Author: shybi shaju

പൂക്കളോടും പൂമ്പാറ്റകളോടും മനുഷ്യരോടും കൂട്ടുകൂടുകയും മഴയേയും മഞ്ഞിനേയും പാലക്കാടൻ കാറ്റിനേയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുവൾ

തൃശൂർ പുത്തൻപീടിക പാദുവ ഹോസ്പിറ്റൽ. വർഷങ്ങൾക്ക് മുമ്പ്, എന്ന് പറഞ്ഞാൽ എനിക്ക് പതിനേഴ് വയസ്സുണ്ടായിരുന്ന അത്രേം വർഷങ്ങൾക്ക് മുമ്പ്, അവിടെ ചെന്ന് കുറഞ്ഞ ദിവസങ്ങൾക്കകം തന്നെ ഇനി ഇതാണെന്റെ വീടെന്ന് തോന്നി. അത്രയ്ക്കിഷ്ടായി. മുൻഭാഗം ആശുപത്രിയും പുറകിൽ കോൺവെൻ്റും ആയി ഒറ്റ ബിൽഡിങ്ങിൽ തന്നെ ഒരു സുന്ദര ഭവനം എന്നും പറയാം.  മധുരമായി സംസാരിക്കുന്ന സിസ് റ്റേഴ്സ്, കൂട്ടുകാരേപ്പോലെ പെരുമാറുന്ന നേഴ്സു കുട്ടികൾ, എല്ലാവർക്കും പ്രിയപ്പെട്ട എളിമയുടെ പര്യായം പോലെ വിക്ടർ ഡോക്ടർ, ഭാര്യ സിംല ചേച്ചി. അവരുടെ രണ്ട് മക്കൾ, ആശുപത്രിയിലെ നിത്യസന്ദർശകരായ ചുറ്റുവട്ടത്തുള്ള വല്ല്യപ്പൻമാരും വല്ല്യമ്മമാരും, മഠത്തിലെ പറമ്പിലെ കാര്യങ്ങളും പശുവിന്റെ കാര്യങ്ങളും നോക്കാൻ വരുന്ന ത്രേസ്യാമ്മേച്ചി, കൃത്യമായി പുലർച്ചേ അഞ്ച് മണിക്ക് തന്നെയെത്തുന്ന കറവക്കാരൻ ദേവസ്യേട്ടൻ, തെങ്ങിന്റെ തടമെടുക്കലും മറ്റ് പണിക്കുമായെത്തുന്ന വിൻസെൻ്റേട്ടൻ ഇവരൊക്കെ അവിടുത്തെ കുടുബാംഗങ്ങൾ തന്നെ.  നിറയെ റോസാപൂക്കൾ വിരിഞ്ഞ് നില്ക്കുന്ന വലിയ പൂന്തോട്ടം, വിശാലമായ തെങ്ങിൻ തോപ്പ്, അതിനുമപ്പുറം വാഴ, മരച്ചീനി, ചേമ്പ്,…

Read More

നെന്മാറയിലെത്തിയ നാൾ മുതൽ ജീവിതം മൊത്തം വിത്യസ്തമാവുകയായിരുന്നു. ഞാൻ അത് വരെ കണ്ട് പരിചയിച്ച വളരെ ധൃതി പിടിച്ച മനുഷ്യരല്ലായിരുന്നു അവിടെ. സംസാരത്തിലും നടപ്പിലും ചലനങ്ങളിലും എല്ലാം ഒരു പ്രത്യേക താളം ഉള്ളവർ, ശാന്തമായി ചിരിക്കുവാനറിയുന്നവർ, നമുക്ക് ഒരു അലോഹ്യവും ഉണ്ടാകാതെ ശ്രദ്ധയോടെ പെരുമാറുന്നവർ, ഞാറ്റുവേലകളും ഋതുക്കളും കണക്ക് കൂട്ടി ജീവിക്കുന്നവർ. ആളുകൾ മാത്രമല്ല, അവരുടെ സംസാര രീതിയും വേഷവിധാനങ്ങളും ഭക്ഷണവും എല്ലാം എന്നെ വേറെയേതോ കാലത്തിലേക്ക് കൊണ്ടെത്തിച്ചത്പോലെ തോന്നി. നമ്മളെ നോക്കുന്ന കണ്ണുകളിൽ നിന്ന് സ്നേഹവും ബഹുമാനവും ആശ്ചര്യവും വേർതിരിച്ചെടുക്കുക പ്രയാസമായിരുന്നു. ഞങ്ങളുടെ വീടിൻ്റെ മുറ്റത്ത് കിഴക്കേ കോണിൽ നിന്ന് നോക്കുമ്പോൾ അങ്ങ് ദൂരെ വെൺമേഘങ്ങളെ മുത്തമിട്ട് പ്രൗഢിയോടെ നില്ക്കുന്ന നെല്ലിയാമ്പതി മലനിരകൾ കാണാം. മലമുകളിൽ നിന്നും ഒഴുകി വരുന്ന കാട്ടരുവികൾ ഇങ്ങ് ദൂരെ നിന്ന് നോക്കുമ്പോൾ ആകാശത്തൂന്ന് താഴേക്ക് വിരിച്ച് പിടിച്ച ഒരു വലിയ പച്ച ചേലയിലെ തിളങ്ങുന്ന വെള്ളികസവുകൾ പോലെ തോന്നും കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയുടെ…

Read More

അലക്കിയ തുണികൾ കൈത്തണ്ടയിലേക്ക് മടക്കി ഇട്ട ശേഷം കുളക്കരയിലെ പടർപ്പിൽ നിന്ന് ഒരില എടുത്ത് ബാക്കി വന്ന സോപ്പ് കഷണം പൊതിഞ്ഞെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ഇല കുളത്തിലേക്കിട്ടു. അലക്കിയപ്പോഴുണ്ടായ ഓളങ്ങൾ അവസാനിച്ച് ഇരുട്ട് പിടിച്ച പച്ചനിറത്തിൽ ഒട്ടും തെളിച്ചമില്ലാത്ത വെള്ളം നിശ്ചലമായി കഴിഞ്ഞിരുന്നു. തേഞ്ഞ് തീരാറായ സോപ്പിൻ്റെ ബാക്കി അലക്ക് കല്ലിലേക്ക് തന്നെ പതിപ്പിച്ച് വച്ച് കരയിലേക്ക് കയറുമ്പോഴാണ് കാലിൻ്റെ നീറ്റലിലേക്ക് ശ്രദ്ധിച്ചത്. അവിടെ ചെറിയൊരു മുറിവുണ്ടായിരുന്നത് പരൽമീനുകൾ കൊത്തി വലുതാക്കിയിട്ടുണ്ട്. കാലിൽ എന്തെങ്കിലും മുറിവുണ്ടങ്കിൽ കുളത്തിൽ തുണി കഴുകുവാൻ വരുന്നത് പേടിയാണ്. പൊടിമീനുകൾ വന്ന് മുറിവിൽ കൊത്തുന്നത് അസഹനീയം തന്നെ. കാലുകൾ പറിച്ച് ചവിട്ടി ചവിട്ടി നിന്ന് എങ്ങനെയോ കഴുകി തീർത്ത് വെള്ളത്തിൽ നിന്ന് കയറിയപ്പോഴാണ് ആശ്വാസമായത്.  വേനല്ക്കാലമായാൽ മനുഷ്യർക്ക് നനയ്ക്കാനും കുളിക്കുവാനും കന്നുകാലികളെ കുളിപ്പിക്കുവാനും നാട്ടുകാർ മൊത്തം ആശ്രയിക്കുന്നത് ഈ കുളത്തിനെയാണ്. വെളുപ്പിനേ തുടങ്ങുന്ന കുളക്കടവിലെ ആളുകളുടെ തിരക്ക് വെയിൽ കനത്താലാണ് ഒന്ന് കുറയുന്നത്. അപ്പോഴേക്കും മേഞ്ഞ് കഴിഞ്ഞ് വരുന്ന…

Read More

റാഹേലിൻ്റെ വീടിന്റെ പുറകിലെ മുറ്റത്തിന്റെ അതിര് ഫോറസ്റ്റാണ്. ആദ്യമൊക്കെ തെളിഞ്ഞ വനം. ഉള്ളിലേക്ക് ചെന്നാൽ പച്ചിലക്കാട് ന്ന് പറയുന്ന കൊടുംകാട്.   നിറയെ പ്ലാവും മൂച്ചിമരവും തെങ്ങും വാഴയുമൊക്കെയുള്ള ആ തൊടി കുരങ്ങൻമാരും മലയണ്ണാൻമാരും അവർക്കും കൂടി അവകാശപ്പെടുത്തിയിട്ടുണ്ട്.    ഒരു പ്രത്യേകശബ്ദം കേൾപ്പിച്ചോണ്ട് തെങ്ങിൽ നിന്ന് മൂപ്പെത്താത്ത കരിക്ക് അടർത്തിയിട്ടിട്ട് ഒരു കൂസലുമില്ലാതെ നമ്മളെയൊന്ന് നോക്കി കൊഞ്ഞനം കുത്തുമ്പോലെ ഒരു ശബ്ദം കൂടി പുറപ്പെടുവിച്ച് അടുത്ത തെങ്ങിലേക്ക് ചാടുന്ന ജീവിയെ റാഹേൽ ചൂണ്ടി കാണിച്ചപ്പോഴാണ് മലയണ്ണാനെ ഞാൻ ആദ്യമായി കാണുന്നത്.  “കുരങ്ങൻമാരുണ്ടന്ന് പറഞ്ഞിട്ടെവിടെ റാഹേലമ്മേ ?” “അവൻമാര് ഉച്ചകഴിഞ്ഞിട്ടാന്നേ എത്തുന്നേ. കുട്ടീം മക്കളുമൊക്കെയായി കുടുംബത്തോടെയാ വരവ് ! അവൻമാര് രണ്ട് മൂന്ന് കുടുംബമിങ്ങെത്തിയാ മതി നമ്മുടെ കുടുംബം വെളുക്കാൻ. ” എഴുപത്തിയെട്ടാം വയസ്സിലും ഒരു പല്ല് പോലും കുറവില്ലാത്ത വായ് തുറന്നുറക്കെ ചിരിച്ചു റാഹേലമ്മ. ചുളിവുകൾ ത്വക്കിനെ നേർത്ത മടക്കുകളാക്കിയിട്ടുണ്ടെങ്കിലും ആ മുഖത്തിനെ അതൊന്നും ബാധിച്ചിട്ടില്ലായിരുന്നു. നറുനിലാവൊഴുകുന്ന മുഖമാണതെന്ന് തോന്നി.  കാടിന്…

Read More

ആദ്യമായി ആ കാൽ എൻ്റെ നേർക്ക് ഉയരുന്നത് ആറ് മാസം ഗർഭമുള്ള എൻ്റെ വയറിനെ ലക്ഷ്യമാക്കിയായിരുന്നു. എൻ്റെ അമ്മച്ചീടെ ഭാഷയിൽ പറഞ്ഞാൽ അന്ന് ഞാൻ കഴുത്തിൻ്റെ വളയസ്ഥിക്കുള്ളിൽ ഓരോ കുടം വെള്ളം കൊള്ളുന്നമാതിരി എല്ലിച്ചുന്തി മെച്ചിങ്ങാ പോലെ ഇത്തിരി പുറത്തേക്കുന്തിയ വയറുമായി വിളറി ഉണങ്ങിയ ഒരു രൂപം, ശരീരം മാത്രമല്ല മനസ്സും ബുദ്ധിയുമെല്ലാം ആരോ പിഴിഞ്ഞ് ചാറൂറ്റി കളഞ്ഞപോലെ ദൈന്യത മാത്രം അവശേഷിക്കുന്ന മുഖവും കണ്ണുകളും. ഇന്ന് പുലർച്ചെ വരെ ഒരേ പായയിൽ എൻ്റെ മേനിയോടൊട്ടി കിടന്നവൻ, മരണം വരെ എൻ്റെ ആത്മാവിൻ്റെ പാതി എന്ന് കഴിഞ്ഞ നിമിഷം വരെ ഞാൻ വിശ്വസിച്ചിരുന്നവൻ ആക്രോശത്തോടെ രാക്ഷസരൂപം പൂണ്ട് എൻ്റെ വയറിന് നേരെ ചവിട്ടാനായി പാഞ്ഞടുക്കുന്നത് എന്തിനെന്ന് എനിക്ക് മനസിലായില്ല. മരവിച്ചാഴ്ന്ന് നിന്ന് പോയ ഒരു നിമിഷം, ഉയർത്തിയ കാൽ എൻ്റെ വയറിൽ പതിയുന്നതിന് ഒരു നിമിഷം മുമ്പേ… ആ കാലിനും എൻ്റെ വയറിനും ഇടയിലേക്ക് വേണ്ടടാ എന്ന ഒരു അലർച്ചയോടെ എൻ്റെ…

Read More

അക്ഷരങ്ങൾക്കും വായനകൾക്കും മുമ്പേ എന്നെ  കഥകളുടെ വിസ്മയിപ്പിക്കുന്ന ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോയ ആള് ചന്ദ്രിക ടീച്ചറാണ്.   അന്ന് എൻ്റെ ഗ്രാമത്തിലെ ഒരേ ഒരു നേഴ്സറിസ്കൂളായ ബാപ്പുജി നേഴ്സറി സ്ക്കൂളും അവിടുത്തെ ചന്ദ്രിക ടീച്ചറുമായിരുന്നു ഞങ്ങളുടെ അക്ഷര കവാടം എന്ന് തന്നെ പറയാം.   സ്വരാക്ഷരങ്ങൾ പഠിപ്പിച്ച് തരുന്നതിനും മുമ്പേ കഥകൾ പറഞ്ഞ് തന്ന് വിസ്മയങ്ങളുടെ മാന്ത്രികലോകത്തേക്ക് കൂട്ടികൊണ്ട് പോയിട്ട് ടീച്ചർ ഞങ്ങളോട് പറഞ്ഞു, അക്ഷരങ്ങൾ പഠിച്ചാൽ വായിക്കാൻ പഠിക്കാം, വായിക്കാൻ പഠിച്ചാൽ ഇതുപോലെ നൂറ് നൂറ് കഥകൾ വായിച്ച് രസിക്കാം  എന്ന്. ഒരു എഴുത്താൾ അല്ലായിരുന്നുവെങ്കിലും വായനയോടുള്ള ഇഷ്ടത്തിൻ്റെ  വിത്ത്  കുഞ്ഞു മനസ്സിൽ പാകി തന്നത് ചന്ദ്രിക ടീച്ചറായിരുന്നു.     അക്ഷരങ്ങൾ ഉരുവിട്ടും വാക്കുകൾ കൂട്ടിവായിച്ചും, വായിച്ചതും ചൊല്ലി കേട്ടതും എഴുതി പഠിച്ചും പ്രൈമറി സ്ക്കൂളിൽ പഠിക്കുന്ന കാലം. കല്ല് പെൻസിലിന് ശേഷം കടലാസ് പെൻസിലും പിന്നീട്  മഷി നിറയ്ക്കുന്ന പേനയും  ഗമയോടെ  എൻ്റെ പുസ്തകസഞ്ചിയിലും സ്ഥാനം പിടിച്ചു. ആ…

Read More

  റോഡിൻ്റെ രണ്ട് വശങ്ങളിലുമുള്ള എല്ലാ  കടകളിലും നല്ല തിരക്കാണ്. വസ്ത്രങ്ങൾ, പാത്രങ്ങൾ,  ചെരുപ്പുകൾ, ബാഗുകൾ തുടങ്ങിയവയെല്ലാം അതാതിൻ്റെ കടകളിൽ റോഡിലൂടെ കടന്ന് പോകുന്നവരുടെ ശ്രദ്ധ ആകർഷിക്കാൻ തക്കവണ്ണം ഭംഗിയായി പ്രദർശിപ്പിച്ചിരിക്കുന്നു. പല വർണ്ണങ്ങളിൽ പ്രകാശിക്കുന്ന ബൾബ് മാലകളാലും മിന്നി തിളങ്ങി തൂങ്ങിയാടുന്ന ചെറുതും വലുതുമായ  നക്ഷത്രവിളക്കുകൾകൊണ്ടും ഓരോ കടകളും ദീപാലംങ്കൃതമാണ്. ഇഴഞ്ഞു നിരങ്ങി നീങ്ങുന്ന വാഹനങ്ങളും അതിനിടയിലൂടെ എപ്പോഴും റോഡ് മുറിച്ച് കടക്കുന്ന ആളുകളും. ചില മുഖങ്ങളിൽ നല്ല ഉത്സാഹം,  ചില മുഖങ്ങളിൽ എന്തെന്നില്ലാത്ത ആശങ്ക. എങ്കിലും എവിടെയും ക്രിസ്തുമസ്സ് ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ തിരക്കിട്ട് നടക്കുന്നു.     ഞാൻ കുറച്ച് നേരമായി ഇടുങ്ങിയ ഈ കടമുറിക്കുള്ളിൽ നിൽക്കുന്നു. മിക്കവാറും ദിവസങ്ങളിൽ ഇത് വഴി വരികയും ഈ തെരുവിലെ ഒട്ടുമിക്ക കടകളിൽ കയറിയിട്ടുമുണ്ടെങ്കിലും ഇങ്ങനെയൊരു കട ശ്രദ്ധയിൽപ്പെട്ടിട്ട് അധികമായിട്ടില്ല. പുറമേ നിന്ന് നോക്കുമ്പോൾ ആരെയും ആകർഷിക്കാനുള്ളതൊന്നും ഇവിടെയില്ല എന്നതാണ് സത്യം. യാദൃശ്ചികമായി ഒരിക്കൽ ഇവിടെ വന്നപ്പോഴാണ് മനസിലായത് സാധാരണയായി എവിടെയും കിട്ടാൻ…

Read More

ജീവിതത്തിൻ്റെ സായാഹ്ന ഘട്ടത്തിലൂടെ കടന്ന് പോകുന്ന മുഖങ്ങളിലെ ഭാവങ്ങൾ പലതാണ്. പാൽപുഞ്ചിരി പൊഴിക്കുന്ന കുഞ്ഞുങ്ങളുടെയത്രേം നിഷ്കങ്കത തോന്നിപ്പിക്കുന്നവർ, ഒന്നുമുരിയാടാതെ കണ്ണുകളിൽ ദീനത നിഴലിക്കുന്നവർ, ബോധത്തിൻ്റെയും അബോധത്തിൻ്റെയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഉടല് മാത്രമേ ഈ ഭൂമിയിലുള്ളൂ എന്ന് തോന്നിപ്പിക്കുന്നവർ, ജീവിതത്തിൻ്റെ മൊത്തം അർത്ഥം ശൂന്യതയായിരുന്നു എന്ന് പറയാതെ പറയുന്നവർ, നമ്മളിൽ നിന്ന് ചിലപ്പോൾ വാത്സല്യത്തിൻ്റെയും ചിലപ്പോൾ സഹാതപത്തിൻ്റെയും നീരുറവ ഒഴുക്കുന്നവർ…. അങ്ങനെ എത്രയോ മുഖങ്ങൾ! എൻ്റെ പതിനേഴാമത്തെ വയസ്സിൽ, സ്വന്തം അമ്മയെപ്പോലെ നോക്കണട്ടോ എന്ന് പറഞ്ഞ് സിസ്റ്റർ റോസ്മേരി ശയ്യാവലംബരായ മൂന്ന് അമ്മമാരെ ശുശ്രൂഷിക്കാനായി എന്നെ ഏൽപ്പിച്ച അന്ന് തൊട്ട് മുപ്പത് വർഷങ്ങൾക്ക് ശേഷവും ഒരു ജോലി എന്നതിലുപരി എനിക്ക് കിട്ടുന്ന ഓരോ അമ്മയോടും ഓരോ അപ്പനോടും കടപ്പെട്ടിരിക്കുന്നു എന്ന ബോദ്ധ്യത്തോടെയാണ് ഇന്നും ഞാൻ വൃദ്ധരോഗീപരിചരണം ചെയ്ത് വരുന്നത്. കിടന്ന കിടപ്പിൽ മലമൂത്ര വിസർജ്ജനം, ശരീരത്തിൽ പഴുത്തൊലിക്കുന്ന വൃണങ്ങൾ സാധാരണയായി ഇങ്ങനെയുള്ള രോഗികളെയാണ് പരിചരിക്കാൻ കിട്ടാറ്. വിശക്കുന്ന വയറിന് വേണ്ടിയാണെങ്കിൽ കൂടിയും…

Read More

നിൻ്റെ കാതിൽ ചൊല്ലാനാവാതെ എൻ്റെ ഹൃദയത്തിൽ നിനക്കായ് ഞാൻ എഴുതട്ടെ. ദൂരെയെങ്ങോ മാഞ്ഞ് പോയെങ്കിലും നിൻ്റെ ഹൃദയംകൊണ്ടത് വായിക്കൂ ! പുലർച്ചെ പാതികണ്ട് മുറിഞ്ഞ്പോയ സ്വപ്നം ആയിരുന്നില്ല നീ എനിക്ക്. ഉണർന്നിരുന്ന് ഞാൻ കണ്ട കിനാവുകളത്രയും നീ ആയിരുന്നു. എന്നെ നോക്കുമ്പോഴുള്ള നിൻ്റെ പുഞ്ചിരികളെല്ലാം ഞാൻ കണ്ടില്ലന്ന് നടിച്ചിരുന്നു. പക്ഷേ അപ്പോഴും നിനക്ക് വേണ്ടിയുള്ള എൻ്റെ ഹൃദയതുടിപ്പുകളുടെ ശബ്ദം ഞാൻ കേട്ടു വിജനമായ ഒറ്റയടിപ്പാതയിലും തെരുവോരത്തെ തിരക്കുകളിലും എല്ലാം എൻ്റെ കണ്ണുകൾ നിന്നെ തേടി അലഞ്ഞു. എന്നിട്ടും നിന്നെ കാണുമ്പോഴെല്ലാം ഞാൻ ഒഴിഞ്ഞ് മാറി നടന്നു. പക്ഷേ എൻ്റെ ഹൃദയം നിന്നിലുടക്കി കൊളുത്തി വലിക്കുന്നുണ്ടായിരുന്നു. അപ്പോഴുണ്ടായ വേദനയ്ക്ക് നിസംഗതയുടെ മൂടുപടമിട്ട് ഞാൻ നടന്നകന്നു. നിന്നെ ആദ്യമായി കണ്ട നിമിഷം അപരിചിതത്വം തോന്നുന്നതിന് പകരം , എന്നോ എവിടെയോ നഷ്ടപ്പെട്ടു പോയ പ്രിയപ്പെട്ടത് ഓർക്കാപ്പുറത്ത് കണ്ട് കിട്ടിയ അത്ഭുതമായിരുന്നു എനിക്ക് . ഏറെ നാൾ അന്വോഷിച്ച് നടന്ന പ്രിയപ്പെട്ടവളെ കണ്ടത്പോലെ നീ എന്നെ…

Read More

സ്വന്തമായിട്ട് റബ്ബറും തോട്ടവും ഒന്നുമില്ലെങ്കിലും എൻ്റെ അപ്പൻ ഒന്നാന്തരം റബ്ബറ് വെട്ടുകാരനായിരുന്നു ( ടാപ്പിംങ്) അന്നത്തിന് മുട്ടില്ലാതെ കുടുംബം നടത്തിക്കൊണ്ട് പോകാനുള്ളതൊക്കെ കിട്ടുന്ന ഒരു പണിയായിരുന്നു അത്. നാട്ടില് തട്ടീം മുട്ടീം ഒക്കെ കഴിഞ്ഞ് കൂടുന്നവർ ഉള്ളത് വിറ്റ് പെറുക്കി മലബാറിലേക്ക് കുടിയേറി പോകുന്ന ഒരു പ്രവണത ആ കാലത്ത് നിലവിലുണ്ടായിരുന്നത് കൊണ്ടാകും എൻ്റെ അപ്പനും അങ്ങനെയൊരു മോഹമുണ്ടായത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ, ജനിച്ച് വളർന്ന നാടും വീടും വിട്ട് കുടുംബത്തോടെ അന്യനാട്ടിലേക്ക് ചേക്കാറാൻ തീരുമാനിച്ചപ്പോൾ കൂട്ടുകാരുടേം നാട്ടുകാരുടേം വീട്ടുകാരുടേം എതിർപ്പും കുറ്റപ്പെടുത്തലും അപ്പൻ നേരിട്ടു. നിനക്കെന്നാത്തിൻ്റെ കേടാ? എന്നായി നാട്ടുകാര്. അവിടെപ്പോയി ഞണ്ടും ഞവുണിങ്ങേം പിടിച്ച് തിന്ന് ജീവിക്കേണ്ടി വരും എന്നായി വീട്ടുകാര്. ദൂരെയുള്ള ഒരു നാടും ആളുകളും ജീവിതവും എല്ലാം എങ്ങനെയായിരിക്കും എന്നറിയാനുള്ള കൗതുകംകൊണ്ട് ഞാൻ മാത്രം അപ്പന് കട്ടപിന്തുണ പ്രഖ്യാപിച്ചു. അക്ഷരങ്ങൾ പെറുക്കി പെറുക്കി വായിച്ച് തുടങ്ങിയ ചിത്രകഥകൾ തൊട്ട് ഞാൻ വായിച്ചിട്ടുള്ള നോവലുകളിൽവരെയുള്ള നാടുകൾ എല്ലാം എൻ്റെ…

Read More