വേനലവധികളിൽ പാട വരമ്പിലൂടോടി,
പാടത്തു മറിഞ്ഞു വീണു
പെറ്റിക്കോട്ടു നിറയെ ചെളിയുമായി
ഓടി വരുമ്പോഴും,കൈയ്യിലൊരു പിടി
മഷിത്തണ്ടുകളവൾ കൂട്ടിപ്പിടിച്ചിരുന്നു.
സ്ലേറ്റിൽ എഴുതിയും മഷിത്തണ്ടാൽ മായ്ച്ചും
പിന്നെയും എഴുതിയും കൂട്ടുകാരിയോടൊപ്പം
കളിക്കുമ്പോൾ,സൗഹൃദത്തിനു മഷിത്തണ്ടിൻ
തെളിമയായിരുന്നു.
പിന്നൊരു വേനലവധിയിൽ മുല്ലപ്പൂവും
നന്ദ്യാർ വട്ടവുമിറുത്ത് വാഴയിലയിൽ
പൊതിഞ്ഞ് കുട്ടിക്കൂട്ടങ്ങളോടൊപ്പം
വീട്ടിലേക്കു വന്നപ്പോൾ,
പെറ്റിക്കോട്ടിലിറ്റിയ ചോരക്കറ കണ്ട്
അമ്മയാണു പറഞ്ഞത്,
മോളു, വലിയ കുട്ടിയായീന്ന്.
അന്ന് അമ്മയുടെ കണ്ണിൽ കണ്ടത്
സന്തോഷമാണോ, പേടിയാണോ
ആവോ,ഒന്നുമറിയില്ല.
ആരോടും കൂട്ടുകൂടാതെ
ഇരുത്തിയ പന്ത്രണ്ടു ദിനങ്ങൾ,
മരം കയറി പെണ്ണിന് തടവറയായിരുന്നു അത്.
പക്ഷേ പന്ത്രണ്ടാം ദിനം സ്വർണ്ണവും പട്ടു പാവാടയുമായി
ബന്ധുക്കളെത്തിയപ്പോൾ സന്തോഷമായി.
തലയിലൂടെ തീർത്ഥം കമിഴ്ത്തി ശുദ്ധിയാക്കിയതാണത്രേ.
പിന്നെയുമെത്ര അശുദ്ധികൾ വന്നു പോയി.
മുതിർന്നപ്പോഴവൾക്കു മനസ്സിലായി,
തീണ്ടാരിപ്പുരയിൽ മാറ്റിയിരുത്തപ്പെടേണ്ട,
അശുദ്ധിയായിരുന്നില്ലെന്ന്,
വേദന നിറഞ്ഞ ദിവസങ്ങളാണെന്നാകിലും,
അതൊരു സാധാരണ ശാരീരിക പ്രക്രിയയാണെന്ന്.
2 Comments
👌👌🔥 കലക്കി
സന്തോഷം ❤️❤️