“അതൊന്നു എഴുതി മുഴുവൻ ആക്കിട്ടു കളിയ്ക്കാൻ പോയ മതി അപ്പൂസെ. സ്കൂൾ തുറന്നാ ഇനി പത്തിലേക്കാ ” പറഞ്ഞു തീരും മുമ്പേ മുൻവശത്തെ വരാന്തയിൽ എത്തി അവൻ ബോളും ബാറ്റും കയ്യിലെടുത്തിയിരുന്നു. പോകാൻ നേരം,
“അപ്പൂസേ നീ പോയാ തിരിച്ചു വരുമ്പോ അടി ഉറപ്പാണ് ” എന്ന അമ്മയുടെ വാക്ക് കേട്ടപ്പോൾ അവൻ തിരിച്ചു വന്നു വരാന്തയിലിരുന്നു.
“അമ്മ പറയണത് കേട്ടൂടെ കുട്ടിയെ?” എന്ന അമ്മമ്മയുടെ വർത്താനോം കൂടി കേട്ടപ്പോ ബാറ്റും ബോളും വലിച്ചെറിഞ്ഞു കസേരയിൽ വന്നിരുന്നു.
” ഏതു നേരവും പഠിക്കണം പഠിക്കണം. ഇതെന്നെ ഉപദേശം. ഞാൻ ജയിച്ച പോരെ. ഇതൊക്കെ കഴിഞ്ഞു കിട്ടിയ മതിയായിരുന്നു!” അവൻ പിറുപിറുത്തു.
“കുട്ടി, പഠിക്കുന്ന കാലം അല്ലെ ഒരാളുടെ ഏറ്റവും മനോഹരമായ കാലം.. അതറിയോ നിനക്ക്?”
“അമ്മമ്മയും തുടങ്ങിയോ ഉപദേശം…”
അപ്പുനറിയോ അമ്മമ്മക്ക് എന്ത് ഇഷ്ടമായിരുന്നു പഠിക്കാൻ എന്ന്. പക്ഷെ നാലാംതരം വരെ പഠിക്കാൻ യോഗമുണ്ടായുള്ളൂ. നാലാംതരത്തിന്നു അഞ്ചിലേക്കു ജയിച്ചപ്പോൾ അമ്മമ്മ ഒരുപാട് സന്തോഷിച്ചതാ. അമ്മമ്മടെ അച്ഛനും അമ്മയ്ക്കും പന്ത്രണ്ടു മക്കളല്ലേ? വലിയ ക്ലാസ്സിൽ പഠിക്കാൻ വിടാൻ ഒന്നും മാർഗോം ഇല്ലായിരുന്നു.
എന്റെ ഇഷ്ടവും വാശിയും കണ്ടപ്പോൾ അച്ഛനെ ഒരുവിധത്തിൽ അമ്മ സമ്മതിപ്പിച്ചതാ. ഒരു ദിവസം മുഴുവൻ ചോറുണ്ണാതെ നിരാഹാരം കിടന്നിട്ടുണ്ട് അമ്മമ്മ. അച്ഛൻ സമ്മതിച്ചപ്പോ പിറ്റേ ദിവസം രമണീടെ പഴയ പുസ്തകം വാങ്ങി വെച്ച് ഞാൻ. എന്ത് ഗമ ആയിരുന്നു അന്നവൾക്ക് പുസ്തകം തരാൻ. കാലണ കൊടുത്തു ഞാൻ അന്നവൾക്ക്.
അന്ന് രാത്രി തന്നെ പഴയ ചട്ടയൊക്കെ മാറ്റി പഴയ കലണ്ടർ കൊണ്ട് പൊതിഞ്ഞ് പേരൊക്കെ എഴുതി. ആ പുസ്തകം കെട്ടിപിടിച്ചു കിടന്നു ഉറങ്ങിട്ടുണ്ട് ഞാൻ. പുതിയ സ്കൂളിൽ പോകുന്ന സ്വപ്നോം കണ്ട്.
പക്ഷെ സ്കൂൾ തുറക്കാറായപ്പോ അച്ഛന് വീണ്ടും മനംമാറ്റം. പുതിയ സ്കൂളിൽ പോകണ്ട. ഇക്കൊല്ലം വീണ്ടും പഴയ നാലാം ക്ലാസ്സിൽ ഇരുന്ന മതി. നാലാം ക്ലാസ്സിൽ കുട്ട്യോൾ കുറവായതു കൊണ്ട് അച്ഛന്റെ കൂട്ടുകാരനായ രാഘവൻ മാഷിന്റെ ജോലി പോവൂത്രെ. മാഷ് വന്നു കാല് പിടിച്ചപ്പോ അച്ഛൻ സമ്മതിച്ചു പോയീന്ന്.
സങ്കടോം ദേഷ്യവും കരച്ചിലും ഒന്നും ആരുടെ മുന്നിലും വില പോയില്ല. എന്റെ കൂട്ടുകാരികൾ പുതിയ സ്കൂളിൽ പോകുന്നത് ഞാൻ നിറകണ്ണുകളോടെ നോക്കി നിന്നിട്ടുണ്ട്. രാത്രി ആവുമ്പൊ രമണീടെ പുസ്തകം മറിച്ചു നോക്കും. ഓരോ ദിവസവും സ്കൂൾ വിടുന്നത് നോക്കി കാത്തു നിന്നിട്ടുണ്ട്. പുതിയ പുസ്തകത്തിലെ പുതിയ പാഠങ്ങൾ കൂട്ടുകാരികളെ കൊണ്ട് വായിച്ചു കേൾക്കാൻ.
വീട്ടിലെ കഷ്ടപ്പാടും താഴെ ഉള്ള സഹോദരങ്ങളെ പഠനവും എല്ലാം കൂടെ എന്റെ ഇഷ്ടങ്ങൾ വെറും സ്വപ്നം മാത്രമായി. ഇത്ര നാളും പഠിക്കാൻ പോയില്ലല്ലോ ഇനി ഇപ്പൊ പോവണ്ട. അച്ഛന്റെ തീരുമാനത്തിന് മുന്നിൽ സ്വപ്നങ്ങൾ എല്ലാം ഇരുളടഞ്ഞു പോയി. എന്നാലും വായിക്കാനും എഴുതാനും ഞാൻ പഠിച്ചു അപ്പുട്ടാ.
” ന്റെ അമ്മമ്മേ ഒന്ന് നിർത്തിയെ ഈ പഴങ്കഥകൾ. എത്ര തവണ കേട്ടതാ. എനിക്ക് കേൾക്കണ്ട. അമ്മമ്മയുടെ കാലമൊന്നും അല്ല ഇത് .”
ശരിയാ മോനെ. വിശക്കാത്ത വയറിൽ ഭക്ഷണം വിളിമ്പുന്ന പോലെയല്ലേ ഇന്നത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത്. ഭാവിയിലെ ഡോക്ടർക്കും എഞ്ചിനീയർക്കും വേണ്ടി ഇപ്പോഴേ കുത്തി നിറച്ചു കൊടുക്കുന്നു. കുട്ടികളുടെ ഇഷ്ടം പോലും നോക്കാതെ.
പഠിക്കുന്ന കാലം ആസ്വദിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു മോനെ. അത് കൊണ്ടാണ് അമ്മമ്മയുടെ തകര പെട്ടിയിൽ ഇപ്പോഴും ആ അഞ്ചാംതരത്തിലെ പുസ്തകം ഒരു നിധി പോലെ കാത്തുസൂക്ഷിക്കുന്നത്.
അനു ✍️
1 Comment
👌