മേരി ടീച്ചർ ഏറെ സന്തോഷത്തിലായിരുന്നു. തന്റെ മകൻ സിറിലും മരുമകൾ ലീനയും അവരുടെ മക്കളായ നോയലും ജ്യൂവലും വെക്കേഷൻ ചിലവഴിക്കാനായി ഇങ്ങോട്ടേക്കു വരുന്നുണ്ട് എന്ന് അറിഞ്ഞതിന്റെ സന്തോഷമാണ്.
അവർ നാല് പേരും കാനഡയിലാണ് താമസിക്കുന്നത്. സിറിലും ലീനയും അവിടെ കെമിക്കൽ എൻജിനീയർമാരായി ജോലി ചെയ്യുന്നു. പന്ത്രണ്ട് വയസ്സുകാരായ നോയലും ജ്യൂവലും ഇരട്ടകളാണ്.
അവരുടെ തിരക്ക് പിടിച്ച ജീവിതം കാരണം മേരി ടീച്ചർക്ക് ഒരു വീഡിയോ കോൾ ചെയ്യാൻ പോലും അവർക്ക് പറ്റിയിരുന്നില്ല.
നാല് കൊല്ലമായി അവരെ ഒന്ന് നേരിൽ കണ്ടിട്ട്.
നാല് വർഷങ്ങൾക്കു മുമ്പ് ടീച്ചറുടെ ഭർത്താവ് മരിച്ച സമയത്ത് വന്ന് പോയതാണ് അവർ.അതിന് ശേഷം ഒറ്റപ്പെട്ട ജീവിതമാണ് ടീച്ചർ നയിക്കുന്നത്. അതു കൊണ്ടു തന്നെ ടീച്ചറുടെ ജീവിതത്തിലെ ഏക പ്രതീക്ഷയും അവരുടെ ഒരേയൊരു മകനും കുടുംബവും തന്നെയായിരുന്നു.
ഓരോ വർഷവും ക്രിസ്മസ് അടുത്താൽ സിറിലും കുടുംബവും വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു മേരി ടീച്ചർ.
എന്നാൽ കഴിഞ്ഞ മൂന്നു വർഷവും അവർ എത്തിയില്ല. ടീച്ചർക്ക് അത് ചെറിയൊരു വിഷമം ഉണ്ടാക്കിയെങ്കിലും അതിനെക്കുറിച്ച് ടീച്ചർ ആരോടും പരിഭവമോ പരാതിയോ പറഞ്ഞില്ല.
അവരുടെ രണ്ടുപേരുടേയും ജോലിത്തിരക്കും കാര്യങ്ങളെല്ലാം ടീച്ചർക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. നാട്ടിലെ സ്കൂളിലെ അധ്യാപിക ആയിരുന്ന സമയത്ത് തനിക്കും തൻറെ വീട്ടിലേക്ക് തൻറെ അമ്മച്ചി ആഗ്രഹിക്കുമ്പോൾ അവിടെ ഓടി എത്തുവാൻ തൻറെ ജോലിത്തിരക്ക് കൊണ്ട് സാധിച്ചിരുന്നില്ല എന്ന ഓർമ്മകൾ മനസ്സിൽ വരാറുണ്ടായിരുന്നു.
സിറിലും മക്കളും വരുന്നത് തന്നെ, ടീച്ചറെ അറിയിച്ചത് മേരി ടീച്ചറുടെ ഭർത്താവിൻറെ പെങ്ങളുടെ മകനായ പീറ്റർ ആണ് .
സിറിൽ തനിക്ക് ചിലപ്പോൾ സർപ്രൈസ് തരാൻ വേണ്ടിയിട്ടാവും തന്നോടു പറയാതെയും അറിയിക്കാതെയും വരുന്നത് എന്ന് മേരി ടീച്ചർ കരുതി.
മകനും കുടുംബവും വരുന്നതിൻറെ സന്തോഷവും ആവേശവും എല്ലാം ടീച്ചറുടെ മുഖത്ത് പ്രകടമായിരുന്നു.
വീട്ടിൽ വന്നവരോടൊക്കെ ഈ ക്രിസ്മസും-ന്യൂഇയറും ഞങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കുന്നത് എന്ന് അവർ പറഞ്ഞു കൊണ്ടേയിരുന്നു.
അടുത്ത ബന്ധുക്കൾ ഓരോരുത്തരായി വീട്ടിലേക്ക് വന്നു കയറിയപ്പോൾ ഏറെ ഹൃദ്യമായി തന്നെ മേരി ടീച്ചർ അവരെയെല്ലാം സൽക്കരിച്ചു.
പള്ളിയിലച്ഛനും കൂടി വീട്ടിലേക്ക് വന്നതോടു കൂടി ടീച്ചർക്ക് ഏറെ സന്തോഷമായി.
സിറിലിന് ഏറ്റവും ഇഷ്ടമുള്ള താറാവ് റോസ്റ്റും ലീനയ്ക്കിഷ്ടപ്പെട്ട എല്ലും കപ്പയുമെല്ലാം അടുക്കളയിൽ തയ്യാറായി വരുന്നതിന്റെ മണം ആ വീട്ടിൽ മൊത്തം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
സിറിലിന്റെ മുറിയിലും അവർക്ക് വേണ്ട സൗകര്യങ്ങൾ ഒക്കെ ഒരുക്കിയിരിക്കുന്നതും ടീച്ചർ തന്നെ. കഴിഞ്ഞ പ്രാവശ്യം അവർ നാട്ടിൽ വന്നപ്പോൾ ഇവിടെ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്തതിനാലും ലീനയുടെ വീട്ടിൽ ഇൻറർനെറ്റ് സൗകര്യം ഉള്ളതു കൊണ്ടും ഏഴു ദിവസം ഇവിടെയും ബാക്കി ഇരുപത്തിയൊന്ന് ദിവസവും ലീനയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
അതുകൊണ്ട് ഇപ്രാവശ്യം അവർ വരുന്നുണ്ട് എന്ന് പീറ്റർ ടീച്ചറിനെ അറിയിച്ചപ്പോൾ ആദ്യം തന്നെ പീറ്ററിനോട് പറഞ്ഞത് ഇവിടെ ഒരു ഇൻറർനെറ്റ് കണക്ഷൻ എടുക്കാൻ ആയിരുന്നു. ഒരു കമ്പ്യൂട്ടർ വാങ്ങാനും കുറച്ചു പണം ടീച്ചർ പീറ്ററിനെ ഏൽപ്പിച്ചിരുന്നു.
എന്നാൽ പീറ്റർ പറഞ്ഞത്” ആദ്യം അവരിങ്ങ് എത്തട്ടെ, അതിനുശേഷം നമുക്ക് എന്താണ് വേണ്ടത് എന്ന് വെച്ചാൽ ചെയ്യാം” എന്നായിരുന്നു. അതിലെ മേരി ടീച്ചർക്ക് ലേശം പരിഭവവുമുണ്ട്.
എന്നാലും തൻറെ കാത്തിരിപ്പിന് വിരാമമിട്ടു അവർ ഇങ്ങോട്ട് വരുന്നുണ്ട് എന്ന് അറിഞ്ഞതിൽ ടീച്ചർ ഏറെ ആഹ്ലാദിച്ചു.
അവർ എയർപോർട്ടിൽ എത്തി എന്ന് അറിഞ്ഞത് മുതൽ ടീച്ചർ സോഫയിൽ ഇരുന്നു ഗെയ്റ്റിന്റെ ഭാഗത്തേക്ക് അങ്ങോട്ടേക്ക് നോക്കിയിരിക്കുകയാണ്.
ടീച്ചർ നോക്കിനിൽക്കെ പെട്ടെന്ന് ഗേറ്റ് കടന്നു നാല് ആംബുലൻസുകൾ എത്തി. പള്ളിയിലച്ഛനും പീറ്ററും ബാക്കി ബന്ധുക്കളും ൺ എല്ലാം മുന്നിട്ടിറങ്ങി 4 മൊബൈൽ ഫ്രീസറുകൾ ടീച്ചറുടെ വീടിന് മുന്നിൽ ഇറക്കിവെച്ചു.
ടീച്ചർ സ്തബ്ധയായി അതെല്ലാം നോക്കി നിന്നു.
അപ്പോഴാണ് ടീച്ചർക്ക് ഒരു കാര്യം മനസ്സിലായത്. തൻറെ പ്രസരിപ്പോ സന്തോഷമോ ഉത്സാഹമോ ഒന്നും ഇവിടെ കൂടിയവരിൽ ഇത്രയും നേരം ഇല്ലായിരുന്നു.
അത് തനിക്ക് തിരിച്ചറിയാനും കഴിഞ്ഞില്ല.
തൻറെ ആഹ്ലാദത്തിന്നിടയിൽ മറ്റൊന്നും താൻ കണ്ടില്ല.
നിശബ്ദതയോടെ നിർവികാരയായി ആ പെട്ടികൾക്കിടയിൽ അരികിൽ വന്നു നിന്നു ഒന്നു നോക്കാനേ ടീച്ചർക്ക് കഴിഞ്ഞുള്ളൂ.
ടീച്ചർ പെട്ടെന്ന് തിരിച്ചു നടന്നു . വീണ്ടും അതേ സോഫയിൽ പോയിരുന്നു. ഗേറ്റിലേക്ക് നോക്കി മെല്ലെ ടീച്ചർ പറയുന്നുണ്ടായിരുന്നു.
“സിറിലിന് താറാവ് റോസ്റ്റ് വലിയ ഇഷ്ടമാണ്. ലീനയ്ക്ക് കപ്പയും..അവരിപ്പോ എത്തും..”
✍️©️ Wordwarrior
5 Comments
🥰🥲
ശോ.. ഇത്രയും പ്രതീക്ഷിച്ചില്ല 😔
😞😢😢
വേദന നൽകുന്ന എഴുത്ത് 👌
😥😥