സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ ഏതൊരമ്മയും സ്വാർഥയാകും. ആദർശം ഒക്കെ ഒരു അമ്മക്ക് സ്വന്തം മക്കൾക്കാൾ വളരെ വളരെ താഴെയാണ്. ഞാനും ഒരമ്മയാണ്, എൻ്റെ മകന്റെ നല്ലതേ ഞാൻ ആഗ്രഹിച്ചുള്ളൂ. അതുകൊണ്ട് ചെയ്തതിലും പ്രവർത്തിച്ചതിലും എനിക്ക് കുറ്റബോധം തോന്നുന്നില്ല.
അതിന് കൊടുക്കേണ്ടി വന്ന വിലയാണ് ഈ വൈധവ്യം. പതിനാല് വർഷമാകാൻ പോകുന്നു വിധവയുടെ വെള്ള വസ്ത്രം അണിയാൻ തുടങ്ങിയിട്ട്. പക്ഷെ അതിനേക്കാൾ എന്നെ വേദനിപ്പിച്ചത്, ഞാൻ ആർക്ക് വേണ്ടിയാണോ ഇതൊക്കെ ചെയ്തത്, അവന് എന്നോടുള്ള സമീപനമാണ്. ആ സംഭവത്തിന് ശേഷം അവൻ ഇതുവരെ എന്നെ അമ്മേ എന്ന് വിളിച്ചിട്ടില്ല. ഞാൻ ചെയ്തതൊക്കെ അവന് വേണ്ടി മാത്രമായിരുന്നു എന്ന് പോലും അവൻ മനസ്സിലാക്കുന്നില്ല. എല്ലാരാലും വെറുക്കപ്പെട്ട് ഈ അന്തപുരത്തിൽ മരണവും കാത്ത് ജീവിതം കഴിച്ചുകൂട്ടുകയാണ് ആണ് കേകേയ രാജൻ അശ്വപതിയുടെ പ്രിയ പുത്രിയും, ഏഴാങ്ങളമാരുടെ ഒരേയൊരു പെങ്ങളും, അയോദ്ധ്യാ രാജനായിരുന്ന ദശരഥന്റെ പത്നിയുമായ ഈ കൈകേയി.
ഏഴാങ്ങളമാർക്കൊപ്പം അച്ഛൻ എന്നെയും ആയുധഭ്യാസങ്ങൾ പഠിപ്പിച്ചു തേരോട്ടത്തിൽ ആയിരുന്നു എനിക്ക് താല്പര്യം, അതിൽ നിപുണയുമായിരുന്നു താൻ . അമ്മയില്ലാത്ത ഏക മകളോട് അച്ഛന് അധിക വാത്സല്യമായിരുന്നു.
അച്ഛന് പക്ഷികളുടെ സംസാരം മനസ്സിലാക്കാനുള്ള ഒരു വരം കിട്ടിയിരുന്നു. പക്ഷെ മനസ്സിലാക്കിയ കാര്യം ആരോടും പറയാൻ പാടില്ല. പറഞ്ഞാൽ അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടും. ഒരിക്കൽ അന്തപുരത്തിൽ അമ്മയുമൊത്ത് ഇരിക്കുമ്പോൾ, പുറത്തെ അരയന്ന പൊയ്കയിൽ രണ്ടു അരയന്നങ്ങൾ സംസാരിക്കുന്നത് അദ്ദേഹം കേൾക്കാൻ ഇടയായി. അത് കെട്ട് മനസ്സിലാക്കിയ അച്ഛൻ ഉറക്കെ ചിരിക്കാൻ തുടങ്ങി. എന്തിനാണ് ചിരിക്കുന്നത് എന്ന് ചോദിച്ച അമ്മയോട് പുറത്തെ അരയന്നങ്ങൾ പറയുന്നത് കെട്ട് ചിരിച്ചതാണ് എന്ന് പറഞ്ഞു. എന്താണ് പറഞ്ഞത് എന്ന് പറയാൻ പറഞ്ഞ അമ്മയോട്, അത് പറഞ്ഞാൽ തന്റെ ജീവൻ നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കളി പറയുന്നതാണെന്ന് കരുതിയ അമ്മ പക്ഷെ അതറിയണമെന്ന് വാശി പിടിച്ചു. സ്വന്തം ഭർത്താവിന്റെ ജീവനേക്കാൾ തന്റെ വാശിക്ക് പ്രാധാന്യം നൽകുന്ന പത്നിയെ അപ്പോൾ തന്നെ അദ്ദേഹം ഉപേക്ഷിച്ചു, അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയച്ചു.
ആ അമ്മയുടെ മകളാണല്ലോ ഞാൻ, അതുകൊണ്ടുമാകാം ഞാനും എന്റെ ഭർത്താവിന് അത് വളരെ വിഷമമുണ്ടാക്കും എന്നറിഞ്ഞിട്ടും എന്റെ മകന് വേണ്ടി എൻ്റെ പതിയോടും വാശിപ്പിടിച്ചത്. അദ്ദേഹം തന്റെ കാല് പിടിച്ച് അപേക്ഷിച്ചിട്ടും താൻ തീരുമാനത്തിൽ നിന്നും കടുകിട വ്യതിചലിച്ചില്ല. പക്ഷെ അത് അദ്ദേഹത്തിന്റെ ജീവൻ എടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല എന്നത് സത്യം. പക്ഷെ അറിഞ്ഞിരുന്നാലും, എൻ്റെ മകന് വേണ്ടി ഞാൻ ഇത് നേടിയെടുക്കുമായിരുന്നു, കാരണം ഞാൻ ഒരമ്മയാണ് .
അമ്മയെ അച്ഛൻ ഉപേക്ഷിച്ച ശേഷം എന്നെ അമ്മയെപ്പോലെ നോക്കി വളർത്തിയത് അന്തപുര ദാസിയായ മന്ദരയായിരുന്നു. ഞാൻ അവർക്കു സ്വന്തം മകൾ ആയിരുന്നു. അവർ എനിക്ക് അമ്മയും. അമ്മേ എന്ന് അവരെ വിളിച്ചിരുന്നില്ല എങ്കിലും മനസ്സിൽ അങ്ങിനെ തന്നെ ആയിരുന്നു വിളിച്ചിരുന്നത്.
സ്വന്തം മക്കളുടെ നന്മക്ക് വേണ്ടിയെ അമ്മമാർ എന്തും ചെയ്യൂ, ഞാനും അതെ ചെയ്തുള്ളു, മന്ദരാമ്മയും അത്രയേ ചെയ്തുള്ളു. സ്വന്തം മകളെപ്പോലെ നോക്കി വളർത്തിയ എൻ്റെ നന്മക്ക് വേണ്ടിയെ അവരും പറയുകയും പ്രവർത്തിക്കുകയും ചെയ്തുള്ളു. പക്ഷെ ഞാൻ രാജപത്നിയായത് കൊണ്ടാകും എന്നിൽ കൂടുതൽ പഴി ചാരാതെ ദസിയായ അവരിൽ അന്തപുരനിവാസികളും, നാട്ടുകാരും പഴി ചാരിയത്. അതെന്നും അങ്ങിനെ ആണല്ലോ മേലാളരുടെ ചെയ്തികളുടേ തെറ്റുകൾ ചുമക്കാൻ എന്നും വിധിക്കപ്പെട്ടടുന്നത് കീഴാളരാണല്ലോ. ഞാൻ ചെയ്തതിൽ ഇന്നെനിക്ക് കുറ്റബോധം തോന്നാത്ത പോലെ താൻ ചെയ്തതിൽ മന്ദരാമ്മക്കും കുറ്റബോധം തോന്നിയിരുന്നില്ല. ചെയ്തത് നൂറ് ശതമാനം ഫലപ്രാപ്തിയിൽ എത്താത്തതിൽ അമ്മമാർ എന്ന നിലയിൽ വിഷമമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു.
ആദ്യ ഭാര്യയിൽ ആൺകുട്ടി ഉണ്ടായില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു രണ്ടാംകെട്ടുകാരന്റെ ആലോചന വന്നപ്പോൾ, ആദ്യ ഭാര്യ ഉണ്ടായിട്ടും എന്നെ രണ്ടാം ഭാര്യയാക്കി വിവാഹം ചെയ്തുകൊടുക്കാൻ അച്ഛൻ സമ്മതിച്ചു. ഒരമ്മയുടെ സ്വാർത്ഥതയുടെ ചിറകിന്റെ സുരക്ഷിതത്വം ഇല്ലായ്മ അന്നാണ് ഞാൻ ആദ്യം. മനസ്സിലാക്കിയത്. ഇതറിഞ്ഞു സ്വന്തം മകളെപ്പോലെ നോക്കി വളർത്തുന്ന മന്ദരാമ്മയുടെ കണ്ണുകൾ അന്ന് നിറഞ്ഞത്, ഞാൻ ഒരു സപത്നി ആകാൻ പോകുന്നതോർത്താക്കണം
യുദ്ധത്തിനിടയിൽ തേരാളിയായി ഭർത്താവിനെ സഹായിച്ചതും, അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചതും, സന്തുഷ്ടനായ അദ്ദേഹം വരം തന്നതും, പിന്നെ എൻ്റെ മകൻ ഭരതനെ രാജാവാകണമെന്നും, മൂത്തവനായ രാമനെ പതിനാല്. വർഷം. വനവാസത്തിനായക്കണം എന്ന് വരം ആവശ്യപ്പെട്ടതും, അദ്ദേഹം. അത് സമ്മതിച്ചു വ്യസനത്താൽ ഹൃദയം. പൊട്ടി മരിച്ചതുമെല്ലാം അറിയാത്തവരും, പറയാത്തവരും ആയി ഈ അയോദ്ധ്യയിൽ ആരും ഉണ്ടാകുകയില്ല.
മൂന്ന് ഭാര്യമാരിൽ ഏറ്റവും പ്രിയ, എന്നേക്കാൾ ഇളയവളായ സുമിത്രയെ വേട്ടിട്ടും കൂടുതൽ സമയം. അദ്ദേഹം എന്നോടൊപ്പം, അങ്ങിനെയുള്ള എനിക്ക് ആ സമയത്ത് വേറെ എന്തു വരം വേണം. അതാണ് എന്തു വേണമെങ്കിൽ ആവശ്യപ്പെട്ടോളൂ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഇപ്പോൾ ഒന്നും വേണ്ട, പിന്നീടാകാം എന്ന് പറഞ്ഞത്. അല്ലാതെ ഭാവിയിൽ ഇങ്ങനെ ഒരു ആവശ്യം വരും എന്ന് വെച്ചിട്ടല്ല. അല്ലെങ്കിലും വയർ നിറഞ്ഞിരിക്കുമ്പോൾ ആരെങ്കിലും വീണ്ടും ഭക്ഷണത്തിന് ആഗ്രഹിക്കുമോ? വിശക്കുമ്പോൾ അല്ലേ ഭക്ഷണം വേണ്ടത്? ആ നേരത്ത് ചോദിച്ചു വാങ്ങിക്കുക തന്നെ വേണം. അതല്ലേ ഞാൻ ചെയ്തുള്ളു.
പക്ഷെ കൈകേയിയെ അളവറ്റ പുത്രസ്നേഹമുള്ള അമ്മ എന്നതിനേക്കാൾ രാമാനോട് ദുഷ്ടത പ്രവർത്തിച്ച നികൃഷ്ട എന്നായിരിക്കും നാളെ ചരിത്രം എഴുതാൻ പോകുന്നത്. ദുഷ്ട വേഷങ്ങളുടെ നിറമായ കറുപ്പിൽ തന്നെയായിരിക്കും എന്നെ വരയ്ക്കാൻ പോകുന്നത്. എന്നെ അളവറ്റ് സ്നേഹിച്ച എൻ്റെ മന്ദരാമ്മയുടെയും വിധി അത് തന്നെ ആയിരിക്കും. രാജ്ഞിയായ എന്നെ വെള്ളപൂശാൻ, ദാസിയായ മന്ദരയെ കൂടുതൽ കറുപ്പ് ചേർത്ത് അവർ വരയ്ക്കും തീർച്ച.
ഇപ്പോൾ മരിച്ചാലും എനിക്ക് വിഷമമില്ല.
എന്റെ സീമന്ത രേഖയിലെ സിന്ദൂരം മായ്ച്ചിട്ടാണെങ്കിലും ഞാൻ നേടി കൊടുത്ത രാജ്യാവകാശം ഏക പുത്രൻ ഭരതൻ നിഷേധിച്ചു എങ്കിലും, സ്വന്തം മകൻ എത്രത്തോളം ഉയരത്തിൽ എത്തണമെന്ന് ഞാൻ ആഗ്രഹിച്ചുവോ, ഏതൊരു ജീവിതം അവന് വേണമെന്ന് ഞാൻ ആഗ്രഹിച്ചുവോ, ആ ജീവിതം അവന്റെ കൈകുമ്പിളിൽ വെച്ചു കൊടുത്തതാണ് ഞാൻ.
അവന്റെ അവഗണനയൊഴിച്ചാൽ വേറൊന്നിലും ഈ കൈകേയിക്ക് കുറ്റബോധമോ പശ്ചാത്താപമോ ഇല്ല.