ഹരിയേട്ടന്റെ ബർത്ത് ഡേ ആണ് അടുത്ത ആഴ്ച. എന്റെ വകയായിട്ട് എന്തെങ്കിലും സമ്മാനം പതിവായി കൊടുക്കാറുണ്ട്. ഈ തവണ ഒരു ഷർട്ട് വാങ്ങാം എന്നു കരുതിയാണ് ഷോപ്പിംഗ് കോംപ്ലക്സിലെ റെഡിമെയിഡ് ഭാഗത്തേക്ക് പോയത്.
ഹാങ്ങ്റിൽ തൂക്കിട്ട ഷർട്ടുകൾ ഓരോന്നായി നോക്കുന്നതിനിടയിലാണ് ആ സ്കൈബ്ലൂ ഷർട്ട് കൈയിൽ കിട്ടിയത്. പിന്നെ ഒന്നും നോക്കിയില്ല. ഹരിയേട്ടന്റെ ഫേവറിറ്റ് കളർ. എടുത്തു. ബില്ല് പേ ചെയ്തു താഴേക്കു ഇറങ്ങി.
രണ്ടു പാക്കറ്റ് പാലും കൂടി എടുക്കാമെന്ന് കരുതി. ഡയറി സെക്ഷിനിലേക്ക് പോയി. കുനിഞ്ഞു പാലു എടുത്തു നിവരുമ്പോൾ തൊട്ടടുത്തു കണ്ട ആ മുഖം നല്ല പരിചയം. ഒന്നു കൂടി നോക്കിയപ്പോഴാണ് അതു ഇന്ദിരയാണെന്ന് മനസ്സിലായത്. ഞാൻ പേര് വിളിച്ചു കൊണ്ടു അടുത്തേക്കു ചെന്നപ്പോൾ അവൾ അത്ഭുതത്തോടെ നോക്കി. പിന്നെ ആ അത്ഭുതം ഒരു ചിരിയായി മാറിയപ്പോൾ ഞങ്ങൾ സ്നേഹത്തോടെ ചേർത്തു പിടിച്ചു.
ഞങ്ങൾ എട്ടാം ക്ലാസ്സു മുതൽ ഡിഗ്രിക്ലാസ്സ് വരെ ഒന്നിച്ചു പഠിച്ചവരാണ്. തമ്മിൽ കണ്ടിട്ടും ഇപ്പോൾ വർഷങ്ങൾ കുറെയായി. വിശേഷങ്ങൾ ഒരു പാടു ഞാൻ പറഞ്ഞു. ഹരിയേട്ടൻ ഡിഫെൻസിലെ ജോലിക്ക് ശേഷം നാട്ടിലെത്തി ബാങ്കിൽ ജോയിൻ ചെയ്തത്, മോൻ ബിടെക് കഴിഞ്ഞു ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ ജോലിക്ക് ചേർന്നത്. ഞാൻ ഒരു കേറ്ററിങ് ബിസിനസ് തുടങ്ങിയത്.
പക്ഷേ ഇന്ദിര സംസാരിച്ചത് വളരെ കുറച്ചു മാത്രം. മോളു വിവാഹത്തിന് ശേഷം കാനഡയിൽ ആണ്. വീട്ടിൽ അവളും ഭർത്താവും മാത്രം. അവൾ പോവാൻ തിരക്കു കൂട്ടിയപ്പോൾ ഞാൻ ഫോൺ നമ്പർ ചോദിച്ചുവാങ്ങി പണ്ടു കലപില പറഞ്ഞുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ഇവൾ. ഇപ്പോൾ ആകെ
മാറിപോയിരിക്കുന്നു.
വീട്ടിലെത്തി തിരക്കുകളിൽ മുങ്ങിയപ്പോൾ ഞാൻ ഇന്ദിരയെ കണ്ടതൊക്കെ മറന്നു. പിന്നെ ഒരു ഒഴിവുനേരത്തു ഫോണിൽ ആ നമ്പർ കണ്ടപ്പോൾ ആണ് ഒന്നു വിളിക്കാമെന്ന് കരുതിയത്.
റിംഗ് ചെയ്തപ്പോൾ അവളുടെ ഭർത്താവായിരുന്നു എടുത്തത്. ഇന്ദിരയെ കുറിച്ചു ചോദിച്ചപ്പോൾ നുറായിരം സംശയങ്ങൾ. “ഈ നമ്പർ എവിടുന്നുകിട്ടി, ഇന്ദിരയെ എങ്ങിനെ അറിയാം, ഇപ്പോൾ എന്തിനാണ് വിളിച്ചത്,”
ഉത്തരമൊക്കെ പറഞ്ഞു ഫോൺ വയ്ക്കുമ്പോൾ “അവൾ അടുക്കളയിൽ തിരക്കിലാണെന്നു തോന്നുന്നു. നിങ്ങൾ പിന്നെ വിളിക്കു”, അദ്ദേഹത്തിന്റെ നീരസം നിറഞ്ഞ വാക്കുകൾ.
പിന്നെയും ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്റെ ഫോണിൽ
ഇന്ദിരയുടെ ഒരു കാൾ വന്നു. “നീ വിളിച്ചിരുന്നു അല്ലേ? ഞാൻ ഫോൺ
അങ്ങിനെ നോക്കാറില്ല. അതുകൊണ്ട് കണ്ടിരുന്നില്ല. കേട്ടോ ”
അവൾ അതു പറഞ്ഞപ്പോൾ അവളോട് ഭർത്താവ് ഒന്നും പറഞ്ഞിരുന്നില്ല എന്നു എനിക്കു മനസ്സിലായി. കുറച്ചു നേരം സംസാരിച്ചതിന്റെ ശേഷമാണ് SSLC ബാച്ച് ഒരു ഗെറ്റ് ടു ഗെദർ ഏപ്രിലിൽ പ്ലാൻ ചെയ്യുന്ന കാര്യം അവളോട് പറഞ്ഞതു.
“വേണ്ടേ പ്രിയേ അതൊന്നും മധുവേട്ടന് ഇഷ്ടമാവില്ല.”
ഞാൻ ഒന്നുകൂടി നിർബന്ധിച്ചപ്പോൾ അവളുടെ മറുപടി മൗനമായിരുന്നു. പിന്നെ എന്നോട് പറഞ്ഞു, “നീ നാളെ വൈകുന്നേരം ഒന്നു റോസിലി പാർക്കിൽ വരൂ. നമുക്ക്
കുറച്ചു നേരം സംസാരിച്ചിരിക്കാം.”
അങ്ങിനെ അവളെ കണ്ടപ്പോഴാണ് അവൾ എന്നോട് അവളുടെ ജീവിതത്തെ കുറിച്ചു പറഞ്ഞത്.
പഠിച്ചു ഒരു ജോലി ഒക്കെ നേടി സ്വന്തം കാലിൽ നിൽക്കണം എന്നൊക്കെ ആയിരുന്നു അവൾ ആഗ്രഹിച്ചത്. പക്ഷേ ഡിഗ്രികഴിഞ്ഞ ഉടനെ വന്ന വിവാഹലോചന അച്ഛന്
ഒരു പാടു ഇഷ്ടമായി. അവളുടെആഗ്രഹത്തിന് ഒരു വിലയും കൊടുക്കാതെ അച്ഛൻ ആ
വിവാഹം നടത്തി. ഒരു വലിയ ബിസനസ്സും ഒരു പാടു സ്വത്തുക്കളും ഒക്കെ ഉള്ള അവളുടെ ഭർത്താവിന് സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷേ ചെയ്യുന്നതൊക്കെ അയാളുടെ ഇഷ്ടത്തിന് മാത്രം. ഇന്ദിരയുടെ ഇഷ്ടത്തിനോ ആഗ്രഹത്തിനോ ഒരു വിലയും നൽകാറില്ല.ഒരു തുണികടയിലോ ജ്വല്ലറിയിലേക്കോ പോയാൽ സാധനങ്ങൾ തിരഞ്ഞെടുക്കുന്നത് അവളുടെ ഭർത്താവായിരിക്കും.
ഒരു ജോലിക്കു പോവണം എന്നുള്ള ആഗ്രഹം അവൾ പല തവണ പറഞ്ഞിരുന്നു. “നിനക്കു ഇപ്പോൾ ഇവിടെ എന്തെങ്കിലും കുറവുണ്ടോ? ജോലിക്കു പോയാൽ വീട്ടിലെ കാര്യങ്ങൾ ഒക്കെ ആരു നോക്കും.” അങ്ങിനെ ചോദിച്ചു ഉത്തരം മുട്ടിക്കും ഭർത്താവ്.
അവൾക്കു കുഞ്ഞു ഇഷ്ടങ്ങൾകുറെയുണ്ടായിരുന്നു, പക്ഷേ അത് എന്തൊക്കെയാണെന്നു അന്വേഷിക്കാൻ കൂടി അദ്ദേഹം മുതിർന്നില്ല.
“നീ സ്കൂളിലും കോളേജിലും ഒക്കെ പാടാറുണ്ടായിരുന്നല്ലോ, ഇപ്പോൾ അതും നിർത്തിയോ? “. എന്റെ ചോദ്യത്തിനു ഉത്തരമായി അവളുടെ
ചുണ്ടിൽ ഒരു മങ്ങിയ പുഞ്ചിരി തെളിഞ്ഞു.
വീട്ടിൽ ജോലിക്കിടയിൽ മൂളി പോയാൽ പിന്നെ അതുമതി. “ആരെ
കേൾപ്പിക്കാനാണ് ഈ ആലാപനം “എന്നാവും കളിയാക്കൽ. ഒന്നിനും
കൊള്ളാത്തവൾ എന്നൊരു വിശേഷണവും ഇടക്ക് കിട്ടാറുണ്ട്. ഇപ്പോൾ സ്വയം ഒതുങ്ങി ഞാൻ എന്നെത്തന്നെ മറന്നുപോയിരിക്കുന്നു.
ഞാൻ അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി പിന്നെ എന്നിലേക്ക് ചേർത്തു നിർത്തി. എന്നിട്ടു പറഞ്ഞു.
“നിന്നെ ഉപദേശിക്കയാണ് എന്നൊന്നും കരുതണ്ട. എന്നാലും പറയാതിരിക്കാൻ എനിക്കാവില്ല. ഭാര്യയും ഭർത്താവും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും കഴിയേണ്ടവരാണ്. അല്ലാതെ ഒരാൾ ഉടമയും മറ്റെയാൾ അടിമയും അല്ല.
നിന്റെ ജീവിതം നിന്റേതു മാത്രമാണ്. നിന്റെ ഇഷ്ടപ്രകാരം നിനക്കു ജീവിക്കാൻ സാധിക്കണം. ഇല്ലെങ്കിൽ അടുത്ത ജന്മം നല്ലൊരു ജീവീതം കിട്ടുമായിരിക്കും എന്നു സമാധാനിക്കുന്നത് കേവലം മനസ്സിന് നൽകുന്ന ഒരു ആശ്വാസവാക്ക് മാത്രമാണ്. നിന്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും മാറ്റിവെക്കേണ്ട കാര്യമൊന്നുമില്ല. ഒരു ഭാര്യയുടെയും അമ്മയുടെയും കടമകൾ ചെയ്യുന്നതിനോടൊപ്പം സ്വന്തം ജീവിതത്തതിനും പ്രാധാന്യം കൊടുക്കണം. നമ്മൾക്ക് ഇഷ്ടപെട്ട ഒരു ഡ്രസ്സ് ഇടാനോ മനസ്സിന് സന്തോഷം തോന്നുന്ന ഒരോ കാര്യങ്ങൾ ചെയ്യാനോ ഉള്ള സ്വാതന്ത്രം നമുക്ക്എപ്പോഴും ഉണ്ടാവണം.ആ നിറഞ്ഞകണ്ണുകളിൽ ഒരു തിളക്കം ഊറി വരുന്നതുപോലെ എനിക്കു തോന്നി.
അവൾ പോയി ക്കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും എന്റെ തിരക്കുകളിലേക്ക് പോയി. ഒരു തവണ എങ്ങാനും ഞങ്ങൾ തമ്മിൽ ഒന്നു വിളിച്ചു എന്നു തോന്നുന്നു.
മാസങ്ങൾ കടന്നുപോയി. ഒരു ഒഴിവുസമയത്തുഫോൺ നോക്കിയിരിക്കുമ്പോൾ ആണ് ഞാൻ അതു കണ്ടത്. അവളുടെ പാടുന്ന ഒരു വിഡിയോ.”രാജഹംസമേ” “എന്ന ഗാനം മനോഹരമായി അവൾ പാടുന്നു. ഞാൻ ഉടൻതന്നെ അവളെ
വിളിച്ചു. അവൾ നല്ല സന്തോഷത്തിലായിരുന്നു. പണ്ടത്തെ പോലെ അവൾ പലതും സംസാരിച്ചു. അവസാനം പറഞ്ഞു. ” നാളെ ഞാൻ അങ്ങോട്ട് വരുന്നുണ്ട്. നിനക്കു ഒരു
സർപ്രൈസ് ഉണ്ട് ട്ടോ. കാണാൻ റെഡി ആയിക്കോളൂ “. അവൾ ചിരിയോടെ ഫോൺ വെക്കുമ്പോൾ ഞാൻ ആകെ കൺഫ്യൂഷനിൽ ആയിരുന്നു.
പിറ്റേന്ന് അവൾ വന്നു. കൂടെ അവളുടെ ഭർത്താവും. ചായകുടി കഴിഞ്ഞു അദ്ദേഹം ഹരിയേട്ടനോട് സംസാരിക്കുമ്പോൾ അവളോട് ഞാൻ പറഞ്ഞു.”നീ ശരിക്കും സ്മാർട്ടായി”. അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. കാരണം നീയാണ്. ഞാൻ ഇപ്പോൾ മറ്റു കാര്യങ്ങൾക്കൊപ്പം തന്നെ എന്റെ കാര്യങ്ങൾക്കും മുൻഗണന കൊടുക്കുന്നു. എനിക്കു ഇഷ്ടമുള്ള കാര്യങ്ങൾ ഒന്നും തന്നെ ഞാൻ മാറ്റിവെക്കുന്നില്ല”
പിന്നെ ബാഗിൽ നിന്നു ഒരു പാക്കറ്റ് എടുത്തു എന്റെ നേരെ നീട്ടി. തുറന്നു നോക്കിയപ്പോൾ ചന്ദനകളറിൽ ബോഡറിൽ മയിൽപ്പിലിയും മുന്താണിയിൽ ഉണ്ണികൃഷ്ണരൂപവും പെയിന്റ് ചെയ്ത ഭംഗിഉള്ള ഒരു സാരി.
“ഇഷ്ടായോ?” അവൾക്കുള്ള
മറുപടിയായി ഞാൻ സന്തോഷത്തോടെ തല ഇളക്കി.
“മുറൽപെയിന്റിംഗ് പഠിക്കണം എന്നതു പണ്ടേ എന്റെ ആഗ്രഹമായിരുന്നു.ഇപ്പോൾ രണ്ടുമാസമായി ക്ലാസ്സിൽ ചേർന്നിട്ട് ആദ്യമായി ചെയ്ത സാരിയാണിത്. എന്റെ ജീവിതത്തിനു നിറം പകർന്ന നിനക്കു അല്ലാതെ ഞാനിതു ആർക്കുസമ്മാനിക്കാൻ.”
അവൾ പറഞ്ഞു നിർത്തിയപ്പോൾ എന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു.
“പിന്നെ നിനക്കു അറിയോ അദ്ദേഹം എന്നോട് ഇപ്പോൾ പലതിനും അഭിപ്രായം ചോദിക്കാറുണ്ട്. നിനക്കു ഒരു പെയിന്റിംഗ് ക്ലാസ്സ് തുടങ്ങികൂടെ
എന്നു എന്നോട് ഒരിക്കൽ ചോദിച്ചു ”
ആ കണ്ണുകളിലെ തിളക്കം കണ്ടില്ലെന്നു നടിക്കാൻ എനിക്കു പറ്റുമായിരുന്നില്ല.
ജലജ
11 Comments
നന്നായി എഴുതി ❤️
നല്ലെഴുത്ത് 👍
👌👌👌
സൂപ്പർ,
ചില മുൻവിധികലെടുത്തു നമ്മൾ പലതും തുറന്ന് സംസാരിക്കാൻ ശ്രമിക്കില്ല..
നല്ലെഴുത്ത് 👍
ജലജേച്ചി… ❤️❤️
ഇഷ്ടമായി
❤️❤️
Thanks dear ♥️♥️
നന്നായിട്ടുണ്ട് ❤️🙏❤️
കൂട്ടുകാരിയുടെ ജീവിതത്തിനു നിറം പകരാന് സാധിച്ചല്ലോ 💜🩷👌👌👌
Thanks ദിവ്യ ❤❤