റജായി തുന്നുന്നവർ
**********************
പഞ്ചാബിലെ അമൃത്സറിൽ ജോലിയുടെ ട്രെയിനിംഗിന്റെ ഭാഗമായി കുറച്ചു മാസങ്ങൾ താമസിച്ചിട്ടുണ്ട്. മനോഹരമായ ഭൂപ്രകൃതിയും ആതിഥ്യ മര്യാദ കൂടുതലുള്ള ആളുകളും സുവർണ്ണ ക്ഷേത്രവുമെല്ലാം അവിടുത്തെ പ്രത്യേകതകളായിരുന്നു. തണുപ്പുകാലം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു നാളത്തേക്കാണെങ്കിലും തണുപ്പിനാവശ്യമായ വസ്തുക്കളില്ലാതെ അവിടെ പിടിച്ചു നിൽക്കാനും കഴിയില്ല. അങ്ങനെയാണ് താരതമ്യേന വിലകുറഞ്ഞ റജായിയും തലയിണയുമൊക്കെ തയ്ച്ചു നൽകുന്ന ഒരു കടയിലെത്തിയത്.
മാർക്കറ്റ് റോഡിന്റെ തുടക്കത്തിലായി അടുത്തടുത്തായി കെട്ടിയിരിക്കുന്ന ഷെഡ്ഡുകൾ, അതിലൊന്നിലാണ് നാലഞ്ചു പേർ ഒരുമിച്ചിരുന്ന് റജായി തുന്നുന്നത്. ചിലർ പഞ്ഞി പിരിച്ചെടുക്കുന്നു.രണ്ടു മൂന്നു പേർ ചേർന്ന് വലിയൊരു റജായി തുന്നിയെടുക്കുന്ന തിരക്കിലാണ്.ഓർഡർ കൊടുത്തു മടങ്ങി.അടുത്ത ദിവസം അതു വാങ്ങാൻ പോയപ്പോൾ കണ്ടു, ഒരു കൊച്ചു സുന്ദരിയെ.മൂന്നു നാലു വയസ്സു വരും. വെള്ളാരം കണ്ണുകളും മുഷിഞ്ഞു നിറം മങ്ങിയ ഉടുപ്പുമിട്ട്, നിലത്തിരുന്ന് നിലക്കടല തോടു പൊളിച്ചു കഴിക്കുന്നതിൽ വ്യാപൃതയായിരിക്കുന്നു.അടുത്തേക്ക് ചെന്ന് താടിയിൽ ഒന്നു തൊട്ടുകൊണ്ടു ചോദിച്ചു..
“തുംഹാര നാം ക്യാ ഹേ” ?
“യേ ഹമാരാ പംഖുഡി ഹേ”.
തൊട്ടടുത്തിരുന്ന അമ്മയാണ് അത്രയേറെ വാത്സല്യത്തോടെ മറുപടി പറഞ്ഞത്.
പംഖുഡി (പൂവിതൾ) മനോഹരമായ പേര്.
പഞ്ചാബി കൂട്ടുകാരൻ കുൽദീപ് സിംഗിന്റെയൊപ്പം ഇലക്ട്രിക് റിക്ഷയിൽ തിരികെ പോകവേ, അവനാണ് പറഞ്ഞത് ആ കുഞ്ഞും അമ്മയും അവന്റെ വീടിനടുത്താണ് താമസമെന്ന്. ആ കുഞ്ഞിന്റെ അച്ഛൻ ഒരു വർഷം മുമ്പ് മരിച്ചു പോയി.അമ്മ റജായി തുന്നുന്നതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് അവരുടെ ജീവിതം.
പല സ്ഥലങ്ങളിൽ താമസിക്കുന്ന നാലഞ്ചു പേർ ഒരുമിച്ച് ഒരു കുഞ്ഞു ഷെഡ്ഡിലിരുന്ന് ജോലി ചെയ്തു കിട്ടുന്ന വരുമാനം പിണക്കങ്ങളും വഴക്കുമൊന്നുമില്ലാതെ കൃത്യമായി പങ്കു വച്ചെടുക്കുന്നതിനെ കുറിച്ച് അവൻ പറഞ്ഞു.
കുറച്ചു മുന്നോട്ടു യാത്ര ചെയ്തപ്പോൾ, ചുമരിൽ കെട്ടിയുണ്ടാക്കിയ ഒരു അലമാരിയിൽ കുറേ വസ്ത്രങ്ങൾ ഇരിക്കുന്നതു കണ്ട് കാര്യം തിരക്കിയപ്പോൾ, അവൻ പറഞ്ഞതു കേട്ട് വളരെ സന്തോഷം തോന്നി.
“Wall of kindness അഥവാ ദയയുടെ ചുമർ”. അതിൽ നമുക്കു പാകമാകാത്ത വസ്ത്രങ്ങളോ, വേണ്ടാത്ത പുതപ്പുകളോ ഒക്കെ കൊണ്ടു വയ്ക്കാം. ആവശ്യമുള്ളവർക്ക് അതിൽ നിന്നും എടുത്ത് ഉപയോഗിക്കാം. അത്യാവശ്യക്കാർക്ക് എത്ര ഉപകാരപ്രദമായ കാര്യമാണത്. പംഖുഡിയുടെ അമ്മയും അതിൽ നിന്നും മകൾക്കായി വസ്ത്രങ്ങൾ എടുക്കാറുണ്ടെന്നും അവൻ കൂട്ടിച്ചേർത്തു. എത്ര മനോഹരമായ ആശയമാണതെന്ന് അറിയാതെ മനസ്സിലോർത്തു.
ഗുരുദ്വാരകളിൽ നിന്നും ഭക്ഷണവും വെള്ളവും നൽകാറുണ്ട്.സുവർണ്ണക്ഷേത്രത്തിലെ “ലങ്കർ” എന്ന പേരിൽ അറിയപ്പെടുന്ന ഭക്ഷണ വിതരണം വലിപ്പച്ചെറുപ്പങ്ങളില്ലാതെ എല്ലാവരും തറയിലിരുന്ന് ആസ്വദിച്ചു കഴിക്കുന്ന കാഴ്ച കണ്ട് മനസ്സു കുളിർന്നു. ഒരു പരിചയവുമില്ലാത്ത അനേകം ആളുകൾ, ഒരു വഴിപാടു പോലെ അവിടുത്തെ ജോലികളിൽ സ്വയം വ്യാപൃതരാവുന്നു.ആ ഒത്തൊരുമ കണ്ടു പഠിക്കേണ്ട പാഠം തന്നെയായിരുന്നു എനിക്ക്.
“സാഗ്, ആലൂ, മട്ടർ, പ്യാജ്”….പച്ചക്കറികളുടെ പേരുകൾ ഉച്ചത്തിൽ വിളിച്ചു പറയുന്ന കച്ചവടക്കാർ.
കൂട്ടം കൂട്ടമായി പറന്നു പോകുന്ന പ്രാവുകളും തത്തകളും മനോഹരമായ കാഴ്ചയാകുമ്പോൾ, വൃത്തിഹീനമായ റോഡരികുകളാണ് അവിടെ കണ്ടതിൽ മോശമായതായി തോന്നിയത്. പോകപ്പോകെ കഠിനമായ തണുപ്പുകാരണം കാലുകൾ വിങ്ങി വീർക്കാൻ തുടങ്ങി. മധുരമുള്ളങ്കി വെള്ളത്തിലിട്ടു തിളപ്പിച്ച്, പാകമുള്ള ചൂടിൽ അതിൽ കാലുകൾ മുക്കി വച്ച് ഇരിക്കുന്നത് മരുന്നിന്റെ ഫലം ചെയ്യുമെന്ന് പംഖുഡിയുടെ അമ്മയാണ് പറഞ്ഞു തന്നത്.
ഇടുങ്ങിയ ഗലികൾക്കു (തെരുവുകൾ) മുന്നലൂടെ സൈക്കിളിൽ പിന്നെയും യാത്രകൾ. ആ യാത്രകളിലൊക്കെ പംഖുഡിയുടെ കടയുടെ മുന്നിൽ സൈക്കിൾ നിർത്തി കുഞ്ഞിനോടു കുശലം ചോദിക്കും. ചിലപ്പോൾ കുഞ്ഞിനായി മിഠായികൾ കരുതും.
കുറച്ചു നാളുകൾ കഴിഞ്ഞ് ഒരു ദിവസം അതുവഴി വന്നപ്പോൾ ഷെഡ് ടാർപോളിൻ കൊണ്ടു മറച്ചിട്ടുണ്ട്.സമീപത്ത് അവരെ ആരെയും കണ്ടില്ല.അന്ന് എന്തോ വല്ലായ്മ തോന്നി.
പിറ്റേന്ന് ഓഫീസിലെത്തിയപ്പോൾ കുൽദീപ് എല്ലാവരോടും കാശു പിരിക്കുന്നതു കണ്ടാണ് കാര്യം അന്വേഷിച്ചത്.
രണ്ടു മൂന്നു ദിവസം മുമ്പ് പംഖുഡിയുടെ അമ്മ കുട്ടിയുമായി വരവേ, ഒരു ട്രക്കു വരുന്നതു കണ്ട് റോഡിന്റെ അരുകിലേക്ക് ഒതുങ്ങിയപ്പോൾ സമീപത്തെ ഓടയിലേക്ക് കാലുതെന്നി വീണു. കാലിന് ഗുരുതരമായി പരിക്കുപറ്റിയ അവർക്ക് ഒരു സർജറി വേണം. അവരുടെ കൂടെയുള്ളവർ ഒരു തുക സ്വരൂപീച്ചെങ്കിലും അതു തികയുമായിരുന്നില്ല. അങ്ങനെയാണ് അവരുടെ സുഹൃത്തുക്കൾ അയൽവാസിയായ കുൽദീപിന്റെ അടുത്തെത്തിയത്. ബാക്കി തുക സംഘടിപ്പിച്ചു കൊടുക്കാൻ കഴിയുമോന്നു ചോദിച്ച്.
ഓഫീസിലുള്ളവർ കഴിയുന്നതും വേഗം ആ കാശു പിരിച്ചു നൽകി.എത്രയും വേഗം അവരുടെ സർജറിയും കഴിഞ്ഞു.
കുൽദീപിനൊപ്പം ആശുപത്രിയിൽ പോയി കുഞ്ഞിനേയും അമ്മയേയും കണ്ടു. പംഖുടിക്കു കൂട്ടായി, ആകെയുള്ള വരുമാനമാർഗ്ഗമായ കട പോലും അടച്ചിട്ട് കാവലിരിക്കുന്നവർ. കുഞ്ഞിനും അമ്മയ്ക്കും വീട്ടിൽ നിന്നും ഭക്ഷണം പാകം ചെയ്തു കൊണ്ടു വന്ന്, ആ ഭക്ഷണം അവരെ ഊട്ടുന്ന സ്നേഹ നിർഭരരായ കൂട്ടുകാർ. സ്വന്തം ഇല്ലായ്മ കൾക്കിടയിലും, അവർ ആശുപത്രി വിടുന്ന വരെ കൂട്ടായി നിന്ന ആ സൗഹൃദങ്ങളെ കണ്ടപ്പോഴാണ് നാട്ടിൽ പറയാറുള്ള “ഒരുമ തന്നെ പെരുമ” എന്ന പഴഞ്ചൊല്ല് ഇവരുടെ കാര്യത്തിൽ എത്ര അന്വർഥമാണെന്ന് ഓർത്തു പോയത്.
അവരുടെ കാലു ശരിയായി അവർ വരുന്നതു വരെ ആ കൂട്ടുകാർ അവർക്കു തണലായി നിന്നുട്ടുണ്ടാവാം.
ഏതായാലും അപ്പോഴേക്കും എനിക്ക് ട്രെയിനിംഗ് പൂർത്തിയാക്കി പോരേണ്ട സമയമായിരുന്നു. കുറേ മനുഷ്യരേയും ഏറെ നന്മയുള്ള ചില മനസ്സുകളും കണ്ട് സന്തോഷത്തോടെ ഞാൻ നാട്ടിലേക്ക് മടങ്ങി.
വർഷങ്ങൾക്കിപ്പുറം, ഫോൺ സംഭാഷണങ്ങൾക്കിടയിൽ, അവരവരുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കിട്ട് റജായി തുന്നുന്നവരുടെ വിശേഷങ്ങൾ കുൽദീപിനോട് ചോദിക്കാറുണ്ട്. എന്നെങ്കിലും അവിടേക്ക് പോയി പംഖുഡിയെ കാണണമെന്ന് വെറുതെ ആഗ്രഹിക്കാറുണ്ട്.
സരിത സുനിൽ ✍️
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ