്ചത് പോലെ ഒരു ശ്വാസം മുട്ട്. ആരോടേലും സംസാരിക്കണം. പക്ഷെ എന്തു സംസാരിക്കണം എന്നറിയില്ല. പറഞ്ഞറിയിക്കാൻ പറ്റാത്ത അസ്വസ്ഥത. ഉള്ളില് ചിലപ്പോൾ കുളിരും, ചിലപ്പോൾ ചൂടും പുകയും. ആരോടേലും ഒന്ന് മിണ്ടണം. ആരോട്? നേരെ ദീപുവിന്റെ നമ്പർ എടുത്തു. വിളിക്കണോ വേണ്ടയോ എന്ന് കുറെ ഓർത്തു. വിളിച്ചിട്ട് എന്താ പറയാ? ഒരു സംസാരം തുടങ്ങാൻ എന്തേലും കാരണം ഉണ്ടോ? ഒരു നിമിഷം ഓർത്തു. ഒന്നും കിട്ടുന്നില്ല. തലയ്ക്കുള്ളിൽ എന്തൊക്കെയോ ചിന്തകൾ പരക്കം പായുന്ന പോലെ. ഒടുക്കം എന്തായാലും വിളിക്കാൻ തീരുമാനിച്ചു.
അപ്പുറത്ത് റിംഗ് ചെയ്യുന്നതിനിടെ ഒത്തിരി വട്ടം ഓർത്തു. കട്ട് ചെയ്താലോ? വേണ്ടാ മിസ്സ് കാൾ കണ്ടാൽ അവൻ തിരികെ വിളിക്കും. അവൻ ഫോണെടുത്തു. ശബ്ദം കേട്ടാൽ അറിയാം തിരക്കിലാണ്.
“ഹായ് ഡീ പറ. എന്താ സംഭവം? നീ ഇപ്പോൾ ബൈ പറഞ്ഞു പോയല്ലേ ഉള്ളൂ. വല്ലോം എടുക്കാൻ മറന്നോ? ഞങ്ങൾ എല്ലാം കൂടെ ഇവിടെ നല്ല ആഘോഷത്തിലാ നിനക്കും കൂടായിരുന്നില്ലേ? എത്ര വിളിച്ചു.”
പഴേ പോലെ കൂട്ട് കൂടാനും ബഹളം വെക്കാനും ഒക്കെ മടിയാണ്. ആഘോഷങ്ങളോടെല്ലാം ഇപ്പോൾ അലർജിയായിരിക്കുന്നു. എന്നാലും അവനോട് എന്തു പറയും?
“ഒന്നും ഇല്ലെടാ. വെറുതെ വിളിച്ചതാ. എന്നാ അവിടെ അടിച്ചുപൊളികൾ നടക്കട്ടെ. ഞാൻ ഫോൺ വെക്കട്ടെ?”
“ഹേയ് നില്ല് നില്ല്. എന്തേ പറ്റിയെ നിനക്ക്? ശബ്ദം എന്താ ഇങ്ങനെ? നീ ok അല്ലെ?” ഒരു അവന്റെ ശബ്ദം കരുതലിന്റെതായി. ഞാൻ ഒരു നിമിഷം ആലോചിച്ചു. പിന്നെ പറഞ്ഞു.
“അറിയില്ലെടാ. എനിക്ക് എന്താ പറ്റുന്നെ എന്ന്. മൊത്തത്തിൽ ഒരു സുഖമില്ലായ്മ, സന്തോഷമില്ലായ്മ. ആരോടേലും സംസാരിക്കണം എന്ന് തോന്നി. പക്ഷെ എന്താ സംസാരിക്കണ്ടേ എന്നറിയില്ല.”
“നിനക്ക് ഒന്നും ഇല്ല പെണ്ണേ. ആ ബ്രേക്കപ്പിന്റെ ഹാങ്ങോവർ ആണ്. അത് കള. ജോലി ചെയ്യുന്ന സമയത്തും ഞങ്ങളുടെ കൂടെ ചിലവഴിക്കുന്ന സമയത്തും ഈ പ്രശ്നങ്ങൾ ഇല്ലല്ലോ. നീ ഭയങ്കര സ്മാർട്ടും ആക്റ്റീവും ആണല്ലോ. വീട്ടിൽ പോയാൽ മാത്രം എന്താ ഇങ്ങനെ. ആരോടേലും മിണ്ടിയും പറഞ്ഞും ഇരിക്ക്. ഇതിപ്പോ ഇടയ്ക്കിടെ ആയല്ലോ നീ ഇങ്ങനെ പറയുന്നു. നീ ആ റൂമിൽ നിന്ന് ഇറങ്ങി അച്ഛനോടും അമ്മയോടും ഒക്കെ എന്തേലും സംസാരിച്ചുകൊണ്ട് ഇരിക്കു.
നീയേ വല്ല മെഡിറ്റേഷനോ യോഗയോ ഒക്കെ തുടങ്ങ്. അല്ലേൽ അടുത്ത ആഴ്ച ഞങ്ങൾ ഗോവക്ക് പോകുന്നുണ്ട്. നീയും വായോ. ഒരു ട്രിപ്പ് അടിച്ചാൽ മാറും ഇതൊക്കെ.”
നിർദ്ദേശങ്ങൾ കേൾക്കുമ്പോൾ തലയിലെ പെരുപ്പ് കൂടുന്നത് ഞാൻ അറിയുന്നു. ഉള്ളിൽ ദേഷ്യം വരുന്നു. അവനോട് ഒച്ചയിടാൻ തോന്നുന്നുണ്ട്. പക്ഷെ വയ്യ. ശക്തിയില്ല. ഒന്ന് മൂളി ശരിയെന്നു പറഞ്ഞു ഫോൺ വെച്ചു. ദീപു ചെറുപ്പം തൊട്ടേ ഉള്ള ബെസ്റ്റ് ഫ്രണ്ട് ആണ്. അവൻ അറിയാത്തതായി ഒന്നുമില്ല. എന്നിട്ടും അവനും മനസ്സിലാവുന്നില്ല എന്റെ അവസ്ഥ. വേറെ ആർക്ക് മനസ്സിലാവാൻ? എനിക്കാണേൽ പറയാനും അറിയുന്നില്ല.
ഫോണിലെ ബ്ലൂട്ടൂത്ത് ഓൺ ആക്കി, സ്പീക്കറിലേക്ക് കണക്ട് ചെയ്ത്, പ്ലേലിസ്റ്റ് shuffle കൊടുത്തു. ലിസ്റ്റിലെ ഓരോ പാട്ടും ഏറ്റവും ഇഷ്ടപ്പെട്ടത് എന്നു പറഞ്ഞു തിരഞ്ഞെടുത്തു വെച്ചതാണ്. പക്ഷെ ഒന്നും കേൾക്കാൻ തോന്നുന്നില്ല. പാട്ടിന്റെ തുടക്കത്തിലെ മ്യൂസിക് കേൾക്കുമ്പോൾ തന്നെ next അടിച്ചു വിടുന്നു. അവസാനം ദേഷ്യം വന്ന് പാട്ട് നിർത്തി ഫോൺ ബെഡിലേക്ക് വലിച്ചെറിയുമ്പോൾ ആണ് അമ്മ കേറി വരുന്നത്.
“നീ വന്നപ്പോൾ ഉള്ള കോലത്തിൽ തന്നെ ഇരിക്കാ? വേഷം പോലും മാറിയില്ലേ? രാവിലെ ഇട്ടതല്ലേ. ഒന്ന് മേല് കഴുകി മാറിയിട്ടു കഴിക്കാൻ വാ.”
“എനിക്ക് ഒന്നും വേണ്ടാ. വിശപ്പില്ല. ഒരു ആപ്പിൾ ഇങ്ങോട്ട് തന്നാ മതി.” ഞാൻ പറയുന്നത് കേട്ട് അമ്മ എന്തൊക്കെയോ പറഞ്ഞു. കുറെ എന്നോട്, കുറെ അച്ഛനോട്. രണ്ടാളും ഒന്നും കേൾക്കുകയും മറുപടി പറയുകയും ഉണ്ടായില്ല. രണ്ട് ആപ്പിളും ഒരു കുപ്പി വെള്ളവും റൂമിലെത്തി.
“പെൺകുട്ടികൾ ആയാൽ കുറച്ചൊക്കെ ചിട്ടയും വട്ടവും വേണം. പുസ്തകം, സിനിമ, കറക്കം, ജോലി എന്നൊന്നും പറഞ്ഞു ഓടി നടക്കുകയല്ല വേണ്ടത്. നിനക്ക് നിന്റെ ചേച്ചിയെയും അനിയത്തിയെയും കണ്ടു പഠിച്ചൂടെ? നാളെ രാവിലെ എന്റെ കൂടെ അമ്പലത്തിലേക്ക് വന്നോളോണ്ടു. നിന്റെ പേരിൽ പൂജക്ക് കൊടുത്തിട്ടുണ്ട്.”
ഒരു ആപ്പിളിന്റെ പകുതിയും രണ്ടിറുക്കു വെള്ളവും തീർന്ന നേരം കൊണ്ട്, റൂമിനു പുറത്തു ഭക്ഷണം കഴിക്കുന്ന, പാത്രങ്ങൾ എടുത്തു വെക്കുന്ന, വിളക്കുകൾ അണയുന്ന ശബ്ദങ്ങൾ കേട്ടു. എനിക്കും ഉറങ്ങണം എന്നുണ്ട്. മര്യാദക്ക് ഉറക്കം കിട്ടിയിട്ട് നാളെത്രയായി. കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ആണ് ഉറങ്ങുന്നത്. രാവിലെ എണീക്കുമ്പോൾ അതിന്റെ കൂടെ ക്ഷീണവും. ഒന്നോ രണ്ടോ ദിവസം മുഴുവൻ ഒന്ന് കിടന്ന് ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ…
മുറ്റത്തെ വെളിച്ചതിനു പുറമെ ഇപ്പോൾ ഈ മുറിയിലെ ബെഡ് ലാമ്പിന്റെ വെളിച്ചമേ ആ വീട്ടിൽ ഉള്ളൂ. ഉറങ്ങാൻ ശ്രമിച്ചിട്ടു നടക്കുന്നില്ല. കുളിക്കണോ? വയ്യ, മടി. വേണേൽ വസ്ത്രം മാറിയേക്കാം. വസ്ത്രം മാറി വന്നിട്ടും ഉറങ്ങാൻ പറ്റുന്നില്ല. കാൽ പാദങ്ങൾ തമ്മിൽ ഉരച്ചു കൊണ്ടേ ഇരുന്നു. ഉറക്കം വരുന്നില്ല.
എന്തേലും വായിക്കാം. കൈ നീട്ടിയപ്പോൾ കിട്ടിയത് മരണങ്ങളുടെ ഒരു പുസ്തകമാണ്. എന്തേലും. ആവട്ടെ, എല്ലാം ഒരിക്കൽ വായിച്ചവയാണല്ലോ. വായിച്ചു ഉറങ്ങാൻ പറ്റുമോ എന്ന് നോക്കാം. ആദ്യത്തെ വായന പോലെ അല്ല. ഇത്തവണ ഈ പുസ്തകം വായിക്കും തോറും മരണത്തിനോടുള്ള ആർത്തി കൂടുന്നു.
മരണത്തെ പറ്റി ഓർക്കുമ്പോൾ, അവിടെയാണ് ഞാൻ തേടുന്ന ആശ്വാസം കിട്ടാൻ പോകുന്നത് എന്ന ഒരു തോന്നൽ. അല്ലേലും ഇവിടെ എന്തുണ്ട് പ്രതീക്ഷിക്കാൻ? എനിക്കായി ആരുണ്ട്? ഇവിടെ ഉള്ളവർക്ക് ഞാൻ ഉണ്ടേലും ഇല്ലേലും എന്താണ്? ഞാൻ മരിച്ചാൽ കുറച്ച് ദിവസം വേദനിക്കും പിന്നേം ആവര് സാധാരണ ജീവിതത്തിലേക്ക് വരും. ഞാനും ഒരു ഓർമയാവും.
എവിടെ നിന്നോ വല്ലാത്ത ധൈര്യം വന്നത് പോലെ. പിന്നെ എല്ലാം എളുപ്പം ആയിരുന്നു. കട്ടിലിനടിയിലെ പെട്ടിയിൽ നിന്ന് കയറു കിട്ടി. പണ്ടെന്തോ ആവശ്യത്തിന് വാങ്ങിയത്
ഇപ്പോഴാണ് ഉപകാരമായത്. ഫാൻ ഓഫ് ആക്കി, കറക്കം നിൽക്കുന്നത് വരെ അതിലേക്ക് നോക്കി നിന്ന് കാത്തു. ബെഡിന് മുകളിൽ കസേര കയറ്റി ഇട്ടു. പിന്നേ എല്ലാം പെട്ടെന്നായിരുന്നു. കയറിട്ടു കെട്ടുന്നതും കുരുക്ക് ഉണ്ടാക്കുന്നതും, കയറി നിന്ന് കഴുത്തിൽ ഇട്ടു നോക്കുന്നതും. ഒന്നൂടെ ഓർത്തു. ഇത് തന്നെ ആണോ വേണ്ടത്? അതേ എന്നുത്തരം കിട്ടിയപ്പോൾ പിന്നേ ഒന്നും നോക്കിയില്ല.
വേദന, ശ്വാസം മുട്ട്, പെരുപ്പ്, തണുപ്പ്, പറയാനറിയാത്ത എന്തൊക്കെയോ അനുഭവങ്ങൾക്ക് ശേഷം ഞാൻ കണ്ണ് തുറന്നപ്പോൾ ഞാൻ ബെഡിൽ കിടക്കുകയാണ്.
മുകളിൽ ഫാനിൽ എന്റെ ശരീരം അപ്പോഴും തൂങ്ങി നിൽപ്പുണ്ട്. അപ്പോൾ ഞാൻ? ഞാൻ മരിച്ചോ? ഇപ്പോൾ ചിന്തിക്കുന്ന ഞാനാണോ ഈ ആത്മാവ്? എനിക്ക് എന്റെ മുന്നിൽ ഉള്ളതെല്ലാം കാണാം. പക്ഷെ എന്നേ കാണാൻ വയ്യ. എണീറ്റ് ഇരിക്കുന്നതും നിൽക്കുന്നതും നടക്കുന്നത് ഞാൻ അറിയുന്നു. പക്ഷെ എനിക്ക് എന്റെ കയ്യും കാലും ശരീരവും കാണാൻ പറ്റുന്നില്ല.
കണ്ണടച്ച് ശാന്തയായി തൂങ്ങി നിൽക്കുന്ന എന്റെ ശരീരം മുന്നിൽ കണ്ടപ്പോൾ ഒരേ സമയം പേടിയും ആധിയും തോന്നി. അപ്പോൾ, ശരിക്കും ഞാൻ മരിച്ചോ? ചുറ്റും ചീവീടുകളുടെ ശബ്ദം പോലെ എന്തൊക്കെയോ മനസ്സിലാവാത്ത കുറെ ശബ്ദങ്ങൾ. ചുറ്റും ആരുമില്ലാത്തതിന്റെ പേടി. ഞാനും എന്റെ ശരീരവും മാത്രം. ഞാൻ ചുറ്റും നടന്ന് എന്നേ കണ്ടു. അപ്പോൾ ഞാൻ ഇങ്ങനെയാണ് നേരിട്ട് കാണാൻ. ഞാനിതു വരെ കണ്ടിട്ടില്ലാത്ത എന്നേ ഞാൻ സൂക്ഷ്മമായി നോക്കി. എന്റെ കണ്ണെത്തിയിട്ടില്ലാത്ത എന്റെ ശരീരം. സ്ഥിരം കാണുന്നതിൽ നിന്ന് വ്യത്യസ്തമായ കോണിലൂടെ ഉള്ള കാഴ്ച.
കുറച്ചു സമയത്തിന് ശേഷം ഞാൻ തറയിൽ വന്നിരുന്നു. കണ്ണപ്പോഴും എന്റെ ശരീരത്തിൽ തന്നേ ആയിരുന്നു. വീണ്ടും ആലോചനകളിലേക്ക് ഊർന്നു വീണു. ഇതാണ് അപ്പോൾ മരിച്ചാലുള്ള അവസ്ഥ. എനിക്ക് അവസാനിപ്പിക്കേണ്ടത് ഈ ചിന്തകളെ ആയിരുന്നു. എന്നിട്ടിപ്പോ എന്താണ് അവസാനിച്ചത്?
ഇനി എന്തു ചെയ്യും? എങ്ങോട്ട് പോകും? ക്ലോക്കിലേക്ക് നോക്കി. മണി മൂന്നായതേ ഉള്ളൂ. ഇനിയും മൂന്നാലു മണിക്കൂറു കഴിയണം ആരേലും ഈ മുറിയിലേക്ക് കടന്നു വരാനോ ഞാൻ മരിച്ചത് അറിയാനോ. എന്റെ ദേഹത്തോടൊപ്പം ആ മുറിയിൽ അതുവരെ ഇരിക്കാൻ എനിക്ക് പേടിയായി. പുറത്തേക്ക് പോയാലോ? അയ്യോ അത് അതിനേക്കാൾ പേടി. വെറും നിലത്തു ചുമരിൽ ഇരുന്നു. പിന്നേ എപ്പോഴോ ചെരിഞ്ഞു വീണ് ഉറങ്ങി പോയി.
ഉറക്കം എഴുന്നേറ്റപ്പോഴെക്ക് നേരം ഒത്തിരി ആയിരുന്നു. ജനലിലൂടെ പുറത്തേക്ക് നോക്കി. മുറ്റത്തു പന്തൽ ഉയരുന്നു. ആരൊക്കെയോ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നു. ഞാൻ ജനാലയുടെ അടുത്തെത്തി. അപ്പുറത്തെ വീട്ടിലെ ജയപാലൻ ചേട്ടനും, അകന്ന ബന്ധുവായ രമേശൻ മാമനും കൂടെയാണ് സംസാരം.
“എന്താണ് കാരണം എന്ന് ആർക്കേലും മനസ്സിലായോ?”
“ഇല്ലെന്നേ. എല്ലായിടവും നോക്കി, എഴുത്തൊന്നും എഴുതി വെച്ചിട്ടില്ല. എന്താണോ എന്തോ. അല്ലേലും അവളുടെ കറങ്ങി നടപ്പൊക്കെ കണ്ടപ്പഴേ എനിക്ക് തോന്നിയതാ ഇതത്ര ശരിയല്ല എന്ന്.”
“ഇവിടേം നാട്ടിലൊക്കെ വർത്തമാനം ഉണ്ട് കൊച്ചിന്റെ പോക്കത്ര വെടിപ്പല്ലായിരുന്നു എന്ന്. അതെങ്ങനെയാ എന്തെലും പറയാൻ ആ ഗോപാലൻ സാറ് സമ്മതിക്കുമോ? ‘എന്റെ മോളെ എനിക്കറിയാം” എന്നല്ലായിരുന്നോ പറഞ്ഞോണ്ട് നടന്നെ. ഇപ്പോൾ എന്തായി? പെൺപിള്ളേരെ നേരത്തും കാലത്തും പിടിച്ച് കെട്ടിച്ചില്ലേൽ ഇങ്ങനെ ഒക്കെയാ. വല്ലതും ഒപ്പിക്കും. പിന്നെ ഇതൊക്കെ തന്നെ.”
“എന്തായാലും ബോഡി പോസ്റ്റുമോർട്ടത്തിന് കൊണ്ടു പോയേക്കുവല്ലേ. എന്തേലും ഉണ്ടേൽ അറിയാലോ.”
അപ്പോഴാണ് ശ്രദ്ധിച്ചത്. ഫാനിൽ നിന്ന് എന്റെ ശരീരം കയർ അറുത്തു മാറ്റിയിരിക്കുന്നു. ആരായിരിക്കും അത് ചെയ്തത്? പുറത്ത് സംസാരം തുടരുന്നു.
“അല്ല, അപ്പോൾ ഇന്ന് തന്നെ ചടങ്ങ് ഉണ്ടാവുമോ?”
“ഉണ്ടാവും. അവളുടെ ചേച്ചിയും കെട്ടിയവനും എത്തിയിട്ടുണ്ട്. അനിയത്തി കോയമ്പത്തൂർ പഠിക്കുവല്ലേ. അവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഉച്ചക്ക് മുന്നേ എത്തും. സന്ധ്യക്ക് മുന്നേ ചടങ്ങുകൾ തീർക്കും. ആരോടൊക്കെയോ വിളിച്ചു പറഞ്ഞു എല്ലാം വേഗമാക്കാൻ പറഞ്ഞു ശരിയാക്കിയിട്ടുണ്ട് ദിനേശൻ.”
ഓ അപ്പോൾ എന്റെ ശരീരം തല്ലി പൊളിച്ചു കീറി മുറിച്ചു കുത്തിക്കെട്ടാൻ കൊണ്ടോയേക്കാണ്. ആ തല തുറന്നു നോക്കിയാൽ അറിയാൻ പറ്റുമോ എന്റെ ചിന്തകൾ എന്തേ ഇങ്ങനെ ആയെ എന്ന്? നുറുങ്ങിയ ഹൃദയം അവർക്ക് കണ്ടു പിടിക്കാൻ പറ്റിയെക്കുമോ? ആരോട് ചോദിക്കാൻ?
മുറിക്കു പുറത്തേക്ക് നടന്നു. ഹാളിൽ നിന്ന് അമ്മയുടെ മുറിയിലേക്ക് നോക്കി. അമ്മ അവിടെ കരഞ്ഞു തളർന്നു ചേച്ചിയുടെ മടിയിൽ തലവെച്ചു കിടപ്പുണ്ട്. ചേച്ചി കരയുന്നുണ്ടോ? ഓഹോ അപ്പോൾ എന്നോട് സ്നേഹമൊക്കെ ഉണ്ട്. അതോ നാട്ടുനടപ്പ് ആയത് കൊണ്ടാണോ എന്തോ? അടുക്കളയിലേക്ക് ഒന്ന് എത്തി നോക്കി. ജാൻസി ചേച്ചിയുടെ കഥാകഥനം തകർത്തു മുന്നേറുന്നു. എന്തൊക്കെയാണോ തള്ളി മറിക്കുന്നത്. ജീവനോടെ ഉള്ളപ്പോഴെ താൽപ്പര്യം ഇല്ല. പിന്നെയാ ഇപ്പോൾ അതറിയാൻ.
അച്ഛനെ നോക്കി. ഉമ്മറത്ത് ഇരിപ്പുണ്ട്. ആരൊക്കെയോ വന്ന് കൈ പിടിച്ച് എന്തൊക്കെയോ പറയുന്നു. അച്ഛൻ ഒന്നും മിണ്ടുന്നില്ല. അമ്മാവന്മാരും ഇളയച്ഛന്മാരും ഓടി നടന്നു എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഇതിനു മുന്നേ ഇങ്ങനെ എല്ലാവരും ഓടി നടക്കുന്നത് കണ്ടത് ചേച്ചിയുടെ കല്യാണത്തിനാ. ഞാൻ കല്യാണത്തിന് സമ്മതിക്കുന്നില്ല എന്ന് കണ്ടപ്പോൾ പരാതി പറഞ്ഞിരുന്നവരാ. തല്ക്കാലം ഇത്രേ പറ്റു എന്ന് അവരോട് പറയാൻ തോന്നി.
പടിക്കൽ അപ്പുറത്തെ വീട്ടിലെ ജെയിംസ് ചേട്ടന്റെ വണ്ടി വന്നു നിന്നു. അതിൽ നിന്ന് ഇറങ്ങി വരുന്നത് അനിയത്തിയാണ്. അവൾ കരഞ്ഞു കൊണ്ട് ഓടി വന്ന് അച്ഛനെ കെട്ടിപ്പിച്ചു. അപ്പോൾ എന്റെ ചങ്കും നിറഞ്ഞു വിങ്ങി. കണ്ണിൽ നിന്ന് കണ്ണീരു വീഴുന്നത് പോലെ തോന്നി. ഒന്നും കാണാൻ വയ്യല്ലോ.
അവൾ അകത്തേക്ക് പോയി. അമ്മയും ചേച്ചിയും അവളും കൂടെ കെട്ടിപ്പിടിച്ചു ഉറക്കെ കരയാൻ തുടങ്ങി. ഇത്രേം കാലത്തിനിടെ മൂന്നു പെരും കൂടെ ഒരുമിച്ച് നിന്ന് എന്നേ കുറ്റപ്പെടുത്തിയെ കണ്ടിട്ടുള്ളു. ഇത് ആദ്യായിട്ടാ.
അനിയത്തി പതിയെ വന്ന് എന്റെ മുറിയിലേക്ക് എത്തി നോക്കുന്നു. എന്നേ ഓർക്കുന്നതാവുമോ അതോ ഇനി ഇതൊക്കെ അവൾക്ക് മാത്രം എടുക്കാമല്ലോ എന്ന ചിന്തയോ? ആർക്കറിയാം. പുറത്ത് ആംബുലൻസിന്റെ ശബ്ദം. ഞാനിന്നലെ രാത്രിയിൽ ഊരിയിട്ട എന്റെ ശരീരം തിരിച്ചു വരുന്നു.
അത് കാണാനായി ആൾക്കാരുടെ തള്ളികയറ്റം. എന്നേ അറിയുന്ന ഇത്രേം പേരുണ്ടായിരുന്നോ? എന്നേ അവസാനമായി ഒരു നോക്ക് കാണാൻ ആഗ്രഹിക്കുന്നവർ? എവിടെ, തൂങ്ങി ചത്ത ശവശരീരം എങ്ങനെ ഇരിക്കും എന്നറിയാൻ വന്നത്. അല്ലാതെന്താ…
അല്ല, എന്റെ കൂട്ടുകാർ എവിടെ? നോക്കിയപ്പോൾ പറമ്പിന്റെ മൂലക്ക് ദീപുവും കൂട്ടരും. അവരുടെ മുഖത്തെ സങ്കടം സത്യമാണെന്നു മനസ്സ് പറഞ്ഞു. അവന് ഇന്നലത്തെ ഹാങ്ങോവർ ആണോ അതോ ഇന്ന് വീണ്ടും അടിച്ചോ?
എന്നേ കിടത്താനുള്ള സെറ്റപ്പ് ഒക്കെ ഒരുക്കുന്നു. എന്തൊക്കെയോ ചടങ്ങുകൾക്കുള്ള വട്ടം കൂട്ടുന്നു. ഇത്തരം ചടങ്ങുകൾക്ക് പങ്കെടുക്കുന്ന ശീലം ഇല്ലാതിരുന്നത് കാരണമായിരിക്കാം ഒന്നും മനസ്സിലാവുന്നില്ല. ഞാനൊരു ആവിശ്വാസി ആണെന്ന് ഇവന്മാർക്ക് അറിഞ്ഞു കൂടെ? ആരോടെങ്കിലും നേരത്തെ പറഞ്ഞു വെക്കണമായിരുന്നു. അല്ലേൽ എഴുതി വെക്കണമായിരുന്നു ഈ ചടങ്ങുകൾ വേണ്ടാ എന്ന്. ഇനി ഇപ്പോൾ ആ ശരീരം അടക്കുമോ അതോ കത്തിക്കുമോ?
പണ്ടേ ഇതൊന്നും കാണാൻ ഇഷ്ടമല്ല. പിന്നേ ഓരോരുത്തരുടെ ചൊല്ലി പറച്ചിലും കരച്ചിലും കേൾക്കാൻ വയ്യ. ഞാൻ മെല്ലേ അവിടെ നിന്ന് പോന്നു. പടികൾ കയറി ടെറസ്സിൽ കയറി ഇരുന്നു. ഇന്നലെ തൊട്ട് ചെവിക്കുള്ളിൽ വന്നലക്കുന്ന ശബ്ദം, കൂടി കൂടി വരുന്നു. പെട്ടന്ന് പുറകിൽ ആരോ വന്നത് പോലെ.
“അതേ… ചടങ്ങുകൾ തുടങ്ങി അല്ലെ?” ഞാൻ തിരിഞ്ഞു. ആരെയും കാണാനില്ല.
“ആരാ?”
“ഞാനും ഒരു ആത്മാവാണ്. ബന്ധുക്കൾ വരാനുള്ളത് കൊണ്ട് എന്റെ ബോഡി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കാ.”
” എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്? ”
“ഞാനേ ഒരു കാര്യം പറയാൻ വന്നതാ. നമ്മുടെ ശരീരം നശിപ്പിക്കുന്നത് വരെയേ ഉള്ളൂ കേട്ടോ ഈ ചുറ്റുമുള്ളതെല്ലാം കാണാൻ പറ്റുന്നതും കേൾക്കാൻ പറ്റുന്നതും. തന്റെ ശരീരം ഇലക്ട്രിക് സ്മശാനത്തിൽ കൊണ്ടോയി കത്തിക്കും എന്നാ കേട്ടത്.”
“അപ്പോൾ അത് കഴിഞ്ഞാൽ?”
“പിന്നേ ആത്മാക്കളുടെ ലോകം മാത്രം. അതിനു മുൻപുള്ള എല്ലാം മറക്കും. എല്ലാരേയും മറക്കും. ജീവനുള്ളവരുടെ ലോകത്തു നടക്കുന്നത് ഒന്നും പിന്നെ അറിയാൻ പറ്റില്ല. മരിച്ചവരുടെ ലോകമല്ലേ വലുത്. രൂപമില്ലാതെ ചിന്തകൾ ആയി പിന്നെ നമ്മൾ കറങ്ങി നടക്കും. ഇതൊക്കെ എനിക്ക് മുന്നേ മരിച്ച ഒരു ആത്മാവ് പറഞ്ഞു തന്നതാ കേട്ടോ. ആ ബോഡി കത്തിച്ചപ്പോൾ പിന്നെ മിണ്ടാട്ടം നിന്നു.”
“അയ്യോ എനിക്ക് ആരോടേലും മിണ്ടാൻ പറ്റുമോ പിന്നേ?”
“ഇല്ല. ശരീരം നശിച്ചാൽ പിന്നേ കേൾക്കാനും സംസാരിക്കാനും ഒന്നും പറ്റില്ല. ഞാനീ വിവരമൊന്നു പറയാൻ വന്നതാ. പോട്ടെ ട്ടോ.”
“അയ്യോ പോകല്ലേ നിൽക്കു, എനിക്ക് ഇനിയും സംശയങ്ങൾ ഉണ്ട്. എന്റെ ഈ അകാരണമായ പേടിയും ഉൽക്കണ്ഠയും? ചെവിയിൽ അലക്കുന്ന ശബ്ദവും…?”
മറുപടികൾ ഇല്ല. താഴെ നിന്ന് കരച്ചിലിന്റെ ശബ്ദം കൂടി. എന്റെ ശരീരം കത്തിക്കാൻ കൊണ്ടു പോകുന്നു. ഞാൻ നിന്നിടത്തു നിന്ന് അലറി.
“അയ്യോ കൊണ്ടു പോവല്ലേ. എനിക്ക് ഈ ലോകം വിട്ട് പോകണ്ട…” പതിയെ എന്റെ ശബ്ദം എനിക്ക് തന്നെ കേൾക്കാതെയായി. എനിക്ക് ശ്വാസം മുട്ടുന്നു. ഞാൻ കയ്യും കാലും കുടയാൻ തുടങ്ങി… കണ്ണുകൾ ഇറുക്കി അടച്ചു. ജീവൻ പോകുന്നു എന്ന തോന്നൽ എവിടെ നിന്നോ വന്നു.
പെട്ടന്ന് വലിയൊരു കൊടുങ്കാറ്റിൽ പെട്ടത് പോലെ. അടിച്ചുകയറിയ കാറ്റിൽ പെട്ടന്ന് ശ്വാസം വന്നു. ഞാൻ ചുറ്റും നോക്കി. ഇരുട്ടാണ്. കൈ കൊണ്ട് ചുറ്റും തപ്പി നോക്കി. എന്തിലോ തടഞ്ഞു. അവിടെ കൈ അമർത്തി. പെട്ടന്ന് ചുറ്റും വെളിച്ചം വന്നു. എന്റെ മുറി തന്നെ…
അപ്പോൾ ഇത് വരെ നടന്നത്? ഞാൻ സ്വപ്നം കണ്ടതായിരുന്നോ? അടുത്ത് കിടന്ന മരണത്തിന്റെ പുസ്തകം എടുത്തു വലിച്ചെറിഞ്ഞു. ഞാൻ എണീറ്റിരുന്നു കുറച്ച് വെള്ളം കുടിച്ചു. ജനലിലൂടെ തണുപ്പ് അരിച്ചു കയറുന്നു. ഞാൻ എണീറ്റ് ജനൽ അടച്ചു.
തിരികെ വന്നിരുന്നപ്പോൾ ഞാൻ ഓർത്തു. ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന വിഷാദത്തിന്റെ ഈ ആസ്വസ്ഥതയുടെ ഏതേലും ഒരു പാരമ്യത്തിൽ ഞാൻ ഇങ്ങനെ ചെയ്തേക്കുമോ? ശരിക്കും ഇങ്ങനെ ആയിരിക്കുമോ മരണം? മരണ ശേഷം ഞാൻ സ്വപ്നത്തിൽ അനുഭവിച്ച പോലെ ആവുമോ? ഈ മരണശേഷം എന്ന ചിന്ത എനിക്ക് ഇല്ലാത്തതാണല്ലോ.
ക്ലോക്കിൽ നോക്കി. സമയം അഞ്ചു മണി. തോർത്തും വസ്ത്രങ്ങളും എടുത്തു കുളിക്കാൻ പോയി. വിസ്തരിച്ചു കുളിച്ചു. തലയിൽ കുറെ നേരം വെള്ളമൊഴിച്ചു.
തിരികെ വന്ന് ഒരുങ്ങി പുറത്തേക്കിറങ്ങി. അമ്മയെ ആണ് ആദ്യം കണ്ടത്. അമ്മക്ക് സന്തോഷം.
“ഒരു മിനിറ്റ് നിൽക്ക്, ഞാൻ പായസം വാങ്ങാനുള്ള തൂക്കുപാത്രം എടുക്കട്ടെ.”
ഓ ഞാൻ അമ്പലത്തിലേക്ക് ആണെന്ന് കരുതിയിട്ടാണ്.
ഞാൻ വണ്ടിയുടെ കീ എടുത്തു പുറത്തേക്ക് ഇറങ്ങി വണ്ടി സ്റ്റാർട്ട് ആക്കി. അച്ഛൻ പുറത്തേക്ക് ഇറങ്ങി വന്നു.
“നിൽക്ക് അമ്മയും വരട്ടെ.”
“ഞാൻ അമ്പലത്തിലേക്ക് അല്ല അച്ഛാ.”
“പിന്നേ നീ എങ്ങോട്ടാ?”
“എനിക്ക് ഒരു സൈക്കോളോജിസ്റ്റിനെ കാണണം. ”
അതും കേട്ടു കൊണ്ട് ആണ് അമ്മ പുറത്തേക്ക് വന്നത്.
“ഇവൾ ഇത് എന്തൊക്കെയാ പറയുന്നേ? ആരേലും കേട്ടാൽ എന്താവും? ആ ജാൻസി അറിഞ്ഞാൽ ഈ നാട് മുഴോൻ…….”
അപ്പോഴേക്കും ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി നീങ്ങിയിരുന്നു. അമ്മ പറയുന്നത് പുറകിൽ പതിയെ മാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
എനിക്ക് മരിക്കണ്ട. മരിച്ചു ജീവിക്കണ്ട. എനിക്ക് സന്തോഷമായി ജീവിക്കണം.
31 Comments
നല്ല എഴുത്ത് ☺️👍
!
സൈക്കോളജിസ്റ്റ് പറഞ്ഞു തന്നതാണോ ഇങ്ങനെ പേടിപ്പിക്കാൻ?? നല്ലെഴുത്ത് 🥰🥰🥰
ആരും പറഞ്ഞു തന്നതല്ല. എഴുതി പോയതാ
വളരെ നല്ല എഴുത്ത് ❤️❤️
Thank you 😍
രമ്യ ഭാരതിയ്ക്ക് പാനിക് അറ്റാക്ക് വന്നിട്ടുണ്ടോ. വളരെ കൃത്യമായി ആ ലക്ഷണങ്ങൾ എഴുതിയിരിക്കുന്നു. വളരെ നന്നായിട്ടുണ്ട്. ജീവിച്ചു മതിയായി എന്ന് തോന്നിയിടത്തു നിന്നും തിരിച്ചു കയറി വന്നവർക്ക് ആത്മകഥാംശം കണ്ടെത്താൻ കഴിയുന്ന ഒരു കഥ. വളരെ നന്നായിട്ടുണ്ട് ❤️
നല്ലെഴുത്ത് 🌹🌹🌹
അത് ഞാനാണെന്ന് തോന്നുന്നു
അവസാനത്തേതായാ മതി 😍😍😍
മനോഹരമായി എഴുതി. കാണാൻ സ്വന്തമായി എടുത്ത തീരുമാനം നല്ലൊരു സന്ദേശം തരുന്നു.
Thank you 🥰
നന്നായി എഴുതി👌👌
സ്നേഹം 😍😍😍
കൊള്ളാം
🙏🏻🙏🏻
സ്നേഹം 😍😍😍
നന്ദി 😍😍😍
മനോഹരം. ഒരു മനസ്സിന്റെ ആകുലതകൾ കെട്ട് പൊട്ടിയ പട്ടം പോലെയാണ്. എഴുത്ത് അവസാനിപ്പിച്ച രീതി അതി മനോഹരമായി തന്നെ തോന്നി. ശരീരത്തിന് അസുഖം എല്ലാരും ചികിത്സിക്കും മനസ്സിനെ ചികിത്സിക്കാനാ മടിയും പേടിയും. ആരോഗ്യമുള്ള മനസ്സും അത്യാവശ്യമാണ്.
ഒത്തിരി സ്നേഹം 😍😍😍
നല്ല മെസ്സേജ്, മനോഹരമായ എഴുത്ത് 👍
അസ്സലായി 👍👍
👌👌
ഇതുപോലെ മരിച്ചു പോയതായി ഞാനും സ്വപ്നം കണ്ടിട്ടുണ്ട്. എന്റമ്മോ എന്ത് ഭീകരമായ അവസ്ഥയാണ് അതെന്നോ 😐
എഴുത്ത് നന്നായിട്ടുണ്ട്.. വായിച്ചു കഴിയാറായപ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരവും, ചെറിയ ഒരു വേദനയും.. ഒരു നിമിഷം ഞാനും ചിന്തിച്ചു, മരണം എന്റെ അടുത്ത് എത്തിയോ… ന്നു 😊👍
സ്നേഹം 😍😍😍
കൊള്ളാം 👌👌👌
വേറിട്ട ചിന്തകൾ, ഭാവന… മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ടു പോവാൻ കഴിഞ്ഞു…അഭിനന്ദനങ്ങൾ 🌹🌹🤝
സ്നേഹം 😍😍😍
ഏതു വസ്തുവിൻ്റെയും വില മനസ്സിലാകുന്നത് നഷ്ടപ്പെടുമ്പോഴാണ്.ഒരു സ്വപ്നം വേണ്ടി വന്നു, നല്ല തീരുമാനത്തിലേയ്ക്ക് നയിക്കാൻ.
Thank you 😍
മനസ്സിൽ ഭാരം നിറച്ച രചന. വിഷാദത്തിന്റെ ചുഴികൾ പലപ്പോഴും നമ്മെ ആഴത്തിൽ ആഴ്ത്തും,ശ്വാസം കിട്ടാത്ത വിധം. നല്ല തിരിച്ചറിവ്. നന്നായി എഴുതി
ഒത്തിരി സ്നേഹം 😍