റോഡിൻ്റെ രണ്ട് വശങ്ങളിലുമുള്ള എല്ലാ കടകളിലും നല്ല തിരക്കാണ്. വസ്ത്രങ്ങൾ, പാത്രങ്ങൾ, ചെരുപ്പുകൾ, ബാഗുകൾ തുടങ്ങിയവയെല്ലാം അതാതിൻ്റെ കടകളിൽ റോഡിലൂടെ കടന്ന് പോകുന്നവരുടെ ശ്രദ്ധ ആകർഷിക്കാൻ തക്കവണ്ണം ഭംഗിയായി പ്രദർശിപ്പിച്ചിരിക്കുന്നു.
പല വർണ്ണങ്ങളിൽ പ്രകാശിക്കുന്ന ബൾബ് മാലകളാലും മിന്നി തിളങ്ങി തൂങ്ങിയാടുന്ന ചെറുതും വലുതുമായ നക്ഷത്രവിളക്കുകൾകൊണ്ടും ഓരോ കടകളും ദീപാലംങ്കൃതമാണ്.
ഇഴഞ്ഞു നിരങ്ങി നീങ്ങുന്ന വാഹനങ്ങളും അതിനിടയിലൂടെ എപ്പോഴും റോഡ് മുറിച്ച് കടക്കുന്ന ആളുകളും. ചില മുഖങ്ങളിൽ നല്ല ഉത്സാഹം, ചില മുഖങ്ങളിൽ എന്തെന്നില്ലാത്ത ആശങ്ക. എങ്കിലും എവിടെയും ക്രിസ്തുമസ്സ് ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ തിരക്കിട്ട് നടക്കുന്നു.
ഞാൻ കുറച്ച് നേരമായി ഇടുങ്ങിയ ഈ കടമുറിക്കുള്ളിൽ നിൽക്കുന്നു. മിക്കവാറും ദിവസങ്ങളിൽ ഇത് വഴി വരികയും ഈ തെരുവിലെ ഒട്ടുമിക്ക കടകളിൽ കയറിയിട്ടുമുണ്ടെങ്കിലും ഇങ്ങനെയൊരു കട ശ്രദ്ധയിൽപ്പെട്ടിട്ട് അധികമായിട്ടില്ല. പുറമേ നിന്ന് നോക്കുമ്പോൾ ആരെയും ആകർഷിക്കാനുള്ളതൊന്നും ഇവിടെയില്ല എന്നതാണ് സത്യം. യാദൃശ്ചികമായി ഒരിക്കൽ ഇവിടെ വന്നപ്പോഴാണ് മനസിലായത് സാധാരണയായി എവിടെയും കിട്ടാൻ പ്രയാസമുള്ള സകല ലൊട്ടുലൊടുക്കു സാധനങ്ങളും ഇവിടെയുണ്ടെന്ന്.
ഒരു വലിയ ചുവന്ന വാൽനക്ഷത്രത്തിൻ്റെ വില ചോദിച്ചറിയാൻ കാത്ത് നിന്ന് മുഷിച്ചിലോടെ ഞാൻ തെല്ലുറക്കെ കടയുടമസ്ഥയെ വിളിച്ചു ” ചേച്ചീ, ഇതൊന്ന് പറ ”
” ദാ വരുന്നു മോളേ, ഒരു മിനിട്ട് ”
ക്ഷമാപണ ഭാവത്തിൽ അങ്ങനെ പറഞ്ഞിട്ട് അവർ അവിടെ നിന്ന ഒരു വൃദ്ധയുടെ കൈയ്യിൽ പിടിച്ച് പുറത്തേക്കിറങ്ങി. നടക്കുന്നതിനിടയിൽ വൃദ്ധയുടെ സഞ്ചി അവർ മേടിച്ചു പിടിച്ചു. കുറച്ച് കൂനി നടന്നിരുന്ന വൃദ്ധ കൈയ്യിലെ ഭാരം ഒഴിഞ്ഞപ്പോൾ കടയിലെ സ്ത്രീയുടെ കൈയ്യിൽ മുറുകെ പിടിച്ച് ഒരു നിമിഷം ഒന്ന് നിവർന്ന് നിന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് കാലിയായി വന്ന ഒരു ഓട്ടോറിക്ഷ കൈ കാണിച്ച് നിർത്തിച്ച് വൃദ്ധയെ അതിനുള്ളിൽ കയറ്റിയിരുത്തി, അവരുടെ സഞ്ചിയും വണ്ടിക്കുള്ളിൽ വച്ച് കൊടുത്ത് ഓട്ടോഡ്രൈവർക്ക് എന്തോ നിർദ്ദേശവും കൊടുത്ത്, ഓട്ടോ മുന്നോട്ട് നീങ്ങിയതിന് ശേഷം അവർ തിരികെ വന്ന് എൻ്റെ മുഖത്തെ മുഷിച്ചില് കാര്യമാക്കാതെ ചിരിച്ച് കൊണ്ട് എനിക്ക് വേണ്ട സാധനങ്ങൾ എടുത്ത് തരുവാൻ തുടങ്ങി.
” ആ അമ്മൂമ്മ ആരായിരുന്നു, ചേച്ചിയുടെ അമ്മയാണോ? ”
വിചാരിച്ചതെല്ലാം ന്യായമായ രീതിയിൽ വാങ്ങുവാൻ സാധിച്ച സംതൃപ്തിയിൽ ഞാൻ കുശലം ചോദിച്ചു.
” ഏയ്, അല്ല മോളേ. ഞാനവരെ ആദ്യമായിട്ട് ഇന്നാണ് കാണുന്നത്. അവര് ഇന്ന് ഒരു ഉച്ചയായപ്പോൾ വന്ന് ഒരു നക്ഷത്രം വാങ്ങി പോയി. അതിന് ശേഷം വൈകുന്നേരമായപ്പോഴേക്കും അവരിവിടെ പല വട്ടം വന്നു. ഓരോ പ്രാവശ്യവും ഓരോ സാധനങ്ങൾ കിട്ടുന്ന കട എവിടെയാണെന്ന് ചോദിക്കാനാണ് വന്നത്. ഇലക്ട്രിക്കൽ കട, മത്സ്യ കട, കോഴി കട, പലചരക്ക് കട ഇങ്ങനെ പല കടകളും ഇവിടെ വന്ന് ഓരോ പ്രാവശ്യവും ചോദിച്ചറിഞ്ഞ് അവര് പോയി സാധനങ്ങൾ മേടിച്ചു കൊണ്ട് വന്നു. നിവർന്ന് നടക്കാൻ തന്നെ പ്രയാസപ്പെടുന്ന അവർ ഇതൊക്കെ ഒറ്റയ്ക്ക് ചെയ്യുന്നത് കണ്ടപ്പോൾ വിഷമം തോന്നി. വീട്ടിലാരുമില്ലേന്ന് ചോദിച്ചപ്പോൾ ഒരു മകൻ മാത്രമേയുള്ളൂ. നാളെ ക്രിസ്തുമസ്സിനുള്ള സാധനങ്ങളെല്ലാം മേടിക്കാൻ വന്നതാണ്. ഇനി ഇതൊക്കെ എങ്ങനെയെങ്കിലും വീട്ടിലെത്തിക്കണം എന്ന് പറഞ്ഞപ്പോൾ ഞാനവരെ ഒരു ഓട്ടോറിക്ഷ വിളിച്ച് കയറ്റി വിട്ടതാണ്. മകനെ വീട്ടിലിരുത്തിയിട്ട് ഇത്ര വയ്യാത്ത അവരെന്തിനാണ് ഇത്ര ബുദ്ധിമുട്ടി വന്നതെന്ന് എനിക്ക് സംശയം തോന്നി മോളേ, പക്ഷേ ഞാൻ ചോദിച്ചില്ല. കാരണം ആ ചോദ്യം അവരെ വിഷമിപ്പിക്കുന്നതാണെങ്കിലോ ?
ചിലപ്പോ മോൻ സുഖമില്ലാതിരിക്കുവോ, അങ്ങനെ എന്തെങ്കിലുമായിരിക്കും. പാവം! ഈ ക്രിസ്തുമസ്സ് അവർക്ക് ഒരു പ്രത്യാശകൊടുക്കട്ടെ. ”
ഗ്രാമത്തിലേക്കുള്ള അവസാന ബസിലും നിറയെ ആളുകളുണ്ടായിരുന്നു. ഇനിയൊരു കാല് കുത്തുവാൻ പോലും സ്ഥലമില്ലാതെ ആളുകളെ നിറച്ച ബസ് രാത്രിയേയും പകലാക്കുന്ന പട്ടണത്തിലെ തിരക്കുള്ള വലിയ റോഡിൽ നിന്നും അകന്ന് ഗ്രാമത്തിലേക്കുള്ള മലഞ്ചെരുവുകളെ ചുറ്റി പോകുന്ന റോഡിലേക്ക് പ്രവേശിച്ചു.
ബസിലെ തിരക്ക് കുറഞ്ഞു വന്നു. അസ്തമിച്ചിട്ടും തങ്ങി നിൽക്കുന്ന പകൽ ചൂടിനെ ശമിപ്പിക്കുവാനായി വന്ന കുളിർമയുളള ഒരു കാറ്റ് മുഖത്തടിച്ചപ്പോൾ ഞാൻ കണ്ണുകൾ അടച്ച് സീറ്റിൽ ചാരി കിടന്നു. മനസിലപ്പോൾ കടയിൽ വച്ച് കണ്ട വൃദ്ധയുടെ മുഖം വീണ്ടും തെളിഞ്ഞു. കൂനി കൂടി നടന്ന് ബദ്ധപ്പെട്ട് ഓരോ കടയും അന്വോഷിച്ച് കയറിയിറങ്ങി സാധനങ്ങൾ വാങ്ങുമ്പോൾ അവരുടെ മുഖത്ത് അവശതയെ മറയ്ക്കുന്ന ഒരു കരുത്തായിരുന്നു കണ്ടത്. ക്രിസ്തുമസ് ആഘോഷിക്കുവാൻ അമ്മയുടെ വരവും കാത്ത് വഴിക്കണ്ണുമായിരിക്കുന്ന ഏകമകൻ്റെ പ്രത്യാശയായിരിക്കും ആ വൃദ്ധയുടെ കരുത്ത്.
ദൂരെ ഒരു കൊച്ചു വീട്ടിൽ അതേ പ്രത്യാശയോടെ എന്നെയും കാത്തിരിക്കുന്ന അമ്മയെ ഞാനോർത്തു. അതേ, കാത്തിരിക്കുവാൻ ഒരാൾ ഉള്ളിടത്തോളം ക്രിസ്തുമസ് എൻ്റെയും കൂടിയാണ് !
റോഡിനിരുവശത്തുമുള്ള വീടുകളും കവലകളിലെ ചെറിയ കടകളുമെല്ലാം വൈദ്യുതിയലങ്കാരത്തിൽ മനോഹരമാക്കിയിരിക്കുന്നു. എല്ലാം പതിവ് വർഷങ്ങളിലുള്ള കാഴ്ചകൾ തന്നെ. ഞാൻ മടിയിലിരിക്കുന്ന ചുവന്ന വാൽനക്ഷത്രത്തിൻ്റെ പൊതിയിലേക്ക് നോക്കി. അതിനും പുതുമയൊന്നും ഉണ്ടായിരുന്നില്ല. എത്രയോ വർഷങ്ങളായി ഓരോ ക്രിസ്തുമസിനും ആവർത്തിക്കുന്ന കാര്യങ്ങൾ.
പുറത്തെ അലങ്കാരഭംഗികൾ നിറഞ്ഞ കാഴ്ചകളിൽ നിന്ന് വളരെ വേഗം പുറകോട്ടോടിയ എൻ്റെ മനസ്സ് ആഘോഷ ദിവസങ്ങൾക്കായി കാത്തിരുന്ന നിറംമങ്ങിയ കുട്ടിക്കാലത്തെ ഒരു ക്രിസ്തുമസ് മാസത്തിൽ ചെന്നുടക്കി നിന്നു. ഓർമ്മകൾക്ക് മാത്രം ഒട്ടും നിറം മങ്ങിയിട്ടില്ലായിരുന്നു. അവിടെ ഞാൻ കണ്ടു, അലക്ക് കല്ലിൻ്റെ പരുപരുപ്പിൽ ഉരസി കീറിയ വെള്ള സ്ക്രാഫ്, കീറൽ പുറത്ത് കാണാത്ത വിധം ഭംഗിയായി മടക്കി തലയിലിട്ട് ക്രിസ്തുമസ്സിൻ്റെ തലേദിവസം ഞായറാഴ്ച കുർബ്ബാന കഴിഞ്ഞ് വീട്ടിലേക്ക് വളരെ വേഗം നടക്കുന്ന എന്നെ. അന്നെനിക്ക് എട്ടോ ഒമ്പതോ വയസ്സ് മാത്രം പ്രായം. മുട്ടിന് താഴെ ഇറക്കമുള്ള മഞ്ഞയിൽ ചെറിയ നീല പൂക്കളുള്ള ഫ്രില്ല് വച്ച് തയ്പ്പിച്ച പാവാടയും ഇറക്കമുള്ള നീലബ്ലൗസുമാണ് വേഷം. എണ്ണത്തിൽ വളരെ കുറവായിരുന്നത് കൊണ്ട് ചെറുതിലേ ഇട്ടിരുന്ന വസ്ത്രങ്ങൾ എല്ലാം ഇപ്പഴും നല്ല ഓർമ്മയുണ്ട്.
വീട്ടിലേക്കുള്ള ഇടവഴിയിലൂടെ കയറ്റം കയറാൻ തുടങ്ങിയതും കണ്ടു മുറ്റത്ത് അപ്പോൾ വെട്ടി കൊണ്ട് വന്ന എടനമരത്തിൻ്റെ വലിയൊരു കൊമ്പ് നാട്ടി നിർത്തിയിരിക്കുന്നു. മനസ്സ് തുള്ളിച്ചാടി. ആദ്യായിട്ടാണ് എൻ്റെ വീട്ടിൽ ക്രിസ്തുമസ് ട്രീ ഒരുക്കുന്നത്.
മുളങ്കമ്പുകൾ കൊണ്ട് കെട്ടി, മീതെ വർണ്ണകടലാസുകൾ ഒട്ടിച്ച ഒരു വിധം വലിപ്പമുള്ള ഒരു നക്ഷത്രത്തിൻ്റെ പണി അപ്പൻ തലേന്നേ തീർത്തിരുന്നു.
അന്ന് വൈകിട്ടാണ് കരോൾ പാടി വരുന്നത്. ഇതിന് മുമ്പുള്ള ഒരു ക്രിസ്തുമസ്സിനും വീട്ടിൽ നക്ഷത്രം ഉണ്ടാക്കിയിട്ടില്ല. ക്രിസ്തുമസ് രാവിൽ കരോൾ സംഘം എത്തുമ്പോൾ എൻ്റെ വീട്ടിൽ മാത്രം നക്ഷത്രം തൂക്കിയിട്ടില്ലല്ലോ എന്നത് ഒത്തിരി വിഷമിപ്പിച്ചിരുന്നു. ആ സങ്കടം ആണ് ഇന്നില്ലാതാകാൻ പോകുന്നത്. ഞാൻ ആഹ്ലാദത്തോടെ അമ്മയെ വിളിച്ച് കൊണ്ട് വീട്ടിനകത്തേക്ക് ഓടി കയറി.
വെളിച്ചം കുറഞ്ഞ ചെറിയ അടുക്കളയിൽ ഈർപ്പമുള്ള വിറക് ഊതി കത്തിക്കാൻ ശ്രമിച്ച്, വായിലേക്കും മൂക്കിലേക്കും പുക ചുരുളുകൾ വലിച്ച് കയറ്റി ശ്വാസം കിട്ടാതെ ചുമച്ച് കൊണ്ട് ഉറഞ്ഞ് പോയ പുക ചുരുൾ പോലെ വേറൊരു രൂപമായി അമ്മ നില്പുണ്ടായിരുന്നു
ഉണക്കമുളകും മല്ലിയും മസാലക്കൂട്ടും വറകലത്തിൽ ഇട്ട് ഇളക്കുമ്പോൾ ഉയരുന്ന മണം കിട്ടുമ്പോഴറിയാം നാളത്തേക്ക് നോമ്പ് വീടലിന് ഇറച്ചിക്കറിക്കുള്ള ചേരുവകൾ അമ്മ തയ്യാറാക്കാൻ തുടങ്ങിയിരിക്കുന്നു. അടുപ്പും തിട്ടയിൽ ഒരു മൂലയ്ക്ക് അപ്പത്തിന് കലക്കിയത് പുളിച്ച് പൊങ്ങാനായി തയ്യാറാക്കിവച്ചിരിക്കുന്ന അലുമനിയം ചരുവത്തിൽ ഉറുമ്പുകൾ കയറാതിരിക്കാൻ പാത്രത്തിന് ചുറ്റും അമ്മ അടുപ്പിൽ നിന്ന് കനലുകൾ കോരിയിട്ടു.
വലിയൊരു കനൽ കട്ടയെ മാറ്റിയിട്ട് ഇത്തിരി വെള്ളം തളിച്ച് ഒരു കരിക്കട്ടയാക്കുന്നതും അതുകൊണ്ട് അപ്പത്തിനുള്ള മാവിരിക്കുന്ന പാത്രത്തിൻ്റെ അടപ്പിന് പുറത്ത് നടുവിൽ തന്നെ ഒരു കറുത്ത കുരിശ് വരയ്ക്കുന്നതും കണ്ട് ഞാൻ കൗതുകത്തോടെ നോക്കി നിന്നു.
മാവ് പൊങ്ങുവാൻ വേണ്ടീട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അപ്പോൾ ഈ കുരിശാകൃതിയായിരിക്കും മാവിനെ പുളിപ്പിക്കുന്നത്.
വീട്ടിലെ പുള്ളിക്കോഴിയ്ക്ക് അട വയ്ക്കുന്ന മുട്ടകൾ വിരിയിക്കുന്നതും മുട്ടയ്ക്ക് മീതെ കരിക്കട്ട കൊണ്ട് വരയ്ക്കുന്ന ഇതേ കുരിശ് തന്നെയാണ്.
തലേദിവസം ചക്കുകുരുവും മാങ്ങയും വച്ച ഒഴിഞ്ഞ ചട്ടിയിലേക്ക് കുറച്ച് കഞ്ഞിയൊഴിച്ച്, അതിലേക്ക് കുറച്ച് ചമ്മന്തിയും ഉപ്പുമിട്ട് ഇളക്കി തരുമ്പോൾ അമ്മ വ്യസനത്തോടെ പറഞ്ഞു ” നാളെ നന്നായി ഉണ്ണാട്ടോ ”
കഞ്ഞി കുടിച്ച് ഞാൻ മുറ്റത്തേക്കിറങ്ങി. അവിടെ കുഴിച്ചിട്ട എടന മരത്തിൻ്റെ കൊമ്പ് വർണ്ണ തൊങ്ങലുകൾ കൊണ്ടും കടലാസ് കൊണ്ടുണ്ടാക്കിയ കുഞ്ഞുനക്ഷത്രങ്ങൾ കൊണ്ടും അലങ്കരിക്കുന്ന തിരക്കിലാണ് അപ്പൻ. ഞാനും സന്തോഷം തിങ്ങുന്ന ഹൃദയത്തോടെ അപ്പനെ സഹായിക്കാൻ കൂടി. മുളങ്കമ്പ് കൊണ്ടുണ്ടാക്കിയ വലിയ നക്ഷത്രം എടനമരം കൊണ്ടുണ്ടാക്കിയ ക്രിസ്തുമസ് ട്രീയുടെ മുകളിൽ തന്നെ കെട്ടി തൂക്കി. പുറകിൽ മുളങ്കമ്പിൻ്റെ ഉള്ളിൽ ഒരു ചെറിയ പലകകഷണം വച്ചിട്ടാണ് നക്ഷത്രം ഉണ്ടാക്കിയിരിക്കുന്നത്. വർണ്ണ കടലാസ് ഒട്ടിക്കുന്നതിന് മുമ്പേ ആ പലകയിൽ ഒരു കൊച്ചു മെഴുകുതിരി ഉറപ്പിച്ചിട്ടുണ്ടായിരുന്നു, മെഴുകുതിരി തെളിക്കാനായി ചെറിയൊരു വിടവും.
കരോൾ സംഘം എത്തുന്നതിന് തൊട്ട് മുമ്പ് ഈ വിടവിലൂടെ ഒരു തിരി നീട്ടി ഉള്ളിലെ മെഴുകുതിരി തെളിക്കും. വൈദ്യുതി എത്താത്ത എൻ്റെ വീട്ടിൽ അന്ന് അങ്ങനെയായിരുന്നു നക്ഷത്രം തെളിച്ചിരുന്നത്.
വൈകുന്നേരമായപ്പോഴേക്കും കുറച്ച് ബലൂണുകൾ കൂടി കെട്ടി തൂക്കി ക്രിസ്തുമസ് ട്രീ ഞങ്ങൾ മനോഹരമാക്കി. അടുത്ത വർഷം ആകട്ടെ, ഒരു പുൽക്കൂടും കൂടി ഉണ്ടാക്കണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു.
അന്ന് ആദ്യത്തെ കരോൾ ഞങ്ങളുടെ വീട്ടിലാണ് എത്തുന്നത്. രാത്രിയാകുവാൻ ഞാൻ കാത്തിരുന്നു. എൻ്റെ മുറ്റത്തെ ക്രിസ്തുമസ്ട്രീയിലേക്ക് നോക്കുമ്പോൾ എൻ്റെ മുഖം അഭിമാനം കൊണ്ട് ചുവന്നു.
നിമിഷങ്ങൾ ഇഴഞ്ഞ് നീങ്ങി. എട്ടുമണിയോട് കൂടി നീണ്ട ഒരു വിസിലടിയും തുടർന്ന് ഡും ഡും എന്ന കൊട്ടും. കരോൾ സംഘം വീട്ടിലേക്കുള്ള ഇടവഴി കയറി വരുന്നു. മുമ്പിൽ പെട്രോ മാക്സ് പിടിച്ച് ഒരാൾ. പിന്നാലെ ക്രിസ്തുമസ് അപ്പൂപ്പനും സംഘവും.
അപ്പൻ ഓടിപ്പോയി ഒരു സ്റ്റൂളിൽ മേൽ കയറി നിന്ന് ക്രിസ്തുമസ് ട്രീയുടെ ഉള്ളിലെ മെഴുകുതിരി തെളിച്ചു. മുറ്റത്ത് അതിൽ നിന്ന് നല്ല ഭംഗിയുള്ള ചുവന്ന കിരണങ്ങൾ പരന്നു.
വടിയും കുത്തി പിടിച്ച് ചുവന്ന രോമ കുപ്പായവും ധരിച്ച് മുമ്പിൽ നിന്ന സാൻ്റാ ക്ലോസിൻ്റെ പുറകിൽ നിന്ന് വലിയ വെളുത്ത ചിറകുകൾ പിടിപ്പിച്ച ഒരു മാലാഖ മുമ്പോട്ട് വന്ന് ക്രിസ്തുമസ് സന്ദേശം പറഞ്ഞു
” ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം ”
തുടർന്ന് കരോൾ സംഘം പാടുവാൻ തുടങ്ങിയതും മുറ്റത്തെ ചുവന്ന കിരണങ്ങൾ വലിയൊരു പ്രകാശമായി മാറി. അത് വരെ മങ്ങിയ വെളിച്ചത്തിൽ നിന്നിരുന്ന ഞങ്ങൾ പെട്ടെന്നുള്ള പ്രകാശം കണ്ട് ഞെട്ടിപ്പോയി. മുറ്റത്തിൻ്റെ മൂലയിലേക്ക് നോക്കിയ എൻ്റെയുള്ളിൽ ഒരാന്തലുണ്ടായി ! അതാ ക്രിസ്തുമസ് ട്രീയുടെ മുകളിൽ തൂക്കിയ, ഞങ്ങൾ ദിവസങ്ങൾ പരിശ്രമിച്ച് ഉണ്ടാക്കിയ ആ വലിയ നക്ഷത്രം ആകാശത്തേക്ക് ജ്വലിച്ചുയരും പോലെ നിന്ന് കത്തുന്നു !
എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ക്രിസ്തുമസ് അപ്പൂപ്പൻ തന്ന മിഠായി മേടിക്കാതെ നിന്ന് ഞാൻ ഏങ്ങിയേങ്ങി കരഞ്ഞു. അതൊന്നും കാര്യമാക്കാതെ കരോൾ സംഘം പാടിയും ആടിയും കഴിഞ്ഞ് അടുത്ത വീട് ലക്ഷ്യമാക്കി നീങ്ങി. ആളുകളൊഴിഞ്ഞ മുറ്റത്ത് നിന്ന ഞാൻ കണ്ടു, ഒറ്റ ബലൂണുകളും ക്രിസ്തുമസ് ട്രീയിൽ അവശേഷിക്കുന്നില്ല.
” പാട്ട് പാടി വന്നവരിലെ പിള്ളേര് ബലൂണുകൾ വലിച്ച് പറിച്ചെടുത്തപ്പോൾ മരം കുലുങ്ങിയതാണ് മെഴുകുതിരി മറിഞ്ഞ് നക്ഷത്രം കത്താൻ കാരണം ”
അകത്തൂന്ന് അമ്മയോട് അപ്പൻ പറയുന്നത് കേട്ട് ഞാൻ ആരോടെന്നില്ലാതെ രോഷത്തോടെ ക്രിസ്തുമസ് ട്രീയുടെ ചുവട്ടിൽ നിന്നു, അപ്പോൾ എൻ്റെ മുഖത്തേക്ക് കുറച്ച് വെണ്ണീർ മുകളിൽ നിന്ന് പറന്ന് വീണു
ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും അന്നത്തെ ആ ക്രിസ്തുമസ്സിനായിരുന്നു.
ഓർമ്മകൾക്ക് തല്ക്കാലംവിട പറഞ്ഞ് ബസിൻ്റെ അവസാനത്തെ സ്റ്റോപ്പിലിറങ്ങി ഞാൻ വീട്ടിലേക്ക് നടന്നു.
വരാന്തയിൽ തന്നെ എന്നെയും കാത്ത് അമ്മയുണ്ടായിരുന്നു. ചുവന്ന വാൽനക്ഷത്രം തൂക്കി ഞാൻ അതിനുള്ളിൽ മാറി മാറി പല നിറങ്ങളിൽ കത്തുന്ന ബൾബ് തെളിച്ചു.
അപ്പോൾ ദൂരെ നിന്ന് അടുത്തടുത്ത് വരുന്ന കരോൾ സംഘത്തിൻ്റെ കൊട്ടും പാട്ടും കേട്ടു. ഞാൻ അമ്മയെ നോക്കി. തെളിഞ്ഞ് കത്തുന്ന നക്ഷത്രം പോലെ അമ്മയുടെ മുഖം പ്രകാശിക്കുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു !
ലോകമെങ്ങും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും പ്രതീക്ഷയുടെയും വരവറിയിക്കുന്ന തിരുപ്പിറവിദിനത്തിൻ്റെ ആഘോഷങ്ങൾ തുടങ്ങിയിരുന്നു !
#എൻ്റെ രചന<!–/data/user/0/com. samsung. android. app. notes/files/clipdata/clipdata_bodytext_241227_225816_711. sdocx–>
#ക്രിസ്തുമസ്, ഓർമ്മകളും രുചികളും ഗന്ധങ്ങളും


6 Comments
കത്തിപ്പോയ നക്ഷത്രം, നോവായെങ്കിലും പ്രതീക്ഷയുടെ പ്രതീകമായ നക്ഷത്രം എല്ലാ വർഷവും മിന്നിക്കാൻ പറ്റിയത് ഒരു അനുഗ്രഹo. ഓർമ്മകളിൽ മുങ്ങിത്തപ്പിയ രചന👌.
😍😍 അതേ Joyce . Thank you❤️
സന്തോഷമായാലും സങ്കടമായാലും ഓർമ്മയുടെ പരിവേഷമണിയുമ്പോൾ എത്ര സുഗന്ധമാണ് അല്ലേ 👌👌👌 Season’s greetings dear.
😍😍 Thanku dear silvy ❤️
❤️❤️🤝
🥰❤