സ്വന്തമായിട്ട് റബ്ബറും തോട്ടവും ഒന്നുമില്ലെങ്കിലും എൻ്റെ അപ്പൻ ഒന്നാന്തരം റബ്ബറ് വെട്ടുകാരനായിരുന്നു ( ടാപ്പിംങ്) അന്നത്തിന് മുട്ടില്ലാതെ കുടുംബം നടത്തിക്കൊണ്ട് പോകാനുള്ളതൊക്കെ കിട്ടുന്ന ഒരു പണിയായിരുന്നു അത്. നാട്ടില് തട്ടീം മുട്ടീം ഒക്കെ കഴിഞ്ഞ് കൂടുന്നവർ ഉള്ളത് വിറ്റ് പെറുക്കി മലബാറിലേക്ക് കുടിയേറി പോകുന്ന ഒരു പ്രവണത ആ കാലത്ത് നിലവിലുണ്ടായിരുന്നത് കൊണ്ടാകും എൻ്റെ അപ്പനും അങ്ങനെയൊരു മോഹമുണ്ടായത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ, ജനിച്ച് വളർന്ന നാടും വീടും വിട്ട് കുടുംബത്തോടെ അന്യനാട്ടിലേക്ക് ചേക്കാറാൻ തീരുമാനിച്ചപ്പോൾ കൂട്ടുകാരുടേം നാട്ടുകാരുടേം വീട്ടുകാരുടേം എതിർപ്പും കുറ്റപ്പെടുത്തലും അപ്പൻ നേരിട്ടു. നിനക്കെന്നാത്തിൻ്റെ കേടാ? എന്നായി നാട്ടുകാര്. അവിടെപ്പോയി ഞണ്ടും ഞവുണിങ്ങേം പിടിച്ച് തിന്ന് ജീവിക്കേണ്ടി വരും എന്നായി വീട്ടുകാര്.
ദൂരെയുള്ള ഒരു നാടും ആളുകളും ജീവിതവും എല്ലാം എങ്ങനെയായിരിക്കും എന്നറിയാനുള്ള കൗതുകംകൊണ്ട് ഞാൻ മാത്രം അപ്പന് കട്ടപിന്തുണ പ്രഖ്യാപിച്ചു.
അക്ഷരങ്ങൾ പെറുക്കി പെറുക്കി വായിച്ച് തുടങ്ങിയ ചിത്രകഥകൾ തൊട്ട് ഞാൻ വായിച്ചിട്ടുള്ള നോവലുകളിൽവരെയുള്ള നാടുകൾ എല്ലാം എൻ്റെ മനസ്സിൽ ദൃശ്യങ്ങളായി പതിഞ്ഞിട്ടുണ്ട്. അതിലേതെങ്കിലുമൊരു നാട്ടിലേക്കാകും പോകുന്നതെന്ന് ഞാൻ സങ്കൽപ്പിച്ചു. പുതിയൊരു നാടും അവിടെയുള്ള വീടുകളും ആളുകളും എന്തിന് പുൽമ്മേട്ടിൽ മേഞ്ഞ് നടക്കുന്ന ആട്ടിൻകൂട്ടങ്ങൾ വരെ ദൃശ്യഭംഗിയോടെ എൻ്റെ ദിവാസ്വപ്നങ്ങളിൽ വിരുന്ന് വരുവാൻ തുടങ്ങി.
അങ്ങനെയാണ് പതിനേഴാമത്തെ വയസ്സിൽ പെറ്റമ്മയേപ്പോലെ എൻ്റെ മനസ്സിൽ ഇടം നേടിയ നാട്ടിലേക്ക് ഞാൻ വരുന്നത്. നെല്ലിയാമ്പതിമലനിരകളുടെ താഴ്‌വാരത്ത് നീണ്ട് പരന്ന് കിടക്കുന്ന വയലുകളും, രാത്രിയിൽ വീശിയടിക്കുന്ന കിഴക്കൻകാറ്റിൽ മുടിയഴിച്ചിട്ട് ആടുന്ന കരിമ്പനകളും, അന്തരീക്ഷത്തിൽ അലയടിക്കുന്ന കൊയ്ത്ത് പാട്ടിൻ്റെ ശീലുകളും വിളഞ്ഞ നെല്ലിൻ്റെ മണവുമുള്ള അതീവസുന്ദരിയായ ഒരു പാലക്കാടൻ ഗ്രാമം… പെരുമ കേട്ട വേലയുടെ നാട്, നെന്മണിയുടെ അറയെന്നും നന്മയുടെ അറയെന്നും വിശേഷിപ്പിക്കുന്ന ‘ നെന്മാറ ‘ !
നെന്മാറ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ആദ്യം മനസ്സിലേക്ക് വരുക പ്രസിദ്ധമായ നെന്മാറ — വല്ലങ്ങിവേല ആയിരിക്കും. മീനം ഇരുപതിന് ആഘോഷിക്കുന്ന നെല്ലിക്കുള്ളങ്ങര ഭഗവതിയുടെ ഉത്സവം എന്നതിലുപരി അവിടെയുള്ള ഓരോ കൊച്ചുഗ്രാമങ്ങളുടെയും ഹൃദയത്തുടിപ്പ് കൂടിയാണ് വേല. വീടിനോട് ചേർന്നുള്ള ഇടവകപ്പള്ളിയിലെ പെരുന്നാള് ഒഴിച്ച് വേറൊരു മാമാങ്കവും കണ്ടിട്ടില്ലാത്ത എനിക്ക് വിസ്മയങ്ങളുടെ പെരുമഴയായിരുന്നു നെന്മാറവേല. വേനല്ക്കാലത്ത് കൊയ്ത്ത് കഴിഞ്ഞാൽ വേലയ്ക്ക് വേണ്ടി നാട് ഒരുങ്ങുകയായി. പത്ത് ദിവസം മുമ്പ് കൊടിയേറി കഴിഞ്ഞാൽ പിന്നെ ഉത്സവം കഴിയാതെ ആരും തങ്ങളുടെ ഗ്രാമം വിട്ട് പുറത്ത് പോകാറില്ല. ഓരോ വർഷവും നെന്മാറ ദേശവും വല്ലങ്ങിദേശവും മൽസരത്തോടെ വേല മികവുറ്റതാക്കുവാൻ ഒരുങ്ങുമ്പോൾ ഒപ്പം ഓരോ വീടുകളും ആഘോഷതിമിർപ്പിലാകും. മനസ്സിലൊരു തുടികൊട്ടോടെ ഞാനതൊക്കെ എന്നും ആസ്വദിക്കാറുണ്ട്.
നെന്മാറവേലയും വേലയുടെ ആനപ്പന്തലും വെടിക്കെട്ടും ഒക്കെ പ്രസിദ്ധമാണങ്കിലും അത്ര പ്രസിദ്ധമല്ലാത്ത ചില വിശ്വാസങ്ങൾ കൂടി വേലയെ സംബന്ധിച്ചുണ്ട്. അതിലൊന്നാണ് ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ വേല വന്നാൽ അപകടം ഉറപ്പാണെന്നുള്ള (അന്ധ) വിശ്വാസം.
വെള്ളിയാഴ്ചയും ചോവ്വാഴ്ചയും പണം നൽകാൻ പാടില്ല, ഉച്ച കഴിഞ്ഞാൽ ഉപ്പും സൂചിയും ചോദിക്കരുത്, കൊടുക്കരുത്, വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ചാണകം എടുക്കരുത് ഇങ്ങനെയുള്ള വിശ്വാസങ്ങൾ കേട്ട് എനിക്ക് അരോചകവും ഒപ്പം അത്ഭുതവും തോന്നുമായിരുന്നു.
പെണ്ണ് കൂവിയാൽ നാട് മുടിയും എന്ന് കേട്ട് വളർന്ന ഞാൻ പാലക്കാടൻ സ്ത്രീകൾ കൂവി വിളിക്കുന്നത് കണ്ട് കണ്ണ് മിഴിച്ചെങ്കിലും നല്ല ഒന്നാന്തരമായി കൂവാൻ ഞാനും പഠിച്ചു. തെങ്ങ് കയറുന്ന ലക്ഷമിയും മൂച്ചി മരത്തിൽ കുരങ്ങൻ്റെ പോലെ തൂങ്ങിക്കിടന്ന് പുളിയൻ മാങ്ങ ഒന്ന് കടിച്ച് നോക്കി എറിയുന്ന ലീലയുമെല്ലാം എൻ്റെ കൂട്ടകാരികളായി.
കർഷകരുടെ കൊച്ച് കൊച്ച് വീടുകളും കൃഷിസ്ഥലങ്ങളും ഉൾഗ്രാമങ്ങളിലാണ് അധികവും. വലിയ മതിൽക്കെട്ടുകളോ, ആഡംബര സൗധങ്ങളോ എങ്ങുംതന്നെയില്ല. പകരം നിറയെ പൂത്ത് നില്ക്കുന്ന ചെമ്പരത്തി വേലികളും മുളങ്കമ്പ് കൊണ്ടുള്ള വേലികളും അതിര് തിരിക്കുന്ന പറമ്പുകൾ. ചാണകം മെഴുകി മിനുസപ്പെടുത്തിയ മുറ്റത്ത് ഭംഗിയായി വരച്ച കോലങ്ങൾ, ചുണ്ണാമ്പ് തേച്ച വെളുത്ത ചുമരുകളുള്ള ഉയരം കുറഞ്ഞ വീടുകൾ. കുറച്ച് നാള് മുമ്പ് വരെ ഭൂരിഭാഗം വീടുകളുടെയും മേൽക്കൂര കരിമ്പനയോലകൊണ്ടോ അല്ലങ്കിൽ മെടഞ്ഞ തെങ്ങോലകൊണ്ടോ മേഞ്ഞതായിരുന്നു.
വാളയാർ ചുരം കടന്നെത്തുന്ന പാലക്കാടൻ കാറ്റ് കുംഭത്തിൽ കുടം പറപ്പിക്കുകയും വൃശ്ചികത്തിൽ കുടിലുകളുടെ മോന്തായം തന്നെ പറപ്പിക്കുകയും ചെയ്യുമായിരുന്നു.
ശക്തിയോടെ വീശിയടിക്കുന്ന കാറ്റിൽ ആടിയുലയുന്ന കരിമ്പനയോലകളുടെ മർമ്മരം കേൾക്കുമ്പോൾ, ഞാൻ വായിച്ചിട്ടുള്ള സകല യക്ഷിക്കഥകളിലെയും കഥാപാത്രങ്ങൾ കൂട്ടത്തോടെ വണ്ടി പിടിച്ച് വന്ന് എന്നെ കഴുത്ത് ഞെരിച്ച് മുറ്റത്തിന് തൊട്ടപ്പുറം നില്ക്കുന്ന വലിയ ഒറ്റപ്പനയുടെ മുകളിലേക്ക് വലിച്ച് കയറ്റികൊണ്ട്പോകുമോ എന്നൊക്കെയോർത്ത് ഭീതിയോടെ ഇരുട്ടിലേക്ക് തുറിച്ച് നോക്കി ഉറങ്ങാതെ കിടക്കുന്ന രാത്രികൾ എനിക്ക് പതിവായിരുന്നു.
വീതിയേറിയ വരമ്പുകളുള്ള പാടങ്ങളും വലിയ കുളങ്ങളും കൊക്കർണികളും തോടുകളും എല്ലാം പാലക്കാടിൻ്റെ സൗന്ദര്യം വർദ്ധിപ്പിച്ച് കൊണ്ടേയിരിക്കും. ഞങ്ങളുടെ വീടിന് അടുത്തുമുണ്ടായിരുന്നു വലിയൊരു കുളം. വേനല്ക്കാലമായാൽ കുളപ്പടവുകളിൽ വലിയ തിരക്കാണ്. സ്ത്രീകൾക്കും കുട്ടികൾക്കും കുളിക്കാൻ ഒരു കടവ്,
പുരുഷൻമാർക്ക് എതിർവശത്തുള്ള കടവ്’. കരയിൽ നിന്ന് കുളത്തിലേക്ക് ചാഞ്ഞ് പടർന്ന് പന്തലിച്ച് കിടക്കുന്ന വലിയൊരു മരം രണ്ട് കടവുകളിലേയും കാഴ്ചകൾ പരസ്പരം മറച്ചിരുന്നു. ഉച്ചസമയത്ത് കുളക്കടവ് വിജനമായിരിക്കും. ആ സമയത്താണ് മാട് മേയ്ക്കുന്നവർ എരുമകളെയും പശുക്കളേയും കുളിപ്പിക്കുവാൻ കൊണ്ട് വരിക. കരയിലെ വേനല് ച്ചൂടിലേക്ക് തിരികെക്കയറാൻ മടിച്ച് മാടുകൾ വെള്ളത്തിൽ അനങ്ങാതെ കിടക്കുമ്പോൾ കുളത്തിലെ മീനുകളെല്ലാം വന്ന് അവറ്റകളുടെ ദേഹത്തെ ചെള്ളുകളെ ഭക്ഷിക്കുന്ന തിരക്കിലാകും.
ഞാൻ ജനിച്ച് വളർന്ന നാട്ടിലെ സംസാരശൈലിയിൽ നിന്നും തികച്ചും വിത്യസ്തമായ പാലക്കാടൻ സ്ലാങ് ആദ്യമൊക്കെ എനിക്ക് കുറച്ച് പ്രശ്നമായിരുന്നു. പോണൂട്ടോ ന്ന് യാത്ര പറഞ്ഞാൽ..അങ്ങനെയല്ല, വരട്ടേട്ടോളിൻ പറഞ്ഞ് ഇറങ്ങുണ്ണിയേന്നാകും തിരുത്തി തരിക.
ആദ്യമായി ഒരു കല്യാണവീട്ടിൽ ചെന്ന് പാലക്കാടൻ സദ്യയുടെ രുചി നന്നേ ഇഷ്ടപ്പെട്ട എന്നോട് രണ്ടാമതും വിളമ്പി വന്ന ചേട്ടൻ ചോറിടട്ടേ എന്ന് ചോദിച്ചതും വേണം എന്ന അർത്ഥത്തിൽ തല ആട്ടിയിട്ടും ചോറ് തരാതെ പോയി. പിന്നെ സാമ്പാറ് വന്നു, അവിയല് വന്നു, കൂട്ടുക്കറി വന്നു, തൊട്ട്കറികൾ വന്നു, എനിക്കേറെ ഇഷ്ടപ്പെട്ട പ്രഥമനും വന്നു. പക്ഷേ എൻ്റെ തലയാട്ടൽ കണ്ടപ്പോൾ ഇതൊന്നും എൻ്റെ ഇലയിൽ തരാതെ അടുത്തിരിക്കുന്നവർക്കെല്ലാം രണ്ടാമതും മൂന്നാമതും വിളമ്പി ചേട്ടൻമാർ നടന്നു. ഞാൻ അപമാനിതയായത്പോലെ എനിക്ക് തോന്നി. കണ്ണുകളിൽ നിന്ന് രണ്ട് മൂന്ന് മണി മുത്തുകൾ ഇലയിലേക്കിറ്റുവീണു. ഇനി വരത്തത്തി ആയത് കൊണ്ടായിരിക്കുവോ എനിക്ക് മാത്രം തരാത്തത്. ആഹാ, എന്നാ അതൊന്നറിഞ്ഞിട്ട് തന്നെ കാര്യം. അടുത്തിരുന്ന് എന്നെ ശ്രദ്ധിക്കാതെ ഇലയിൽ നിന്ന് പ്രഥമൻ വിരലുകളിൽ കോരിയെടുത്ത് കഴിക്കുന്ന ശാന്തേട്ടത്തിയോട് കാര്യം പറഞ്ഞു. ശാന്തേട്ടത്തി വിളമ്പല് ചേട്ടനോട് തട്ടിക്കയറി. എൻ്റേടത്തിയേ… നിങ്ങളെന്താന്നീ പറയുന്നേ. ഞാനെത്ര കേട്ടിട്ടും ഈ പൊങ്കുട്ടി ബേണ്ടാന്ന് തലയാട്ടീത്. അല്ലാണ്ട് നമുക്കിത് കൊടുക്കണെകൊണ്ട് എന്താണന്ന്?
ഇപ്പം ഞെട്ടിയത് ശാന്തേട്ടത്തിയാണ്. വേണ്ട എന്നും വേണം എന്നും എങ്ങനെയാണ് തലയാട്ടുന്നത് എന്ന് പഠിപ്പിച്ച് തന്നിട്ടേ ശാന്തേട്ടത്തി എന്നെ വിട്ടുള്ളൂ.
എവിടെ കല്യാണം വിളിച്ചാലും ഞാൻ കല്യാണത്തലേന്ന് രാത്രിയും അവിടെ പോയിരിക്കും. കാരണം തലേന്ന് രാത്രിയാണ് കല്യാണ വീടുകളിൽ മസാലയും പച്ചതേങ്ങയും ചേർത്തരച്ച് കോഴിയും കുമ്പളങ്ങയും വയ്ക്കുന്ന രുചികരമായ കറി ഉണ്ടാവുക. ഞങ്ങളതിനെ തമാശയായും സ്വല്പം കാര്യമായും കോഴിയിട്ട കുമ്പളങ്ങക്കറി എന്ന് പറയുമെങ്കിലും സംഭവം കിടിലനാണ്.
അപ്പുറത്തെ വീട്ടിലെ ചെറിയ കുട്ടിയെ ഒരു മിഠായി കൊടുക്കാനായിട്ട് ഇങ്ങോട്ട് വന്നേടാന്ന് വിളിച്ചത് കേട്ട് വന്ന രാജപ്പേട്ടൻ പച്ചക്കുട്ടികളെ (ചെറിയ കുട്ടികളെ )എടാ, പോടാ വിളിച്ച് കൂടാ പറഞ്ഞ് എന്നെ ഉപദേശിച്ചിട്ട് പോയതൊക്കെ ഇന്നലെയെന്നവണ്ണം ഓർമ്മ വരുന്നു.
ഞങ്ങളുടെ വീട്ടിൽ നിന്ന് നാല് കിലോമീറ്റർ അപ്പുറമാണ് പോത്തുണ്ടിഡാം. മണ്ണ് കൊണ്ട് കെട്ടിയ ഇന്ത്യയിലെ വലിയ അണക്കെട്ടുകളിൽ ഒന്നാണിത്. മലകൾക്ക് മീതെ താഴേക്ക് വരച്ച് വച്ച ആകാശത്തിൻ്റെ ഒരു വെള്ളക്കീറ് പോലെ നെല്ലിയാമ്പതി മലമുകളിൽ നിന്നും താഴെ പോത്തുണ്ടിയിലേക്കൊഴുകുന്ന കാട്ടുചോലകളുടെ ദൂരക്കാഴ്ച ഞങ്ങളുടെ മുറ്റത്ത് നിന്നാൽ കാണാം.
പോത്തുണ്ടിവനം അടുത്തായത്കൊണ്ട് കാട്ട്പന്നി, മുള്ളൻപന്നി, മലയണ്ണാൻ, കേഴമാൻ, കുരങ്ങുകൾ. മയിലുകൾ ഒക്കെ ഞങ്ങളുടെ നിത്യ സന്ദർശകരാണ്. വല്ലപ്പോഴും ക്ഷണിക്കപ്പെടാത്ത അതിഥിയായി ഒറ്റക്കൊമ്പനും ആനക്കൂട്ടങ്ങളും വരാറുണ്ടെങ്കിലും, ചില വർഷങ്ങളിൽ കാടിറങ്ങി വരുന്ന പുലി കുറേ ദിവസങ്ങൾ എല്ലാവരെയും ഭീതിയുടെ മുൾമുനയിൽ നിറുത്താറുണ്ട്.
ഞങ്ങൾ ചെന്ന് കുറേ വർഷങ്ങൾ കഴിഞ്ഞാണ് ചേരുംങ്കാട് എന്ന ഞങ്ങളുടെ ഉൾപ്രദേശത്ത് വൈദ്യുതി എത്തിയത്. അന്നൊക്കെ രാത്രിയിൽ നേരം പുലരുവോളം എല്ലാ വീടിൻ്റെയും മുൻപിൽ കത്തുന്ന ഒരു റാന്തൽ തൂക്കിയിട്ടുണ്ടാകും. വിളകൾ നശിപ്പിക്കാനെത്തുന്ന കാട്ടുമൃഗങ്ങളെ തുരുത്തുവാൻ പുരുഷൻമാർ രാത്രി മുഴുവനും ഉറക്കിളച്ചിരുന്ന് പാട്ട കൊട്ടുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്ന ഒച്ച കേൾക്കാം. നെൽച്ചെടികൾ കതിരിട്ടാൽ പാടത്തേക്ക് കൂട്ടത്തോടെ കാട്ട്പന്നികളിറങ്ങും. നേരം പുലരുമ്പോഴേക്കും അവറ്റകൾ പാടം മുഴുവൻ ഉഴുത് മറിച്ച് നശിപ്പിച്ച് കഴിഞ്ഞിട്ടുണ്ടാകും. കമ്പുകളും പനയോലയും വച്ച് കെട്ടിയുണ്ടാക്കുന്ന ചാള എന്ന് വിളിക്കുന്ന ചെറിയ കാവൽപ്പുരകൾ എല്ലാ പാടവരമ്പത്തും ഉണ്ടാകും. കാവൽക്കാരൻമാർ ഇതിലിരുന്ന് രാത്രിയിൽ പടക്കം പൊട്ടിച്ച് പന്നികളെ പേടിപ്പിച്ച് ഓടിക്കും.
അന്ന് വൈദ്യുതി എത്തി നോക്കിയിട്ടില്ലാത്ത ഞങ്ങളുടെ പ്രദേശത്ത് ശിവരാത്രിക്കും ന്യൂ ഇയർ രാത്രിയിലും അക്കരെ ചായക്കടയുടെ ചേർന്നുള്ള പാറപ്പുറം ജനറേറ്ററും പെട്രോ മാക്സും ഒക്കെ എത്തിച്ച് ഒരു താല്ക്കാലികമായ ഓപ്പൺഎയർ തീയ്യറ്ററാക്കി മാറ്റി മൂന്ന് സിനിമകൾ ഇടും. അതിൽ ആദ്യത്തേത് തീർച്ചയായും ദൈവപ്പടമാകും. കല്യാണം കഴിഞ്ഞതിന് ശേഷം ന്യൂ ഇയറിന് പാതിരാ കുർബ്ബാനയ്ക്ക് പോകാതെ താഴത്തെ വീട്ടിലെ അന്നാമ്മച്ചേടത്തിയുടെ കണ്ണ് വെട്ടിച്ച് പാറപ്പുറത്തെ സിനിമ കാണുവാൻ പോകുന്ന കാര്യത്തിൽ മാത്രം ഞാനും എൻ്റെ അമ്മായിയമ്മയും ഒറ്റക്കെട്ടായിരുന്നു.
നെന്മാറയിലെ മാട്ടുപ്പാറയിൽ തൈപ്പൂയ മഹോത്സവത്തിന് രാത്രിയിലെ ഗാനമേളയും നാടകവും കഴിഞ്ഞ് പുലർച്ചെ പഞ്ചാമൃതവും മേടിച്ച്, കാറ്റടിച്ച് തണുത്ത് വിറച്ച് മൺപാതയും പാടവും കൈതോടുകളും മുറിച്ച് താണ്ടി വീട്ടിലേക്ക് മടങ്ങുന്നതൊക്കെ ഇന്ന് ഓർമ്മകളുടെ അനുഭൂതിയാണ്.
ക്രിസ്തുമസ് രാവിൽ ആതനാട് മല വൈദ്യുതി വിളക്കുകളുടെ വെളിച്ചത്തിൽ കുളിച്ച് നില്ക്കും. അന്നാണ് അവിടെ അയ്യപ്പൻ വിളക്ക്’. ഇരുട്ട് വീഴും മുമ്പേ ഞാൻ നാരായണേട്ടനും കുടുംബത്തോടുമൊപ്പം മല കയറും. തൊഴുത് കഴിഞ്ഞ്, പാറക്കുഴിയിലെ നീരുറവയിൽ നിന്ന് കൈക്കുമ്പിളിൽ വെള്ളം മുക്കി കുടിച്ച് തണുത്ത കാറ്റിൻ്റെ നനവിൽ അയ്യപ്പൻപാട്ടും കേട്ട് പാറപ്പുറത്ത് കുറേ നേരമിരുന്ന് പാതിരാവോട് അടുക്കുമ്പോൾ മലയിറങ്ങും. താഴ്‌വാരത്തുള്ള സെബാസ്റ്റ്യനോസ്പുണ്യാളൻ്റെ പള്ളിയിൽ പാതിരാ കുർബ്ബാന തുടങ്ങിയിട്ടുണ്ടാകും അപ്പോൾ. കുർബ്ബാനയും കൂടി ഉണ്ണീശോയെ മുത്തി പുൽക്കൂടും നക്ഷതവിളക്കുകളും കണ്ട് വീട്ടിലേക്കുള്ള നടത്തം. ജീവിതം ശരിക്കും ആസ്വദിച്ച നല്ലകാലങ്ങളായിരുന്നു അതെല്ലാം.
ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കെട്ടുപിണഞ്ഞ് ചേർന്ന നാട്. കുറച്ചധികം വിശ്വാസങ്ങളും കൂടിയും കുറഞ്ഞും ഉള്ള അന്ധവിശ്വാസങ്ങളും ഉള്ളവരാണെങ്കിലും നെന്മാറ ഉൾപ്പെടെ എൻ്റെ പാലക്കാട്കാര് വളരെയേറെ ശുദ്ധ മനുഷ്യരാണ്. നിഷ്കളങ്കതയാണ് അവരുടെ മുഖമുദ്ര. സ്നേഹസമ്പന്നരാണ്. അവര് മാത്രമല്ല, അവരുടെ ദത്ത് പുത്രിയായ ഞാനും അങ്ങനെ തന്നെ.
കാലമെത്രമാറിയിട്ടും ഞങ്ങൾ നെന്മാറക്കാരുടെ ആ സന്തോഷങ്ങൾക്കൊന്നും ഇപ്പഴും വല്യ കുറവില്ല. ഞങ്ങൾ ഇനിയും പാടവരമ്പത്ത് കൂടെ നടന്ന് വേല ത്തലേന്ന് ആനപ്പന്തൽ കാണുവാനും വേല കൂടുവാനും പോകും. യന്ത്ര ഊഞ്ഞാലിൽ കയറി പേടിച്ച് കരയുകയും മരണക്കിണറിനുള്ളിൽ മോട്ടോർസൈക്കിൾ പായുമ്പോൾ ശ്വാസമെടുക്കാൻ മറന്ന് നില്ക്കുകയും ചെയ്യും. ഹൽവയും ഈന്തപ്പഴവും മേടിച്ച് ഐസും നുണഞ്ഞ് രണ്ട് ദേശക്കാരുടെയും ആനപന്തലും ദീപാലങ്കാരത്തിൻ്റെ ഡിസൈനും കർണ്ണനയന മനോഹരമായ വെടിക്കെട്ടും വിലയിരുത്തിക്കൊണ്ട് തിരികെ നടക്കുമ്പോൾ തന്നെ അടുത്ത വർഷത്തെ വേലയ്ക്കായി മനസ്സ്കൊണ്ട് ഒരുങ്ങും. ഞങ്ങൾ ഇനിയും മലകയറി അയ്യപ്പൻ വിളക്കും മലയിറങ്ങി പാതിരാ കുർബ്ബാനയും ഒരുമിച്ച് കൂടും. ഞങ്ങൾക്കായി ഇനിയും വിളഞ്ഞ നെല്ലിൻ്റെ മണമുള്ള കാറ്റ് വീശും. ആ കാറ്റടിച്ച് ഞങ്ങളുടെ നാട്ടിലെ മാവുകളെല്ലാം ഇനിയും പൂവിടുകയും കായ്ക്കുകയും ചെയ്യും. ഇനിയും മൂച്ചിമരച്ചുവട്ടിൽ കുത്തിനിർത്തിയ കല്ലിലെ മുനിയപ്പനെ കടന്ന് പോകുമ്പോൾ തലയൊന്ന് വണങ്ങും. മുറ്റത്ത് എത്തുന്ന അണ്ണാറക്കണ്ണൻമാർക്കായി ഇനിയും ഞങ്ങളുടെ കൊയ്യാക്കമരം നിറയെ കായ്ക്കും.
എൻ്റെ നാടിനെക്കുറിച്ച് എത്ര പറഞ്ഞാലും എങ്ങനെ പറഞ്ഞാലും തീരില്ല. ജന്മികൾ, കച്ചവടക്കാർ, കർഷകർ, കാലിതീറ്റുന്നവർ, വെളിച്ചപ്പാട് മാർ, തമിഴ്നാട്ടിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചെമ്മരിയാടുകളെയും താറാവുകളെയും കൊണ്ട് കുറച്ച് നാളുകളിലേക്കായി വന്ന് തമ്പടിക്കുന്നവർ, കുതിരാൻമല കയറി വന്ന വരത്തൻമാർ ഇങ്ങനെ എല്ലാവരുടെയും ജീവിതകഥകളുടെ ഗന്ധമുയരുന്ന നാടാണിത്.
കേരളം പിറന്ന ശേഷം കൃത്യം ഇരുപത് വർഷങ്ങൾ തികഞ്ഞ നവംബർ ഒന്നിന് പിറന്ന എനിക്ക് ഇനിയൊരു പിറവി ഉണ്ടെങ്കിൽ അതും ഈ മലയാളമണ്ണിൽ, എൻ്റെ പ്രിയപ്പെട്ട പാലക്കാടിൻ്റെ ഏതെങ്കിലും ഒരു മൂലയിലെങ്കിലും ആയാൽ മതിയായിരുന്നു.
#എൻ്റെ രചന
Koottaksharangal


11 Comments
മനോഹരമായി എഴുതി. നെന്മാറ എന്ന ഗ്രാമത്തിന്റെ നൈർമല്യം ശരിക്കും feel ചെയ്തു. അഭിനന്ദനങ്ങൾ!
👏😍
😍😍😍 Joyce❤️
ഒരു പാലക്കാടൻ ഗ്രാമം കണ്ടു….. സുന്ദരമായ എഴുത്ത്👍❤️
😍😍👍
അസ്സൽ എഴുത്ത് dear!!👌👌👌👌❤️❤️❤️
❤️❤️ Sobha
സൂപ്പർ 👌 ഒരു പാലക്കാടൻ (കിഴക്കൻ) കാറ്റ് അടിച്ചത് പോലെ ഉണ്ട് ☺️☺️
🥰🥰🥰
സുനന്ദേച്ചീ ❤️❤️❤️❤️
എന്റെ പാലക്കാടിനെക്കുറിച്ച്, അല്ല നമ്മടെ പാലക്കാടിനെക്കുറിച്ച ഇത്രയും മനോഹരമായി എഴുതിയതിനു നൂറ് ഉമ്മ.
By the by anjumoorty mangalam കേട്ടിട്ടുണ്ട്.. ഞാൻ അവിടുന്നാ 😍
സൂപ്പർ 👌 ഒരു പാലക്കാടൻ (കിഴക്കൻ) കാറ്റ് അടിച്ചത് പോലെ ഉണ്ട് ☺️☺️