വർഷം 2035.
കാല് മണ്ണിൽ തൊട്ടപ്പോൾ ഗ്രീൻ ആംസ്ട്രോങ്ങ് ധൃതംഗപുളകിതനായി. അപ്പൂപ്പൻ കാലും കൊടിയും കുത്തിയ മണ്ണിൽ താൻ കാലു കുത്തുന്നു. അതോർത്തപ്പോൾ രോമങ്ങൾ വിജൃംഭിച്ച് മഞ്ജീരശിഞ്ജിതം പൊഴിച്ചു. “മൂസ”യിലെ ജഗതിയെപ്പോലെ സായിപ്പ് ഒരു പിടി മണ്ണ് വാരി നെഞ്ചോട് ചേർത്തു. പെട്ടെന്ന് അപ്പൂപ്പൻ നാട്ടിയ കൊടി അയാൾക്ക് ഓർമ്മ വന്നു. നോക്കിയപ്പോൾ കമ്പ് മാത്രമേ ഉള്ളൂ. അതിൻ്റെ മുകളിൽ ഒരു കാക്കയിരിക്കുന്നു!. ‘ഇവനിവിടേം വന്നോ’- സായിപ്പ് അന്തിച്ചു നിന്നു.
“ക്രാ, ക്രാ, ക്രീ, ക്രീ….”
ആംസ്ട്രോങ്ങ് തിരിഞ്ഞു നോക്കി. ദൂരത്തൊരു ബട്ടക്ക്. ആംസ്ട്രോങ്ങ് അങ്ങോട്ടു നടന്നു.ഒരാൾ ലിവർ വലിച്ച് കുഴൽകിണറിൽ നിന്ന് വെള്ളമെടുക്കുകയാണ്. അതിൻ്റെ ശബ്ദമായിരുന്നു “ക്രാ, ക്രാ, ക്രീ, ക്രീ”
ആംസ്ട്രോങ്ങ് മുരടനക്കി. അയാൾ തിരിഞ്ഞു നോക്കി.
“ങ്ങള് ആരാ, ഹൂ ആർ യൂ?”
“ഞാൻ ഗ്രീൻ ആംസ്ട്രോങ്ങ്. നീൽ ആംസ്ട്രോങ്ങിൻ്റെ…”
“അള്ളാ. പഷ്ടായിട്ട് മലയാളം പറയുന്നല്ലോ. സായിപ്പേ ങ്ങള് കൊള്ളാം പഹയാ.”
“എനിക്ക് നന്നായി മലയാളം അറിയാം. എൻ്റെ വൈഫ് മലയാളിയാ.”
“അപ്പം ങ്ങള് കേരളത്തിന്നാ കെട്ടീത്?”
“അല്ല. മല്ലൂസു മുഴുവൻ ഇപ്പം അമേരിക്കേലല്ലേ. കേരളം പൂട്ടി.”
“അങ്ങനേം സംഭവിച്ചോ?”
“പിന്നല്ലാണ്ട്. അവൻമാരുടെ ശല്യം കാരണം അമേരിക്കക്കാര് ഇപ്പം നാടുവിടുവാ. ആട്ടെ, നിങ്ങളുടെ പേരെന്താ?”
“മാമു.”
“നിങ്ങള് ഇവിടെങ്ങനെ വന്നുപെട്ട്?”
“അദൊരു കഥയാ പഹയാ. പറയാം. ങ്ങള് വരീൻ.”
മാമു ബക്കറ്റുമെടുത്ത് സായിപ്പിനെയും കൂട്ടി നടന്നു. പോകുന്ന വഴിയിൽ അമേരിക്കൻ കൊടി അഴയിൽ കിടക്കുന്നതു കണ്ട് സായിപ്പു ചോദിച്ചു:
“ഇതെന്താ, ഇവിടെ?”
“ഞമ്മള് കുളിക്കുമ്പോ ഇതാ ഉടുക്കുന്നത്.”, മാമു പല്ലു കാട്ടിച്ചിരിച്ചു. സായിപ്പിന് സംഗതി ഇഷ്ടപ്പെട്ടില്ലെങ്കിലും മിണ്ടിയില്ല.
വീടും കടയും ചേർന്നതായിരുന്നു മാമുവിൻ്റെ ചായക്കട.
”ഒരു പഴംപൊരീം ചായേം എടുക്കട്ടെ?”, കടയിലെത്തിയ ഉടനെ മാമു ചോദിച്ചു.
“പഴംപൊരി വേണം. ചായയ്ക്ക് പകരം മറ്റേ സാധനം മതി.” – സായിപ്പ്.
“അദെന്ത് സാനം?”- മാമു.
“ഓ പേര് കിട്ടുന്നില്ല. മറ്റേ, ബ്രൗൺ നിറമുള്ള…l”
“അയ് ശരി. ഹാഫ് ബോട്ടിൽ യാ ഫുൾ ബോട്ടിൽ?”
“അതല്ല. പാല് ചേർക്കാതെ, തേയില മാത്രം… ”
“അള്ളാ മ്മടെ സുലൈമാനി. ങ്ങളിരിക്കീ. ഇപ്പത്തരാം.”
“മാമുവിൻ്റെ കഥ പറഞ്ഞില്ല.”, പഴംപൊരി കഴിക്കുന്നതിനിടയിൽ സായിപ്പ് ഓർമ്മിപ്പിച്ചു.
“അദൊരു കഥയാണ് സായിപ്പേ. “, മാമു പറഞ്ഞു തുടങ്ങി”: “അങ്ങ് മോളിലോട്ട് പോയപ്പോ ഞമ്മള് കരുതി നല്ല ഹാലായിരിക്കുംന്ന്. എബ്ടെ?”
“മോളിലോ?”
“സുബർക്കത്തിലേ. അബ്ടേം ഹലാക്കിൻ്റെ അവിലും കഞ്ഞീം ആണെന്നേ. കൊറെ ഒണ്ടല്ലോ അബ്ടെ. ഇന്നച്ചൻ, ഫിലോമിന, മാള, പപ്പു, കല്പന – അങ്ങനങ്ങനെ എല്ലാം കൂടെ പൂരമാണ് ”
“കൊള്ളാം.”
“തിക്കുറിശ്ശി എന്നൊരു പഹേനുണ്ട്. എപ്പഴും പാരഡിപ്പാട്ടാ. അദ് കാരണം ഒടേമ്പരാൻ വരെ ചെവീ വിരലുമിട്ട് മുറി അടച്ചിരിപ്പല്യോ.”
“ആള് കൊള്ളാലോ.”
“കൊള്ളാം ന്നോ. ജോസച്ചായൻ അതിലും കോമഡിയാ.”
“ജോസച്ചായനോ? അതാര്?”
“അള്ളാ,മ്മടെ ജോസ്പ്രകാശ്. കൊള്ള സങ്കേതം ഉണ്ടാക്കണംന്ന് പറഞ്ഞ് മൂപ്പര് നിരാഹാരം കെടന്ന്. അതു കണ്ടപ്പോ ജയൻ സാറിന് കുതിരേം എണ്ണേം വേണംന്നായി. പിന്നെ നസീറ് സാറിടപെട്ടാ എല്ലാം സബൂറാക്കീത്.”
“അതു ശരി”
“ഞാനബ്ടെ നിന്നേനെ. കീലേരി അച്ചു എന്ന വിളി കേട്ട് മടുത്തപ്പോഴാ അബ്ടുന്ന് ഉരുവിക്കേറി ഇവിടോട്ട് ചാടീത്. ”
സായിപ്പ് സുലൈമാനി മൊത്തിക്കുടിച്ചു കൊണ്ടു ചോദിച്ചു:
“ഇവിടെ ആളുകള് വരാറുണ്ടോ?”
“പിന്നേ, റഷ്യക്കാരാ കൂടുതൽ. ഹണിമൂൺ ട്രിപ്പാണ്. പിന്നെ ക്യാമറേം തൂക്കി ഒരു പഹേൻ ഇടയ്ക്ക് വരും. മ്മടെ സഞ്ചാരം കുളങ്ങര.”
“ദൂരെ എന്തോ ബഹളം കേൾക്കുന്നല്ലോ “, സായിപ്പ് ചെവി വട്ടം പിടിച്ചു ശബ്ദം വന്നിടത്തേക്ക് നോക്കി.
“ഒന്നു പറേണ്ട സായിപ്പേ. ഇന്ത്യേന്ന് ഒരു ഒരുത്തനും കൂട്ടരും വന്ന് സ്ഥലം വളഞ്ഞു പിടിച്ച് ഓരുടെ മതരാജ്യം ഒണ്ടാക്കീട്ടുണ്ട്. അവരുടെ ബഹളമാ.”
“അതിനടുത്ത് വേറെ കുറെ സ്ഥലം വേലി കെട്ടി വച്ചിരിക്കുന്നല്ലോ. അതെന്തിനാ?”
“അദ് മറ്റേ കൂട്ടരുടെ മതരാജ്യം. ഒടനെ ആളൊള് എത്തുംന്നാ കേട്ടത്. പിന്നേം വരാനുണ്ട് വേറെ പഹേമ്മാര് രാജ്യമൊണ്ടാക്കാൻ.”
മാമു തലയിൽ കൈവച്ചു.: ”ഇനിയിപ്പം തമ്മിലടീം തല്ലും പിടീം ആകെ എടങ്ങേറ് തന്നെ. സമാധാനം കിട്ടണേ ഇവിടുന്നിനി വല്ല ചൊവ്വേലും പോവേണ്ടി വരും.”
മാമു കരഞ്ഞുകൊണ്ടു ചിരിച്ചു. അതു കണ്ട് ആംസ്ട്രോങ്ങ് താടിക്ക് കൈയും കൊടുത്തിരുന്നു. ഇനിയിങ്ങോട്ട് ഒരു വരവുണ്ടാവില്ല നീലൻ അപ്പൂപ്പാ – സായിപ്പ് സ്വയം പറഞ്ഞു.
2 Comments
🤣🤣🤣🤣
മനോഹരം. ഇന്നിന്റെ കാഴ്ചകളെ ആക്ഷേപഹാസ്യത്തിലൂടെ നന്നായി അവതരിപ്പിച്ചു…