മഴ വല്ലാതെ കനത്തപ്പോൾ അയാൾ കടത്തിണ്ണയിലേക്ക് കയറിനിന്നു. ഒരു വലിയ സൂചിയും തടിച്ച നുലും അടങ്ങിയ ആ പഴയ തുണിസഞ്ചി അയാൾ ദേഹത്തോട് ചേർത്തു പിടിച്ചിരുന്നു. അവജ്ഞയോടെ അയാളെ നോക്കുന്ന മുഖങ്ങളിൽ അയാൾ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു. അയാൾ ആ നാട്ടിൽ അപരിചിതൻ ആയിരുന്നില്ല. പത്തുമുപ്പത്തിഅഞ്ചു കൊല്ലം അയാൾ ജീവിച്ച നാടാണ് അത്. എന്നിട്ടും പരിചയമുള്ള ഒരു മുഖം പോലും അയാൾക്ക് അവിടെ കാണാൻ കഴിഞ്ഞില്ല.
പെട്ടന്നാണ് റോഡ് മുറിച്ചു കടന്നു വരുന്ന ഒരു അറുപത്തി അഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന വൃദ്ധൻ അയാളുടെ കാഴ്ച്ചയിൽ പെട്ടത്. അയാളുടെ വറ്റിവരണ്ട കണ്ണുകൾ സന്തോഷം കൊണ്ടു ഒന്നു തിളങ്ങി. പിന്നെ ആ ചുണ്ടുകൾ ആ വൃദ്ധനെ നോക്കി മന്ത്രിച്ചു. “കുമാരൻ “.മഴയെ വകവെക്കാതെ അയാൾ പുറത്തേക്കു നടക്കാൻ ഒരുങ്ങി. അപ്പോഴേക്കും കുമാരൻ കടക്കുള്ളിലേക്ക് കയറുന്നുണ്ടായിരുന്നു.
“കുമാരാ “അയാൾ അടുത്തു പോയി പതുക്കെ വിളിച്ചു.
“ആരാ മനസ്സിലായില്ല “കുമാരൻ ചുളിഞ്ഞ കണ്ണുകൾ ഒന്നുകൂടി ചുളിച്ചു സൂക്ഷിച്ചു നോക്കി.
“ഇതു ഞാനാ നടേശൻ. അത് പറഞ്ഞിട്ട് അയാൾ പ്രതീക്ഷയോടെ ആ മുഖത്തേക്ക് നോക്കി. കുമാരൻ അയാളുടെ മുഖത്തേക്ക് തന്നെനോക്കിനിന്നു. എന്നിട്ട് ചോദിച്ചു,
“ഏതു മ്മടെ ദേവയാനിയുടെ?”
അയാൾ പതുക്കെ തലയാട്ടി.
” എപ്പളാ ഞ്ഞീ ജയിലിൽ നിന്നു വന്നേ? ” കുമാരൻ അതിശയത്തോടെ ചോദിച്ചു.
“അതിപ്പോ രണ്ടു മൂന്നു ആഴ്ചയായി.”, അയാളുടെ മറുപടി കേൾക്കുമ്പോഴും കുമാരന്റെ അതിശയം മാറിയിരുന്നില്ല.
“എങ്ങിനെയാ ഇപ്പൊ ജീവിതം. പണി എന്തെങ്കിലും ഉണ്ടോ?”
“ജയിലിൽ ചെരുപ്പ് തുന്നലായിരുന്നു. അതെന്നെ ഇപ്പോം പണി.”, ചേർത്തു പിടിച്ച തുണിസഞ്ചിയിലേക്ക് നോക്കികൊണ്ടായിരുന്നു ഉത്തരം.
കുമാരനു പലതും അയാളോട് ചോദിക്കാൻ ഉണ്ടായിരുന്നു. അയാളെ കണ്ടിട്ടു ഉണ്ടായ പകപ്പിൽ പക്ഷേ ഒന്നിനുമായില്ല.
“ബാ നമ്മക്ക് ഓരോ ചായ കുടിക്കാം. ഞ്ഞീ എന്തെങ്കിലും കയിച്ചിനോ?” കുമാരൻ വിളിച്ചപ്പോൾ അയാൾ മറുപടി ഒന്നും പറയാതെ പിന്നാലെ
നടന്നു.
“ഇതാരാ കുമാരേട്ടാ?”
“ഇനിക്ക്അറിഞ്ഞുടാ,ന്റെ ഒരു പയയ ചങ്ങായിയാ “ചായക്കടക്കാരന്റെ ചോദ്യത്തിനു
കുമാരൻ ഉത്തരം കൊടുത്തു.
ചുടുള്ള ചായ ഊതികുടിക്കുന്നതിനിടയിൽ കുമാരൻ ഓരോ കാര്യങ്ങൾ പറഞ്ഞു
തുടങ്ങി.
“പുരയില് ഇപ്പൊ ഞാൻ മാത്രേ ഉള്ളു. ജാനു മരിച്ചിട്ടു കൊല്ലം മുന്നായി ചെക്കൻ മംഗലം കയിച്ചേ പിന്നെ ഓളെ പുരയിലാ പൊറുതി.”
പക്ഷേ പറയുന്നതൊന്നും അയാൾ അത്ര ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അത്
മനസ്സിലാക്കിയതുപോലെ കുമാരൻ ചോദിച്ചു.
“നേരം മോന്തിയായി തുടങ്ങി.. ഞ്ഞി പോരുന്നോ ന്റെ പുരയിലേക്ക്?”
“വേണ്ട ഞാനി തിണ്ണയിൽ എങ്ങാൻ കിടന്നോളും.”
കടത്തിണ്ണ ചുണ്ടികൊണ്ട് അയാൾ പറഞ്ഞു. പക്ഷേ കുമാരൻ സമ്മതിച്ചില്ല. “അതൊന്നും വേണ്ട ബാ നടക്കു മയ കൂടുന്നെനു മുന്നേ പൂവാം.
അവർ നടക്കാൻ തുടങ്ങുമ്പോൾ തന്നെ മഴ ശക്തി പ്രാപിച്ചിരുന്നു.
“എടൊ ഒരു കുട നോക്കട്ടെ, ഞാൻ നാളെ ഇങ്ങു കൊണ്ടുത്തരാം”
കടക്കാരനോട് കുമാരൻ പറഞ്ഞു. കടക്കാരൻ കൊടുത്ത കുട കുമാരൻ അയാൾക്ക് കൊടുത്തു. അങ്ങിനെ ആ മഴയത്തു അവർ മുന്നിലും പിന്നിലുമായി കുമാരന്റെ വീട്ടിലേക്കു നടന്നു.
ഒന്നും മിണ്ടാതെ ആ ഇടവഴിയിലൂടെ നടക്കുമ്പോൾ മൗനത്തിന് വിരാമമിട്ടു
കൊണ്ടു കുമാരൻ പറഞ്ഞു.
“ഇപ്പോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നാലും ഞ്ഞീ അന്ന് അങ്ങിനെ ഒന്നും ചെയ്യണ്ടനും. ഒരു വകതിരിവ് ഇല്ലാത്ത കളി ആയിപോയി.”
അയാൾ ഉത്തരമൊന്നും പറയാതെ നടത്തതിന് വേഗത കൂട്ടി.
പണ്ടത്തെ കല്ല് ഒതുക്കിന് പകരം സിമന്റ് കോണി യാണ് കുമാരന്റെ വീട്ടിനു. ചിമ്മിനി വിളക്കിന് പകരം കറൻറ് വിളക്കും. കോലായിലേക്ക് കയറിയപ്പോൾ കുമാരൻ പറഞ്ഞു.
“ഞ്ഞീ ആ കിണറ്റുകരയിൽ പോയി കാലും മ്മിടും കയിക്കോ.”
അയാൾ കാലും മുഖവും കഴുകി വരുമ്പോൾ കുമാരൻ ഒരക ലത്തിൽ ചോറും രണ്ടു
പ്ലെയിറ്റ്കളുമായി പുറത്തേക്കു വരുന്നുണ്ടായിരുന്നു.
“ചോറു ഞാൻ ഈട വയ്ക്കും. പിന്നെ മീൻകറി കുറച്ചു ഓട്ടല്ന്നു മാങ്ങലാ ”
അയാൾ അതിന് മറുപടിയായി ഒന്നും പറഞ്ഞില്ല.
ചോറിൽ കറി ഒഴിച്ച് മീൻകഷ്ണങ്ങൾ പരതി എടുക്കുന്ന കുമാരനെ നോക്കി
അയാൾ നിശബ്ദനായിരുന്നു. പിന്നീട് പതുക്കെ അയാൾ ചോദിച്ചു.
“കുമാരാ ന്റെ മോളെ നിക്ക് ഒന്നു കാണാൻ പറ്റുവോ? അയിനാ ഞാൻ
വന്നത്.”
കുമാരൻ ചോറ് കഴിക്കുന്നത് നിർത്തി അയാളെ തന്നെ നോക്കിനിന്നു. പിന്നെ വളരെ സാവധാനം പറയാൻ തുടങ്ങി.
“അന്ന് ദേവയാനിയും ചത്തു ഇന്നെ പോലീസും കൊണ്ടോയി. പിന്നെ കുട്ടിക്ക് ആരാ ഉള്ളത്. പഞ്ചായത്ത്പ്രസിഡന്റും സുധാകരൻമാഷും ഒക്കെ കൂടി ഓളെ ഒരു അനാഥ മന്ദിരത്തിൽ ആക്കി. പിന്നെ ആട്ന്നു ഏതോ നല്ല പൈസക്കാറ് ഓളെ കൊണ്ടോയി
എന്നാ സുധാകരൻ മാഷ് പറഞ്ഞതു. കൂട്ടി എടെയെങ്കിലും സുഖായി ജീവിക്കട്ടെ. ഇനിക്ക് കയ്യോ അയിനെ പോറ്റാൻ?”
അയാളുടെ മുഖത്തു കുറച്ചു നേരം നോക്കി നിന്ന ശേഷം കുമാരൻ ഊണ് കഴിക്കാൻ തുടങ്ങി. അയാൾക്കു വിശപ്പു കെട്ട് പോയിരുന്നു. വെറുതെ ചോറിൽ കൈയിട്ടു ഇളക്കി കൊണ്ടു ദുരെക്കു നോക്കിയിരുന്നു പെട്ടന്നാണ് കുമാരൻ ഒരു രഹസ്യം പോലെ പറഞ്ഞത്.
“മ്മളെ പുത്തൻവീട്ടിലെ പാർവതിടീച്ചറെ ഓർമ്മയില്ലേ ഇനിക്ക്? ഓറെ ഇളയമോൾക്ക് മക്കളില്ല. അങ്ങു വിമാനത്തിൽ പോണ്ട ഏതോ നാട്ടിലാ പാർക്കുന്നെ.
ഓർ ആണ് ദത്തു എടുത്തത് എന്നൊരു ശ്രുതി ഇണ്ട്, എനക്കു ഒന്നും അറിയില്ലപ്പാ”. കുമാരൻ വീണ്ടും കഴിക്കാൻ തുടങ്ങി.
അത് കേട്ടപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി. അയാളുടെ മനസ്സിൽ കുഞ്ഞിന്റെ അന്നത്തെ രൂപം തെളിഞ്ഞു. മൂന്നു വയസ്സുള്ള കുഞ്ഞ്. അമ്മിണി എന്ന് വിളിക്കുമ്പോൾ ചിരിച്ചു കൊണ്ടുഓടി വരുമായിരുന്നു കുഞ്ഞുമോളു. ദേവയാനിയെ പോലെ അവൾക്കും ഉണ്ടായിരുന്നു വലതു കവിളിൽ ഒരു കാക്കപുള്ളി.
പെട്ടന്നു അയാൾ ചോറു മതിയാക്കി എഴുന്നേറ്റു. ബാക്കി ഉള്ള ചോറ് തെങ്ങിൻചുവട്ടിൽ ഇട്ടു പ്ലെയിറ്റും മുഖവും കഴുകി വരുമ്പോൾ ഒരു തീരുമാനം എടുത്തപോലെ അയാൾ
കുമാരനോട് പറഞ്ഞു.
“ന്റെ മൊളെ എനിക്ക് വേണം. ഞാൻ പോയി ചോയിക്കും ഒറോട്”
“എടൊ ഞ്ഞീ അയിനൊന്നും പോണ്ടേ. വെറുതെ ഓരോന്നു ഇണ്ടാക്കാൻ. കുട്ടി എടെയെങ്കിലും നിക്കട്ടെ. ഓ ഇവനോട് പറഞ്ഞും പോയല്ലോ ദേയിവേ. ” കുമാരൻ അതും പറഞ്ഞു പാത്രങ്ങൾ എടുത്തു കൊണ്ടു അകത്തേക്ക് പോയി.
മഴ പെയ്തു തോർന്നിരുന്നു. ഉമ്മറത്തിരുന്നു വെറുതെ ആകാശത്തേക്ക് നോക്കിയിരുന്നപ്പോഴാണ് കുമാരൻ ഒരു പായയും തലയിണയുമായി വന്നത്.
“എന്നാ ബാ കിടക്കാം. അകത്തു കട്ടില് ഇണ്ട് ആട കിടക്കാം”
“വേണ്ട ആ പായ ഇങ്ങു ഇട്ടാ മതി ”
അയാൾ പറഞ്ഞു. “മയ ഇണ്ടാവും. തണുപ്പും. അകത്തു വന്നു കിടന്നോ”
കുമാരൻ നിർബന്ധിച്ചു. പക്ഷേ അയാൾ പോയില്ല.
“എന്നാ വാതില് അടക്കുന്നില്ല. എനക്ക് ഈ തണുപ്പത്തു കിടന്നുടാ” കുമാരൻ അകത്തേക്ക് പോയി.
അയാൾ ഇത്തിരി പോലും ഉറക്കം വന്നില്ല. അയാൾ കണ്ണു തുറന്നു ആകാശത്തു നോക്കി കിടന്നു
കെട്ടിടങ്ങളുടെ വാർപ്പ് പണിക്കു സിമന്റു കുഴച്ചു കൊടുക്കലായിരുന്നു ചെറുപ്പത്തിൽ പണി. അച്ഛനെ കണ്ട ഓർമ്മയില്ല. അമ്മ വേറെ ആരെയോ കല്യാണം കഴിച്ചു പോയി. ആകെ ഉള്ള അമ്മമ്മ മരിച്ചപ്പോൾ തെരുവിലായി ജീവിതം. ഈ നാട്ടിൽ അലഞ്ഞു തിരിഞ്ഞു എത്തുമ്പോൾ പതിനാറു വയസ്സായിരുന്നു. പിന്നെ പണി ഒക്കെ പഠിച്ചു നല്ലൊരു വാർപ്പ്പണിക്കാരനായി. അങ്ങിനെ പണി സ്ഥലത്തു വച്ചാണ് ദേവയാനിയെ കണ്ടത്. കവിളത്തൊരു കാക്ക പുള്ളിയും നീണ്ടമുടിയും ഒക്കെ ഉള്ള ദേവയാനി
സുന്ദരിയായിരുന്നു. ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ അവൾക്കു ആകെ കൂടി ഉള്ള അമ്മയോട് ചോദിക്കണം എന്നാണ് അവൾ പറഞ്ഞത്.
അങ്ങിനെ അവളുടെ അമ്മയുടെ സമ്മതത്തോടെആയിരുന്നു കല്യാണം. പിന്നെ അവളുടെ വീട്ടിലായി താമസം. കല്യാണത്തിന് ശേഷം അഞ്ചു വർഷം കഴിഞ്ഞാണ്
അമ്മിണിയെ കിട്ടിയത്.
നാട്ടിൽ പുതിയതായി തുടങ്ങിയ പാലം പണിക്കു വന്ന എഞ്ചിനീയർക്കു ഒപ്പം മേസ്തിരിയായി കൂടി. നല്ലൊരു ചെറുപ്പക്കാരൻ. ആരോടും സ്നേഹമായി പെരുമാറും. ഉച്ചക്ക് കഴിക്കാൻ ഉള്ള ചോറുമായി ദേവയാനി പണി സ്ഥലത്തു വരും. കൂടെ വരുന്ന അമ്മിണിയെ ആ എഞ്ചിനീയർ കളിപ്പിക്കുന്നത് കാണുമ്പോൾ സന്തോഷമായിരുന്നു.
അവൾക്കു കളിപ്പാട്ടങ്ങളും ഉടുപ്പും അയാൾ വാങ്ങി കൊടുക്കും.കുട്ടിക്കും അയാളോട് ഇഷ്ടമായിരുന്നു.ദേവയാനി നല്ല സ്വദോടെ ഭക്ഷണം ഉണ്ടാക്കും. ചിലപ്പോൾ അവൾ ഉണ്ടാക്കുന്ന മീൻ കറിയും സാമ്പാറും അയാൾക്കും കൊടുക്കും. ചിലപ്പോൾ
കൂടെ വീട്ടിലേക്കു ഭക്ഷണം കഴിക്കാനും അയാളെ വിളിക്കും.
അങ്ങിനെ മാസങ്ങൾ കഴിഞ്ഞു. എഞ്ചിനീയറേയും ദേവയാനിയെയും പറ്റി നാട്ടിൽ ആളുകൾ ഓരോന്നു പറയാൻ തുടങ്ങി. ഒന്നും വിശ്വസിച്ചില്ല. ദേവയാനിക്കു ഒരിക്കലും അങ്ങിനെ ഒന്നും ആവാൻ കഴിയില്ല എന്നത് ഉറച്ച വിശ്വാസമായിരുന്നു. ആ വിശ്വാസം ശരിയും ആയിരുന്നു.
പക്ഷേ ദേവയാനി ഒരു ദിവസം പറഞ്ഞു. “നിങ്ങള് ആ എഞ്ചിനീയറുമായിട്ടുള്ള പണി നിർത്തണം. അയാള് നല്ല ആളല്ല. വേറെ എന്തെങ്കിലും പണി നോക്കാം.”
അയാൾ അവളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ടെന്നു അപ്പോഴാണ് അവൾ പറഞ്ഞത്. ഒരു വഴക്ക് ഇല്ലാതിരിക്കാൻ വേണ്ടിയാണ് പറയാതിരുന്നത്. ദേവയാനിയുടെ വാക്കുകൾ അനുസരിച്ചു ഒരു വഴക്കിനും പോയില്ല. മേസ്തിരി പണി ഉപേക്ഷിച്ചു.
പക്ഷേ അയാൾ അയാളും ദേവയാനിയും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് നാടെങ്ങും പറഞ്ഞു നടന്നു. നാട്ടുകാരും വിശ്വസിച്ചു. പുറത്തു ഇറങ്ങാൻ പറ്റാതെ ആയപ്പോൾ ഒരു ദിവസം അയാളെ കാണാൻ പോയി. അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു വഴക്കായി. ദേവയാനിയും അയാളും തമ്മിൽ ബന്ധമുണ്ടെന്നു അയാൾ തന്നെ പറഞ്ഞപ്പോൾ അടുത്തുള്ള ഇരുമ്പുകമ്പി കൊണ്ടു അയാളുടെ തലക്കടിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അയാൾ മരിച്ചിരുന്നു. പിന്നെ പോലീസ് കേസായി. ജയിലിലും ആയി. വിവരം അറിഞ്ഞ ദേവയാനി പുഴയിൽ ചാടി ജീവിതം അവസാനിപ്പിച്ചു.
ഒന്നും ഓർക്കരുത് എന്ന് വിചാരിക്കും. എന്നാൽ മനസ്സിൽ കൂടി ഇതൊക്കെ
കടന്നുപോവാത്ത ദിവസങ്ങൾ ഇല്ല. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുത്തു.
രാവിലെ കുമാരനോട് യാത്ര പറഞ്ഞു ഇറങ്ങി. ” ഞ്ഞീ എന്തിനാ ന്ന് പോന്നു?
ഇ ടെ അങ്ങു കുടിക്കോ. ” കുമാരൻ പറഞ്ഞപ്പോൾ പിന്നെ വരാം എന്ന് പറഞ്ഞു. നടന്നു.
പാർവതി ടീച്ചറുടെ വീട് കണ്ടു പിടിച്ചു മോളെ പറ്റി അന്വേഷിക്കണം. എന്ന
ലക്ഷ്യത്തോടെ. കവലയിൽ അന്വേഷിച്ചു.
“പാർവതി ടീച്ചറുടെ വീട് എവിടെയാ?”
“നേരെ പോയി ആ കട്ട് റോഡിലൂടെ കയറിയാൽ മതി. ഓ ശപ്പാടിനാണോ? വേഗം പൊയ്ക്കോ പതിനൊന്നര ക്കാ മുഹൂർത്തം ”
ഒന്നും മനസ്സിലായില്ല. ആ പറഞ്ഞ ആളിന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിയപ്പോൾ അയാൾ പറഞ്ഞു. ഇന്ന് പാർവതി ടീച്ചറുടെ പേരക്കുട്ടിയുടെ വിവാഹമാണ്. ഗംഭീരപരിപാടിയല്ലേ? പോയാൽ സദ്യ കഴിച്ചിട്ടു വരാം.
മുറ്റത്തു വലിയ പന്തൽ. നിറയെ ആൾക്കൂട്ടം. അതിനിടയിൽ അയാൾ കണ്ടു സ്വർണ്ണത്തിൽ പൊതിഞ്ഞു പൂവ് ചൂടി നിൽക്കുന്ന ഒരു സുന്ദരികുട്ടിയെ. അവൾക്കുവലതു കവിളിൽ ഒരു കാക്ക പുള്ളി ഉണ്ടായിരുന്നു.
-ജലജ
6 Comments
നന്നായി എഴുതി ജലജ.. 😍👍
സ്നേഹം dear ❤️❤️
മനോഹരമായി എഴുതി. ഒരു സിനിമ കണ്ട ഫീൽ. വളരെ ഇഷ്ടപ്പെട്ടു.
സ്നേഹം dear ❤️❤️
മനോഹരം 👌👌
സ്നേഹം ❤️❤️