”മണീ മണീ”
പണ്ടു പണ്ടെങ്ങോ ഉണ്ടായിരുന്ന ഒരു കാലത്തിലെ വിളി കേട്ടതു പോലെ തോന്നി ഞാൻ മയക്കം വിട്ടുണർന്നു. ഇളംനീല പുതപ്പിനു വെളിയിൽ അമ്മയുടെ കൈയനങ്ങുന്നു. കണ്ണുകൾ ചിമ്മിയടയുകയും തുറക്കുകയും ചെയ്യുന്നു.
ആശങ്കയോടെ പൾസ് മീറ്ററിലേക്ക് കണ്ണോടിച്ചു കൊണ്ട് അമ്മയ്ക്കടുത്തേക്കോടി.
“എന്താ അമ്മേ ” ?
“മണി വല്യമ്മ വന്നു കാണാൻ” അമ്മയുടെ നാക്ക് കുഴഞ്ഞിരുന്നെങ്കിലും മണി എന്ന പേര് വ്യക്തമായി കേട്ടു.
മഹാനഗരത്തിലെ 10-ാം നമ്പർ ആശുപത്രി മുറിയിൽ ഒരു നിമിഷത്തേക്ക് കർപ്പൂരത്തിൻ്റേം ചന്ദനത്തിൻ്റേം വാസന പടർന്നു.
ഞാൻ നിശബ്ദയായി.
അമ്മയുടെ മുഖത്ത് ഓക്സിജൻ മാസ്ക് ഉള്ളതുകൊണ്ട് ബാക്കി പറഞ്ഞതൊന്നും എനിക്കൊട്ടും മനസിലായില്ല. പക്ഷേ ആ മുഖത്തൊരു അസാധാരണ തെളിച്ചം ഞാൻ കണ്ടു. കുട്ടിക്കാലത്ത് ഞങ്ങൾ അമ്മവീട്ടിലേക്ക് പോകുമ്പോഴുണ്ടായിരുന്ന ആ തെളിച്ചം.
ദൈവമേ, അണയാൻ പോകുന്ന ദീപം ആളിക്കത്തും എന്നു പറയണതിൻ്റെ യാണോ അമ്മയുടെ ഈ ഉണർച്ച?
അകാരണമായ ഒരാശങ്ക ഒച്ചയില്ലാതെ എൻ്റെ നെഞ്ചിലേക്കൂർന്നു വീണു.
ഒരു തലവേദനയിൽ കൊണ്ടുവന്നതാണമ്മയെ. ഒന്നു ഡോക്ടറെ കാണിച്ചിട്ട് പോകാംന്നു വിചാരിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത റിസൾട്ടാണ് ഡോക്ടർ തന്നത്. ബ്രെയിൻ ട്യൂമർ. പിന്നീട് അമ്മ നടന്നിട്ടില്ല. മൂന്നുമാസമായി ഈ കട്ടിലിൽ, ഇവിടത്തെ പാലിയേറ്റീവ് കെയറിൽ.
മൂന്നുമാസം മുമ്പത്തെ എൻ്റെയമ്മയും ഇളംനീല പുതപ്പിനുള്ളിൽ മഞ്ഞ നൈറ്റിയിട്ടു കിടക്കുന്ന അമ്മയും തമ്മിലെന്തൊരു വ്യത്യാസമാണ്. വേനലവധിക്കടച്ച സ്കൂൾ പോലെ വിജനവും നിശബ്ദവുമായ ജീവിതം.
അമ്മ അവ്യക്തമായി വീണ്ടുമെന്തോ പറഞ്ഞു ചിരിക്കുന്നു. അടുത്തുള്ള ആരോടോ മിണ്ടുന്ന പോലെ തോന്നിച്ചു ആ ഭാവം.
എന്താമ്മേ എന്നു വീണ്ടും ചോദിച്ച് അമ്മയെ തടസപ്പെടുത്താൻ ഞാനാ നിമിഷം ആഗ്രഹിച്ചില്ല.
എന്തെല്ലാമോ മരുന്നുമണങ്ങൾ നിറഞ്ഞയാമുറിയിൽ എനിക്കു പിന്നേം ചന്ദനം മണത്തു. ഉരകല്ലിൽ അപ്പോൾ മാത്രം ഉരച്ചെടുത്ത ചന്ദനത്തിൻ്റെ മണവും തണുപ്പും എന്നിലേക്കരിച്ചു കയറി.
അമ്മമ്മ പറഞ്ഞു കേട്ട മണി വല്യമ്മയുടെ മണം.
അമ്മമ്മയുടെ അച്ഛൻ, എൻ്റെ വല്യ മുത്തച്ഛൻ കാശിക്ക് പോയി പന്ത്രണ്ടാം വർഷത്തിൽ മടങ്ങി വന്നത്രേ. തിരിച്ചു വരവില്ലാത്ത യാത്രയെന്ന് ചൊല്ലി പോയ ആൾ മേടച്ചൂടിൻ്റെ പാരമ്യത്തിൽ ഒരുനാൾ നടവരമ്പ് കയറിവന്നു. അമ്പലത്തിൽ ഉത്സവകാലമായിരുന്നു. നിറഞ്ഞാടി കൊണ്ടിരുന്ന ഗുളികൻ തെയ്യം ഒരൊറ്റ നിമിഷം മണി കയറിവന്ന വഴിയിലേക്കുനോക്കി നിശ്ചലനായി നിന്ന ശേഷം ആധിയും വ്യാധിയും കേട്ട് ഭക്തരുടെ തലയിൽ കൈ വെച്ചനുഗ്രഹിച്ചു.
പോയതിനേക്കാൾ ചെറുപ്പമായിരുന്നത്രെ വല്യമുത്തച്ഛൻ തിരിച്ചുവന്നപ്പോൾ. കൂടെ ഒരു പെൺകിടാവും. ഒത്ത വളർച്ചയും കുഞ്ഞുങ്ങളുടെ മുഖവുമുള്ള ആ കുട്ടിയേം കൊണ്ട് വല്യമുത്തശൻ നേരെ ചെന്നത് വല്യമുത്തശ്ശിയുടെ മുറിയിലേക്കാണ്.
ചൂടിൻ്റെ പുഴുക്കവും ഭ്രാന്തും സമാസമം വല്യ മുത്തശിയെ തളർത്തിയിരുന്നു. എളുപ്പം അക്രമാസക്തയുമാകുമായിരുന്നു.
”രാധേ നോക്കൂ ഇതാരാണെന്ന് ”
എഴുന്നേറ്റോടാതിരിക്കാനായി കട്ടിൽവരിയിൽ ചേർത്തു കെട്ടിയിരുന്ന വല്യമുത്തശിയുടെ കാലിൻ്റെ കെട്ടഴിച്ചുക്കൊണ്ട് വല്യമുത്തച്ഛൻ മന്ത്രിച്ചു.
മുറിക്കുള്ളിലേക്കു കയറാതെ വാതിൽപ്പടിയിൽ ചാരി ചെറുചിരിയോടെ വല്യമുത്തശിയെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു കൂടെ വന്ന പെൺകുട്ടി.
കണ്ണു തുറന്ന വല്യമുത്തശ്ശി അപരിചിതനെ പോലെ വല്യമുത്തച്ഛനെ നോക്കിയെങ്കിലും കട്ടിലിനടുത്തേക്കു നടന്നടുക്കുന്ന പെൺകിടാവിനെ കണ്ടപ്പോൾ ‘മണീ’ എന്നു കരഞ്ഞു.
‘അമ്മേടെ കുട്ടീ’ എന്ന് ഏങ്ങലടിച്ചു. ശുഷ്കിച്ച വിരലുകൾ ചേർത്തവളെ കെട്ടിപ്പിടിച്ചു.കവിളിലും നെറ്റിയിലും വിണ്ടുന്ന ചുണ്ടുകൾ കൊണ്ടുമ്മ വെച്ചു.
അവൾ പതുക്കെ തണുപ്പുള്ള വിരലുകൾ നീട്ടി അവരുടെ തലയിൽ തലോടി. തലയോട്ടിയിലൊട്ടി ചേർന്നിരുന്ന വെള്ളപ്പേനുകളെ നഖങ്ങൾക്കിടയിൽ അമർത്തി കൊന്നുക്കൊണ്ടിരുന്നു.
വീട്ടിലൊരാളും ആ പെൺകുട്ടി ആരാണെന്ന് വല്യ മുത്തച്ഛനോട് അന്ന് ചോദിച്ചില്ല. അദ്ദേഹം പറഞ്ഞുമില്ല.
കാരണം ആ പെൺകുട്ടിയെ കാണുന്നോരെല്ലാം പതിനാറാം വയസിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് വെള്ളം കുടിച്ചു വീർത്തു വയറു പൊട്ടി മരിച്ചുപോയ മണിയെ ഓർത്തു. രണ്ടാം ദിവസം കിണറ്റിൽ നിന്ന് വടംകെട്ടിയെടുത്തപ്പോഴും അവളുടെ തീർന്നു പോകാത്ത പുഞ്ചിരിയും, വെള്ളമിറ്റു വീഴുന്ന മുടിയിലെ ചീഞ്ഞു തുടങ്ങിയ വെള്ള മന്ദാരങ്ങളുമോർത്തു.
മണി മരിച്ചശേഷമാണ് വല്യമുത്തശി ഭ്രാന്തിൻ്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങീത്. പോകപ്പോകെ കൂടിവന്നു. ആരെയും അടുത്തേക്കടുപ്പിച്ചില്ല.മുറിയിൽ നിന്നു പുറത്തിറങ്ങാതായി. സ്വന്തം മക്കളെ പോലും അവർ മറന്നു. സദാ സമയവും മണിയുടെ ലോകത്തായി.
പിന്നെപ്പിന്നെ വല്യ മുത്തച്ഛനെ കാണുന്നത് അവർക്ക് പേടിയും വെറുപ്പുമായി. മണിയുടെ പ്രായമുള്ള പെൺകിടാങ്ങൾ മണ്ണിട്ട റോഡിലൂടെ പോകുമ്പോൾ മണീ മണീ എന്നു വിളിച്ചവർ ജനലിലെ മരയഴിയിൽ തല തല്ലിവീണു.
‘നിങ്ങളവളെ കൊന്നുകളഞ്ഞല്ലോന്ന്’ വല്യമുത്തച്ഛൻ്റെ മുഖത്തേക്ക് ചോറു കൊണ്ടുവന്ന പിഞ്ഞാണം വലിച്ചെറിഞ്ഞന്നാണ് മനസ്സ് തകർന്ന് അദ്ദേഹം കാശിക്ക് പുറപ്പെട്ടത്.
‘നിങ്ങളവളെ നോക്കണം. ഈ കാണുന്ന നിലമെല്ലാം വിറ്റിട്ടാണെങ്കിലും രാധയെ നോക്കണം. നിങ്ങളവളേം കുട്ടികളേം കൈവിടില്ല എന്ന് എനിക്കറിയാം’ എന്ന് വല്യമുത്തശ്ശിയുടെ ഏട്ടനോട് കണ്ണീരോടെ പറഞ്ഞ് അദ്ദേഹം നടവരമ്പിറങ്ങിപ്പോയി. ഇരുപ്പൂ കൊയ്യുന്ന സമയമായിരുന്നു അത്. പാടം കൊയ്തു കൊണ്ടിരുന്നവർ അരിവാളും കൈയ്യിൽ പിടിച്ച് ആ പോക്കു നോക്കി നിന്ന് കണ്ണീരണിഞ്ഞു.
ഒരു വ്യാഴവട്ടം കടന്നുപോയിരിക്കുന്നു.
മണി വന്നതോടെ വല്യമുത്തശിക്കുണ്ടായ മാറ്റം കണ്ട് എൻ്റെ അമ്മമ്മയും അമ്മാമ്മയും അന്തംവിട്ടുപോയത്രെ. ഒരു ദിവസം കൊണ്ട് വല്യമുത്തശി പഴേപോലെ വീടിനകവും പുറവും ഭരിച്ചുതുടങ്ങി. ഇലഞ്ഞിപ്പൂക്കൾ പെറുക്കി കൊണ്ടുവന്ന് അവർ വസ്ത്രങ്ങൾക്കിടയിൽ വെച്ചു. നെല്ലു പുഴുങ്ങുന്ന ആവി മുടിയിൽ കൊള്ളിച്ചു. ഉലുവയും കുരുമുളകും കറിവേപ്പിലയുമിട്ട് എണ്ണ കാച്ചി സ്വന്തം മുടിയിലും പെൺകുട്ടികളുടെ തലയിലും തേച്ചുപിടിപ്പിച്ചു. ഉമ്മറത്തെ ചാരുകസേരയിൽ വല്യ മുത്തച്ഛനിതെല്ലാം കണ്ണുനിറയെ കണ്ടു കിടന്നു.
മണി അധികം സംസാരിക്കുന്ന കൂട്ടത്തിൽ അല്ലായിരുന്നെങ്കിലും അവർ തൊടിയിലെ മരങ്ങളോടും പൂക്കളോടും പക്ഷികളോടുമെല്ലാം മിണ്ടുമായിരുന്നത്രെ. അവൾ ചെന്നിടത്തെല്ലാം ചന്ദനമണം പരന്നു. അവൾ തൊട്ടിടമെല്ലാം പൂത്തു മലർന്നു. കാണുന്നവരോടെല്ലാം പുഞ്ചിരിച്ചു. അവളുടെ ചിരി വന്നു പതിക്കുന്നവർക്ക് മനസിലൊരു കുളിർമ പരന്നു.
ഒരിക്കൽ എൻ്റെ അമ്മമ്മ കണ്ടിട്ടുണ്ട് മുറ്റത്തെ മാവിൽ പടർന്നുകയറിയ മുല്ലവള്ളിയുടെ ഏറ്റവും ഉയർന്ന തലപ്പത്തു നിന്ന് പൂ പറിക്കുന്ന മണിയെ. അന്നത് കണ്ട് പേടിച്ചുപോയിട്ടുമുണ്ട്. മണിയുടെ കാല് നിലത്തപ്പോൾ കുത്തിയിരുന്നില്ല. ആകാശത്തിൽ പറന്നു നടന്നവൾ മുല്ലപ്പൂ പറിച്ചു എന്നെൻ്റെ അമ്മമ്മ പറയുമ്പോഴൊക്കെയും അവരാ ദൃശ്യം മുന്നിൽ കാണുന്നുണ്ട് എന്നു തോന്നും.
നാടുവിട്ടു പോയ വല്യമുത്തച്ഛൻ കാശിയിലെത്തി ഗംഗയിൽ മുങ്ങി പടവുകൾ കയറി വന്നപ്പോൾ മഞ്ഞ തോർത്തുമായി കരയ്ക്കു നിൽക്കുകയായിരുന്നുവത്രെ ഈ പെൺകുട്ടി. അവളെ കണ്ടപ്പോൾ മണീ എന്നൊരു ആർത്തനാദം അദ്ദേഹത്തിൻ്റെയും തൊണ്ടയിൽ കുരുങ്ങിയുടഞ്ഞു. എത്രയോ കാതങ്ങൾ ദൂരെ മണിയെ ഓർത്തോർത്ത് മനസു കൈവിട്ടു പോയ രാധയെ ഓർത്ത് പൊട്ടിപ്പൊട്ടിക്കരഞ്ഞു.
ആവോളം കരഞ്ഞുതീർന്ന് കണ്ണും മനസുമൊന്നടങ്ങിയപ്പോൾ ആ പെൺകുട്ടി പറഞ്ഞു.
“ഇങ്ങനെ കാണണംമെന്നാണ് അച്ഛാ നിയോഗം ” എന്ന്.
മണിയുടെ കഴുത്തിലെ കറുത്ത ചരടിൽ കോർത്ത് സ്വർണം കെട്ടിയ രുദ്രാക്ഷം പോലും അവളുടെ കഴുത്തിൽ ഉണ്ടായിരുന്നു. മണിയുടെ ഇത്തിരിയിടിഞ്ഞ ഇടംകണ്ണ് പോലും അവൾക്കുണ്ട്. പിന്നീടങ്ങോട്ട് എല്ലാ ദേശത്തേക്കുമുള്ള യാത്രയിലും അവൾ വല്യമുത്തച്ഛനെ കൂടെയുണ്ടായിരുന്നു.
പലകാലങ്ങൾ പലദേശങ്ങൾ
അവർക്കിരുവർക്കും പിന്നീടൊരിക്കലും പ്രായമായില്ല. അങ്ങനെയിരിക്കെ മണി കർണികയുടെ പടവിൽ ഇരിക്കുമ്പോൾ അവൾ ചോദിച്ചത്രേ രാധയെ കാണണംന്ന് തോന്നുന്നില്ലേ എന്ന്.
ആത്മപിണ്ഡം വെച്ച കഥ വല്യമുത്തശൻ പറഞ്ഞപ്പോൾ മണി മെല്ലെ പുഞ്ചിരിച്ചത്രെ.
കർമ്മങ്ങൾ ബാക്കി കിടക്കുമ്പോൾ മനശാന്തിയിലേക്കുള്ള വഴി പരലോകത്തു പോലുമില്ല അച്ഛാ എന്നവൾ പതുക്കെ മൊഴിഞ്ഞു.
അങ്ങനെയാണ് വല്യമുത്തശൻ തിരിച്ച് വീടണഞ്ഞത്.
ഒരു പൗർണമിരാവിൽ വല്യമുത്തശ്ശി ഉണർന്നു നോക്കിയപ്പോൾ കട്ടിലിനു താഴെ വിരിപ്പിൽ കിടന്നുറങ്ങുന്ന മണിക്കു ചുറ്റും നക്ഷത്രങ്ങൾ കാവലിരിക്കുന്നത് കണ്ട് മോഹാലസ്യപ്പെട്ടു.
വീടിനകവും പുറവും മണിയെ ഒരേ സമയം ആരാധിക്കുകയും കൊഞ്ചിക്കുകയും പേടിക്കുകയും ചെയ്തു.
ഒരിക്കൽ ഒരു സംഭവമുണ്ടായി. വീട്ടിൽ പണിക്ക് വരുന്ന രാമേട്ടൻ്റെ മകൾ രമ കുളത്തിൽ വീണു. ഉച്ചകഴിഞ്ഞ് വെയിൽ മങ്ങിയ സമയത്ത് കുളിച്ചുനനയ്ക്കായി കുളത്തിലെത്തിയ രമ കാൽ വഴുതി വീണതാണ്. കേട്ടവർ കേട്ടവർ കുളത്തിൻ്റെ കരയിലേക്കോടി. ചെളിയടിഞ്ഞു കൂടിയ ആഴമുള്ള കുളമാണെന്നവർ മനസിലവർ പിറുപിറുത്തു.
അപ്പോൾ വല്യമുത്തശ്ശിയുടെ അടുത്ത് ഊണിന് ശേഷം കിടക്കയിൽ കിടന്ന് മയങ്ങുകയായിരുന്ന മണി ചാടിയെഴുന്നേറ്റോടിയത്രെ. ചെന്ന വഴി കുളത്തിൽ ചാടി രമയുടെ മുടിക്ക് കുത്തിപ്പിടിച്ചെടുത്ത് നീന്തി കരയ്ക്ക് കയറ്റി. രമയെ രക്ഷിക്കാനിറങ്ങിയ ദേശത്തെ രണ്ടു ചെറുപ്പക്കാർക്ക് കുളത്തിനടിയിൽ രമയെ കണ്ടെത്താൻ പോലും കഴിഞ്ഞിരുന്നില്ല.
ഉറക്കമുണർന്ന വല്യമുത്തശ്ശി തലമുടി വാരികെട്ടി ചുറ്റി വരാന്തയിലേക്ക് ഇറങ്ങിയപ്പോൾ നനഞ്ഞൊലിച്ചു വരുന്ന മണിയെയാണ് കണ്ടത്. വല്യമുത്തശി അന്ധാളിച്ചു നിന്നു. പടി കടന്നു വന്ന പണിക്കാരാണ് സംഭവം പറഞ്ഞത്.
എല്ലാരും നിന്നപടി അതേപോലെ നിന്നപ്പോൾ വല്യ മുത്തശൻ മാത്രം പതിവുപോലെ മന്ദഹസിച്ചു.
ആദ്യം മരിച്ചത് വല്യമുത്തശ്ശനാണ്. അന്നവർ കരഞ്ഞു. അതിനു ശേഷമവർ ഭക്ഷണം കഴിച്ചില്ല. വെള്ളം മാത്രം കുടിച്ചു ജീവിച്ചു.
പിന്നെയും രണ്ടുവർഷം കഴിഞ്ഞാണ് വല്യമുത്തശ്ശി പോയത്. അമ്മേയെന്ന് വിളിച്ചവർ ആ പാദങ്ങളിൽ വീണു നമസ്കരിച്ചു.
സഞ്ചയനം കഴിഞ്ഞശേഷം അവരെ ആരും കണ്ടില്ല. മണി എപ്പോഴാണ് ആ വീടുവിട്ടിറങ്ങിയതെന്ന് വീടും നാടും അറിഞ്ഞില്ല.
പക്ഷേ അവർ പോയതോടെ സ്വന്തം വീട്ടിലൊരാൾ പോയ വേദന ഓരോരുത്തർക്കുമുണ്ടായി. എന്നിട്ടും അവരെ അന്വേഷിച്ചുപോകണമെന്ന് ആർക്കും തോന്നിയതുമില്ല.
മണി പതിവായി പൂ പറിച്ചിരുന്ന വെള്ള മന്ദാരം ആ വേനലിന് വേരടക്കം ഉണങ്ങി മറിഞ്ഞു വീണു.
പോകപ്പോകെ മണിയെ എല്ലാരും മറന്നു. പുതിയ തലമുറകൾക്ക് മണിയൊരു കെട്ടുകഥയായി.
എൻ്റെ മുത്തശ്ശിയുടെ അവസാന നാളുകളിലാണ് പിന്നെ മണിയെപ്പറ്റി സംസാരം ഉണ്ടാകുന്നത്. ക്യാൻസർ വേദനയിൽ മയക്കത്തിലായിരുന്നു മുത്തശി ഏറെ സമയവും. അല്ലാത്ത സമയമൊക്കെ കാച്ചിയ എണ്ണയുടെ മണവും നനവുമുണ്ടായിരുന്ന തലമുടി ഒരെണ്ണമില്ലാതെ കൊഴിഞ്ഞുപോയത് മണിക്കൂറുകളോളം കണ്ണാടിയിൽ നോക്കിയിരിക്കും.
മുത്തശിയെ പരിചരിക്കാനായി ലീവെടുത്ത് വീട്ടിൽ നിൽക്കുകയായിരുന്നു എൻ്റെ അമ്മ. മയക്കത്തിൽ മുത്തശ്ശി നിർത്താതെ ചിരിക്കുന്നതു കേട്ടാണ് ഒരുദിവസം അമ്മ വന്നെത്തി നോക്കിയത്. മുത്തശി കട്ടിലിലിരുന്ന് ആരോടോ വർത്തമാനം പറഞ്ഞു ചിരിക്കുന്നു.
“അമ്മേ, അമ്മേ….” മുത്തശിയെ അമ്മ കുലുക്കി വിളിച്ചു.
” എന്താ ശാരദേ ഇത്? ഒരാളോട് വർത്താനം പറഞ്ഞിരിക്കുന്നതിനിടയ്ക്ക് കയറി വരരുതെന്ന് നിന്നോടെത്ര തവണ പറഞ്ഞിരിക്കുന്നു” മുത്തശ്ശി ചൂടായി.
“അമ്മ ആരോടാ സംസാരിക്കണേ?”
”മണിയോട്. നിനക്കാണോ എനിക്കാണോ അസുഖം?” മുത്തശി അമ്മയെ പരിഹസിച്ചു.
മണി പിന്നേയും വന്നു കൊണ്ടിരുന്നു. മണി വരുമ്പോഴൊക്കെ മുത്തശ്ശി ഓരോരോ വേദനകളും പരിഭവങ്ങളും പറയും.
“ആ പെരുവിരലിൽ വല്ലാത്ത കടച്ചിലാണ് മണ്യേ” എന്നവർ പറയുക മാത്രമല്ല അവിടെ ആരോ തടവുമ്പോഴുള്ള സുഖം മുത്തശിയുടെ മുഖത്ത് പ്രകടമാവുകയും ചെയ്യും.
അമ്മാവനും അമ്മയും അമ്മായിയും മുഖത്തോട് മുഖം നോക്കിനിൽക്കും.
”അമ്മയ്ക്കും നൊസായോ എൻ്റെ ഭഗവാനേന്ന് ” അമ്മായി വേവലാതിപ്പെട്ടു.
” നമുക്ക് ഒരു ഡോക്ടറെ കണ്ടാലോ അമ്മേ “ന്ന് തഞ്ചത്തിൽ എൻ്റെ അമ്മ മുത്തശിയോട് ചോദിച്ചു നോക്കി.
“എന്തിന്” എന്ന് തൻ്റെ തൂങ്ങിയാടിയ കൈയിലെ മാംസത്തിൽ പതിയെ തലോടി മുത്തശി നെറ്റിച്ചുളിച്ചു.
”അമ്മയിങ്ങനെ സ്വയം ചിരിയും വർത്തമാനവുമൊക്കെ തുടങ്ങിയാൽ പിന്നെ എങ്ങനെയാണ്… ”എൻ്റെയമ്മയ്ക്ക് തൊണ്ടയിടറി.
“നീ നിൻറെ കുട്ടികളുടെ കാര്യം നോക്കൂ ശാരദേ. ഞാനെൻ്റെ കൂടപ്പിറപ്പിനോട് മിണ്ടുന്നതിൽ നിനക്കെന്താ. ഇതാപ്പോ നന്നായേ.. നീയിത് കേട്ടോ മണ്യേ” മുത്തശി ഇടതുഭാഗത്തേക്കു തിരിഞ്ഞു ചോദിച്ചു.
മറ്റാർക്കും കാണാനാവാത്ത ഒരംഗമായി മണി ആ വീട്ടിൽ ഞങ്ങൾക്കൊപ്പം പാർത്തു.
ആ കർക്കിടകത്തിൽ മുത്തശി മരിച്ചു. ശാന്തമായി, സമാധാനമായി.
വീണ്ടും മണി ഞങ്ങളുടെ വീട്ടിൽ നിന്ന് അപ്രത്യക്ഷയായി.
പിന്നെ ഇന്നാണ് ആ പേര് കേൾക്കുന്നത്.
“മണി വല്യമ്മേ എനിക്ക് വേണ്ടത് ആ തുഞ്ചത്തെ പൂക്കുലകളാണ്.അത് പറിച്ചു തരൂ” അമ്മ പറയുകയാണ്.
കുട്ടിക്കാലത്തെന്നപോലെ അമ്മ കൈകളൊക്കെ ള്ളക്കി സംസാരിക്കുന്നു.
അപ്രതീക്ഷിതമായി അമ്മ മെല്ലെ കണ്ണുതുറന്നു.
“നീ കണ്ടില്ലേ മണി വല്യമ്മ വന്നിരിക്കണത്? ഇന്ന് നമ്മൾടെ കൂടെയാ ഊണ്. ഞങ്ങൾ അടുക്കളയിൽ കയറുകയാണ്. ജോലിക്കൂടുതൽ ഇല്ലെങ്കിൽ നീയും വരൂ കുട്ടീ”
അമ്മയുടെ കണ്ണുകൾ വീണ്ടും അടഞ്ഞു.
ഇൻ്റർകോമിൽ നഴ്സിങ് സ്റ്റേഷനിലേക്കു വിളിക്കണമെന്നു കരുതി റിസീവർ കൈയ്യിലെടുത്തെങ്കിലും വേണ്ടെന്ന് തോന്നി.
അമ്മയുടെ അവസാന നാളുകൾ, ചിലപ്പോളിതാവാം അവസാന നിമിഷങ്ങൾ.
ജീവിതകാലം മുഴുവൻ സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിച്ചവളാണ്.
അന്ത്യവും അങ്ങനെ തന്നെയാവട്ടെ.
സന്തോഷത്തോടെ, ചിരിയോടെ എൻ്റെ അമ്മ ഈ ജീവിതം വിട്ടുപൊയ്ക്കോട്ടെ.
എൻ്റെ കണ്ണിനു മുൻപിൽ മുല്ലവള്ളിയുടെ ഏറ്റവും തലപ്പത്തെ പൂ പറിക്കാൻ മണി വലിയമ്മ ആകാശത്തിലുയർന്ന് നിന്നു.
ആ മുറിയിൽ വീണ്ടും ചന്ദനമണം നിറഞ്ഞു.
11 Comments
Valare nannayittunduu ❤️🥰❤️
Thank you
മനോഹരം.. സ്നേഹത്തിന്റെ ചന്ദനഗന്ധം.. നന്നായി എഴുതി.
ഒരുപാടിഷ്ടായി. എഴുത്തും കഥയും മനോഹരം🥰👌👏
അസ്സലായിട്ടുണ്ട് 👌👌👌
ബ്യൂട്ടിഫുൾ 👌👌👌
എന്തൊരു എഴുത്താ 🥰
നല്ല കഥ
Thank you
Beautiful story😍
Thank you