ഒരു അദ്ധ്യാപകദിനം കൂടെ കടന്നുപോവുമ്പോൾ…
“മാതാപിതാഗുരുദൈവം”-തീർച്ചയായും ഞാനും ഈ ആപ്തവാക്യം ഉൾക്കൊണ്ടു തന്നെയാണ് വളർന്നത്.വീടാണ് ഒരു കുട്ടിയുടെ ആദ്യത്തെ വിദ്യാലയം;മാതാപിതാക്കൾ അധ്യാപകരും.ജാതി മത ചിന്തകൾക്കതീതമായി എല്ലാവരോടും സ്നേഹബഹുമാനങ്ങളോടെ പെരുമാറണമെന്നും ആരെങ്കിലും മതമേതെന്ന് ചോദിച്ചാൽ ‘മനുഷ്യമതം’ എന്നും ജാതി ആൺ /പെൺ ‘എന്നും പറയണമെന്നു പഠിപ്പിക്കുകയും മൂന്ന് മക്കളുടെയും എസ് എസ് എൽ സി സർട്ടിഫിക്കറ്റിൽ ജാതിമതകോളങ്ങൾ ഒഴിച്ചിടാൻ അന്നത്തെ കാലത്ത് ധൈര്യം കാണിക്കുകയും ചെയ്ത അച്ഛനും അതിന് പൂർണ്ണ പിന്തുണ നൽകിയ അമ്മയുമാണ് എന്റെ ആദ്യ ഗുരുക്കന്മാർ.
അച്ഛൻ്റെ അച്ഛനും അമ്മയും രണ്ട് സഹോദരന്മാരും അധ്യാപകരായിരുന്നു.കണ്ണൂരിലെ അഴീക്കോടും പരിസരങ്ങളിലുമായി പതിമൂന്ന് സ്കൂളുകൾ സ്ഥാപിക്കുകയും ഒന്നൊഴികെ മറ്റുള്ള സ്കൂളുകൾ സമൂഹത്തിന് വിട്ടു നൽകുകയും ചെയ്ത മാതൃകാ പുരുഷൻ ആയിരുന്നു ആർ കുഞ്ഞിരാമൻ മാസ്റ്റർ എന്ന അച്ഛാച്ചൻ.അച്ഛമ്മ പി മാധവി ടീച്ചറും പിന്നീട് അച്ഛൻ്റെ ഏട്ടന്മാർ പി ജനാർദ്ദനൻ മാഷും പി ഗോവിന്ദൻ മാഷും പഠിപ്പിച്ചത് അച്ഛാച്ചൻ സ്ഥാപിച്ച ആർ കെ യു പി സ്കൂളിൽ ആയിരുന്നു.ഇന്നും കുടുംബത്തിൽ പലരും അച്ഛാച്ചൻ നയിച്ച വഴിയേ അധ്യാപകരായി തുടരുന്നു എന്നത് സന്തോഷം നിറഞ്ഞ കാര്യമാണ്.
മണലിൽ അറിവിന്റെ ഹരിശ്രീ കുറിച്ചത് അഴീക്കോട്ടെ ദേവി ടീച്ചറുടെ അരികിൽ നിന്നായിരുന്നു.ഒരുപാട് ആടുകൾ ഉണ്ടായിരുന്നു അവിടെ.അക്ഷരം പഠിക്കുന്നതിനിടയിൽ ആട്ടിൻകുട്ടികളുടെ കുസൃതികളിലേക്ക് ശ്രദ്ധ മാറുമ്പോ ടീച്ചറുടെ സ്നേഹത്തോടെയുള്ള ശാസന ഏറ്റുവാങ്ങിയിരുന്നതൊക്കെ ഓർമ്മ വരുന്നു.അവിടുന്ന് കുട്ടികൾക്ക് ആട്ടിൻപാൽ ചേർത്ത ചായ കിട്ടുമായിരുന്നു.ചായ കുടിക്കില്ലെങ്കിലും ആ ചായയുടെ വാസന എനിക്ക് നല്ല ഇഷ്ടമായിരുന്നു.ഇപ്പോഴും ദേവി ടീച്ചറുടെ വീടിന്റെ കോലായിലെ ക്ലാസ്സും ആ ചായയുടെ സുഗന്ധവും മനസ്സിലുണ്ട്.
ആദ്യമായി പഠിച്ച സ്കൂൾ അഴിക്കോട് സെൻട്രൽ എൽ പി ..അവിടുത്തെ ബാലവാടി ടീച്ചർ ചന്ദ്രിടീച്ചറെപ്പറ്റി പറയുമ്പോൾ ‘വീട് വിട്ടാൽ കുട്ടികൾക്ക് മറ്റൊരു അമ്മ’ -അതായിരുന്നു ടീച്ചർ.ബാലവാടി ഓർമ്മകളിൽ അവിടുന്ന് കിട്ടിയിരുന്ന ചോളപ്പൊടി കൊണ്ടുള്ള മഞ്ഞ നിറത്തിലുള്ള ഉപ്പ്മാവിനെ പരാമർശിക്കാതെ എങ്ങനെ കടന്നുപോകും.ഉപ്പിലചപ്പിൽ ടീച്ചർ പകർന്നു തരുന്ന ആ ഉപ്പുമാവിന്റെ രുചി ഏത് സ്റ്റാർ ഹോട്ടലിലെ ഭക്ഷണം കഴിച്ചാലും കിട്ടില്ലെന്ന് ഞാൻ മക്കളോട് പറയാറുണ്ട്.
മൂന്നാംക്ലാസ്സുവരെമാത്രമേ അഴീക്കോട് ഞങ്ങൾ ഉണ്ടായുള്ളൂ.ആ ചുരുങ്ങിയ കാലയളവിൽ അവിടുത്തെ പ്രധാനാധ്യാപകൻ മാധവൻ മാസ്റ്ററും പിന്നെ സാവിത്രി ടീച്ചറും കമലാക്ഷി ടീച്ചറും സുജാത ടീച്ചറുമൊക്കെ നൽകിയ സ്നേഹവും കരുതലും എങ്ങനെ മറക്കാനാണ്.
ഗ്രാമത്തിന്റെ വിശുദ്ധിയിൽ നിന്നും നഗരത്തിന്റെ തിരക്കിലേക്ക് എത്തിപ്പെട്ട ഒരു കുട്ടിയുടെ സകല ആധികളോടും കൂടിയാണ് താണയിലെ മുഴത്തടം യു പി സ്കൂളിലേക്ക് അച്ഛന്റെ കയ്യും പിടിച്ചു കേറിച്ചെന്നത്.എന്നാൽ അങ്ങനെയുള്ള ആശങ്കകൾക്കൊന്നും ഒരു സ്ഥാനവും ഇല്ലാത്ത വിധത്തിൽ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞ സുകുമാരി ടീച്ചറെയും രാജമ്മ ടീച്ചറെയും കുഞ്ഞിരാമൻ മാഷേയും, മോഹനൻ മാഷേയും ഗോവിന്ദൻ മാഷേയുമെല്ലാം സ്നേഹത്തോടെ ഓർമ്മിക്കുന്നു.വെള്ളിയാഴ്ച വൈകുന്നേരങ്ങളിലെ സാഹിത്യ സമാജങ്ങളും പിന്നീട് ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ തുടങ്ങിയ സ്കൂൾ പാർലിമെൻ്റും (ഞാൻ പാർലമെന്റ് സ്പീക്കർ ആയിരുന്നു)എല്ലാം തന്നെ നല്ലോർമ്മകളായി മനസ്സിൽ തങ്ങിനിൽക്കുന്നു.
ഹൈസ്കൂൾ പഠനം സിറ്റിയിലെ ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു.പലരും പറഞ്ഞു പേടിപ്പിച്ച “ആമു മാഷുടെ പുലിമട”യിലേക്ക് മുട്ട് വിറച്ചു കൊണ്ടാണ് ആദ്യദിനം കടന്നു ചെന്നത്.പഠിത്തത്തിന്റെയും ചിട്ടകളുടെയും കാര്യത്തിൽ വളരെ സ്ട്രിക്റ്റായിരുന്നു അവിടം.അതോടൊപ്പം തന്നെ വിദ്യാർത്ഥിനികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും ടീച്ചർമാർ ശ്രദ്ധിച്ചിരുന്നു.കുട്ടികളോട് വളരെ സ്നേഹത്തോടെ ഇടപെട്ടിരുന്ന അസീസ് മാഷേപ്പോലെയും റംല ടീച്ചറെയും ഏലിയാമ്മ ടീച്ചറെപ്പോലെയുള്ള അധ്യാപകരും അതേ സമയം ഞങ്ങളുടെയൊക്കെ പേടിസ്വപ്നമായിരുന്ന സുലോചന ടീച്ചർ,ഗൗരി ടീച്ചർ, ലതിക ടീച്ചർ,ഭാസ്ക്കരൻ മാഷ് (ആ സ്ട്രിക്റ്റ്നെസ് ഒക്കെയും ഞങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്ന് ഇന്ന് തിരിച്ചറിയുന്നുണ്ട്🙏🙏)പിന്നെ ഒരേസമയം സ്നേഹിക്കുകയും തെറ്റ് കാണിക്കുമ്പോ ശിക്ഷിക്കുകയും ചെയ്തിരുന്ന സാബിറ ടീച്ചറും ഫിലോമിന ടീച്ചറുമൊക്കെ ലക്ഷ്യം വെച്ചിരുന്നത് അവരുടെ ശിഷ്യരുടെ ഉയർച്ച മാത്രം ആയിരുന്നു.ഓരോ അധ്യാപകനും ലക്ഷ്യം വെക്കുന്നത് തൻ്റെ വിദ്യാർത്ഥികളുടെ ഉന്നമനമാണ്;അതിന് അവർ തേടിയിരുന്ന വഴികൾ വ്യത്യസ്തമാണെന്നു മാത്രം.
എന്നാൽ ടീച്ചർമാർ വിദ്യാർത്ഥികളെ നേർവഴിക്ക് നയിക്കാനെന്ന ഉദ്ദേശത്തിൽ സ്വീകരിച്ചിരുന്ന ചില ശിക്ഷാമാർഗ്ഗങ്ങൾ ചിലപ്പോഴെങ്കിലും വിപരീതഫലമാണ് നൽകിയതെന്ന് പറയാതെ വയ്യ.
പ്രസംഗം,കഥ,കവിത ഇങ്ങനെയുള്ള രചനാ മേഖലയെ ഞാൻ ഗൗരവത്തോടെ കാണാൻ തുടങ്ങിയത് ഹൈസ്കൂൾ കാലഘട്ടത്തിലായിരുന്നു.അതിന് വേണ്ടിയുള്ള പൂർണ്ണ പിന്തുണ ടീച്ചർമാർ നൽകിയിരുന്നു.സ്കൂൾ കയ്യെഴുത്ത് മാസികയുടെ സ്റ്റുഡന്റ് എഡിറ്ററും സ്കൂൾ ലീഡറും ആയാണ് ഡി ഐ എസിലെ ജീവിതം അവസാനിച്ചത്.പ്രിയപ്പെട്ട ആമു മാഷോടൊപ്പം എത്രയോ സ്നേഹ നിമിഷങ്ങൾ പങ്ക് വെക്കാനുള്ള ഭാഗ്യം ഈ കാലയളവിൽ ലഭിച്ചു.
കോളേജ് വിദ്യാഭ്യാസം കണ്ണൂർ എസ് എൻ കോളേജിൽ ആയിരുന്നു.ഒരുപാടൊരുപാട് ഓർമകൾ എസ് എൻ കോളേജുമായി ബന്ധപ്പെട്ട് ഉണ്ട്.പ്രീഡിഗ്രി കാലത്തെ അധ്യാപകർ പ്രിയപ്പെട്ട ഗംഗൻ മാഷ്, ശ്രീലത ടീച്ചർ, ദീപക് സർ,സബിത ടീച്ചർ,മിനി ടീച്ചർ,പ്രസന്നൻ സർ, മാണി സാർ, രോഹിണി ടീച്ചർ,അനിൽ സർ,സൗദാമിനി ടീച്ചർ അങ്ങനെ എല്ലാവരെയും സ്നേഹപൂർവ്വം സ്മരിക്കുന്നു.ഡിഗ്രി പഠനകാലത്തെ പ്രിയപ്പെട്ട അധ്യാപകർ അതിലുപരി സ്വന്തം മക്കളെപ്പോലെ വിദ്യാർത്ഥികളെ സ്നേഹിച്ച ലവൻ മാഷും പഴശ്ശി മാഷും ലളിതാംബിക ടീച്ചറും ശശി മാഷും റോയ് മാഷും റെജി മാഷും പദ്മിനി ടീച്ചറും ശ്രീലത ടീച്ചറെയുമൊക്കെ എങ്ങനെ മറക്കാനാണ്.കോളേജ് യൂണിയൻ ഭാരവാഹിയായിരുന്നപ്പോൾ അന്നത്തെ പ്രിൻസിപ്പാൾ സുധീരൻ സർ നൽകിയിരുന്ന പിന്തുണ നന്ദിയോടെ സ്മരിക്കുന്നു.
വിദ്യാലയത്തിൽ/കലാലയത്തിൽ നിന്നും പടിയിറങ്ങി കാലങ്ങൾ കഴിഞ്ഞിട്ടും ഒരു അധ്യാപിക, അല്ലെങ്കിൽ അധ്യാപകൻ നമ്മുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നുണ്ടെങ്കിൽ,അവരുടെ ക്ലാസുകളിൽ ഇരുന്നപ്പോൾ അന്നുണ്ടായിരുന്ന പോസറ്റീവ് എനർജി ഇന്നും അതേയളവിൽ അനുഭവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അവർ നമ്മളിൽ ചെലുത്തിയ സ്വാധീനം നമ്മുടെ മനസ്സാഴങ്ങളിൽ അത്രമാത്രം വേരോടി യിട്ടുണ്ടാകും.അങ്ങനെയുള്ള കുറച്ച് അധ്യാപകരുടെ ശിഷ്യയായി ജീവിക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചു.
സ്കൂൾ കോളേജ് കാലം കഴിഞ്ഞു വർഷങ്ങൾക്കിപ്പുറവും ഒരു ഫോൺ വിളിയിൽ സ്നേഹം ചൊരിയുന്ന എന്റെ പ്രിയപ്പെട്ട അധ്യാപകർ..അവർ പകർന്നു തന്ന അറിവിന്റെ വെളിച്ചമാണ് ഇന്നും എന്നെ മുന്നോട്ട് നയിക്കുന്നത് എന്ന് നിസ്സംശയം പറയട്ടെ.
(എന്റെ സ്കൂൾ കോളേജ് കാലത്തെ ചില അധ്യാപകർ ഇന്ന് നമ്മോടൊപ്പമില്ല.അവരുടെയെല്ലാം ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.)
✍️ദിവ്യ ശ്രീകുമാർ
#എൻ്റെ രചന
<!–/data/user/0/com.samsung.android.app.notes/files/clipdata/clipdata_bodytext_230905_105535_272.sdocx–>
2 Comments
Thank u dear😍
Superb Divya😍👍