അവിചാരിതമായിവീണു കിട്ടിയതായിരുന്നു ഉമക്ക് രണ്ടു ദിവസം!
കൂച്ചു വിലങ്ങുകളഴിച്ച് മനസ്സിനെയൊന്നു പരോളിലിറക്കി….
എല്ലാമൊന്ന് ചുറ്റി നടന്ന് കാണണം.
പോക്കുവെയിൽ പച്ചിലകളിൽ കിന്നാരം പറയുന്നത്!🥰
പറവകൾ അനന്ത വിഹായസ്സിലേക്ക് പറന്നകലുന്നത്… 🥰
കുളിരേകും നൂൽ മഴയെ കാറ്റ് തട്ടിപ്പറിക്കുന്നത്.. 🥰
സൂര്യകിരണങ്ങളെ ആവാഹിച്ചും കൊണ്ട് താമരപ്പൂക്കൾ ചിരി തൂകി നിൽക്കുന്നത്… 🥰
നറുനിലാവു പൊഴിക്കും പൂർണ്ണേന്ദുവിനെ ആകർഷിക്കുവാൻ വിടർന്നു നിൽക്കും കുമുദങ്ങളുടെ തുടുത്ത മുഖഭംഗികൾ ആസ്വദിക്കുവാൻ.. 🥰
മനസ്സങ്ങ് പായുകയാണ്.. 🥰
പണ്ടു നടന്ന വഴികളിലൂടെ ഒന്നു നടക്കാനിറങ്ങിയതായിരുന്നു..
” ഉമക്കുട്ടിയല്ലെ ഇത്.. എത്ര കാലായി കണ്ടിട്ട്… “
വഴിയോരക്കാഴ്ചകളിൽ പഴയതെല്ലാം മുഖം മിനുക്കി കണ്ടാലറിയാത്ത വിധം മാറ്റം വന്നിരിക്കുന്നു.
എല്ലാമൊന്നു പണിപ്പെട്ടു താരതമ്യം ചെയ്യുന്നതിനിടയിൽ വന്ന ചോദ്യം ഉമയെ അമ്പരപ്പിച്ചു.
“ആരാണ്? നല്ല മുഖപരിചയം.. “
ചുളിവു വീണ കവിളുകൾ
ക്ഷീണിച്ച കണ്ണുകൾ
നരകയറിയ മുടിയിഴകൾ
കാലങ്ങൾ കൊണ്ടു വളർന്നു കൊഴുത്ത ദേഹം പക്ഷേ തളർന്ന് ഇടിഞ്ഞു തൂങ്ങിയിരിക്കുന്നു!
കാലം വരച്ചിട്ട കോലങ്ങൾക്കിടയിൽ നിന്നും പരിചിതമായ ആ മുഖഛായ മാത്രം എഴുന്നു നിൽക്കുന്ന പോലെ.
അത് മനസ്സിന്റെ ഓരത്തെവിടെയോ കൂടുകൂട്ടിയിരുന്നിരുന്നില്ലേ….. “
“എന്നിട്ടും..
കാതങ്ങൾ പിന്നിട്ട യാത്രക്കിടയിൽ ഏതു പെരുവഴിയമ്പലത്തിലായിരുന്നു കണ്ടുമുട്ടിയത്?
എന്തായിരുന്നു പേര്?
പലവട്ടം ചിന്തിച്ചു..
“ആരാ….
എന്താ… ?”
” തന്റെ ചിന്തകൾ ചിതലരിച്ചു തുടങ്ങിയോ “
“ആത്മസംഘർഷങ്ങളുടെ നെരിപ്പോടിലെരിഞ്ഞ് തന്റെ സ്മൃതികൾ മറവിയുടെ മാറാലക്കൂട്ടിലകപ്പെട്ടു പോയോ.. “
ആകെ ഒരു പരവേശം ബാധിച്ച പോലെ…
“അതേ…
സുഖമല്ലെ… ‘
ഉള്ളിലെ ജാള്യത മറച്ചുവെച്ചു കൊണ്ട് അറിയാം എന്നതു പോലെ ചോദിച്ചു…
പിന്നെ അത്യാവശ്യം സംസാരിച്ച് വേഗം രക്ഷപ്പെടാൻ ഉള്ള ശ്രമം !
വഴിയിൽ വീണ്ടും പഴയ സഹപാഠികൾ പലരേയും മിന്നലാട്ടം പോലെ കണ്ടു…
“ദൈവമേ തങ്ങൾക്കൊക്കെ ഇത്രയും വയസ്സായി ല്ലേ!
“ഓരോരുത്തരുടേയും രൂപം മനസ്സിന് ഒരു കോറിയിടൽ നൽകിയോ… ‘
നിർത്താതെ ഓടിയ കാലം തന്നെ കൊണ്ടു ചെന്നു നിർത്തിയിരിക്കുന്നതെവിടെയെന്നു ചിന്തിക്കവേ ഉള്ളിലൊരു കാളൽ!!🙄
” കുറച്ചു വെള്ളം കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ… “
തൊണ്ട വരളവേ ഉമ ചുറ്റിനും നോക്കി.
✍️ ഡോ. ഹേമലത. സി. കെ