ഓഡിറ്റോറിയത്തിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ അവിടെ ആൾക്കാർ വളരെ കുറവായിരുന്നു. മുഹൂർത്തം എത്ര മണിക്ക് ആണെന്നു അറിയാൻ ഞാൻ ആ ക്ഷണക്കത്തു വായി ച്ചു പോലും നോക്കിയില്ലല്ലോ. പിൻനിരയിൽ ആളൊഴിഞ്ഞ ഒരു സീറ്റിൽ പോയിരിക്കുമ്പോൾ മനസ്സിൽ ആ ക്ഷണക്കത്തിന്റെ അടിയിലായി പേന കൊണ്ട് എഴുതിയ വാചകങ്ങളായിരുന്നു.
“മോളുടെ ആഗ്രഹം കൊണ്ടാണ് ഈകത്തു അയക്കുന്നത്. താല്പര്യമാണെങ്കിൽ വരാം. നിർബന്ധം ഇല്ല”.
ദേവേട്ടന്റെ ആ വാചകങ്ങൾ എന്നിൽ ഒരു നീരസവുംഉണ്ടാക്കിയില്ല. കാരണം ഇത്തരത്തിലുള്ള ഒരു ക്ഷണമേ ഞാൻ അർഹിക്കുന്നുള്ളു. കണ്ണിൽ നിന്നും അടർന്നു വീണ കണ്ണുനീർ കർചിഫ്കൊണ്ട് തുടച്ചൂ വെറുതെ പുറത്തേക്കുനോക്കിയിരുന്നപ്പോൾ ജീവിതത്തിന്റെ പിന്നാപുറങ്ങളിലേക്ക് മനസ്സ് പതുക്കെ നിങ്ങി.
അന്നു ബി എ കഴിഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു ദേവേട്ടൻ പെണ്ണ് കാണാൻ വന്നത്. കേൾവി കേട്ട തറവാട്, അദ്ധ്യാപകദമ്പതികളുടെ ഒറ്റമകൻ, സുന്ദരൻ, ബാങ്കിൽ ജോലി. പിന്നെ പൊരുത്തമുള്ളജാതകവും. അച്ഛന് ഈ ആലോചന വളരെയേറേ ഇഷ്ടപ്പെട്ടു. അങ്ങിനെ ഒരു മാസം കൊണ്ട് വിവാഹവും നടന്നു.
ഒരു പെൺകുട്ടി ഇല്ലാത്ത വീട്ടിൽ മോളായി ചെന്നു കയറിയ എന്നെ ദേവേട്ടന്റെ അച്ഛനു അമ്മയും മത്സരിച്ചു സ്നേഹിച്ചു. വീട്ടിന്റെ അടുത്തു തന്നെയായിരുന്നു ദേവേട്ടന്റെ ബാങ്ക്. ഉച്ചക്ക് ഊണ് കഴിക്കാൻ വരും. വൈകിട്ടു വീട്ടിലെത്തിയാൽ രാത്രി വരെ ദേവേട്ടന്റെ കൂടെ കാറിൽ പാർക്കിലേക്കും സിനിമക്കും ഷോപ്പിങിനും
മാറിമാറിയുള്ള യാത്ര. സന്തോഷവും ഭാഗ്യവും നിറഞ്ഞതായിരുന്നു ജീവിതം.
ഒന്നാം വിവാഹവാർഷികം വന്നത് മോളുടെ വരവ് അറിയിച്ചുകൊണ്ടായിരുന്നു. മോൾ ജനിച്ചു ഒരു വർഷം കഴിഞ്ഞപ്പോഴായിരുന്നു ദേവേട്ടന് ആലപ്പുഴയിലേക്ക് ട്രാൻസ്ഫർ ആയത്. ജോയിൻ ചെയ്തു തിരിച്ചു വരുമ്പോൾ ഞങ്ങൾക്കു താമസിക്കാനുള്ള വീടും ശരി ആക്കിയിരുന്നു.
വീട്ടിൽ ഞങ്ങളെ പിരിഞ്ഞു താമസിക്കാൻ ദേവേട്ടന്റെ അച്ഛനും അമ്മയ്ക്കും നല്ല വിഷമമായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ എല്ലാവരും കൂടെ ആണ് ആലപ്പുഴക്കു പോയത്. രണ്ടാഴ്ച ഒന്നിച്ചു താമസിച്ചതിന് ശേഷം അച്ഛനും അമ്മയും തിരിച്ചു വീട്ടിലേക്കു പോയി.
നല്ല കുസൃതിയായിരുന്നു മോൾ. അവളുടെ ചിരിയിലും കളിയിലും അലിഞ്ഞു ചേർന്ന നാളുകൾ, മാസത്തിൽ രണ്ടു തവണയെങ്കിലും വിട്ടിലേക്കുള്ള യാത്ര, ദേവേട്ടന്റെ കരുതലും സ്നേഹവും നിറഞ്ഞ സംരക്ഷണം. മധുരതരമായിരുന്നു ജീവിതം.
മോൾക്ക് രണ്ടരവയസ്സ് ഉള്ളപ്പോൾ ഞാൻ രണ്ടാമതും ഗർഭിണി ആയി. എന്റെ കാര്യവും മോളുടെ കാര്യവും നോക്കാൻ ഞങ്ങളുടെ രണ്ടുപേരുടെയും അമ്മമാർ മാറിമാറി കൂടെ നിന്നു. അങ്ങനെ വീണ്ടും ഒരു മോൾ കൂടി ഞങ്ങൾക്കു ഉണ്ടായി. അനിയത്തിക്കുട്ടിയെ മോൾക്ക് വലിയകാര്യമായിരുന്നു. ” കുഞ്ഞിമോളെ “എന്നു
അവൾ നീട്ടി വിളിക്കുന്നത് കേട്ടു ഞങ്ങളും കുഞ്ഞിനെ അങ്ങിനെ വിളിക്കാൻ തുടങ്ങി. മാസങ്ങൾ കഴിഞ്ഞപ്പോൾ അമ്മമാർ രണ്ടുപേരും വീട്ടിലേക്ക് പോയി. ദേവേട്ടന്റെ സഹായം കൂടി ഉള്ളത്കൊണ്ട് കുട്ടികളെനോക്കാൻ എനിക്ക് ഒരു പ്രയാസവും തോന്നിയില്ല.
ഇങ്ങിനെ സന്തോഷത്തോടെ ദിവസങ്ങൾ പോവുന്നതിന്റെ ഇടക്കാണ് എന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടന്നത്. ദേവേട്ടൻ ബാങ്കിലും മോൾ സ്കൂളിലും പോയ ഒരു ഉച്ചനേരം. കുഞ്ഞിമോളെ ഉറക്കിക്കിടത്തി ഞാൻ ഡ്രെസ്സുകൾ അയൺ ചെയ്യുകയായിരുന്നു. അപ്പോഴാണ് കാർത്തികയുടെ കാൾ എന്റെ ഫോണിലേക്കു വന്നത്.
എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു കാർത്തിക. അവളുടെ കല്യാണത്തിന് ശേഷം എനിക്ക് ഒരു വിവരവും അവളെകുറിച്ച് ഉണ്ടായിരുന്നില്ല. അതുകൊണ്ട്തന്നെ ഒരുപാട് കാര്യങ്ങൾ പരിസരം മറന്നു ഞങ്ങൾ
സംസാരിച്ചു. എന്റെ മോൾ ഉറക്കം കഴിഞ്ഞു എണീറ്റതും ബാത്റൂമിലേക്ക് പിച്ചവച്ചു പോയതും ഒന്നും ഞാൻ അറിഞ്ഞില്ല. സംസാരിച്ചു കഴിഞ്ഞു തിരിച്ചുവന്നപ്പോൾ ഞാൻ കണ്ടത് ബാത്റൂമിലെ ബക്കറ്റിൽ മുഖം കുത്തി വീണു കിടക്കുന്ന കുഞ്ഞിനെ ആണ്. അലറിക്കരഞ്ഞതല്ലാതെ പിന്നെ ഒന്നും എനിക്ക് ഓർമ്മയുണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടുകാർ ഹോസ്പിറ്റലിൽ എത്തിച്ചതും എന്റെ മോള് അപ്പോഴേക്കും ഞങ്ങളെ വിട്ടു
പോയതും ഒന്നും ഞാൻ അറിഞ്ഞില്ല. രണ്ടുദിവസം കഴിഞ്ഞു ഞാൻ ഹോസ്പിറ്റലിൽ കണ്ണ് തുറക്കുമ്പോൾ ചടങ്ങുകൾ എല്ലാം കഴിഞ്ഞിരുന്നു.
മൂകമായ അന്തരീക്ഷത്തിൽ ഒരാഴ്ച കടന്നുപോയി. അപ്പോഴാണ് ദേവേട്ടൻ എന്നോട് ഒന്നും സംസാരിക്കുന്നില്ല എന്നകാര്യം ഞാൻ ശ്രദ്ധിച്ചത്. എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്കു ആ നാവിൽ നിന്നു കേൾക്കാൻ ഞാൻ ആഗ്രഹിച്ചു.
ഒരു മാസം കടന്നുപോയി. എന്റെ അച്ഛനും അമ്മയും തിരികെ വീട്ടിലേക്കു പുറപ്പെടുന്ന ദിവസം. ദേവേട്ടൻ അന്നു ആദ്യമായി റൂമിൽ വന്നു എന്നോട് പറഞ്ഞു. “നീയും കൂടെ പുറപ്പെട്ടോളൂ “. അവരെ വീട്ടിലേക്കു കൊണ്ടുവിടാൻ ദേവേട്ടന്റെ കൂടെ
ഞാനും മോളും പോവുന്നു. അങ്ങിനെയാണ് ഞാൻ കരുതിയത്. വീട്ടിലെത്തി ഞാൻ കാറിൽ നിന്നു ഇറങ്ങിയ ഉടൻ ദേവേട്ടൻ എന്നോട് പറഞ്ഞു.
“നീ ഇനി ഇവിടെ നിന്റെ അച്ഛനോടും അമ്മയോടും ഒപ്പം താമസിച്ചാൽ മതി ” ഗൗരവത്തോടെ അദ്ദേ ഹം തുടർന്നു. ” നിനക്കു ജീവിക്കാൻ വേണ്ട ഒരു തുക ഞാൻ എല്ലാ മാസവും അക്കൗണ്ടിൽ ഇടും. നിയമത്തിന്റെ മുന്നിൽ നീ എന്നും എന്റെ
ഭാര്യ തന്നെയാണ്. പക്ഷേ നാം തമ്മിൽ ഒന്നിച്ചൊരു ജീവിതം ഇനി ഉണ്ടാവില്ല. മോളെ ഞാൻ കൊണ്ട് പോവും.അവളെ എനിക്ക് വേണം.”
പൊട്ടിക്കരഞ്ഞു കൊണ്ട് ആ കാൽക്കലേക്ക് വീഴാൻതുടങ്ങിയ എന്നെ ഒന്നു നോക്കുക കൂടി ചെയ്യാതെ അദേഹം മോളെയും എടുത്തു കാറിന്റെ അടുത്തേക്കു നടന്നു. അച്ഛനും അമ്മയും എത്ര കരഞ്ഞു പറഞ്ഞിട്ടും ആ തീരുമാനത്തിൽ ദേവേട്ടൻ ഉറച്ചുനിന്നു. “ഞാൻ സമ്മതിക്കില്ല. കണ്ണുകൾ തുടച്ചൂകൊണ്ട് വാശിയോ
ടെ ഞാൻ പറഞ്ഞു. മോളെ ഞാൻ വീട്ടു തരില്ല.”
ദേവേട്ടൻ എന്റെ മുഖത്തേക്കു നോക്കി പിന്നെ ശാന്തമായി പറഞ്ഞു.
” നിന്റെ ഇഷ്ടംപോലെ ആവട്ടെ പക്ഷേ ഞാൻ ഇനി ഈ ഭൂമിയിൽ ഉണ്ടാവില്ല. എന്തു വേണമെന്നു നിനക്കു തീരുമാനിക്കാം.”
ദേവേട്ടന്റെ ആ മറുപടിയിൽ ഞാൻ തളർന്നുപോയി. പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തിരുന്ന എന്റെ മുമ്പിൽ കൂടി ദേവേട്ടൻ മോളെ എടുത്തു കാറിലേക്കു ഇരുത്തി. അകന്നു പോവുന്ന കാറിൽ നിന്നും “അമ്മേ” എന്നുള്ള മോളുടെ വിളി എനിക്ക് കേൾക്കാമായിരുന്നു.
പിന്നെ ദേവേട്ടൻ ട്രാൻസ്ഫർവാങ്ങി മോളെയും കൂട്ടി ദുരെ എവിടേക്കോ പോയി എന്നല്ലാതെ ഒരു വിവരവും എനിക്ക് അറിയില്ലായിരുന്നു. രണ്ടു വർഷത്തോളം ഒരു തരം ഡിപ്രഷൻ പോലെ ആയിരുന്നു എനിക്ക്. പല ചികിത്സകളും മാറിമാറി ചെയ്തു
അതൊന്നു മാറിവരാൻ. അതിനു ശേഷം ഞാൻ ബി എഡ് ചെയ്തു. വീട്ടിന്റെ അടുത്തുള്ള സ്കൂളിൽ ടീച്ചർ ആയി ചേരുകയും ചെയ്തു. അച്ഛന്റെ മരണശേഷം അമ്മയും ഒന്നിച്ചു താമസിക്കുന്നു.
പെട്ടെന്ന് ഉള്ള നാദസ്വരമേളം എന്നെ ചിന്തയിൽ നിന്നു ഉണർത്തി. ദേവേട്ടന്റെകയ്യിൽ പിടിച്ചു മണ്ഡപത്തിലേക്കു കയറുകയാണ് എന്റെ മോൾ. അന്നത്തേ ആ നാലുവയസ്സുകാരിയിൽ നിന്നും അവൾ വളർന്നു സുന്ദരികുട്ടി ആയിരിക്കുന്നു. ദേവേട്ടനും ഒരു പാട് മാറിയിരിക്കുന്നു. മുടി പകുതിയും നരച്ചു. കണ്ണുകളിലെ
തിളക്കം മങ്ങി.
മണ്ഡപത്തിൽ വരൻ താലിചാർത്തി പരസ്പരം പൂമാലയിട്ടു. ദേവേട്ടൻ മോളെ കയ്യ് പിടിച്ചു വരന്റെ കൈകളിൽ ഏൽപ്പിച്ചു ഞാൻ എന്റെ കുട്ടികൾക്ക് എല്ലാനന്മകളും ഉണ്ടാവാൻ മനസ്സ് ഉരുകി പ്രാർത്ഥിച്ചു. അതിനുള്ള അർഹതഅല്ലേ എനിക്കുള്ളു.
പെട്ടെന്നു പിന്നിൽ ആരോ തൊട്ടതുപോലെ എനിക്ക് തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ ഒരു വെള്ളഷർട്ട് ധരിച്ച ഒരാൾ അടുത്തു നില്ക്കുന്നു.
“സ്റ്റേജിലേക്ക് വരാൻ പറഞ്ഞു. ”
അയാൾ പറഞ്ഞതു കേട്ടു പരിഭ്രമത്തോടെ ഞാൻ ആ കൂടെ നടന്നു. സ്റ്റേജിലേക്ക് കയറിയപ്പോൾ മോൾ വിടർന്ന ചിരിയോടെ എന്റെ കയ്യിൽ പിടിച്ചു എന്നിട്ടു വരനോടായി പറഞ്ഞു. “രാഹുൽ ഇതാണ് എന്റെ അമ്മ. കഥകളൊക്കെ ഞാൻ പറ
ഞ്ഞിട്ടുണ്ടല്ലോ.” അവൻ ഒന്നും പറയാതെ പതുക്കെ കുനിഞ്ഞു എന്റെ കാലിൽ തൊട്ടു. ഒപ്പം മോളും.
പിന്നെ എനിക്ക് പിടിച്ചു നിൽക്കാനായില്ല. ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ടു അവരെ കെട്ടിപിടിച്ചു. ഇതൊക്കെ നോക്കി നിൽക്കുന്ന ദേവട്ടന്റെ കണ്ണുകളും നിറഞ്ഞിരിക്കുന്നതായി ഞാൻ കണ്ടു. പക്ഷെ ഗൗരവമായിരുന്നു ആ മുഖത്തു.
ദേവേട്ടന്റെ കൈകളിൽ പിടിച്ചുകൊണ്ടു മോൾ പറഞ്ഞു. ” അച്ഛാ അമ്മക്കു പറ്റിയത് തിരുത്താനാവാത്ത തെറ്റ് തന്നെയാണ്. പക്ഷേ അതു ഒരിക്കലും അമ്മ മനപ്പൂർവം ചെയ്തതല്ല. അതു അച്ഛനും അറിയാം. ആ തെറ്റിനുള്ള ശിക്ഷ അമ്മക്ക് അച്ഛൻ കൊടുക്കയും ചെയ്തു . ഇനി അച്ഛൻ അമ്മയോട് ക്ഷമിക്കണം. ഇനി അച്ഛന്റെ ജീവിതത്തിൽ അമ്മ വേണം ആ ഒന്നിച്ചുള്ള ജീവതം ഞങ്ങൾ മാത്രമല്ല അച്ഛാ കുഞ്ഞിമോളുടെ ആത്മാവുംആഗ്രഹിക്കുന്നുണ്ടാവും.” അവൾ പൊട്ടികരഞ്ഞുകൊണ്ട് എന്റെ കൈ പിടിച്ചു ദേവേട്ടന്റെ കൈയിലേക്ക് വച്ചു. അദ്ദേഹം ഒരു നിമിഷം നിറഞ്ഞ കണ്ണുകളോടെ എന്നെനോക്കി നിന്നു. പിന്നെ ആ കയ്യിലേക്കു മോൾ ഏല്പിച്ച എന്റെ കൈ മുറുകെ പിടിച്ചു. ആ കണ്ണിൽ നിന്നും അടർന്നുവിണ കണ്ണുനീർ തുള്ളികൾ ഒരു നനവായി എന്റെ ഹൃദയത്തിലാകെ പടരുന്നുന്നതു ഞാൻ അറിയുന്നുണ്ടായിരുന്നു
ജലജ
.
2 Comments
❤️❤️
ഇത് കുറച്ചു കൂടിപ്പോയി. അറിയാതെ സംഭവിച്ച തെറ്റിന് ഇത്രയും ശിക്ഷ. 😥😥