അമ്മ എന്ന വാക്ക് തന്നെ ബുള്ളറ്റ് പ്രൂഫ് പോലെ അല്ലേ. സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു കുഞ്ഞ് എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് അതിന്റെ അമ്മക്കറിയാം. അതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം.
ആരെങ്കിലും ഇഷ്ടമില്ലാത്തത് ചെയ്താലോ പറഞ്ഞാലോ ഞാൻ എന്റെ അമ്മയോട് പറഞ്ഞുകൊടുക്കും എന്നല്ലേ ഒരു കുഞ്ഞ് ആദ്യം പറയുന്നത്. എന്ത് വന്നാലും എന്നെ സംരക്ഷിക്കാൻ എന്റെ അമ്മയുണ്ട്. അതൊരു വിശ്വാസമാണ്. ഉറപ്പാണ്.
അമ്മ ജീവിച്ചിരിക്കുന്ന കാലത്തോളം മക്കൾ അമ്മയോട് പരാതി പറയും. വിഷമങ്ങൾ പങ്ക് വെക്കും. അതിന് മക്കൾ ആഗ്രഹിക്കുന്ന പോലെയുള്ള മറുപടികൾ അമ്മമാർ കൊടുക്കും. അതവരെ ആശ്വസിപ്പിക്കും. അവനെ നമുക്ക് തല്ലാട്ടോ. എന്ന് അമ്മ പറഞ്ഞാൽ കുഞ്ഞിന് സന്തോഷമായി. എനിക്കെന്ത് വന്നാലും എന്റെ അമ്മയുണ്ടല്ലോ. അതൊരു കരുത്തല്ലേ.
പക്ഷേ ചിലപ്പോഴൊക്കെ ഈ കരുതൽ ഓവർ ആയി പോകാറുമുണ്ട്. സ്കൂളിൽ കുട്ടികളെ ശിക്ഷിച്ചാൽ അത് ചോദിക്കാൻ ചെല്ലുന്ന അമ്മമാർ ഉണ്ട്. എത്രയോ കൊല്ലം പരിചയമുള്ള അധ്യാപകർക്കറിയാം കുട്ടികളെ എത്രത്തോളം ശിക്ഷിക്കണം എന്ന്. അതിൽ ഇടപെടുമ്പോൾ അവതാളത്തിൽ ആകുന്നത് സ്വന്തം കുഞ്ഞുങ്ങളുടെ ഭാവിയാണ് എന്നോർക്കണം.
പിന്നെ കുഞ്ഞുങ്ങൾക്കി ടയിൽ മത്സരബുദ്ധി വളർത്തുന്നതിലും ആധുനികഅമ്മമാർ വലിയ പങ്ക് വഹിക്കുന്നുണ്ട്.അവനെക്കാളും മാർക്ക് വേണം,അവളെക്കാളും ഭംഗിയാകണം അങ്ങനെയുള്ള താരതമ്യപ്പെടുത്തലുകൾ. സ്കൂൾ മീറ്റിംഗുകളിൽ കണ്ട് മുട്ടുമ്പോൾ ഉള്ള തള്ളലുകൾ. ഇതിലും അമ്മമാർ കാര്യമായി പങ്കെടുക്കുന്നു.
വിവാഹശേഷം മക്കളുടെ വിവാഹജീവിതം സുരക്ഷിതവും അസുരക്ഷിതവും ആക്കുന്നതിൽ അമ്മമാരുടെ പേരാണ് ആദ്യം കേൾക്കാറുള്ളത് പലപ്പോഴും.
ഭർത്താവിന്റെ വീട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളും പെരുപ്പിച്ചും അല്ലാതെയും അമ്മമാരോട് പറയുമ്പോൾ അവർ അതിൽ എണ്ണ ഒഴിച്ച് കൂടുതൽ സങ്കീർണ്ണമാക്കാറുണ്ട് പലപ്പോഴും.
പല വിവാഹമോചനങ്ങളുടെയും പിന്നിൽ അമ്മമാർ ആണ് കാരണം എന്ന് പറയാതെ വയ്യ.
സ്വന്തം മക്കളോടുള്ള ഇഷ്ടം കൂടി കൂടി രണ്ട് പേരുടെയും തെറ്റുകൾ മറച്ചുപിടിച്ച് സംര ക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ചെറിയ പിണക്കങ്ങൾ ഒരിക്കലും പരിഹരിക്കാൻ പറ്റാത്തവ ആയി തീരുന്നു.
ചെറിയ ചെറിയ പ്രശ്നങ്ങളും വലിയ പ്രശ്നങ്ങളും പണ്ടും ഉണ്ടായിരുന്നു. അന്നൊക്കെ കുറച്ചൊക്കെ ക്ഷമിക്ക്, കേട്ടില്ല എന്ന് നടിക്കൂ. എന്നൊക്കെയുള്ള ഉപദേശങ്ങൾ ആണ് അമ്മമാരിൽ നിന്നും കിട്ടാറുള്ളത്. അത് കൊണ്ട് തന്നെ ഓടി വീട്ടിലേക്ക് പോയിട്ട് കാര്യമില്ല എന്ന് മക്കൾക്കും അറിയാം. പരസ്പരം ക്ഷമിച്ചും പൊറുത്തും കുറച്ചൊക്കെ പിടിച്ചു നിൽക്കാൻ നോക്കിയിരുന്നു അന്നൊക്കെ. എന്ന് വെച്ച് ഭർത്താവും വീട്ടുകാരും എന്ത് തെറ്റ് ചെയ്താലും കുലസ്ത്രീ ഇമേജ് ഇട്ട് ക്ഷമിക്കണം എന്നല്ല.. ചില ചെറിയ വിട്ടുവീഴ്ചകൾ ചെയ്ത് നോക്കാം. ക്ഷമിക്കാൻ പറ്റാത്തവ ഉണ്ടെങ്കിൽ വേണ്ടെന്ന് വെക്കുക.
കുറേ നാൾ ഭാര്യയും ഭർത്താവും ഒരുമിച്ച് നിൽക്കുമ്പോൾ തന്നെ ഒരു മടുപ്പ് വരും. കുറച്ചുനാൾ അമ്മയുടെ കൂടെ പോയി നിൽക്കുക. മനസ്സിനെ ശാന്തമാക്കുക. വലിയ മാറ്റം കാണാൻ സാധിക്കും തിരിച്ചുവരുമ്പോൾ അമ്മമാർ ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി തരും, തലയിൽ എണ്ണ തേച്ചു മസാജ് ചെയ്ത് തരും. കുട്ടി കുട്ടി ഷോപ്പിംഗുകൾ നടത്തും. പഴയ അയൽക്കാരെ കാണും, പല ബന്ധുവീടുകളിലും പോകും. അതൊക്കെ ഒരു റെജുനവഷൻ ആണ്. തിരിച്ചു വരുമ്പോഴേക്കും ഒരു ഊർജം കിട്ടിയിരിക്കും തീർച്ച.
എന്തായാലും നമ്മൾ എത്ര ആഗ്രഹിച്ചാലും ഒരു പരിധി വരെ മാത്രമേ അമ്മമാർ കൂടെ ഉണ്ടാകൂ. അതുകൊണ്ട് ഉള്ള സമയം കൂടെ ചിലവഴിക്കുക. അവർക്ക് ഇഷ്ടമുള്ളത് ചെയ്ത് കൊടുക്കുക. അതൊക്കെ മക്കളുടെയും ചുമതലയാണ്. ഒരു കുഞ്ഞ് ജനിച്ചു വീഴുമ്പോൾ ഒരു അമ്മയും പിറക്കുന്നു. അപ്പോൾ തൊട്ട് ആ അമ്മ ജീവിക്കുന്നത് കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ്. അത് കൊണ്ട് തന്നെ തിരിച്ചും അത്രയില്ലെങ്കിലും കുറച്ചെങ്കിലും കൊടുക്കാൻ മക്കൾക്കും ചുമതലയുണ്ട്. മരിച്ചുകഴിഞ്ഞിട്ട് സദ്യ നടത്തിയിട്ടോ പത്രത്തിൽ ഫോട്ടോ കൊടുത്തിട്ടോ മാല ചാർത്തിയിട്ടോ കാര്യമില്ല. ജീവിച്ചിരിക്കുമ്പോൾ അവർക്ക് ഇഷ്ടമുള്ളിടത്ത് കൊണ്ട് പോവുക. ചെയ്ത് കൊടുക്കുക…
അമ്മക്ക് പകരം അമ്മ മാത്രം
2 Comments
നല്ല രചന 👏
🙏🏻