ഓണം എനിക്ക് ഓർമയല്ല.. അനുഭവമും അനുഭൂതിയുമാണ്.
ഞാൻ ഒരു മലയാളി അല്ല.. തമിഴ് നാട്ടിൽ ജനിച്ചു വളർന്നു.. വീട്ടിൽ തമിഴ് മാത്രം സംസാരിക്കാൻ അറിയാവുന്ന ഒരു അഗ്രഹാര വാസി.
കേരളത്തിൽ തമിഴ് സ്കൂളിൽ തുടർ വിദ്യാഭ്യാസം..താമസം അഗ്രഹാരത്തിൽ…
ഓണപൂക്കളം ഒരുക്കാൻ കൂട്ടുകാരോടുപ്പം പൂ ഇറുക്കാനും,ചുറ്റും ഇരുന്നു അഭിപ്രായം പറയാനും തുടങ്ങിയപ്പോൾ തുടങ്ങി..മലയാള പ്രേമം..
കാട്ടുപൂക്കളും,തുമ്പയും,തുളസിയും,തെച്ചിയും,ചെമ്പരത്തിയും മനസ്സിൽ മൊട്ടിട്ട് പൂക്കാൻ തുടങ്ങി..ഓണ പ്രേമം
കൊല്ലത്തു വിവാഹം കഴിച്ചു പോയപ്പോൾ അത്തം പത്തോണം മുതൽ തുടങ്ങി…ഉത്രാട വിളക്ക് പ്രേമം
ഉത്രാടത്തിനു രാവിലെ വീട് തൂത്തു തുടച്ചു,വിളക്ക് ഒരുക്കി ഉച്ച ഊണിനു മുന്നേ നില വിളക്ക് കത്തിച്ചു ഓണത്തപ്പനെ വരവേൽക്കാൻ തയ്യാർ ആയി കഴിയും.
തിരുവോണ സദ്യ ഒരുക്കി ഇലയിട്ട് ഓണത്തപ്പന് വിളമ്പി ഉത്രാട വിളക്ക് പൂ മൂടി കഴിഞ്ഞ ശേഷമാത്രമാണ് ഉണ്ണാൻ ഇരിക്കുക.
വൈകുന്നേരം മുറ്റത്തെ അത്തപ്പൂവിന് പൂമൂടാൻ ഇലയട ഉണ്ടാക്കാൻ അടുക്കള വീണ്ടും സജീവമാകും.
‘ഒരട’ ‘ഒരപ്പം ‘ എന്നൊക്കെയാണ് അതിന് പേര്..
ആ ഒരട അത്തപ്പൂവിന് മുകളിൽ വച്ച് തുമ്പ പൂകൊണ്ട് മൂടി തുമ്പി തുള്ളി,അമ്പും വില്ലും കൊണ്ട് ഒരട കുത്തി എടുക്കുന്നത് വരെ ഓണം…ഓണത്തപ്പാ കുടവയറാ ഓണം കൊള്ളാം..ഓടി വാ…എന്നുറക്കെ ഉറക്കെ അക്ഷര തെറ്റുകളോടെ കൂട്ടുകാരോടൊപ്പം പാടണം..
വേണം എനിക്ക് അതുപോലൊരു ഓണം വീണ്ടും.
എന്താ…ഒരോർമ..
എന്റെ ഓണം..
എന്റെ അനുഭവം..
എന്റെ അനുഭൂതി..
✍️ജെകെ
20/8/2023
2 Comments
👍👌
വളരെ മനോഹരമായി ഒപ്പം ലളിതമായി കുറിച വരികൾ. വളരെ ഹൃദ്യമായ ആവിഷ്കാരം.. 😄👌