എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുമാരൻ സാറാണ് ഒരു ആഗ്രഹവുമില്ലാതെ ജീവിച്ചുപോന്ന എന്റെ മനസ്സിലേക്ക് ആ അത്യാഗ്രഹം കുത്തിതിരുകിയത്.
” എടാ.. മക്കളേ, നമ്മളിങ്ങനെ വെറുതെ പാഠപുസ്തകം കാണാപാഠം പഠിച്ചു പോയാൽ മാത്രം പോര. നിങ്ങൾ എന്തെങ്കിലും ഒക്കെ ഒന്ന് എഴുതാൻ ശ്രമിച്ചു നോക്ക്. ചുമ്മാ ഇരിക്കുമ്പോൾ ഒരു കടലാസും പേനയും എടുത്ത് വച്ച് മനസിൽ വരുന്നതൊന്ന് കുത്തിക്കുറിച്ച് നോക്ക്. കഥയോ കവിതയോ മനസിൽ വരുന്നതെന്താന്ന് വച്ചാ എഴുതി നോക്കുക. ചിലപ്പോ നിങ്ങളിലാരുടെയെങ്കിലുമൊക്കെയുള്ളിൽ ഒരു കവിയോ, കഥാകൃത്തോ ഒളിച്ചിരിപ്പുണ്ടാവാം, നിങ്ങൾ പോലുമറിയാതെ.”
അന്ന് വരെ ഊണും ഉറക്കവുമായി അല്ലലില്ലാതെ ജീവിച്ചു പോന്ന എന്റെ ഉള്ളിൽ സാറിന്റെ വാക്കുകൾ എന്തോ ഒരസ്വസ്ഥത ഉണ്ടാക്കി. ഇനി എന്റെ ഉള്ളിലെങ്ങാനും ഒരു സാഹിത്യകാരി ഞാനറിയാതെ കള്ളനേപോലെ ഒളിച്ചിരിക്കുന്നുണ്ടോ? അങ്ങനെയാണങ്കിൽ അതൊന്ന് കണ്ട് പിടിക്കണമല്ലോ – പക്ഷേ എങ്ങനെ?
എന്തെങ്കിലും എഴുതി നോക്കിയാൽ ഉള്ളിലിരിക്കുന്ന ആളെ പുറത്ത് ചാടിക്കാമെന്നല്ലേ സാറ് പറഞ്ഞെ. പക്ഷേ എന്തെഴുതി വയ്ക്കും? ആലോചിച്ചിട്ടൊരു പിടിയും കിട്ടുന്നില്ല. മണ്ണാങ്കട്ട… മനുഷ്യന്റെ മനസമാധാനം കളയാനായിട്ട് ഇങ്ങനെയോരോ സാറുമ്മാര് വന്നോളും.
പെങ്കൊച്ചുങ്ങൾക്കിടാൻ പറ്റിയ പേരാണന്നല്ലാതെ കവിതയെപ്പറ്റി വേറൊരു ഗ്രാഹ്യവുമില്ലാത്തത് കൊണ്ടും, അതല്ലാതെ ‘കവിത ‘ എന്നുച്ചരിക്കാൻ പോലും ധൈര്യമില്ലാത്തത്കൊണ്ടും അങ്ങനെയൊരു മോഹമുദിച്ചതേയില്ല. പക്ഷേ കഥ.. അതേ, എനിക്കുമെഴുതണം ഒരു കഥ. പക്ഷേ എന്തിനേക്കുറിച്ചെഴുതും? ചിന്തയോട് ചിന്തയായിട്ടും ഒരു കുന്തവും മനസ്സിൽ വരുന്നതുമില്ല.
മാനസികമായി വലിയ വ്യഥ മൂലം ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ എന്റെ മനസിലേക്ക് ഞാൻ വായിച്ച അഞ്ചു സുന്ദരികളും ആലിപ്പഴവും രക്ത രക്ഷസ്സും എല്ലാം ഓടിയെത്തി, മാത്യു മുറ്റവും ജോയ്സിയും കോട്ടയം പുഷ്പനാഥും എന്നോട് മൗനമായി കഥകൾ പറഞ്ഞു. അവരായിരുന്നു എനിക്കറിയുന്ന വലിയ സാഹിത്യകാരൻമാർ. അവര് എഴുതിയതായിരുന്നു ഞാനറിഞ്ഞ ഏറ്റവും വലിയ സാഹിത്യ സൃഷ്ടികൾ. അവരിൽ നിന്ന് ഒരു പ്രചോദനം മനസാ ഉൾക്കൊണ്ട് ഞാനാ കടുത്ത തീരുമാനം എടുത്തു. ഇനി ഒരു കഥ എഴുതിയിട്ടേ ഞാൻ എന്റെ പേന താഴെ വയ്ക്കൂ. അതൊരു ശപഥമായി ഞാൻ മനസ്സിലുറപ്പിച്ചു.
പിറ്റേന്ന് കൊച്ചു വെളുപ്പാൻ കാലത്ത് ആദ്യമായി അമ്മയുടെ വിളിയും കൈപ്രയോഗവും ഒന്നുമില്ലാതെ ഞാനെഴുന്നേറ്റു. കണക്ക് ബുക്കിന്റെ നടുപേജ് രണ്ടെണ്ണം ഇളക്കിയെടുത്തു. വച്ചെഴുതാൻ ആ ആഴ്ചയിലെ പുതിയ മംഗളം തന്നെ എടുത്തു. എല്ലാം മംഗളമായി ഭവിക്കട്ടെ. അങ്ങനെ എന്റെ കന്നി എഴുത്തിലെ ആദ്യവരികൾ ജന്മം കൊണ്ടു . അതിങ്ങനെയായിരുന്നു… ” പ്രഭാതം പൊട്ടി വിടർന്നു. കിളികളുടെ കളകളനാദം ഒരു മധുരസംഗീതമായി പൊഴിയുന്നുണ്ടായിരുന്നു. “
അന്ന് സായാഹ്നം പൊഴിയുന്നത് വരെ ഇരുന്നിട്ടും എനിക്കാ രണ്ട് വരിയല്ലാതെ വേറൊന്നും എഴുതാൻ കിട്ടിയില്ല.
തോല്ക്കാനെനിക്ക് മനസ്സില്ലാർന്നു. പിറ്റേന്ന് കണക്ക് ബുക്കിന് പിന്നെയും പേജ് നഷ്ടപ്പെട്ടു. അല്ലങ്കിലും നഷ്ടപ്പെടുത്താനായി ഉപയോഗമില്ലാതെ കിടന്ന പേജുകൾ കണക്ക് ബുക്കിൽ ധാരാളമുണ്ടായിരുന്നല്ലോ. ഇനി വലിയ ആഡംബരം ഒന്നും ഇല്ലാതെ മനസിൽ വരുന്നത് അതുപോലങ്ങ് തട്ടിയാൽ മതി എന്ന് തീരുമാനിച്ച് ഐശ്വര്യമായി ഞാൻ തലക്കെട്ടെഴുതി. ” സ്ത്രീ സ്വാതന്ത്ര്യം “
ആഹാ.. പിന്നെ പേനയും കടലാസും തമ്മിൽ ഒരു തീക്കളിയായിരുന്നു. അത് ചുരുക്കത്തിൽ ഏകദേശം ഇങ്ങനെയായിരുന്നു. കഥാനായികയായ ഞാൻ രാവിലെ സ്കൂളിൽ പോകുന്നു. പകുതി വഴിയെത്തുമ്പോൾ ഒരു വീട്ടിൽ നിന്ന് ഒരു സ്ത്രീയുടെ വലിയ കരച്ചിൽ കേൾക്കുന്നു. ഞാനങ്ങോട്ട് ഓടി ചെല്ലുന്നു. സ്ത്രീയുടെ കാട്ടാളനായ ഭർത്താവ് അവരെ ക്രൂരമായി മർദ്ദിക്കുന്നത് കാണുന്ന എന്റെ കരള് പിളരുന്നു. അങ്ങനെ പിളർന്ന കരളിൽ രോഷം ആളുന്നു. എന്നിലെ രോഷം ആളിക്കത്തുന്നതിന് മുമ്പേ അവിടേക്ക് വന്ന അയലോക്കംകാര് എന്നെ സ്കൂളിൽ പോകാൻ പറഞ്ഞ് ഓടിച്ചു വിടുന്നു. അങ്ങനെ വൈകിച്ചെന്ന എന്റെ കൈവെള്ളയിൽ ഹെഡ്മാസ്റ്ററിന്റെ രോഷം ചൂരലായി പതിക്കുന്നു. അപ്പോൾ അടുത്ത ക്ലാസിൽ അദ്ധ്യാപിക സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ടായിരുന്നു.
ഒരഞ്ചാറ് പ്രാവശ്യം ഞാൻ തന്നെ വായിച്ച് തൃപ്തിപ്പെട്ടു. എന്തോ വലിയ കാര്യം ചെയ്തത് പോലെ ഒരഭിമാനമൊക്കെ തോന്നി. എന്റെ കഥ ഭംഗിയായി നാലാക്കി മടക്കി കണക്ക് ബുക്കിൽ തന്നെ വച്ചു – എന്റെ ആദ്യത്തെ കഥ. അത് കുമാരൻ സാറിനെ ഏല്പിക്കുന്നതും സാറത് ക്ലാസ്സിൽ ഉറക്കെ വായിക്കുന്നതും എന്നെ അനുമോദിക്കുന്നതും കുട്ടികൾ എല്ലാം കൈയ്യടിക്കുന്നതും.. ഭാവനയിൽ ഈ രംഗങ്ങൾ എന്റെ മനസ്സിനെ പുളകം കൊള്ളിച്ചു കൊണ്ടിരുന്നു.
എന്റെ അപ്പൻ എനിക്ക് ധൈര്യം എന്നതിന് മറുവാക്കായിരുന്നു. എന്ത് സംശയവും മനസിലാകുന്നത് പോലെ പറഞ്ഞു തരുന്ന അപ്പൻ എനിക്ക് പണ്ഡിതനായിരുന്നു. ഒരു നിമിഷം ഞാനൊന്നാലോചിച്ചു. എന്റെ ആദ്യകഥ ആദ്യം വായിക്കേണ്ടത് എന്റെ അപ്പനല്ലേ? എന്നിട്ട് പോരേ കുമാരൻ സാറ് വായിക്കുന്നത്. അന്ന് ഒരു നിമിഷം ഞാനങ്ങനെ ചിന്തിച്ചില്ലായിരുന്നെങ്കിൽ….
വെള്ളെഴുത്തിന്റെ പ്രായമായിട്ടുണ്ട് അപ്പന്. കണ്ണ് ചുളിച്ച് പിടിച്ചാണ് വായിക്കുന്നത്. പക്ഷേ അതിനിത്ര ഗൗരവം എന്തിനാണാവോ? കോട്ടയം പുഷ്പനാഥിന്റെ കഥ വായിക്കുമ്പോൾ പോലും അപ്പന്റെ മുഖത്ത് ഇത്രേം ഗൗരവം കണ്ടിട്ടില്ല ഞാൻ. എന്തോ ഒരു ശബ്ദം കേൾക്കുന്നുണ്ട്, എന്റെ നെഞ്ചിടിപ്പാണ്. പരീക്ഷയുടെ ഉത്തര പേപ്പർ ടീച്ചർ ക്ലാസ്സിൽ കൊണ്ട് വരുമ്പോൾ പോലും എനിക്കിത്രയും ഉത്ക്കണ്ഠ ഉണ്ടായിട്ടില്ല.
വായിച്ച് കഴിഞ്ഞ് കഥ അതേ മടക്കിൽ തന്നെ മടക്കി അപ്പൻ എന്നെ തിരിച്ചേല്പിച്ചു. എന്നിട്ട് ഒറ്റക്ഷരം മിണ്ടാതെ അമ്മ കൊണ്ടുവന്ന് വച്ച കഞ്ഞിക്കിണ്ണം മുൻപിലേക്ക് വലിച്ച് വച്ച് ഉപ്പിട്ടിളക്കി കുടിക്കാനാരംഭിച്ചു. ഞാൻ വല്ലാതായി. എഴുതിയത് കൊളളില്ലങ്കിൽ അപ്പനെന്നെ ഒന്ന് കളിയാക്കി ചിരിക്കുകയെങ്കിലും ചെയ്തൂടെ? അതിന് പകരം ഈ ഗൗരവം എന്തിനാ? ഞാൻ വല്ല തെറ്റും ചെയ്തോ?
” അപ്പാ…….. “
” എന്തിയേടി? “
” ഒന്നും പറയാത്തതെന്താ? “
” ഞാനെന്ത് പറയാനാ? പറയാനായിട്ട് അതിലെന്തെങ്കിലും ഉണ്ടങ്കിലല്ലേ പറയാൻ പറ്റൂ “
” എന്ന്വച്ചാ ‘
“എന്നു വച്ചാൽ നീ ഈ എഴുതി വച്ചിരിക്കുന്നതിൽ ഒതുങ്ങുന്നതല്ല സ്ത്രീസ്വാതന്ത്ര്യം, വീട്ടിലും സമൂഹത്തിലും അർഹിക്കുന്ന അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. വിദ്യാഭ്യാസം, ജോലി, നല്ല ജീവിതം, സമ്പത്ത്, സ്വയം തീരുമാനം എടുക്കാനുള്ള അവകാശം, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം തുടങ്ങി ഒരു പാട് കാര്യങ്ങൾ പെണ്ണായതിന്റെ പേരിൽ നിഷേധിക്കപ്പെടുന്നവർ ധാരാളമുണ്ട്. ഇങ്ങനെ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകൾ അടിമത്വത്തിന്റെ പ്രതീകങ്ങളാണ്. അവൾക്ക് ലഭ്യമാക്കുന്ന നീതിനിർവ്വഹണമാണ് അവളുടെ സ്വാതന്ത്ര്യം.
ഇങ്ങനെ എന്തൊക്കെയോ എനിക്ക് മനസിലാകുന്നതും മനസിലാകാത്തതുമായ ഒരു ചെറു ഉപന്യാസം തന്നെയങ്ങ് പറഞ്ഞുകൊണ്ട്, ഗോപുരമുകളിലായിരുന്ന എന്നെ ഒറ്റയടിക്ക് താഴേക്ക് തള്ളിയിട്ടിട്ട് ഒരു കൂസലുമില്ലാതെ അപ്പൻ ആസ്വദിച്ച് കഞ്ഞികുടി തുടർന്നു. നാലായി മടങ്ങിയ സ്ത്രീസ്വാതന്ത്ര്യം ഞാൻ എട്ടാക്കി മടക്കി, പിന്നെ വളരെ കഷ്ടപ്പെട്ട് പതിനാറാക്കി മടക്കി. പിന്നെ മൂക ഗദ്ഗദത്തോടെ ശരിക്കും കത്തിപിടിയാത്ത പുകയുന്ന അടുപ്പിലേക്ക് കൊണ്ട് ചെന്ന് വച്ചു. ഒരു നിമിഷം, സ്ത്രീ സ്വാതന്ത്ര്യത്തെ പുകച്ചുരുളുകൾ മൂടി. പിന്നെ ഒരാളൽ. പുകഞ്ഞുകൊണ്ടിരുന്ന വിറകുകഷണങ്ങളും ഉഷാറിലായി.
“മതിയെടി തീ കത്തിച്ചത്. പശൂന്റെ കാടിയാ അടുപ്പത്ത്. ഒത്തിരി ചൂട് വേണ്ട “
അമ്മയുടെ ലോകത്തിലെ പശൂനും ആടിനും കോഴിക്കുമൊക്കെ എന്ത് ‘സ്ത്രീസ്വാതന്ത്ര്യം’? എന്തായാലും കുമാരൻസാർ ഭാഗ്യം ചെയ്തവനാ. ജ്ഞാനം വിളമ്പിയതിൽ ഒന്ന് പൊട്ട പാത്രത്തിലായിപോയല്ലോന്നോർത്ത് അന്ന് വിഷമിക്കേണ്ട സന്ദർഭം ഒഴിവായി.
വരാനുള്ളത് വഴീലായാലും തങ്ങും… ഇങ്ങനെ ഒരപ്പനുണ്ടങ്കിൽ. പിന്നെ വൈകിയാണങ്കിലും കിട്ടേണ്ടവർക്ക് കിട്ടുക തന്നെ ചെയ്യും.
4 Comments
ആഹാ…അടിപൊളി! ചെറിയ രീതിയിൽ വല്യ കാര്യങ്ങള് എല്ലാർക്കും മനസ്സിലാകുന്ന പോലെ എഴുതി 👍🥰
Thank you❤️
ആഹാ…അടിപൊളി! 👍
Thank you❤️