ഓർമ വെക്കുന്ന കാലം തൊട്ട് മധുരമനോഹരമോഹങ്ങൾ മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. എന്നേ അവസാനിച്ചു പോകേണ്ടിയിരുന്ന പല ജീവനുകളും ഇന്നും ഈ ഭൂമിയിൽ നില നിൽക്കുന്നത് എന്തെങ്കിലുമൊക്കെ മോഹങ്ങൾ അവരുടെ ഉള്ളിൽ ബാക്കി കിടക്കുന്നത് കൊണ്ട് മാത്രമാണ്.
മാതാപിതാക്കൾ ജോലിക്കാർ ആയിരുന്നത് കൊണ്ട് വളർന്നത് ആയകളുടേ കൂടെ ആയിരുന്നു. അടുത്ത വീട്ടിലെ കുട്ടികൾക്ക് അമ്മ എപ്പോഴും അടുത്തുണ്ടാകും. നാല് മണി പലഹാരങ്ങൾ ഉണ്ടാക്കും. ഞങ്ങൾക്കും ഇഷ്ടം പോലെ ബേക്കറി സാധനങ്ങൾ വാങ്ങി വെച്ചിരിക്കും. എങ്കിലും ജോലിയില്ലാത്ത അമ്മ ആയിരുന്നു എങ്കിൽ എന്ന് ഒരുപാട് മോഹിച്ചിട്ടുണ്ട് വളരെ ചെറുപ്പത്തിൽ.
ഡാഡി ഇഷ്ടമുള്ളതെല്ലാം വാങ്ങി തരും. ഓഫീസ് ആവശ്യങ്ങൾക്കായി തിരുവനന്തപുരം പോയപ്പോൾ ഒരു കുട്ടി മുട്ട് വരെ കെട്ടുകൾ ഉള്ള ഒരു ചെരുപ്പ് ഇട്ട് കണ്ടു. മിഡി ഇടുന്നതാണ് ഡാഡിക്ക് ഇഷ്ടം. അതിന്റെ കൂടെ അത് ഭംഗി ഉണ്ടാകും എന്ന് കരുതി എനിക്ക് വേണ്ടി അത് അന്വേഷിച്ച് കുറെ നടന്നു അന്ന്. അതായിരുന്നു ഡാഡി.
പക്ഷേ മറ്റ് കുട്ടികളെ അച്ഛനും അമ്മയും കൊഞ്ചിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്യുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. അത്തരം സ്നേഹപ്രകടനങ്ങൾ ഞങ്ങൾക്ക് കിട്ടിയിട്ടില്ല അത് കൊണ്ടാകാം ഞാൻ എന്റെ കുട്ടികളെയും അങ്ങനെ കൊഞ്ചിച്ചിട്ടില്ല. അതൊക്കെ ഒരു ചമ്മലാണ് എനിക്ക്.
അത് കഴിഞ്ഞ് കൗമാരത്തിലേക്ക് കടന്നപ്പോൾ പഠിച്ചത് പെൺകുട്ടികൾ മാത്രമുള്ള സ്കൂളുകളിൽ ആയിരുന്നു ഡിഗ്രി വരെ. എന്നാലും റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വായ നോക്കി നടക്കുന്ന ചുള്ളന്മാർ ഉണ്ടായിരുന്നു. വീടിന് മുന്നിൽ എത്തുമ്പോൾ ഒന്ന് ബെൽ അടിക്കും. ചിലപ്പോൾ ഒരു നോട്ടം അറിയാത്ത പോലെ നമ്മളും. അതിനും അപ്പുറമുള്ള സൗഹൃദങ്ങൾ ഒന്നും ആ കാലത്ത് ഉണ്ടായിരുന്നില്ല. നന്നായി കണ്ണെഴുതി പൊട്ട് തൊട്ട് മുല്ലപ്പൂ ഉണ്ടാകുന്ന അവധികാലത്ത് അതെല്ലാം തലയിൽ ചൂടി തൃശൂർ പൂരം എക്സിബിഷൻ കാണാൻ ഇടക്കിടക്ക് ഒരു പോക്കുണ്ട്. കരിമ്പ് ജ്യൂസ് അവിടെ മാത്രം കിട്ടുന്ന ഒന്നായിരുന്നു അന്ന്. കൊല്ലത്തിൽ ഒരിക്കൽ മാത്രം. ഇപ്പോഴും ആ മോഹം അങ്ങനെ തന്നെ ഉള്ളിലുണ്ട്. പക്ഷേ തിരക്കേറിയ ആ സ്ഥലങ്ങൾ ഒന്നും പുതിയ തലമുറ ഇഷ്ടപ്പെടുന്നില്ല. വൃത്തിയില്ലാത്ത കരിമ്പ് ജ്യൂസും അവർക്ക് പിടിക്കില്ല. അത് കൊണ്ട് ആ മോഹം നടക്കാറില്ല പലപ്പോഴും.
കുറച്ചുകൂടി മുതിർന്നപ്പോൾ കൂടെ ഉണ്ടായിരുന്ന പലരും വിവാഹിതർ ആയപ്പോൾ വിവാഹസ്വപ്നങ്ങൾ കാണാൻ തുടങ്ങി. നന്നായി മേക്കപ്പ് ഒക്കെ ചെയ്ത് ആഭരണങ്ങൾ ഒക്കെ ഇട്ട് വിലസുക. അതിനുമപ്പുറം ഇതൊരു പറിച്ചുനടൽ ആണ് എന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. അങ്ങനെ ഡിഗ്രി കഴിഞ്ഞപ്പോൾ ഇപ്പോൾ വേണ്ട വിവാഹം. ജോലി കിട്ടട്ടെ എന്നൊക്കെ തോന്നി തുടങ്ങി. മനസ്സിൽ ആഗ്രഹിച്ച പോലെയുള്ള പല ആളുകളെയും കണ്ട് മുട്ടി. ആ സ്വപ്നങ്ങൾ വിടരുന്നതിന് മുൻപേ വിവാഹം എന്ന വില്ലൻ വന്ന് അതെല്ലാം കരിച്ചുകളഞ്ഞു.എന്നിട്ടും പഠിച്ച് കോളജിൽ ടോപ്പർ ആയി. ഭർത്താവിന്റെ വീട്ടിൽ അതിനൊന്നും ഒരു വിലയും ഉണ്ടായിരുന്നില്ല.
വിചാരിച്ചത് പോലെ അല്ല വിവാഹജീവിതം എന്ന് തിരിച്ചറിഞ്ഞപ്പോൾ എന്റെ സ്വപ്നം ആയിരുന്ന ഐ എ എസ് എന്നതിനയുള്ള ശ്രമം തുടങ്ങി. പഠിച്ചു.
അപേക്ഷ ഡാഡി പൂരിപ്പിച്ചു. അയച്ചു. പ്രിലിമിനറി ഹാൾ ടിക്കറ്റ് കയ്യിൽ കിട്ടി.
ആ മോഹം എന്നെന്നേക്കുമായി ഉടച്ചുകളഞ്ഞ് അവർ അത് എഴുതിപ്പിച്ചില്ല.
പന്ത്രണ്ട് വർഷത്തോളം ആ കൂട്ടുകുടുംബത്തിൽ വെറും അടുക്കളകാരി ആയി. ഒറ്റക്ക് മാറിയപ്പോൾ ഭർത്താവിന്റെ ബിസിനസിൽ സഹായിച്ചു കുട്ടികളെ വളർത്തി. പഠിപ്പിച്ചു. ലണ്ടനിൽ പഠിപ്പിച്ച മകന്റെ വിവാഹം കഴിഞ്ഞു.അവൻ ജോലി ചെയ്യണം എന്നായിരുന്നു എന്റെ മോഹം.പക്ഷേ അവന്റെ താത്പര്യം ബിസിനസ് ആയിരുന്നു. അങ്ങനെ ദുബായിൽ.
മകളെ ഡോക്ടർ ആക്കണം എന്ന മോഹം നടന്നു. പക്ഷേ ഇനിയും പഠിക്കണമല്ലോ. അങ്ങനെ നടക്കുന്നു.
എനിക്ക് എന്റെ മോഹം എന്ന് പറയാൻ സന്തോഷ് ജോർജ് കുളങ്ങരയെ പോലെ ലോകം മുഴുവനും ചുറ്റി കാണുക എന്നതാണ് അത് നടക്കാത്ത മോഹമാണ് എന്ന് എനിക്കറിയാം. എന്നാലും സ്വപ്നം കാണുമ്പോൾ പഴങ്കഞ്ഞി കാണാതെ പാൽപായസം കാണാലോ. ഇനി ശരിക്കും നടന്നാലോ 🤣. ദുബായ്, തായ്ലൻഡ്, മലേഷ്യ, അസർബായിജാൻ, മാലി ദ്വീപ്തു,ലണ്ടൻ ടങ്ങിയ പുണ്യ സ്ഥലങ്ങൾ ഒക്കെ കണ്ടിട്ടുണ്ട്.ഇനിയും മോഹങ്ങൾ ബാക്കി വെച്ചുകൊണ്ട്….
#മധുരമനോഹരമോഹം