അന്നൊരു കോളേജ് അലുമിനി ദിനമായിരുന്നു. അതിരാവിലെ ഉറക്കമെണീറ്റു പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കി മേശപ്പുറത്തു എടുത്തു വെച്ചു. മോനെ എണീപ്പിച്ചു പല്ലുതേപ്പും കുളിപ്പിക്കലും കഴിച്ചു ഭക്ഷണവും കൊടുത്തശേഷമാണ് റാമിനെ വിളിച്ചു ഉണർത്താൻ ചെന്നത് . മുറിയിലേക്കു പോകുമ്പോൾ മനസ്സിൽ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഒട്ടും ദയയില്ലാത്ത അയാളുടെ ആദ്യ നോട്ടത്തിനു മുമ്പിൽ തന്നെ ഭയന്നില്ലാതെയായി .
”രാവിലെ ദുശ്ശകുനമായി മുന്നിൽ നിൽക്കാതെ ഇറങ്ങിപ്പോടി എന്റെ മുറിയിൽ നിന്നും “.
ആജ്ഞ നിറഞ്ഞ കടുത്തസ്വരം .
അനുസരിക്കുക തന്നെ വേറെ നിവർത്തിയില്ല.
മനസ്സു വല്ലാതെ മരവിച്ചിരിക്കുന്നു
പഴിചാരലും അക്രമവും സഹിക്കാം പക്ഷെ മകന്റെ മുന്നിൽ വെച്ചുള്ള അവഹേളനയാണ് സഹിക്കാത്തത്.
സ്വന്തം മകന്റെ മുന്നിൽ വെറും വേലക്കാരിയായി മാത്രം മാറിടുന്ന നിമിഷങ്ങളെ ഓർത്തു സ്വയം വേദനിക്കുക തന്നെ. ഇത്രയും സംശയരോഗവും ക്രൂരനും ടോക്സിക്കുമായ ഒരുമനുഷ്യൻ റാം മാത്രമാകും ലോകത്ത് .
പണ്ടെങ്ങോ ഉണ്ടായ ഒരു പ്രണയത്തിന്റെ പേരിലാണല്ലോ ഇന്നും അയാളുടെ പീഡനമെന്നോർത്തപ്പോൾ മനസ്സിൽ പുച്ഛവും അമർഷവും തോന്നി. തന്റെ മനസ്സിന്റെ നിഷ്ക്കളങ്കത കൊണ്ടു ആദ്യരാത്രിയിൽ തന്നെ കോളേജിൽ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചു തുറന്നു പറഞ്ഞത് .അതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. അന്നു തുടങ്ങിയ പീഡനമാണു .ആരെയും പഴിചാരാനോ തിരിച്ചുപോകാനോ പറ്റാത്ത കെണിയിൽ സ്വയം പോയി ചാടിയതാണു.
ഓരോന്നു ചിന്തിച്ചു കൂട്ടി സമയം പോയതറിഞ്ഞില്ല.
കൃത്യം 10 മണിക്ക് കോളേജിൽ എത്തണമെന്ന് കൂട്ടുകാരികൾ പ്രത്യേകം ഓർമ്മിപ്പിച്ചത് ഓർമ്മവന്നു.
കുളിച്ചു റെഡിയാകുമ്പോളായിരുന്നു വാതിലിൽ ആഞ്ഞടിക്കുന്ന ശബ്ദം. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ അയാൾ ,അതേ ദയയില്ലാത്ത നോട്ടവും പുച്ഛവും കലർന്ന സ്വരത്തിൽ
” ഒരുങ്ങിക്കെട്ടി മറ്റവനെ കാണാൻ പോകുകയാണല്ലോ അല്ലെ, വെറുതെയല്ല. രാവിലെ മുതലുള്ള നിന്റെ ഒരുക്കം ഞാൻ കാണുന്നുണ്ട്. കൃത്യം അഞ്ചുമണിക്ക് ഇവിടെ എത്തിയില്ലെങ്കിൽ എന്നെ അറിയാലോ നിനക്കു? കോളേജിൽ വന്നു പിടിച്ചിറക്കി കൊണ്ടുവരും ഞാൻ ഓർത്തോ “
എല്ലാം മൗനമായി കേൾക്കുകയല്ലാതെ പ്രതികരിക്കാനുള്ള അവകാശമില്ലല്ലോ.
റോഡിൽ നിന്നും വണ്ടിയുടെ ഹോൺഅടി കേട്ടപ്പോൾ കൂട്ടുകാരികൾ എത്തിയെന്നു മനസ്സിലായി. ബാഗുമെടുത്തു പുറത്തേക്കു പോകുമ്പോൾ റാമിനോടു യാത്രചോദിച്ചെങ്കിലും പ്രതികരണമില്ലാതെ ചുഴിഞ്ഞു കൊണ്ടുള്ള നോട്ടംമാത്രം ഉണ്ടായുള്ളൂ. അല്ലെങ്കിലും അതിൽ കൂടുതൽ അയാളിൽനിന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ലല്ലോ. കൂട്ടുകാരികളുടെ മുന്നിൽ വെച്ചു തല്ലാഞ്ഞതു തന്നെ മഹാഭാഗ്യം .
കോളേജ് ഗേറ്റിനു മുമ്പിൽ വണ്ടിയിറങ്ങി കൂട്ടുകാരികൾക്കൊപ്പം കോളേജിലേക്ക് സംസാരിച്ചു നടന്നു നീങ്ങവേ പിന്നിൽ നിന്നും ആരോ പേരു ചൊല്ലി വിളിക്കുന്നു.
“ഗൗരി”എന്ന നീട്ടിയ വിളിൽ തന്നെ ഹരിയാണെന്നു മനസ്സിലായി.
തിരിഞ്ഞു നോക്കിയപ്പോൽ സുന്ദരിയായ കുഞ്ഞിനെ എടുത്തുനിൽക്കുന്നു ഹരി ,കൂടെ ശാലീനത നിറഞ്ഞ ചെറുപ്പക്കാരിയും. കണ്ടമാത്രയിൽ അതു ഹരിയുടെ ഭാര്യയും കുഞ്ഞുമാണെന്നു തിരിച്ചറിഞ്ഞു. തന്നെ ലക്ഷ്യം വെച്ചു വരുന്ന ഹരിയുടെ കണ്ണുകളിൽ പ്രണയമാണോ സഹതാപമാണോ അതോ പരിഹാസമാണോ? ചിന്തിച്ചു തീരും മുമ്പ് ഹരി അടുത്തെത്തി.
”ഗൗരിക്ക് സുഖമല്ലേ, ഫാമിലി വന്നില്ലേ “
ഇല്ലെന്നോ ഉണ്ടെന്നോ പറയാതെ മറുപടി ഒരുപുഞ്ചിരിയിൽ ഒതുക്കേണ്ടി വന്നു. കൂടുതലൊന്നും സംസാരിക്കാതെ ഭാര്യയുടെ കൈകൾ പിടിച്ചു പോകുന്ന ഹരിയെ നോക്കിനിൽക്കവേ ഓർമ്മകൾ ആ പഴയ കോളേജ് ക്യാമ്പസിലേക്കു തിരിഞ്ഞു നടക്കുകയായിരുന്നു.
ആത്മാർത്ഥമായ പ്രണയത്തിന്റെ മൂന്നു വർഷങ്ങൾ. ഒരിക്കലും പിരിയില്ലെന്നു വീട്ടുകാരും കൂട്ടുകാരും ഉറപ്പിച്ച ആ പ്രണയത്തിനു വില്ലത്തിയായി വന്ന ഹരിയുടെ മുറപ്പെണ്ണും കൂടെ തനിക്കുണ്ടായ ഈഗോയും സംശയരോഗവും. കൂട്ടുകാർ മുറപ്പെണ്ണിനെയും ഹരിയേയും ചേർത്തു പറഞ്ഞത് വെറും ഗോസിപ്പുകൾ മാത്രമാണെന്നു മനസ്സിലാക്കാനോ ഹരിയുടെ വിശദീകരണങ്ങൾക്കു ചെവികൊടുക്കാനോ നിൽക്കാതെ, അവസാനവർഷ പരീക്ഷപോലും എഴുതാതെ ഹരിയോടുള്ള പക മനസ്സിൽ നിറച്ചു. അവനോടുള്ള ഈഗോയുടെ പുറത്താണ് വീട്ടിൽ ആദ്യമായി പെണ്ണുകാണാൻ വന്ന ചെറുക്കനെകുറിച്ചു വേണ്ടത്ര അന്വേഷണം പോലും നടത്താതെ കുടുംബക്കാരുടെ വാക്കുകൾക്കു ചെവികൊടുക്കാതെ വിവാഹം കഴിച്ചത്. അന്ന് ഹരിയുടെ വാക്കുകൾ കേൾക്കാൻ ക്ഷമകാണിച്ചിരുന്നുവെങ്കിൽ, നിരാശകൊണ്ടു മനസ്സും കണ്ണും നിറഞ്ഞു. റാമിനെ പോലെ കണ്ടാ മൃഗത്തിന്റെ സ്വഭാവമുള്ള ഒരാൾ ജീവിതത്തിക്കു വരില്ലായിരുന്നു.
ഓർമ്മകൾ വീണ്ടും പിറകോട്ട് യാത്രചെയ്യുമ്പോളായിരുന്നു പിന്നിൽ നിന്നും കൂട്ടുകാരികളുടെ ശബ്ദം. ഗൗരി നീ സ്വപ്നം കാണുകയാണോ പരിപാടി തുടങ്ങാൻ സമയമായി.
പരിപാടി നടക്കുന്ന ഹാളിൽ എത്തിയപ്പോഴും തന്റെ കണ്ണുകൾ ഹരിയെ തിരക്കുകയായിരുന്നു. നിരത്തിയിട്ടിരിക്കുന്ന കസേരകളുടെ ഒരറ്റത്തിരിക്കുന്ന ഹരിയേയും ഭാര്യയെയും കണ്ടു മനസ്സിൽ വല്ലാത്ത നഷ്ടബോധംമുണ്ടായി. കണ്ണുകൾ നിറഞ്ഞതു ആരും കാണാതിരിക്കാൻ പാടുപെടുന്ന തന്നെയും നോക്കി പുഞ്ചിരിക്കുന്ന ഹരിയോട് തിരിച്ചു ചിരിക്കാനുള്ള ത്രാണിയുണ്ടായില്ല. പരിപാടി തീരുംവരെ അവിടെ നിൽക്കാനോ ആരോടും സംസാരിക്കാനോ കഴിയാതെ മനസ്സു വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. ആരോടും യാത്രപോലും പറയാതെ കോളേജിന്റെ പടവുകൾ ഇറങ്ങുമ്പോൾ ഉള്ളിൽ നിറയെ തെറ്റിദ്ധാരണമൂലം തട്ടിത്തെറിപ്പിച്ച ആത്മാർത്ഥമായ പ്രണയത്തിന്റെ നഷ്ടബോധമായിരുന്നു.
റംസീന നാസർ
11 Comments
നന്നായിട്ടുണ്ട് ❤️❤️❤️
❤️❤️
നന്നായി എഴുതി🥰🥰
സൂപ്പർ.. അപ്പോ കുട്ടിക്ക് കഥ എഴുതാനും അറിയാം 😍❤️
eeshwera നന്ദി cheechi 🥰🥰🙏🙏
Nice…….ക്യാപ്ഷൻ മനോഹരം…..
നന്ദി 🙏🙏🙏ഫൈസൽ
Aish👌👌👌👌 ഇതു പൊളിയാണല്ലോ. നന്നായിട്ടുണ്ട്. നല്ല കഥ
thank u🥰🥰🥰🥰🥰🥰
അടിപൊളി ❤️❤️❤️
നന്ദി സാബിറ