ജീവിതത്തിൻ്റെ സായാഹ്ന ഘട്ടത്തിലൂടെ കടന്ന് പോകുന്ന മുഖങ്ങളിലെ ഭാവങ്ങൾ പലതാണ്. പാൽപുഞ്ചിരി പൊഴിക്കുന്ന കുഞ്ഞുങ്ങളുടെയത്രേം നിഷ്കങ്കത തോന്നിപ്പിക്കുന്നവർ, ഒന്നുമുരിയാടാതെ കണ്ണുകളിൽ ദീനത നിഴലിക്കുന്നവർ, ബോധത്തിൻ്റെയും അബോധത്തിൻ്റെയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഉടല് മാത്രമേ ഈ ഭൂമിയിലുള്ളൂ എന്ന് തോന്നിപ്പിക്കുന്നവർ, ജീവിതത്തിൻ്റെ മൊത്തം അർത്ഥം ശൂന്യതയായിരുന്നു എന്ന് പറയാതെ പറയുന്നവർ, നമ്മളിൽ നിന്ന് ചിലപ്പോൾ വാത്സല്യത്തിൻ്റെയും ചിലപ്പോൾ സഹാതപത്തിൻ്റെയും നീരുറവ ഒഴുക്കുന്നവർ…. അങ്ങനെ എത്രയോ മുഖങ്ങൾ!
എൻ്റെ പതിനേഴാമത്തെ വയസ്സിൽ, സ്വന്തം അമ്മയെപ്പോലെ നോക്കണട്ടോ എന്ന് പറഞ്ഞ് സിസ്റ്റർ റോസ്മേരി ശയ്യാവലംബരായ മൂന്ന് അമ്മമാരെ ശുശ്രൂഷിക്കാനായി എന്നെ ഏൽപ്പിച്ച അന്ന് തൊട്ട് മുപ്പത് വർഷങ്ങൾക്ക് ശേഷവും ഒരു ജോലി എന്നതിലുപരി എനിക്ക് കിട്ടുന്ന ഓരോ അമ്മയോടും ഓരോ അപ്പനോടും കടപ്പെട്ടിരിക്കുന്നു എന്ന ബോദ്ധ്യത്തോടെയാണ് ഇന്നും ഞാൻ വൃദ്ധരോഗീപരിചരണം ചെയ്ത് വരുന്നത്.
കിടന്ന കിടപ്പിൽ മലമൂത്ര വിസർജ്ജനം, ശരീരത്തിൽ പഴുത്തൊലിക്കുന്ന വൃണങ്ങൾ സാധാരണയായി ഇങ്ങനെയുള്ള രോഗികളെയാണ് പരിചരിക്കാൻ കിട്ടാറ്. വിശക്കുന്ന വയറിന് വേണ്ടിയാണെങ്കിൽ കൂടിയും അവർക്ക് വേണ്ടി ഉറക്കമൊഴിഞ്ഞ് കർത്തവ്യനിരതമാകുന്ന രാപകലുകൾ മടുപ്പില്ലാതാകുവാൻ അവരിൽ ഞാൻ സ്വന്തം മാതാപിതാക്കളെ കാണുകയാണ് ചെയ്യാറ്. അപ്പോൾ അവരുടെ വിസർജ്ജ്യങ്ങൾക്ക് ദുർഗന്ധം തോന്നാറില്ല, എത്ര ക്ഷീണമുണ്ടങ്കിലും രാത്രികളിൽ ഗാഢനിദ്രയിലേക്ക് വീഴാറുമില്ല. പകരം അവരുമായി ഒരു മാനസിക അടുപ്പം ഉണ്ടാവുകയാണ് ചെയ്യുക. പക്ഷേ അവർ ഓരോരുത്തരും എൻ്റെ ഹൃദയത്തിൽ കോറിയിട്ട ഓരോ മുറിവുകളാണ്. അതുപോലെ വല്ലാത്തൊരു നീറ്റലായി മാറി കഴിഞ്ഞിരിക്കുന്നു ഏതാനും ദിവസം കൊണ്ട് ഒരു ജന്മത്തെ മുഴുവൻ അടുപ്പവുമുണ്ടെന്ന് തോന്നിപ്പിച്ച ഡേവിഡ് എന്ന അപ്പച്ചനും.
പതിവായി പരിചരിക്കാൻ കിട്ടുന്നവരിൽ നിന്നും വിത്യസ്തനായ ആളായിരുന്നു ഡേവിഡപ്പച്ചൻ. നല്ല സ്മാർട്ടായ ചുണക്കുട്ടനൊരപ്പച്ചൻ. കണ്ടാൽ ഒരസുഖവും ഉണ്ടെന്ന് പറയില്ല. നല്ല ഉയരവും, വെളുത്ത നിറവുമുള്ള ആ എൺപത്തിയഞ്ച്കാരന്റെ മുഖം സദാ പ്രസന്നമായിരുന്നു. പുഞ്ചിരിയോടെയും ബഹുമാനത്തോടെയുമുള്ള സംസാരം ഏറെ ആകർഷണീയം.
കുറച്ച് ശാരീരികാസ്വസ്ഥതകളെ തുടർന്ന് കൂടുതൽ മെഡിക്കൽ പരിശോധനകൾക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. മക്കൾ വിദേശത്തും ഭാര്യ അവശതയും ആയത്കൊണ്ട് ഏതോ ബന്ധുക്കൾ ഏർപ്പാട് ചെയ്താണ് ഡേവിഡപ്പച്ചനെ എനിക്ക് കിട്ടുന്നത്.
തനിയേ കുളിക്കുകയും ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യുന്ന ഡേവിഡപ്പച്ചൻ്റെ അടുത്ത് കൂട്ടിരിക്കുകയും അപ്പച്ചൻ പറയുന്ന കഥകൾ കേട്ടിരിക്കുകയും ചെയ്യുക എന്നതല്ലാതെ ആ ആശുപത്രി മുറിയിൽ എനിക്ക് വേറെ ജോലി ഒന്നും ഉണ്ടായിരുന്നില്ല.
ആദ്യത്തെ ദിവസം തന്നെ വളരെക്കാലമായി അടുപ്പമുള്ള സുഹൃത്തിനോടെന്നത് പോലെ അദ്ദേഹം ഒരുപാട് സംസാരിച്ചു. മുറിക്കുള്ളിൽ മുഷിയുന്നു എന്ന് പറഞ്ഞ് എന്നെയും കൂട്ടി പുറത്തെ നീളൻ വരാന്തയിലേക്കിറങ്ങി ഒരു ചാരുബഞ്ചിലിരുന്നു. എന്നോട് സംസാരിക്കുമ്പോഴും വരാന്തയിലൂടെ കടന്ന് പോകുന്നവരെ എല്ലാം ഹായ്, ഹലോ എന്നൊക്കെ പറഞ്ഞ് അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.
എൻ്റെ മനസ്സിലും വളരെ ലാഘവത്വം തോന്നി. സാധാരണ പുതിയ ഒരു രോഗിയുടെ അടുത്ത് എത്തുമ്പോൾ ആദ്യത്തെ രണ്ട് മൂന്ന് ദിവസം അവർ അപരിചിതത്വമാണ് പ്രകടിപ്പിക്കുക. ഇത് പക്ഷേ ഒരു സുഹൃത്തിൻ്റെ കൂടെ കഥകൾ പറഞ്ഞും കേട്ടും ഒരു സായാഹ്നം ചെലവഴിക്കുന്നത് പോലെ മനോഹരമായി തോന്നി.
വൈകുന്നേരമായപ്പോൾ അദ്ദേഹത്തിൻ്റെ മുഖത്ത് ചെറിയൊരു അസ്വസ്ഥത പരക്കുന്നത് പോലെ എനിക്ക് തോന്നി.
” എന്ത് പറ്റി അപ്പച്ചാ ” എന്ന് ചോദിച്ചതിന് വളരെ സൗമ്യതയോട് കൂടി തന്നെ തനിക്കൊന്ന് വീട്ടിൽ പോകണമെന്ന ആവശ്യമുന്നയിച്ചു.
“നാളെ ഡോക്ടർ വരട്ടെ ട്ടോ… ചോദിച്ചിട്ട് പോകാം “എന്ന് പറഞ്ഞപ്പോൾ അദ്ദേഹം വാതിലോളം ചെന്ന് തിരിച്ച് വന്ന് പച്ച നിറത്തിലുള്ള ജാലകവിരി വകഞ്ഞ് മാറ്റി കുറച്ച് നേരം പുറത്തെ ഏതോ ഒരു ബിന്ദുവിലേക്ക് മാത്രമായി നോട്ടമുറപ്പിച്ച് നിന്നു.
അങ്ങനെ നിൽക്കുമ്പോൾ പതുക്കെ ആ മുഖത്തൊരു ഭംഗിയുള്ള ചെറുപുഞ്ചിരി വിരിയുന്നതും ആ പുഞ്ചിരിയിൽ അസ്വസ്ഥത മാഞ്ഞ് പോകുന്നതും ഞാൻ നോക്കി നിന്നു. പിന്നെ എന്നെ നോക്കി എന്തോ സമ്മതിച്ച് തരുമ്പോലെ തലകുലുക്കി, എൻ്റെ അടുത്ത് വന്ന് ഹസ്തദാനം തന്ന് ശുഭരാത്രിയും പറഞ്ഞ് ഉറങ്ങാൻ പോയി. ഒരു പൈതലിന്റെ പോലെയുള്ള ശാന്തമായ ആ ഉറക്കം കുറെനേരം നോക്കിയിരുന്ന് ഞാൻ മയങ്ങിപ്പോയി.
പിറ്റേന്നും ഡേവിഡപ്പച്ചൻ വളരെ സന്തോഷവാനായിരുന്നു. ഡോക്ടേഴ്സിനോടും നേഴ്സുമാരോടുമെല്ലാം വളരെ സ്നേഹത്തോടെ സംസാരിച്ചു. അവര് പരിശോധിക്കുമ്പോഴും മരുന്നും ഇൻഞ്ചക്ഷനും കൊടുക്കുമ്പോഴെല്ലാം അനുസരണയോടെ സഹകരിച്ചു. എന്നാലും ഇടയ്ക്കിടെ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു… നമ്മൾ എപ്പഴാ വീട്ടിലേക്ക് പോകുന്നതെന്ന്.
കുറച്ച് ദിവസം ആശുപത്രിയിൽ തങ്ങേണ്ടി വരുമെന്നറിയാവുന്ന ഞാൻ വിഷയം മാറ്റാനായി അദ്ദേഹത്തോട് സംസാരിച്ച് കൊണ്ടിരുന്നു.
സംസാര പ്രിയനായ അദ്ദേഹം സ്വന്തം ജീവിതകഥകളൊക്കെ പറയാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചു. പറയുന്ന കഥകളെല്ലാം അദ്ദേഹത്തിന്റെ യൗവ്വനകാലഘട്ടത്തിലെയാണ്..
നാട്ടിലും വീട്ടിലും സമുദായത്തിലും കോളിളക്കം ഉണ്ടാക്കിയ അദ്ദേഹത്തിൻ്റെ പ്രേമകഥ എന്നോട് വിസ്തരിച്ച് പറഞ്ഞു. ധൈര്യശാലിയായ നായകൻ പലവട്ടം നായികയുടെ വീട്ടിൽ ചെന്ന് തങ്ങൾ സ്നേഹത്തിലാണന്നും അവളെ തനിക്ക് വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെടുന്നു. നാട്ടിലും പള്ളിയിലും പ്രമാണിയായിരുന്ന നായികയുടെ അപ്പൻ ക്രിസ്ത്യാനി അല്ലാത്ത ഒരുത്തന് തൻ്റെ മകളെ വിവാഹം കഴിച്ച് കൊടുക്കുന്ന പ്രശ്നമില്ലന്ന് തറപ്പിച്ച് പറയുക മാത്രമല്ല, ഇനി ഈ ആവശ്യം പറഞ്ഞ് വന്നാൽ നിൻ്റെ മുട്ടിന് കീഴെ കാല് ഉണ്ടാവുകയില്ല എന്നും ഇഴഞ്ഞ് തിരിച്ച് പോകേണ്ടി വരുമെന്നും ആക്രോശിച്ചു. കഥയിലെ ഇത്രയും ഭാഗം ഡേവിഡപ്പച്ചൻ പറഞ്ഞത് വെള്ളിത്തിരയിലെന്നത് പോലെ ഞാൻ കണ്ടു.
പക്ഷേ കഥയുടെ ബാക്കി ഭാഗം എന്നെ വല്ലാതെ അമ്പരപ്പിച്ചു കളഞ്ഞു. കാരണം അത് വെള്ളിത്തിരയിലെ നായകനെപ്പോലും തോൽപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഒരിക്കൽ കൂടി നായകൻ നായികയുടെ അപ്പന് മുമ്പിലെത്തുന്നു. ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്ത്യാനിയായി തൻ്റെ മുമ്പിൽ അചഞ്ചലനായി നിൽക്കുന്ന ആ ചെറുപ്പക്കാരനെ അയാൾ ആശ്ചര്യത്തോടെ നോക്കി. നമ്പൂതിരി സമുദായത്തിൽ ജനിച്ച് വേദങ്ങളെല്ലാം സായത്തമാക്കിയ ഒരുത്തനാണ് പൂണൂൽ അഴിച്ച് വച്ച് ക്രിസ്ത്യാനിയായി തൻ്റെ മകളെ വിവാഹം കഴിക്കണമെന്ന ഉറച്ച ആവശ്യവുമായി മുന്നിൽ വന്ന് നിൽക്കുന്നത്. അദ്ദേഹത്തിന് അടിയറവ് പറയുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.
ഇതെല്ലാം സത്യമോ, സങ്കല്പമോ എന്ന് മനസിലാവാതെ ഞാൻ തരിച്ചിരുന്നു. പക്ഷേ ഇഷ്ടപ്രാണേശ്വരിയെ സ്വന്തമാക്കിയ കഥ പറയുമ്പോൾ ആ കണ്ണുകളിൽ ഇപ്പോഴും പ്രേമത്തിന്റെ പൂത്തിരി തെളിയുന്നത് കണ്ട് എനിക്ക് കൗതുകമായി…
കഥ പറച്ചിലും കേൾക്കലുമായി ഒരു സായാഹ്നം കൂടി കടന്ന് പോയി.
അന്നും സന്ധ്യയായപ്പോൾ ഡേവിഡപ്പച്ചൻ വീട്ടിൽ പോകണമെന്ന ആവശ്യം എടുത്തിട്ടു. അപ്പോൾ കഥകൾ പറഞ്ഞ് തന്നപ്പോഴുണ്ടായിരുന്ന സൗഹൃദഭാവം മുഖത്തുണ്ടായിരുന്നില്ല.
നാളെയാകട്ടെ ട്ടോ എന്ന് പറഞ്ഞപ്പോൾ… ഉറപ്പല്ലേ എന്ന് ചോദിച്ച് ഒന്ന് മടിച്ച് നിന്ന ശേഷം ഹസ്തദാനവും തന്ന് ശാന്തനായി കിടന്നുറങ്ങി..
മൂന്നാം ദിവസം രാവിലെ തന്നെ അദ്ദേഹം അസ്വസ്ഥനായിരുന്നു. നിർബന്ധിച്ചപ്പോൾ മാത്രം തീരെ താല്പര്യമില്ലാതെ കുറച്ച് ഭക്ഷണം കഴിച്ചു. എന്തോ പിരിമുറുക്കം ഉള്ളത് പോലെ മുഖം വലിഞ്ഞ് മുറുകിയിരുന്നു. ഉത്സാഹത്തിന് പകരം എന്തിനോ ഉള്ള തിടുക്കവും ആകെ അസ്വസ്ഥനുമായി പെരുമാറാൻ തുടങ്ങി.
ഞാൻ പലതും പറഞ്ഞ് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അതൊന്നും കേൾക്കുന്നില്ലന്ന് തോന്നി. തനിക്ക് വീട്ടിൽ പോകണമെന്നും തന്നെ കണ്ടില്ലങ്കിൽ ഭാര്യ വിഷമിക്കൂന്നും ആവർത്തിച്ച് പറഞ്ഞ് കൊണ്ടേയിരുന്നു. വളരെ ആശങ്കകൾ സമ്മാനിച്ച് ആ ദിവസവും കഴിഞ്ഞു പോയി.
പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹം വല്ലാതെ ക്ഷുഭിതനും അക്രമാസക്തനുമായി. ഉറങ്ങാൻ പോയിട്ട് കിടക്കാൻ പോലും കൂട്ടാക്കുന്നില്ല. ഭക്ഷണം കൊടുക്കുന്നത് തട്ടി തെറിപ്പിച്ചു. ഇൻഞ്ചക്ഷനെടുക്കാൻ ചെന്ന നേഴ്സിനെ ചവിട്ടി തെറിപ്പിച്ചു. മരുന്ന് കൊടുക്കുന്നത് മുഖത്തേക്ക് തുപ്പി. പിടിച്ച് കിടത്താൻ അഞ്ചാറാള് വേണ്ടി വന്നു. കട്ടിലിന്റെ പൊക്കി വച്ചിരുന്ന കമ്പി അഴികൾക്ക് മീതേ കൂടി എടുത്ത് ചാടി, മേശയും കസേരയും തട്ടി മറിച്ചിട്ടു.
” എനിക്ക് എൻ്റെ ഭാര്യയെ ഇപ്പോ കാണണം, ഞാൻ ഷോപ്പിലേക്കെന്ന് പറഞ്ഞ് പോന്നതാ, നിങ്ങളെന്നെ ഇവിടെ പിടിച്ച് വച്ചിരിക്കുന്നതെന്തിന്, അവൾ എന്നെ കാണാതെ ഹൃദയം പൊട്ടി മരിക്കും” എന്നൊക്കെ അദ്ദേഹം പുലമ്പിക്കൊണ്ടേയിരുന്നു.
ആ വലിയ ആശുപത്രിയിലെ ശ്രദ്ധാകേന്ദ്രമായി ഡേവിഡപ്പച്ചൻ. ഡോക്ടേഴ്സ് മാറി മാറി വന്ന് പരിശോധിച്ചു. പലപ്പോഴും ഡോക്ടർമാരോടും നേഴ്സുമാരോടും സഹകരിക്കാൻ കൂട്ടാക്കാതെ ബലം പിടിച്ച് നിന്നു. ചിലപ്പോഴെല്ലാം അവരോട് ആക്രോശിച്ച് സംസാരിക്കുകയും തൻ്റെ മുറിയിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നെ ചിലപ്പോൾ വളരെ ദുഃഖിതനായി ഒന്നും മിണ്ടാതെ ജനലഴികളിൽ പിടിച്ച് വിദൂരതയിലേക്ക് നോക്കി മണിക്കൂറുകളോളം ഒരേ നില്പ് നിന്നു.
ഇതിനിടെ ചവിട്ടും തൊഴിയും ഇഷ്ടം പോലെ ഞാൻ വാങ്ങി കൂട്ടുന്നുമുണ്ടായിരുന്നു. എന്നാലും ഇടയ്ക്ക് എൻ്റെ കൈയ്യിൽ പിടിച്ച് എന്നെ വിടൂ, എന്നെ പോകാനനുവദിക്കൂ എന്നൊക്കെ പറഞ്ഞ് ഒരു കൊച്ച് കുഞ്ഞിനേപ്പോലെ പൊട്ടിക്കരയുകയും ചെയ്യുന്നുണ്ടായിരുന്നു.
അങ്ങനെ രണ്ടാഴ്ചത്തെ അതിസാഹസികമമായ ആശുപത്രിവാസത്തിന് വിരാമമായി. ഡിസ്ചാർജായ അദ്ദേഹത്തെ വീട്ടിൽ കൊണ്ട് ചെന്നാക്കിയിട്ട് വേണം എനിക്ക് തിരികെ പോകുവാൻ. അതുവരെയുള്ള സകല പ്രയാസങ്ങളും മറന്ന് ഞാൻ വളരെ ആകാംക്ഷാഭരിതയായിരുന്നു. ഈ വാർദ്ധക്യത്തിലും പിരിഞ്ഞിരിക്കാൻ പറ്റാത്ത ആ പ്രണയജോഡികളുടെ കുറച്ച് ദിവസത്തെ വിരഹത്തിന് ശേഷമുള്ള സംഗമത്തിന് സാക്ഷിയാകുവാൻ എനിക്ക് തിടുക്കമായി.
വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ മുതൽ അദ്ദേഹം ശാന്തനായിരുന്നെങ്കിലും… വീട്ടിൽ ചെന്നാൽ ഭാര്യയെ കാണുവാൻ പറ്റുമെന്ന് തോന്നുന്നില്ല, അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കീട്ടുണ്ടാവും. നമുക്ക് നേരെ അങ്ങോട്ട് പോകാം എന്ന് എന്തെല്ലാമോ അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു.
വീട്ടിലെത്തി. സ്വീകരണമുറിയിലെ സോഫയിലേക്ക് ചാരിയിരിക്കുമ്പോൾ അദ്ദേഹം വീണ്ടും അസ്വസ്ഥനായി. എവിടെയോ പോകാൻ തിടുക്കമുള്ളവനെപ്പോലെ. സ്വന്തം വീട്ടിലെത്തിയ ഒരു വികാരമൊന്നും ആ മുഖത്ത് കണ്ടില്ല. അടുത്ത് വന്ന ബന്ധുക്കളെ അപരിചതരെ എന്ന പോലെ നോക്കി. എന്നിട്ടെന്നോട് ഒച്ച താഴ്ത്തി ആരും കേൾക്കാതെ ആവശ്യപ്പെട്ടു.. ഇവിടെ ഒരു പാട് നേരം തങ്ങരുതട്ടോ.. നമുക്ക് വേഗം പോകാം എന്ന്.
പിന്നീടാണ് ഏറെ ഹൃദയഭേദകമായ രംഗം ഉണ്ടായത്.
അകത്തെ മുറിയിൽ നിന്ന് അദ്ദേഹത്തിന്റെ ഭാര്യയെ വീൽച്ചെയറിലിരുത്തി ഒരു പെൺകുട്ടി അവിടേക്ക് കൊണ്ട് വന്നു. വളരെ അവശയും ക്ഷീണിതയും നീരുവച്ച ശരീരവും വേദന തിങ്ങുന്ന മുഖവുമായി ഒരമ്മച്ചി. ആ വൃദ്ധനയനങ്ങൾ നിറഞ്ഞിരുന്നു.
ഞാൻ ഡേവിഡപ്പച്ചനെ നോക്കി. ഭാര്യയെ കണ്ട ഭാവമില്ല അദ്ദേഹത്തിന്. ഞാനദ്ദേഹത്തെ തോണ്ടി വിളിച്ചു…
” ഇങ്ങോട്ട് നോക്കിയേ… ഇതാരാന്ന് നോക്കിയേ അപ്പച്ചാ ”
ഭാര്യയേയും എന്നേയും മാറി മാറി നോക്കിയ അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു…
” തൻ്റെ അമ്മയാണല്ലേ ? “
ങേ ! ഞാൻ ശരിക്കും ഞെട്ടിപ്പോയി.
“കള്ളീ… ഇതാണില്ലേ എന്നോടൊരു സർപ്രൈസുണ്ടന്ന് പറഞ്ഞത് ? ”
എനിക്ക് ഒന്ന് മൂളുവാൻ പോലും ശബ്ദം പുറത്തേക്ക് വന്നില്ല. ഞാൻ ഒരു പകപ്പോടെ അവരെ രണ്ട് പേരെയും മാറി മാറി നോക്കി.
സ്വന്തം ഭാര്യയുടെ നേർക്ക് ഹസ്തദാനത്തിനായി കൈ നീട്ടികൊണ്ടദ്ദേഹം പറഞ്ഞു..
” ഹലോ…. ഞാൻ ഡേവിഡ്, കണ്ടതിൽ സന്തോഷം ”
ഒരു നിമിഷം ! എനിക്ക് നെഞ്ചിൽ ശ്വാസം വിലങ്ങുന്നത് പോലെ തോന്നി.
അടുത്ത നിമിഷം വീൽച്ചെയറിൽ നിന്നും മുളചീന്തും പോലെ ഒരു കരച്ചിലുയർന്നു.
അപ്പോൾ അസ്വസ്ഥനായി വീണ്ടുമദ്ദേഹമെന്നോട്..
” എടോ… തന്റെ അമ്മ കരയുന്നത് കേട്ടില്ലേ? വയസ്സായവരെ ഇങ്ങനെ വിഷമിപ്പിക്കാതെ. അവരെ അകത്ത് കൊണ്ട് പോയി കിടത്തൂ ”
പിന്നെ ഇരുന്നിടത്തൂന്നും ചാടിയെഴുന്നേറ്റ് എന്റെ കൈയ്യിൽ പിടിച്ചുകൊണ്ടദ്ദേഹം… ” എടോ എനിക്ക് വേഗം ഉടനെ പോകണം. ഒട്ടും സമയം കളയാനില്ല. എൻ്റെ ഭാര്യയെ ഇപ്പോൾ ലേബർ റൂമിൽ കയറ്റും… അതിന് മുമ്പ് എനിക്കവിടെയെത്തണം ”
ഇറങ്ങി ഓടും എന്നായപ്പോൾ അവിടെയുള്ളവർ കുറച്ച് ബലമായി തന്നെ അദ്ദേഹത്തെ അകത്തേക്ക് കൊണ്ട് പോകുവാൻ ശ്രമിച്ചു. അവരുടെ കൈയ്യിൽ കിടന്ന് കുതറുന്നതിനിടയിലും തിരിഞ്ഞ് നോക്കി എന്നോട് കെഞ്ചുന്നുണ്ടായിരുന്നു.
” അവളിപ്പോൾ എന്റെ കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടാകും, എന്റെ ആദ്യത്തെ കുഞ്ഞാണ്, ഒരു നോക്ക് എന്നെയൊന്ന് കാണിച്ച് തരൂ….. പ്ലീസ്… എന്റെ കുഞ്ഞിനെ ഒന്നെടുക്കാൻ, എനിക്കൊരു മോനെ തന്ന എന്റെ പ്രിയപ്പെട്ടവൾക്കൊരു മുത്തം കൊടുക്കാൻ എന്നെ അനുവദിക്കൂ… എന്നെ വിടൂ.. പ്ലീസ് ”
ഒരു വേദനയോടെ ഞാൻ മനസ്സിലാക്കി…. അദ്ദേഹത്തിന്റെ മനസ്സിൽ തന്റെ ചെറുപ്പക്കാരിയും സുന്ദരിയുമായ ഭാര്യയും ഭാര്യയുടെ ആദ്യ പ്രസവം വരെയുള്ള ജീവിതകാലഘട്ടവും മാത്രമേയുള്ളൂ എന്നും…. പിന്നീടിത് വരെയുള്ള സകലകാര്യങ്ങളും ആ തലച്ചോറിൽ നിന്ന് മാഞ്ഞുപോയി എന്നും.
തിരികെ പടികളിറങ്ങുമ്പോൾ എൻ്റെ മനസ്സിലെ പകപ്പ് പതിയെ മാറുകയും അവിടെ വിഷാദം മൂടിക്കെട്ടുകയും ചെയ്തു. കൺപീലികൾക്കിടയിൽ ഉരുണ്ട് കൂടിയ നീർത്തുള്ളികൾ അടർന്ന് വീഴും മുമ്പേ ഇടത് കൈപത്തി കൊണ്ട് മുഖം അമർത്തി തുടച്ച് ഞാൻ കാലുകൾ വലിച്ച് വച്ച് വേഗത്തിൽ നടന്നു. അപ്പോഴും എന്നെ വിടൂ…. എന്നെ വീടൂ എന്ന ശബ്ദ അലകൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നു.
ഹൃദയത്തിൽ തെല്ലാഴത്തിൽ കോറിയിട്ട ഒരു മുറിവായി എനിക്ക് ഡേവിഡപ്പച്ചന്റെ ഓർമ്മകൾ.
മുറിവുണങ്ങാനായി കാത്തിരിക്കാനൊന്നും സമയമില്ലായിരുന്നു. കുളിമുറിയിൽ തെന്നി വീണ് കാലിനും നടുവിനും ഒടിവ് പറ്റി കിടന്ന് പോയ ഒരമ്മച്ചിയുടെ അടുത്തേക്കാണ് ഈ യാത്ര. അല്ലെങ്കിലും ഒരുപാട് മുറിപ്പാടുകൾ ഏറ്റ് വാങ്ങുവാൻ എന്റെ ഹൃദയത്തിൽ ഇനിയുമേറെ ഇടമുണ്ടല്ലോ !
#എൻ്റെരചന #മറവി Koottaksharangal


12 Comments
ഓർമ്മകൾ ഇല്ലാത്ത ജീവിതം എന്ത് ദുസ്സഹമാണല്ലേ.
👍😍
Anju❤️❤️❤️❤️❤️
🥺 heart touching ❤️❤️❤️❤️
Shiji❤️❤️❤️
ഒരു പാടിഷ്ടമായി .വായിക്കുന്നവരുടെ ഹൃദയങ്ങളിലും മുറിവുകൾ കോറിയിടുന്ന കഥ / ജീവിതം.
❤️🌷🙏
സ്നേഹം സുമാ❤️❤️❤️
Anju❤️❤️❤️❤️❤️
👌
🥰🥰
Alex❤️❤️❤️❤️
ഓർമ്മകളിലെ ജീവിതം നന്നായി എഴുതി……ആശംസകൾ👍❤️