ചിറ്റാ.. എൻറെ ചോറുപൊതി എവിടെ? നേരം പോകുന്നു ട്ടോ.. ഒന്നു പെട്ടെന്നാവട്ടെ.” കണ്ണാടിക്ക് മുമ്പിൽ നിന്ന് അണിഞ്ഞൊരുങ്ങു ന്നതിനിടയിലാണ് അമ്മൂസിന്റെ നീട്ടിയ ഈ വിളി.
“ദാ..വരുന്നു പെണ്ണേ!”
പിന്നെയ്, ചിറ്റേ.. പറയാൻ മറന്നു.. ഇന്നേ, ഒരു പൊതിച്ചോറ് കൂടി വേണം.
“ഉം.. അതെന്തിനാ? അല്ലേൽ തന്നെ തന്നു വിടുന്നത് മുഴുവൻ നീ കഴിക്കുന്നുണ്ടോ എന്ന് ആർക്കറിയാം?”
“അത് പിന്നെ.. എൻറെ ചങ്ക് ടെസ്സയ്ക്ക് കൊടുക്കാനാ. അവൾക്ക് ഹോസ്റ്റൽ ഭക്ഷണം തീരെ പിടിക്കുന്നില്ല. അവൾക്ക് ചിറ്റേടെ ഇല പൊതിയുടെ ‘നൊക്ളാഞ്ചിയ’ തലയ്ക്കു പിടിച്ചിരിക്കുകയാ.
ആ പൊക്കൽ എന്തായാലും എനിക്ക് വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ടു. അല്ലേലും നമ്മൾ പെണ്ണുങ്ങൾ വല്ലപ്പോഴും നേർച്ച പോലെ കിട്ടുന്ന ഈ പുകഴ്ത്തലുകൾ കേട്ട് ബഹിരാകാശം കേറുന്ന കൂട്ടത്തിലാണല്ലോ?
“അല്ലടി.. നിനക്കൊക്കെ ഈ ചോറ്റു പാത്രത്തിൽ കഴിച്ചാലെന്താ? ഇനി ഈ ഇലയൊക്കെ വാട്ടി വരുമ്പോൾ നേരം എടുക്കും.”
“ഓ.. പിന്നെ അമ്മ പറഞ്ഞിട്ടുണ്ടല്ലോ; ചിറ്റ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ മമ്മിയോട് എന്നും ഇല പൊതിക്ക് വേണ്ടി വാശി പിടിക്കുമെന്ന്. ആ സ്വഭാവമാ എനിക്ക് കിട്ടിയിരിക്കുന്നതെന്ന് കൂട്ടിക്കോ.. ട്ടോ” എന്നും പറഞ്ഞ് എന്റെ കയ്യിൽ നിന്ന് പൊതിച്ചോറും വാങ്ങി, സ്നേഹത്തോടെ കവിളിൽ ഒരു മുത്തവും തന്ന് സ്കൂട്ടി ഓടിച്ചു പോകുന്ന അവളെ നോക്കി ഒരു നിമിഷം ഞാൻ അങ്ങനെ നിന്നുപോയി. അപ്പോൾ എന്റെ മനസ്സിലൂടെ പഴയ മൺമറഞ്ഞുപോയ ഒരായിരം ഓർമ്മകൾ ഓരോന്നായി കയറി ഇറങ്ങി.
•~• • ~• •~•
വെളുപ്പിനെ, ഞങ്ങൾ കുട്ടികളെ പഠിക്കാൻ എണീപ്പിച്ച് ഇരുത്തിയിട്ട് മമ്മി പ്രാതലിന്റെയും പൊതിച്ചോറിന്റെയും പണി തുടങ്ങും. കുറെ ഏറെ പൊതി കെട്ടണം. ചേട്ടന്മാരുടെ സ്കൂൾ അടുത്ത് ആയതുകൊണ്ട് അവർ ഉച്ചയ്ക്ക് വീട്ടിൽ വന്നാ കഴിക്കാറ് .അച്ചായന് ദൂരെയുള്ള പാടത്ത് പെണ്ണാളെ പണിക്ക് ഇറക്കാൻ പോകേണ്ടതുകൊണ്ട് ഒരു പൊതി അച്ചായനും പിന്നെ ഞങ്ങൾ പെൺപിള്ളേർക്കും. പഠിക്കാൻ ഇരിക്കുമ്പോൾ തന്നെ അടുക്കളയിലെ കലത്തിൽ തിളച്ചു മറിയുന്ന നല്ല കുത്തരിയുടെ മണം നമ്മുടെ നാസാരന്ധ്രങ്ങളിൽ പാഞ്ഞു കയറും.
നാൻസി ചേച്ചിയാണ് ഇല വെട്ടാൻ മിടുക്കി. ഞങ്ങൾ കമ്പുകൊണ്ട് ഇല ചായിച്ചു കൊടുക്കും. അവൾ തുമ്പു നോക്കി ഇല വെട്ടിയെടുക്കും. സൂക്ഷിച്ചില്ലെങ്കിൽ ഇട്ടിരിക്കുന്ന ഉടുപ്പിലൊക്കെ കറയാകും. എന്നിട്ട് തോട്ടിലെ വെള്ളത്തിലിട്ട് കഴുകിത്തുടച്ചെടുക്കും. മമ്മിയുടെ വിറകടുപ്പിലെ കനലിൽ, ഇലകൾ ഓരോന്നായി വാട്ടിയെടുത്ത് വാഴയിലയുടെ പുറത്തെ ഞരമ്പ് ചെറുതായി ചീന്തും. അങ്ങനെ പൊതിച്ചോറ് കെട്ടാനുള്ള ഇല റെഡി. എന്നിട്ട് ആ ഇലകൾ ഓരോന്നായി അടുക്കളയിൽ ഇരിക്കുന്ന മുറത്തിലോട്ട് ഒന്നിന്റെ മുകളിൽ ഒന്നായി അടുക്കും. അപ്പോൾ പിന്നെ, മമ്മിക്ക് പൊതികെട്ടാൻ എളുപ്പമാണല്ലോ.
വാട്ടിയ ഇലയിൽ, നടുക്ക് ചൂട് കുത്തിരി ചോറിട്ട്.. അതിൽ ഒരു കുഴികുത്തി മാങ്ങ ചമ്മന്തി, ചീരത്തോരൻ അല്ലെങ്കിൽ വാഴക്ക ഉപ്പുകറി, പിന്നെ പപ്പട വട്ടത്തിലുള്ള മുട്ട പൊരിച്ചതോ മീൻ വറുത്തതോ.. ഏതെങ്കിലും ഒന്നൊക്കെ കാണൂ. തോരനും മെഴുക്കുപുരട്ടിയും പല ദിവസങ്ങളിലും മമ്മിയുടെ സൗകരൃർത്ഥം മാറിമറിയും. പിന്നെ, പച്ച മീൻ കിട്ടിയില്ലെങ്കിൽ ഉണക്കമാന്തലെങ്കിലും ഉണ്ടാകും. അത് മറ്റൊന്നും കൊണ്ടല്ല; ഞങ്ങൾ കുട്ടനാട്ടുകാർക്ക് വേറെ എന്തുണ്ടെങ്കിലും ഇച്ചിരി മീനിന്റെ ഉളുമ്പുനാറ്റമില്ലേൽ ചോറ് തൊണ്ട കുഴിയിൽ നിന്ന് താഴോട്ട് ഇറങ്ങില്ല. അതിന്റെ കൂടെ തലേദിവസം ഉറയൊഴിച്ച നല്ല ഒന്നാന്തരം തൈരും.
മാങ്ങാ ചമ്മന്തിയുടെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്; അത് ഇന്നത്തെപ്പോലെ വെറുതെ മിക്സിയിൽ കറക്കിയ ചമ്മന്തിയല്ല…പിന്നെയോ, നല്ല ചെറിയ ഉള്ളിയും മാങ്ങയും വറ്റൽമുളകും ഉപ്പും തേങ്ങയും കൂട്ടി അമ്മിക്കല്ലിൽ അരച്ചെടുക്കുന്ന നല്ല ഒന്നാന്തരം മാങ്ങാ ചമ്മന്തി. ആ ചമ്മന്തി, കല്ലിൽ നിന്നും ഒരു ചെറിയ പാത്രത്തിലേക്ക് മാറുമ്പോൾ തന്നെ, ഞങ്ങൾ ഒരു തവി ചോറ് ആ കല്ലിൽ പറ്റിപിടിച്ചിരിക്കുന്ന ചമ്മന്തിയുടെ മിച്ചത്തിൽ ഇട്ട് കുഴച്ച്, അവിടെ നിന്ന് തന്നെ വിരലുകൾ വടിച്ചു നക്കും. ഹെന്റമ്മോ… ന്തായാലും, മമ്മിക്ക് പിന്നെ കല്ല് കഴുകേണ്ടി വരില്ല.
സാധാരണ ചോറിന്റെ വശത്ത് ഇരിക്കുന്ന മീൻ വറുത്തത്, നിങ്ങൾ വിചാരിക്കുന്നതുപോലെ മീനുകളുടെ രാജാവായ കരിമീൻ ഒന്നുമല്ല… അത് വല്ല ‘കാരിയോ’ ‘കല്ലേമുട്ടിയോ’ ഒക്കെയാണ്. അതാവുമ്പോൾ നമ്മൾ തന്നെ തോട്ടിൽ നിന്ന് ചൂണ്ടയിട്ട് പിടിച്ചു കൊടുക്കുമല്ലോ.
“അല്ലേ… നിങ്ങൾ വറുത്ത കാരി കഴിച്ചിട്ടുണ്ടോ?” ആഹാ! ഉപ്പു പുരട്ടി കുറുകെ വരഞ്ഞ മീനിന്റെ ഉൾഭാഗം നല്ല മസാല തേച്ച് വറുത്തെടുത്ത ഗന്ധം. ഹൊ… ഇപ്പോഴും അതോർത്ത് കൊതി മൂത്തതായി തോന്നുന്നു; എൻറെ നാസാരന്ധ്രങ്ങൾ ചുറ്റിനും കിടന്ന് മണം പിടിക്കുന്നു. എന്നിട്ട് ഞാനും എൻറെ തലതെറിച്ച കൂട്ടുകാരും കൂടി അതിൻറെ വാലും മാംസവും എല്ലാം നുള്ളി പെറുക്കി മുള്ളും അവശേഷിപ്പിക്കാതെ അകത്താക്കും…ആഹ്, നല്ല ഒന്നാന്തരം!(അല്ലേലും, കുട്ടനാട്ടുകാർക്ക് ഒരു മീൻ വറുത്തത് കൊടുത്താൽ ഇത്തിരി മുള്ള് പോലും മിച്ചം വെച്ചേക്കില്ല എന്ന് പൊതുവേ ഒരു വർത്തമാനം ഉണ്ട്. അതിൽ ഇത്തിരി വാസ്തവം ഇല്ലാതില്ല)
ഇനി തിങ്കളാഴ്ച്ച ദിവസമാണെങ്കിൽ, നല്ല പോത്തിറച്ചി, വിളഞ്ഞ തേങ്ങക്കൊത്തിട്ട്, നെയ്യ് പോവാതെ നല്ല മസാലയിൽ മൊരിഞ്ഞ ഫ്രൈ ആക്കിയത് ഉണ്ടാവും. അതെന്താ, തിങ്കളാഴ്ച മാത്രം ഇറച്ചിയെന്ന് സ്വാഭാവികമായും നിങ്ങൾക്ക് സംശയം തോന്നാം. കാരണം എന്താണെന്ന് ചോദിച്ചാൽ; അന്നൊക്കെ സാധാരണ വീടുകളിൽ ഞായറാഴ്ചകളിലാണല്ലോ ഇറച്ചി മേടിക്കുന്നത്. അപ്പോൾ പിന്നെ അതിൽ കുറച്ചെടുത്ത് മമ്മി തിങ്കളാഴ്ച ഇലപ്പൊതിയിൽ വയ്ക്കാൻ മാറ്റിവെച്ചിട്ടുണ്ടാവും. അല്ലേ.. മമ്മിയാരാ മോൾ!
ഉച്ചയ്ക്ക് ആമാശയം ആർപ്പുവിളി ഉയർത്തുന്ന നേരത്ത്, വിശപ്പ് അടിവയറ്റിൽ നിന്ന് കത്തിക്കാളുന്ന സമയത്തായിരിക്കും സ്കൂളിലെ പ്യൂൺ ചേച്ചി ഉച്ചയ്ക്ക് ഉച്ചയ്ക്ക് മണിയടിക്കുക….പിന്നെ ആറിന്റെ തീരം വരെ പോയി കൈ കഴുകാൻ മെനക്കെടാതെ, ചോറെടുത്തു ഒറ്റയോട്ടം. ക്ലാസ് മുറിയിലെ വരാന്തയിൽ കൂട്ടുകാരോടൊപ്പം നിലത്ത് ചമ്രം പടഞ്ഞിരുന്നു, വാട്ടിയ വാഴയിലയുമായി പ്രണയത്തിലായ ചൂടുചോറും കറികളും നിറഞ്ഞ ആ പൊതിച്ചോർ തുറക്കുമ്പോൾ… മൂക്കിൽ അടിച്ച് കയറുന്ന ഒരു ഗന്ധമുണ്ടല്ലോ! ഹോ… ഇത് വായിക്കുന്ന കൂട്ടുകാരെ, ചുറ്റും നടക്കുന്നതൊന്നും പിന്നെ അറിയുന്നില്ലേ…!
ഓരോ ദിനവും പൊതിച്ചോർ തുറക്കുമ്പോൾ പലതരം രുചിഗന്ധങ്ങൾ. കൂട്ടുകാർ ഒന്നിച്ചിരുന്ന് എല്ലാവരുടെയും പൊതികളിലെ കറികൾ പങ്കിട്ട് കഴിക്കുന്നത് കൊണ്ട്, ഓരോ ഉരുള വായിൽ ഇടുമ്പോഴും…ഹോ, നാവിൻറെ രസമുകുളങ്ങളിൽ വിവിധതരം രുചികളുടെ കമ്പക്കെട്ട് തീർക്കും!
മലയാളിയുടെ ഗൃഹാതുരത്വം പേറുന്ന ഓർമ്മയാണ് പൊതിച്ചോറ്. മമ്മി പൊതിഞ്ഞ് കെട്ടി തന്നിരുന്ന ആ വാട്ടിയ ഇലയുടെ ഗന്ധം ഓർക്കുമ്പോൾ… നാസികയിൽ അടിച്ചു കയറുന്നത് എൻറെ കഴിഞ്ഞുപോയ ബാല്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ഇന്ന് ഞാൻ എത്ര കറി നിറച്ച്, എങ്ങനെയൊക്കെ പൊതികെട്ടിയാലും, അന്ന് മമ്മി കരുതലും സ്നേഹവും മേമ്പൊടിച്ചേർത്ത് കെട്ടിയ ഇല പൊതിയുടെ ഏഴയലത്ത് വരില്ല. ഇന്നും പ്രായമായെങ്കിലും മമ്മി ആഴ്ചയിൽ ഒരിക്കൽ കൊച്ചു മക്കൾക്ക് സ്കൂളിലേക്ക് പൊതിച്ചോർ കൊടുത്തു വിടാറുണ്ട്. കൂടെ ഒരു ഉപദേശവും; ഒരു വറ്റുപോലും ചോറു കളയാതെ കഴിക്കണം മക്കളെന്ന് .
🖋️ മന്ന മെരീസ
എൻറെ മമ്മിയുടെ പൊതിച്ചോർ എങ്ങനെയുണ്ടായിരുന്നു എന്ന് വായിച്ചിട്ട് ഓരോരുത്തരുടെയും അഭിപ്രായം പറയാൻ മറക്കരുത് 😊
3 Comments
എല്ലാം നൊസ്റ്റാൾജിയ ആയി മാറിക്കൊണ്ടിരിക്കുന്നു. ആ പൊതിച്ചോറിന് ഇത്ര മണവും രുചിയും വന്നത് എന്താണെന്നറിയാമോ?
മമ്മി ആ ചോറിൽ ഒളിച്ചു വെച്ച സ്നേഹത്തുള്ളികൾ …….
നന്നായിരിക്കുന്നു❤️💐👌
വായിച്ച് നല്ലൊരു അഭിപ്രായം തന്നതിന് എനിക്കും താങ്കളോട് നന്ദിയുണ്ട്… ഇതുപോലുള്ള അഭിപ്രായങ്ങൾ എന്നെപ്പോലുള്ളവർക്ക്(മനസ്സിൽ തോന്നുന്നതെന്തും വലിയ രചനയെന്ന മട്ടിൽവെറുതെ കുറിക്കുന്നവർക്ക്😂) വലിയ പ്രോത്സാഹനമാണ്.🙏😊
നന്ദി.. ഓർമകളെകൊണ്ട് നാവുകളിൽ മുകുളങ്ങൾ സൃഷ്ടിച്ചതിന്