തേയ്ക്കാത്ത ചുമരില്‍ ആണിയടിച്ചു തൂക്കിയിട്ടിരിക്കുന്ന ദേവിയുടെ ചിത്രത്തിനുമുന്നില്‍ തുളസി കൈകൂപ്പി തൊഴുത് കണ്ണടച്ച് നിന്നു. അവളുടെ കണ്ണില്‍നിന്നും നീര്മുത്തുകള് പൊടിഞ്ഞുകൊണ്ടിരുന്നു. വിറയ്ക്കുന്ന ചുണ്ടുകള്‍ക്കിടയില്‍ നിന്നും വാക്കുകള്‍ ചിതറി വീണു.
“ഉരുകുന്നെന്റെ ഉള്ളം ദേവിയേ… കുറ്റബോധത്താല്‍ നീറുന്നു മനം. എന്റെ മുന്നില്‍ ആടിയ ആട്ടത്തില്‍ കണ്ണന് കതിവന്നൂര്‍ വീരനായതാണോ… അതോ.. കതിവന്നൂര്‍ വീരന് കണ്ണനായതോ…
ആരാധനകൊണ്ടെന്‍ ഉള്ളം ത്രസിക്കുന്നു. അനുരാഗം കൊണ്ടെന്റെ മനം കുളിര്‍ക്കുന്നു… ഇതിനൊരു പ്രതിവിധി നീ തന്നെ കാണണം ന്റെ ദേവിയേ…”
കണ്ണുകളടച്ച് പ്രാര്‍ഥിച്ചുകൊണ്ടിരുന്ന തുളസിയുടെ മനസ്സിലേയ്ക്ക് ഓര്‍മ്മകള്‍ മലവെള്ളപ്പാച്ചില്‍ പോലെ ഒഴുകിയെത്തി.
രണ്ടാഴ്ച മുമ്പാണ് അമ്മ തന്നോട് പറഞ്ഞത്. ‘വാസുഎട്ടന്റെ മകന് കണ്ണന് നിന്നെ കല്യാണം കഴിച്ചാ കൊള്ളാമെന്ന് അച്ഛനോട് പറഞ്ഞത്രേ.. നീ വലുതായ കാലം തൊട്ട് നിന്നെ ഇഷ്ടമാണെന്ന് പറയുന്നു. അച്ഛന് പകുതി സമ്മതമാണ്. നിന്നോട് ചോയ്ച്ചിട്ട് പറയാന്ന് പറഞ്ഞു. വല്യ കുഴപ്പൊന്നുല്ലാത്ത ചെക്കനാണ്.. ന്താ നിന്റെ അഭിപ്രായം?’
കേട്ടതും തുളസിക്ക് ദേഷ്യമാണ് വന്നത്. ‘ആര്? ആ അമ്പലവാസിയോ?’ അങ്ങനെ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല തുളസിക്ക്. അതിന് അവളെ കുറ്റം പറയാനും പറ്റില്ല. കാരണം കണ്ണന് അങ്ങനെ തന്നെയായിരുന്നു. എല്ലാ ദിവസവും കണ്ണനെ കാണണമെന്നുണ്ടെങ്കില്‍ രാവിലെയും വൈകിട്ടും അമ്പലത്തില്‍ പോയാല്‍ മതി. ‘അതാണോ നീ കണ്ട കുറവ്’ എന്ന അമ്മയുടെ ചോദ്യത്തിന് മറുപടിയായ് തുളസി പറഞ്ഞു.
“അയാളുടെ ആ കുട്ടികളുടെപ്പോലെ ഉള്ള സംസാരവും തന്നെക്കാള്‍ ഇരട്ടിപ്രായമുള്ളവരുടെ കൂടെ ആ ആലിന്‍തറയിലുള്ള ഇരിപ്പും ഒക്കെ കണ്ടാല്‍ മതി. അയാള്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലാന്നാ തോന്നണത്.
ഇത്ര കാലം മിണ്ടിട്ടും എനിക്ക് അങ്ങനെ തോന്നിയില്ലാലോ അങ്ങനെ ഒരിഷ്ടം ആ മനസ്സിലുണ്ടെന്ന്. അമ്മ വേറെ ആരെയെങ്കിലും നോക്കിക്കോ.. കുളിയും വ്രതവും മാലകെട്ടലുo നാമജപം ഒക്കെയായി നടക്കുന്ന അയാളെ എനിക്ക് വേണ്ട.”
അതിന് അമ്മ പറഞ്ഞ മറുപടി കേട്ടപ്പോ ശരിക്കും ദേഷ്യമാണ് വന്നത്.
“അതൊന്നും കണ്ണന് ഒരു കുറവായിട്ട് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. നിന്റെ കാര്യം ഇപ്പോ തീരുമാനിക്കുന്നത് ഞങ്ങളാണ്. അവന് അങ്ങനെയൊക്കെ ആണെങ്കിലും ഈ നാട്ടുകാര്‍ക്ക് മുഴുവന്‍ ഉപകാരിയാണ്. ഇന്നത്തെ കാലത്ത് അവനെപ്പോലുള്ള ചെറുപ്പക്കാരെ കാണുന്നത് തന്നെ അപൂര്‍വമാണ്. എന്തായാലും കാവിലെ ഉത്സവം തീരട്ടെ. നിന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുത്തിരിക്കും.”
എന്തൊക്കെ സംഭവിച്ചാലും ഇത് നടക്കില്ല എന്നു തീരുമാനിച്ച് താൻ തിരിഞ്ഞു നടന്നു.
പിന്നെ ആരോ പറഞ്ഞറിഞ്ഞു. ഇപ്രാവശ്യം വെറ്റിലയും അടയ്ക്കയും പണക്കിഴിയും സമ്മാനിച്ച് ആചാരപ്പേര് പറഞ്ഞ് കണ്ണന് അടയാളം കൊടുത്തത്രേ. ഇത്തവണ കതിവന്നൂര്‍ വീരന് തെയ്യം ആടുന്നത് കണ്ണനാണത്രേ.. കേട്ടപ്പോ മനസ്സിലുണ്ടായ സംശയം, ഇത്രയും സാത്വികനും ശാന്തസ്വഭാവിയുമായ കണ്ണനെങ്ങനെ കതിവന്നൂര്‍ വീരനാവും. ഓര്മവെച്ച കാലം മുതല്‍ കേള്‍ക്കുന്ന തോറ്റംപാട്ടിലെ വീരന്.
കതിവന്നൂര്‍ വീരനെപ്പറ്റി മുന്‍പ് മുത്തശ്ശി ഉണ്ടായിരുന്നപ്പോള്‍ പറഞ്ഞ വീരകഥകള്‍ ഒരു ചിത്രംപോലെ മനസ്സില്‍ ഓടിയെത്തി.
കുമാരച്ചന്റെയും ചക്കിയമ്മയുടെയും മകനായ് മാങ്ങാട്ട് ജനിച്ച മന്ദപ്പന്. പണിക്കുപോകാന്‍ പറഞ്ഞ വീട്ടുകാരോട്
‘പണിയെടുക്കാന്‍ പണി പണ്ടാട്ടി പെറ്റില്ലെന്നെ..
തൊരമെടുക്കുവാൻ തുരക്കാരന്റെ മകനുമല്ല ഞാൻ..”
എന്ന് മറുപടി കൊടുത്ത താന്തോന്നി. തന്നേക്കാള്‍ താഴ്ന്നജാതിയായിട്ടും മോഹിച്ചപെണ്ണിനെ താലികെട്ടി കൂടെ കൂട്ടിയ പുരുഷന്. കഴിക്കാനിരുന്ന ചോറിനു മുന്നില്‍ ദുശകുനങ്ങള്‍ കണ്ടപ്പോഴും പടവിളി കേട്ടിട്ട് കഴിക്കുന്നത് ഒരു വീരന് ചേര്‍ന്നതല്ലെന്ന് കരുതി പടയ്ക്ക് പോകാന്‍ തയ്യാറായ വീരന്. ഭര്‍ത്താവിനോടുള്ള സ്നേഹം കാരണം
“പടയ്ക്കിറങ്ങുമ്പോള്‍ ചോര കണ്ടാല്‍ മരണം തീര്‍ച്ച.
ആറു മുറിഞ്ഞ് അറുപത്താറ് ഖണ്ഡമാകും..
നൂറ് മറിഞ്ഞ് നൂറ്റി എട്ട് തുണ്ടമാകും
കണ്ട കൈതമേലും മുണ്ടമേലും മേനി വാരിയെറിയും കുടകൻ ”
എന്ന ശാപവാക്കുകളെറിഞ്ഞ് പിന്തിരിപ്പിക്കാന് നോക്കിയ ചെമ്മരത്തിയോട്, തളര്‍ന്ന ശബ്ദത്തില്‍ ‘നിന്റെ വാക്കും നാക്കും സത്യമായ് ഭവിക്കട്ടെ’ എന്നുപറഞ്ഞ് ഒരു കൊടുംകാറ്റുപോലെ പടി കടന്നുപോയി, കരിമ്പിന് തോട്ടത്തിലിറങ്ങിയ കരിവീരനെപ്പോലെ കുടകപ്പടയെ അരിഞ്ഞുതള്ളി മലയാളത്താന്മാരെ രക്ഷിച്ച പോരാളി. ഉരുവിട്ടുപോയ ശാപവാക്കുകളോര്‍ത്ത് നെഞ്ചുനീറി, ജയിച്ചുവരുന്ന തന്റെ ഭര്‍ത്താവിന് ഭക്ഷണമൊരുക്കി കാത്തിരിക്കുന്ന ചെമ്മരത്തിയുടെ രൂപവും മനസ്സും അന്ന് മനസ്സില്‍ പതിഞ്ഞതാണ്. ഒടുവില്‍ കുടകപ്പട ചതിച്ച് അറുപത്താറു കഷ്ണമാക്കിയ കതിവന്നൂര്‍ വീരന്റെ ചിതയില്‍ ചാടി ജീവനൊടുക്കിയ ചെമ്മരത്തി ഒരുപാട് കാലം മനസ്സില്‍ നീറ്റലായ് കിടന്നു. സത്യത്തില്‍ അന്ന് ചെമ്മരത്തിയുടെ നാവില്‍നിന്നുയര്‍ന്നത് ശാപവാക്കുകളായ് ഒരിക്കലും തനിക്ക് തോന്നിയിട്ടില്ല. ദുശകുനം കണ്ടിട്ടും പടയ്ക്ക് തയ്യാറായ ഭര്‍ത്താവിനുള്ള മുന്നറിയിപ്പായിരുന്നു അത്.
അന്ന് കാവില്‍ തെയ്യാട്ടം കാണാന്‍ പോകുമ്പോഴും കതിവന്നൂര്‍ വീരനായിരുന്നു മനസ്സില്‍. വെള്ളാട്ടം തുടങ്ങി പകുതി ആയപ്പോഴേ മനസ്സില്‍ മുഴുവന്‍ കതിവന്നൂര്‍ വീരന് നിറഞ്ഞു. ഓരോ രംഗവും കണ്മുന്പില് തെളിയുന്നപോലെ.. ചെമ്മരത്തിയുടെ ഭാഗം വരുന്ന പാട്ടിന്റെ വരി കാതിലെത്തിയതും തലയ്ക്ക് ഇടതുഭാഗത്ത് ചെവിയുടെ മുകളില്‍ ഒരു മിന്നല്‍ പോലെ. പിന്നെ എല്ലാം ഒരു സ്വപ്നം പോലെ.. മുന്നിലുള്ളത് കണ്ണന്റെ മുഖമുള്ള കതിവന്നൂര്‍ വീരന്… അല്ല! അപ്പോ തന്റെ മനസ്സിലെ വീരന് കണ്ണന് തന്നെയായിരുന്നോ? വല്ലാത്തൊരു പാരവശ്യം… കതിവന്നൂര്‍ വീരന് കണ്ണന്റെ മുഖമല്ലാതെ വേറെ ഒന്നും മനസ്സില്‍ വരുന്നില്ല. അറിയാതെ മനസ്സിലൊരു കൊതി പടര്‍ന്നു കയറി. ആ വീരന്റെ ചാരത്ത് നില്ക്കാന്… മാറി നിന്ന് ആ ദേഹം മുഴുവന്‍ ഒന്നു നോക്കി കാണാന്‍.. ഇടയ്ക്കെപ്പോഴോ ചെമ്മരത്തിയോടുള്ള ഇഷ്ടം ആ കണ്ണില്‍ മിന്നിമറഞ്ഞപ്പോള്‍ കണ്ട പ്രണയഭാവം ഒന്നൂടെ ഒന്നുകാണാന്‍… അറിയാതെ ചുണ്ടുകള്‍ക്കിടയില്‍ നിന്ന് വാക്കുകള്‍ ചിതറിവീണു. ‘കതിവന്നൂര്‍ വീരന് എന്റെ കണ്ണന്.’
കുടകപ്പടയുടെ ചതിയില്‍ കഷ്ണങ്ങളായ കതിവന്നൂര്‍ വീരന്റെ ചിതയില്‍ ചാടി ജീവനൊടുക്കുന്ന ചെമ്മരത്തിയുടെ വരികളെത്തുന്നതിനുമുന്‍പ്, താന്‍ അമ്മയുടെ ചെവിയില്‍ ‘വീട്ടില്‍ പോണം’ എന്നുപറഞ്ഞു. ‘ഒറ്റയ്ക്ക് പോകാന്‍ കഴിയുമോ’ എന്ന അമ്മയുടെ ചോദ്യത്തിന് ‘വഴി മുഴുവന്‍ വെളിച്ചവും ആള്‍ക്കാരുമുണ്ടല്ലോ ഞാന്‍ തനിയെ പൊയ്ക്കൊള്ളാം’ എന്ന് മറുപടി പറഞ്ഞ് വീട്ടിലെത്തിയതും സ്വപ്നം പോലെയാണ് തോന്നിയത്. അന്ന് കുറ്റബോധത്തോടെ കാത്തിരുന്ന ചെമ്മരത്തിയുടെ മനസ്സാണോ ഇപ്പോ തനിക്ക്.. കണ്ണനെ ഒന്നുകാണാന്‍ മനസ്സും ശരീരവും തുടിക്കുന്നു. ചിന്തകളില്‍ മുഴുകി തുളസി തുറന്ന ജനലിലൂടെ, പരന്നുകിടക്കുന്ന ഇരുട്ടിലേയ്ക്ക് നോക്കിനിന്നു.
വാതില്‍ തള്ളിത്തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍, അമ്മയാണെന്ന് കരുതി തിരിഞ്ഞു നോക്കിയ തുളസി ഞെട്ടി രണ്ടടി പിന്നോട്ട് മാറി. ഭയവും അത്ഭുതവും കൊണ്ടവളുടെ മിഴികള്‍ വിടര്‍ന്നു. വാതില്‍ തുറന്ന് വന്നത് കണ്ണനായിരുന്നു. വേഷമഴിച്ച് വെച്ച് മുഖത്തെ ചായം പൂർണ്ണമായും മാറാതെ ..
തന്റെ മനസ്സറിഞ്ഞതുപോലെ കണ്ണനിപ്പോ എങ്ങനെ ഇവിടെ വന്നു. തന്റെ കാത്തിരിപ്പിനെ കുറിച്ച് കണ്ണനെ അറിയിച്ചത് കതിവന്നൂര്‍ വീരനോ അതോ ചെമ്മരത്തിയോ.. പതുക്കെ കണ്ണുകളില്‍ നിന്നും ഭയം വിട്ടകന്നു. ആരാധനയും ഭക്തിയും കൂടെ പ്രണയവും കലര്‍ന്ന ഒരു മന്ദസ്മിതം തുളസിയുടെ ചുണ്ടില്‍ വിരിഞ്ഞു. കോലമഴിച്ചുവെച്ച്, മുഖത്തും ശരീരത്തിലും പാതി ചായങ്ങളുമായ് നില്ക്കുന്ന കണ്ണനടുത്തേയ്ക്ക് തുളസി നടന്നടുത്തു. വിറയാര്‍ന്ന കൈകള്‍ കൊണ്ടവള്‍ ചായം കലര്‍ന്ന കണ്ണന്റെ താടിയില്‍ വിരലോടിച്ചു. തുളസി ചെമ്മരത്തിയായ് മാറുകയായിരുന്നു.
‘ഇത്രയും കാലം കാത്തിരുന്നത് ഈ രൂപവും ശബ്ദവും ഒന്നുകൂടി കാണാന്‍ വേണ്ടിത്തന്നെ ആയിരുന്നു.’ കണ്ണന് ചുറ്റും ഒരു നര്‍ത്തകിയെപ്പോലെ അവള് വലംവെച്ചു.
‘വരാതിരിക്കാനാവില്ലല്ലോ, എന്നും കാണാതിരിക്കാനുമാവില്ലല്ലോ കാരണം കാലമെത്ര കഴിഞ്ഞാലും മനസ്സുമുഴുവന്‍ നീ ത്തന്നെയല്ലേ’ കണ്ണന്റെ ആ മറുപടിയില്‍ പുഞ്ചിരി പൊഴിച്ചവള്‍ പ്രണയം തിളങ്ങുന്ന അവന്റെ കണ്ണുകളിലേയ്ക്കുറ്റു നോക്കി.
‘ഞാനിപ്പോ അറിയുന്നുണ്ട് ചിന്തകളിലും കാണുന്ന കാഴ്ചകളിലും എന്നും മറഞ്ഞിരുന്ന തേജസ്സ് എന്റെ വീരന്റെ മുഖം തന്നെയായിരുന്നു. ഈ കവിളില്‍ ചുംബിക്കാന്‍ ഉള്ളം തുടിച്ചു കൊണ്ടേയിരുന്നു. ഈ വിരിമാറില്‍ തലചായ്ച്ചുറങ്ങിയിരുന്ന സ്വര്‍ഗ്ഗതുല്യമായ നിമിഷങ്ങള്‍ മറന്നിട്ടില്ലിന്നും. ഇങ്ങനെ എന്റെ മുന്നില്‍ നില്ക്കുമ്പോ ഇതുവരെ അറിയാന്‍ കഴിയാത്തൊരു അനുഭൂതി എന്റെ കാലിന്റെ പെരുവിരല്‍ മുതല്‍ ഉച്ചിവരെ അരിച്ചു കയറുന്നുണ്ട്.’
“ചെമ്മരത്തീ…”
കണ്ണന് പോലുമറിയാതെ അവനില്‍ നിന്നൊഴുകിവന്ന ആ വാക്കില്‍ പ്രണയാതുരയായ് ഒന്ന് മൂളാതിരിക്കാന്‍ തുളസിക്കായില്ല.
‘ചെന്താമര വിടര്‍ന്നു നില്ക്കുംപോലുള്ള നിന്റെയീ മുഖം ഒന്നു കൈകുമ്പിളിലെടുക്കുവാന് ഒരായിരം തവണ കൊതിച്ചിട്ടുണ്ട് ഞാന്‍.’ കണ്ണന്റെ നീട്ടിയ കൈകളിലേയ്ക്ക് ഒരു താമരവള്ളിപോലെ തുളസി വീണു. തുളസിയുടെ തലയില്‍ തഴുകിക്കൊണ്ടവന്‍ പറഞ്ഞു. ‘എള്ളെണ്ണ മണം വിതറും നിന്റെ തലമുടിക്കെട്ടിലെ പരിമളത്തിന് ഒട്ടും കുറവ് വന്നിട്ടില്ലിപ്പോഴും.’ പനിനീര്‍പ്പൂവ് പോലെ മൃദുലമായ, തുളസിയുടെ കാതിലേയ്ക്ക് ചുണ്ട് ചേര്ത്തവന് മൊഴിഞ്ഞു.
“ഇനിയൊരു കാലത്തിനും മായ്ക്കാനാവാത്തവിധം ഒന്നുചേരണം. നിന്റെ ചുണ്ടിലൂറുന്ന മധുരം കിനിയും തേന്കണo കൊണ്ട് എന്റെ ഒരുപാട് കാലത്തെ ദാഹവും ഇന്നവസാനിക്കണം.”
“കരിമഷി എഴുതിയ കണ്ണുകളും തുടുത്ത കവിളിണകളും നീണ്ട നാസികത്തുമ്പും മാനത്തെ അമ്പിളി തോറ്റുപോകുന്ന നിന്റെ മുഖം.. പെണ്ണേ.. നിനക്കിത്ര ചന്തമോ…?”
ചെറുതായ് വിയര്‍പ്പ് കിനിഞ്ഞു നില്ക്കുന്ന കണ്ണന്റെ കഴുത്ത് മുഴുവന്‍ ചുണ്ടുകളോടിച്ചുകൊണ്ട് തുളസി മെല്ലെ പറഞ്ഞു.
“ഇതെന്താണെന്ന് എനിക്കറിയില്ല… ഇഷ്ടമോ, പ്രണയമോ, ആരാധനയോ മാത്രമല്ല.. ഇനിയും എത്രപേര്‍ വാഴ്ത്തിപ്പാടിയാലും എത്രപേര്‍ അര്‍ത്ഥം ചികഞ്ഞാലും കണ്ടുപിടിക്കാനാവില്ലത്. അത് വീരനും ചെമ്മരത്തിയ്ക്കും മാത്രമറിയാവുന്ന ആത്മബന്ധം.”
തുളസിയുടെ നെറ്റിയിലമര്‍ന്ന കണ്ണന്റെ ചുണ്ട് മെല്ലെ താഴോട്ട് ഒഴുകിയിറങ്ങി. മാറിലെത്തിയപ്പോള്‍, കണ്ണന്റെ ശിരസ്സില്‍ ചേര്‍ത്തുവെച്ച അവളുടെ കൈ അറിയാതൊന്നു മുറുകി. അവളുടെ മുന്നിൽ മുട്ടുകുത്തി നിന്ന് അണിവയറില്‍ മുഖം ചേര്‍ത്തുകൊണ്ടവന്‍ പറഞ്ഞു.
“പിടിച്ചു നിര്‍ത്താനാവുന്നില്ല മനസ്സിനെ.. ഒരിക്കല്‍ ചിറക് കരിഞ്ഞുപോയ പോയ സ്വപ്നങ്ങള്‍ വീണ്ടും പറന്നുയരണം. ഒരു ശക്തിയ്ക്കും തടുക്കാനാവാത്ത വിധത്തില്‍.. ഇനിയെത്ര ജന്മമുണ്ടെങ്കിലും പിരിയുവാനാകാതെ…”
തുളസിയേയും ചേര്‍ത്തുപിടിച്ച് കണ്ണന് തറയിലേയ്ക്കമര്‍ന്നു. കണ്ണന്റെ മുകളില്‍ തുളസിയുടെ ശരീരഭാരമമര്‍ന്നു. പരസ്പരമുള്ള ശ്വാസഗതി മാത്രമല്ലാതെ അവരൊന്നും അറിയുന്നുണ്ടായിരുന്നില്ല. തൊഴുത് നില്ക്കുന്ന കൈപോലെ പരസ്പരം തിരിച്ചറിയാനാവാത്തവിധം അവരൊന്നായിത്തീര്‍ന്നു. അതൊരു സമര്‍പ്പണമായിരുന്നിരിക്കണം.. ഒരുപാട്കാലത്തെ കാത്തിരുപ്പിന് വിരാമമിട്ട് അന്യോന്യമുള്ള സമര്‍പ്പണം. പങ്കിട്ടെടുത്തത് ദേഹം മാത്രമല്ലായിരിക്കാം.. വീരനും ചെമ്മരത്തിയും ഒരുപാട് കാലമായ് കാത്തുവെച്ച ദേഹിയില്‍ തുടിക്കും പ്രണയം കൂടി ആയിരിക്കണം.
Ajeesh Kavungal