അലക്കിയ തുണികൾ കൈത്തണ്ടയിലേക്ക് മടക്കി ഇട്ട ശേഷം കുളക്കരയിലെ പടർപ്പിൽ നിന്ന് ഒരില എടുത്ത് ബാക്കി വന്ന സോപ്പ് കഷണം പൊതിഞ്ഞെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ഇല കുളത്തിലേക്കിട്ടു. അലക്കിയപ്പോഴുണ്ടായ ഓളങ്ങൾ അവസാനിച്ച് ഇരുട്ട് പിടിച്ച പച്ചനിറത്തിൽ ഒട്ടും തെളിച്ചമില്ലാത്ത വെള്ളം നിശ്ചലമായി കഴിഞ്ഞിരുന്നു. തേഞ്ഞ് തീരാറായ സോപ്പിൻ്റെ ബാക്കി അലക്ക് കല്ലിലേക്ക് തന്നെ പതിപ്പിച്ച് വച്ച് കരയിലേക്ക് കയറുമ്പോഴാണ് കാലിൻ്റെ നീറ്റലിലേക്ക് ശ്രദ്ധിച്ചത്. അവിടെ ചെറിയൊരു മുറിവുണ്ടായിരുന്നത് പരൽമീനുകൾ കൊത്തി വലുതാക്കിയിട്ടുണ്ട്. കാലിൽ എന്തെങ്കിലും മുറിവുണ്ടങ്കിൽ കുളത്തിൽ തുണി കഴുകുവാൻ വരുന്നത് പേടിയാണ്. പൊടിമീനുകൾ വന്ന് മുറിവിൽ കൊത്തുന്നത് അസഹനീയം തന്നെ. കാലുകൾ പറിച്ച് ചവിട്ടി ചവിട്ടി നിന്ന് എങ്ങനെയോ കഴുകി തീർത്ത് വെള്ളത്തിൽ നിന്ന് കയറിയപ്പോഴാണ് ആശ്വാസമായത്.
വേനല്ക്കാലമായാൽ മനുഷ്യർക്ക് നനയ്ക്കാനും കുളിക്കുവാനും കന്നുകാലികളെ കുളിപ്പിക്കുവാനും നാട്ടുകാർ മൊത്തം ആശ്രയിക്കുന്നത് ഈ കുളത്തിനെയാണ്.
വെളുപ്പിനേ തുടങ്ങുന്ന കുളക്കടവിലെ ആളുകളുടെ തിരക്ക് വെയിൽ കനത്താലാണ് ഒന്ന് കുറയുന്നത്. അപ്പോഴേക്കും മേഞ്ഞ് കഴിഞ്ഞ് വരുന്ന എരുമകളേയും പശുക്കളേയും ഒക്കെ വെള്ളത്തിലിറക്കിയിട്ടുണ്ടാകും. ഉച്ചവെയിലിൻ്റെ പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം തേടി കുളത്തിന് നടുവിൽ കെട്ടിയിട്ട വഞ്ചി പോലെ കിടക്കുന്ന മാടുകളുടെ ദേഹത്ത് മീനുകൾ അവയുടെ ഭക്ഷണത്തിനായി കൂട്ടത്തോടെ കൊത്തി പരതും.
വരണ്ട് വിണ്ട് കീറി കിടക്കുന്ന പത്ത്പറ പാടവും കഴിഞ്ഞ് അടുത്ത വരമ്പിലേക്ക് കടക്കുമ്പോൾ പടിഞ്ഞാറ് ഭാഗത്തെ ഈറ്റവേലിക്കിടയിലൂടെ അകത്തേക്ക് ഒന്ന് എത്തി നോക്കി. നീണ്ട് പരന്ന വലിയ പാറയും പരിസരവും വിജനമാണ്. പാറപ്പരപ്പിൻ്റെ ഒരറ്റത്ത് കളപ്പുരയും അതിന് പുറകിലുള്ള വലിയ പുളിമരങ്ങളും എല്ലാം കനത്ത നിശബ്ദത മൂടി കിടക്കുന്നു.
കൊയ്ത്തും മെതിയും വൈയ്ക്കോൽ തല്ലലും ഒക്കെയുള്ളപ്പോൾ ഈ പാറപ്പുറം നിറയെ പെണ്ണുങ്ങൾ പണി എടുക്കുന്നുണ്ടാകും. ഇപ്പോ പാടത്തെ പണിയെല്ലാം കഴിഞ്ഞപ്പോൾ, നീണ്ട് കിടക്കുന്ന പാറയും കളപ്പുരയും ഏതോ ഭൂതകാലത്തെ അനുസ്മരിപ്പിക്കും വിധം ഭയപ്പെടുത്തുന്ന മൂകതയുടെ നിഴലണിഞ്ഞിരിക്കുന്നു.
അപ്പോഴാണ് കണ്ണിന് വിരുന്നൊരുക്കുന്ന ആ മനോഹരിത കാണുന്നത്. കളപ്പുരയ്ക്ക് കുറച്ച് പുറകിലായി ഒരു വശത്ത് ഇറുകനെ പൂത്തുലഞ്ഞ് വിഷുവിൻ്റെ വരവറിയിച്ച് നില്ക്കുന്ന ഒരു കണിക്കൊന്നമരം.
മുളങ്കമ്പ്കൊണ്ട് കെട്ടിയുണ്ടാക്കിയ വേലിപ്പടി മാറ്റി മെല്ലെ അകത്തേക്ക് കടക്കുമ്പോൾ തെല്ല് ആശങ്കയുണ്ടായിരുന്നു. ആരെങ്കിലും കണ്ടാൽ എന്ത് കരുതും ! തൊടിയിൽ നിന്ന് എന്തെങ്കിലും മോഷ്ടിക്കാൻ കയറിയതാണെന്ന് വിചാരിച്ചാലോ? ഛെ ! വേണ്ടായിരുന്നു എന്ന് മനസ്സ് പറഞ്ഞപ്പോഴും കാലുകൾ മുമ്പോട്ട് തന്നെ നീങ്ങി.
പാറയിലേക്ക് ചവിട്ടുന്നതിന് മുമ്പേ ചെരുപ്പുകൾ അഴിച്ച് വച്ചു. കറ്റക്കെട്ടുകളിൽ നിന്ന് നെൽമണികൾ തല്ലി ഉതിർക്കുന്നതും ഉണക്കുന്നതുമെല്ലാം ഈ വിശാലമായ പാറപ്പരപ്പിലാണ്. പാറപ്പുറത്ത് നെല്ല് ഇല്ലാത്തപ്പോൾ പോലും ചെരുപ്പ് ധരിച്ച് ആരും അവിടെ പ്രവേശിക്കാറില്ല. കുട്ടിയമ്മയും മാളുവേടത്തിയുമൊക്കെ പാടത്ത് കതിര് വിളഞ്ഞാൽ വരമ്പത്തൂടെ നടക്കുമ്പോൾ പോലും പാദരക്ഷകൾ ധരിക്കില്ല. “ലക്ഷ്മീദേവിയല്ലയോ കുട്ടീ കതിരിട്ട് നില്ക്കുന്നേ ” എന്നാണ് ഒരിക്കൽ ചോദിച്ചപ്പോൾ കുട്ടിയമ്മ മറുപടി പറഞ്ഞത്.
വെയിലാറിയിട്ട് ഏറെ നേരമായിരുന്നെങ്കിലും പാറപ്പുറത്ത് ചൂട് ഇപ്പഴും തങ്ങിനില്ക്കുന്നു. കളപ്പുരയോട് അടുത്തപ്പോൾ കണ്ടു മേൽക്കൂരയിലെ നരച്ച് ദ്രവിച്ച് തുടങ്ങിയ പനയോലയ്ക്ക് മുകളിൽ കൊഴിഞ്ഞ് വീണ് ചുരുണ്ട് കിടക്കുന്ന മഞ്ഞപൂക്കൾ. കളത്തിന് മുറ്റത്തും വാരി വിതറിയപോലെ വാടിയ മഞ്ഞ ഇതളുകൾ ചൂടേറ്റ് തളർന്ന് കിടക്കുന്നു.
കണിക്കൊന്ന മാത്രമല്ല, പ്രകൃതിയും ജീവജാലങ്ങളുമെല്ലാം വിഷുവിനെ വരവേല്ക്കുവാനായി ഒരുങ്ങി നില്ക്കുന്ന മനോഹാരിതയാണ് കണ്ടത്. ഫലവൃക്ഷാദികൾ എല്ലാം കായ്ച്ച് നിൽക്കുന്നു. ഈറ്റവേലിയിലെ വള്ളിപ്പടർപ്പുകളിൽ ചെറിയ ഭംഗിയുള്ള പൂക്കൾ വിരിഞ്ഞ് നില്ക്കുന്നു. മാവിൻ കൊമ്പിലും പുളിമരത്തിലും ചാടിയോടി പായുന്ന അണ്ണാറക്കണ്ണൻമാർ, ഏതോ മരക്കൊമ്പിലിരുന്ന് പാടിയത് തന്നെ ആവർത്തിച്ച് പാടുന്ന വിഷുപ്പക്ഷിയുടെ ശബ്ദം മാത്രം വേറിട്ട് നിന്നു.
മഞ്ഞപ്പട്ട മേലാപ്പാക്കിയ കൊന്നമരം സർവ്വാഭരണവിഭൂഷിതയായ റാണിയുടെ പ്രൗഢിയോടെ ഏറ്റവും ഭംഗിയായി നിറഞ്ഞു നിന്നു.
എവിടുന്നോ ഒരു കാറ്റ് ഓടി വന്നതും പുറക് വശത്തെ വയസ്സൻമാവിൽ നിന്ന് ഒരു സത്തുക്കുടിയൻ മാമ്പഴം ഞെട്ടറ്റ് പുരപ്പുറത്തേക്ക് വീണു. പെട്ടെന്ന് മോന്തായത്തിനുള്ളിൽ നിന്ന് എന്തൊക്കെയോ ശബ്ദം. മാങ്ങ വീണ ഒച്ചയിൽ മോന്തായത്തിൽ വസിച്ചിരുന്ന എലികൾ പേടിച്ച് പരക്കം പായുന്നതാകാം.
വേഗം തിരിഞ്ഞ് പാറ കടന്ന് ചെരുപ്പുകൾ കാലിലിട്ട് നിവരുമ്പോൾ നേരെ മുമ്പിൽ പടി കടന്ന് വരുന്ന ആളെ കണ്ട് ഒന്ന് ഞെട്ടി !
“തമ്പുരാൻ ” ! ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
പരിഭ്രമത്തോടെ ഓടി മാറുവാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.
തമ്പുരാൻ എന്ന് പണിയാളുകൾ വിളിക്കുന്ന ഇദ്ദേഹത്തെ അടുത്ത് കാണുന്നത് ആദ്യമായിട്ടാണ്. പാടത്ത് പണി നടക്കുമ്പോൾ മാത്രമാണ് പട്ടണത്തിലുളള ‘ മഠം ‘ എന്ന് വിശേഷിപ്പിക്കുന്ന വീട്ടിൽ നിന്നും അദ്ദേഹം ഇവിടെ കൃഷിയിടത്തിലേക്ക് വരാറുള്ളൂ.
ഇതുവരെ ദൂരേന്നേ കണ്ടിട്ടുള്ളൂ അദ്ദേഹത്തെ.
തൊടിയിൽ അതിക്രമിച്ച് കയറിയതിന് ശകാരം മേടിക്കാൻ ധൈര്യം സംഭരിച്ച്കൊണ്ട് അദ്ദേഹത്തിൻ്റെ മുഖത്തേക്ക് ലേശം പരിഭ്രമത്തോടെ നോക്കി.
” നീ ഏതാ, എവിടുന്നാ ? “
” ഞാ… ഞാൻ…. അവിടുന്ന് “
” ങ്ഹാ, തെക്കൂന്ന് വന്ന ആ പുതിയ താമസക്കാരാണോ ? “
“ആം, അതേ ” ഉമിനീരിറക്കി കൊണ്ട് മുറിഞ്ഞ അക്ഷരങ്ങൾ പുറത്ത് വന്നു –
” വിഷുവല്ലേ, കൊന്നപ്പൂവ് പറിക്കുവാൻ വന്നതാണോ ? “
” അല്ല, കാണുവാൻ “
ആ ഉത്തരം കേട്ട് മന്ദസ്മിതം തൂകി തലയാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു
” ശരി, ശരി. പൊയ്ക്കോളൂ “
പ്രതീക്ഷിച്ച വലിയൊരു ശകാരം കിട്ടാത്തതിൻ്റെ ആശ്വാസത്തിൽ കടന്ന് പോരും മുൻപ് ഞാനാ മുഖത്തേക്ക് നന്ദിയോടെ ഒന്ന് നോക്കി. തേജസ്സാർന്ന മുഖം. തലയിലും താടിയിലും വെട്ടിയൊതുക്കാതെ നീണ്ട് വളർന്ന തിളങ്ങുന്ന വെള്ളിനാരുകൾ. പ്രായാധിക്യം കൊണ്ട് കുഴിഞ്ഞ് പോയെങ്കിലും ചൈതന്യം തുളുമ്പുന്ന കണ്ണുകൾ. മുട്ടോളമെത്തുന്ന അയഞ്ഞ കുപ്പായത്തിനുള്ളിൽ മെലിഞ്ഞ ശരീരം.
ഇദ്ദേഹത്തിൻ്റെ പേര് ജയശങ്കരൻ എന്നോ മറ്റോ ഒരിക്കൽ ചെല്ലമ്മ പറഞ്ഞ് തന്നതെന്ന് ഓർമ്മ. തമ്പുരാൻ എന്നാണ് എല്ലാവരും സംബോധന ചെയ്യുക. അദ്ദേഹത്തിൻ്റെ അച്ഛനുള്ള കാലത്ത് മുറുകെ പിടിച്ച് പോന്നിരുന്ന സവർണ്ണ സമ്പ്രദായങ്ങളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.
ജാതിവിവേചനത്തിൻ്റെ തൊട്ട്കൂടായ്മയുടെയും തീണ്ടായ്മയുടെയും കാലം കഴിഞ്ഞെങ്കിലും ഇപ്പോഴും തമ്പുരാനെ കാണുമ്പോൾ ആളുകൾ ഭക്തിപുരസ്സരം വണങ്ങി മാറി നിൽക്കുന്നത് ബഹുമാനംകൊണ്ടാണോ, അതോ ഇനിയും പൂർണ്ണമായും വിട്ട് മാറിയിട്ടില്ലാത്ത ഉച്ചനീചത്വത്തിൻ്റെ അടയാളങ്ങളാണോ എന്ന് മനസിലായിട്ടില്ല. എന്തായാലും അഹിന്ദുവായ തന്നോടുള്ള സമീപനത്തിൽ അദ്ദേഹത്തിൻ്റെ മുഖത്ത് തികച്ചും ശാന്തതയായിരുന്നു. നെറ്റി ഒന്ന് ചുളിച്ചതു പോലുമില്ല, മറിച്ച് മുഖത്തിന് ഭംഗി കൂട്ടുന്ന മന്ദസ്മിതം തൂകി നിന്നതേയുള്ളൂ.
പിറ്റേന്ന് വെളുപ്പിന് ചുറ്റ് വട്ടത്ത് നിന്നും പടക്കം പൊട്ടുന്ന കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി കണ്ണ് തുറന്നത്. അയ്യോ.. ൻ്റമ്മച്ചിയേന്നുള്ള നിലവിളിയോടെ പുതപ്പ് ഒന്നുകൂടി വലിച്ച് നന്നായി തല മുഴുവനായും മൂടി. കൈകൾ മാത്രം സ്വതന്ത്രമാക്കി തലമൂടിയ പുതപ്പിന് മുകളിലൂടെ തന്നെ രണ്ട് കാതുകളും അടച്ച് പിടിച്ച് ഒന്ന് കൂടി ചുമരരികിലേക്ക് ചുരുണ്ട് കൂടി. വിഷുപ്പുലരിയാണ്. കണികണ്ട ശേഷം പടക്കം പൊട്ടിക്കുന്ന ഉത്സാഹത്തിലാണ് ചുറ്റ് വട്ടത്തെ കുട്ടികൾ.
കൊച്ചുനാളിലേ ഇടവകപ്പള്ളിയിലെ പെരുന്നാളിന് പോയിട്ട് വെടിക്കെട്ടിൻ്റെ സമയത്ത് അമ്മച്ചിയുടെ കൈവിടുവിച്ച് പള്ളിമുറ്റത്ത് കിടന്നുരുണ്ട് പേടിച്ച് കാറികൂവി നാട്ടുകാരെക്കൊണ്ട് മൂക്കത്ത് കൈവയ്പ്പിക്കുന്നത് പതിവായിരുന്നു. മുതിർന്നപ്പോൾ കാറി കൂവിയുള്ള കരച്ചിൽ നിർത്തിയെങ്കിലും വലിയ ശബ്ദത്തോടുള്ള പേടി ഒട്ടും വിട്ട് മാറിയിട്ടില്ല.
പടക്കംപൊട്ടലുകൾക്ക് ഒരിടവേള വന്ന് അന്തരീക്ഷം ഒന്ന് ശാന്തമായ നിമിഷം ! കട്ടിലിന് അടിയിൽ നിന്ന് വളരെ ദയനീയമായ നേർത്ത ഒരു മൂളലും മുരളലും.
പുതപ്പ് മാറ്റി പിടഞ്ഞെഴുന്നേറ്റ് കട്ടിലിനടിയിലേക്ക് നോക്കി.
ങേ ! അറ്റത്ത് ചുരുണ്ട് കൂടി ഭിത്തിയിലേക്ക് ഒട്ടിച്ച് വച്ചത് പോലെ എന്തോ ഒന്ന് കിടക്കുന്നു. അതിൽ നിന്നാണ് ഈ ദയനീയ ശബ്ദം. ടോർച്ചെടുത്ത് ഞെക്കി തെളിയിച്ച് നോക്കി. അതിശയിച്ച് പോയി. ടോണിക്കുട്ടൻ.
കഴിഞ്ഞ വർഷം വഴിയിൽ ആരോ ഉപേക്ഷിച്ച് പോയ പട്ടിക്കുഞ്ഞ്. അന്ന് ഇവൻ വഴിയിൽ കിടന്ന് വിറച്ച് വിറച്ച് ഇതുപോലെ ദീനതയോടെ തന്നെയായിരുന്നു കരഞ്ഞത്. കണ്ടതും സഹതാപം തോന്നി എടുത്ത് കൊണ്ട് വന്ന് ആഹാരം കൊടുത്ത് കുറച്ച് നേരം വച്ച് കൊണ്ടിരുന്നു. വീട്ടിൽ പട്ടി വളർത്താൻ അനുവാദം ഇല്ലാത്തത് കൊണ്ട് വൈകുന്നേരം അപ്പൻ വരുന്നതിന് മുമ്പേ ലക്ഷ്മിയേടത്തിയുടെ വീട്ടിൽ കൊണ്ട് ചെന്ന് കൊടുത്തു. വളർത്താനായി ലക്ഷ്മിയേടത്തിയെ ഏല്പിക്കുമ്പോൾ ടോണിക്കുട്ടൻ എന്ന പേരും കൂടി ഇട്ടാണ് കൊടുത്തത്.
ലക്ഷ്മിയേടത്തിയുടെ പേരക്കുട്ടികളായ കാശിനാഥൻ്റെയും ശബരിയുടെയും കൂടെ ടോണിക്കുട്ടനും കളിച്ച് വളർന്നു.
ഇടയ്ക്ക് വല്ലപ്പോഴും ലക്ഷ്മിയേടത്തിയുടെ വീട്ടിൽ ചെല്ലുമ്പോൾ അവനെ കാണുമ്പോൾ അരുമയോടെ ഒന്ന് തലോടാൻ മറക്കാറില്ല. ഇവൻ ഇപ്പോ എങ്ങനെ വന്നു ഇവിടെ ? എന്തിനാ ഇവൻ കരയുന്നെ ?
നേരം നന്നായി പുലർന്നിട്ടും ടോണിക്കുട്ടൻ തിരിച്ച് പോകാതെ വീട്ടിൽതന്നെ പറ്റിക്കൂടി നിന്നു. ഉച്ചയാകാറായപ്പോൾ എല്ലാവർഷങ്ങളിലെയും പതിവ് പോലെ അടുക്കിപ്പിടിച്ച പാത്രങ്ങളിൽ വിഷുവിഭവങ്ങളുമായി ലക്ഷ്മിയേടത്തി പടികടന്ന് വരുമ്പോൾ ടോണിക്കുട്ടൻ ഉമ്മറത്തിണ്ണയിൽ എൻ്റെ മടിയിലേക്ക് മുൻകാലുകൾ കയറ്റി വച്ച് മയക്കത്തിലായിരുന്നു.
” ദിവന് നിൻ്റെ അതേ സൂക്കേട് ണ്ട് ട്ടോ, പടക്കം പൊട്ടിക്കുമ്പോഴുള്ള പേട്യേ.
പെലർച്ചെ കണികണ്ട ശേഷം കുട്ട്യോള് ഒരു പടക്കം കത്തിച്ചപ്പോഴേക്കും നായ മോങ്ങി കരഞ്ഞോണ്ട് ഒറ്റയോട്ടം “
എൻ്റെ പേടിക്ക് ഒരാളൂടി കൂട്ട് ഉണ്ടല്ലോന്നോർത്തപ്പോൾ ടോണിക്കുട്ടനോട് അതീവവാത്സല്യം തോന്നി. പേടിച്ച് ഓടി വന്നപ്പോൾ അഭയം കൊടുത്ത സ്നേഹം പ്രകടിപ്പിച്ച് അവൻ ഒന്നൂടി എന്നോടൊട്ടി നിന്നു.
ലക്ഷ്മിയേടത്തി കൊണ്ടുവന്ന വിഷുസദ്യ കഴിക്കുമ്പോൾ ഞാൻ ടോണിക്കുട്ടനും കൂടി പങ്കിട്ട് കൊടുത്തു.
എന്തോ, ചൂട് പായസം കുടിക്കുമ്പോഴും ഹൃദയത്തിലേക്ക് ഒരു കുളിർമ്മ പടരുമ്പോലെ തോന്നി.
വിഷുവിൻ്റെ ആഴ്ചയും ദിവസങ്ങളും പിന്നിട്ടു. മേടം പകുതിയും കഴിഞ്ഞു. കൊന്നമരങ്ങളിൽ ഇപ്പോഴും കുറച്ച് പൂവുകൾ അവശേഷിച്ചിട്ടുണ്ട്. ഒരു ഉച്ചനേരം
കളപ്പുരയുടെ മുമ്പിലെ വരമ്പ് വഴിയിലൂടെ നടന്ന് പോകുമ്പോൾ ആരോ ഉള്ളിൽ നിന്ന് കൈ കൊട്ടി വിളിക്കുന്നു.
തിരിഞ്ഞ് നോക്കി. തമ്പുരാൻ !’
വരുക എന്ന ആംഗ്യത്തിൽ കൈ കാണിച്ചു,
എന്തിനെന്ന ശങ്കയോടെ മടിച്ച് നിന്നപ്പോൾ പിന്നെയും വിളിക്കുന്നു.
ഈറ്റപ്പടി കടന്ന് ചെന്നപ്പോൾ അന്ന് കണ്ട അതേ മന്ദസ്മിതം മുഖത്ത്.
” രണ്ട് കൈയ്യും നീട്ട് “
നീട്ടി. നീട്ടിയ കൈകളിലേക്ക് കുറച്ച് പുതിയ നാണയത്തുട്ടുകൾ വച്ച് തന്നു –
എന്തിനെന്ന ഭാവത്തിൽ നോക്കിയപ്പോൾ പറഞ്ഞു
“വിഷുക്കൈനീട്ടമാണ്. “
” വിഷു കഴിഞ്ഞല്ലോ.. ഇതിപ്പോ ?”
“മേട മാസം തീരുന്നത് വരെ ഏത് ദിവസവും കൈനീട്ടം കൊടുക്കാം. നിന്നെ ഞാൻ വിഷുത്തലേന്ന് കണ്ടതിൽപ്പിന്നെ ഇപ്പഴല്ലേ കണ്ടത് ? “
ജീവിതത്തിൽ ആദ്യമായി കിട്ടിയ വിഷുക്കൈനീട്ടം. സന്തോഷവും ആശ്ചര്യവും കൂടി എൻ്റെ മിഴികൾ നിറച്ചു. എനിക്കും കിട്ടി എന്നെന്നും അമൂല്യമായി ഓർമ്മയിൽ സൂക്ഷിക്കുവാൻ ഒരു വിഷു അനുഭവം.
ഉച്ചനീചത്വങ്ങളെ തട്ടിതെറിപ്പിക്കുന്ന, ജാതിവിവേചനങ്ങൾക്കതീതമായുള്ള പരസ്പര മനുഷ്യ സ്നേഹത്തെ ഹൃദയത്തിലേക്ക് ആവാഹിക്കുവാനെന്നവണ്ണം ആ നാണയത്തുട്ടുകൾ ഞാൻ നെഞ്ചോട് ചേർത്ത് പിടിച്ചു.
” നന്നായി വരും, എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ “
അദ്ദേഹം അനുഗ്രഹത്തോടെ പറഞ്ഞു.
പിന്നെയും ഋതുക്കൾ ഊഴമനുസരിച്ച് വന്നു പോയി. പിറ്റേ വർഷവും വിഷുക്കാലത്തിനായി പ്രകൃതിയും മുനുഷ്യരും സന്തോഷത്തോടെ ഒരുങ്ങി. വിയർപ്പ് ഒഴുക്കി മണ്ണ് കുതിർത്തിയവരെ നല്ല വിളവ് നല്കി ഭൂമി ആശ്വസിപ്പിച്ചു.
വയറു നിറച്ച് വിഷു ഉണ്ട് കുട്ടികൾ മണ്ണിൽ ഓടി നടന്ന് കളിച്ചുല്ലസിച്ചു.
പക്ഷേ കാറ്റത്ത് ഞെട്ടറ്റ് വീഴുന്ന സത്തുക്കുടിയൻ മാമ്പഴം നിറഞ്ഞ ചില്ലയിലിരുന്ന് പാടിയത് തന്നെ ആവർത്തിച്ച് പാടുവാൻ എല്ലാ വർഷവും പതിവായെത്തുന്ന ഒരു വിഷുപ്പക്ഷി മാത്രം വന്നില്ല. ആ വർഷം മാത്രമല്ല, പിന്നീടൊരു വിഷുക്കാലത്തും ആ സ്വരം കേട്ടില്ല.
പിന്നീടുള്ള എല്ലാ വിഷുക്കാലത്തും പതിവായി ഞാനാ ഈറ്റവേലിപ്പടിയിൽ വെറുതേ വന്ന് നോക്കുമായിരുന്നു. കണിക്കൊന്നകൾ ശോഷിച്ച് പൂവിട്ട് നിൽക്കുന്നുണ്ടായിരുന്നെങ്കിലും കളപ്പുരയും മുറ്റവും തീർത്തും വിജനമായിരുന്നു. ഒരിക്കൽ കൂടി അവിടെ അനുഗ്രഹം ചൊരിയുന്ന ഒരു മന്ദസ്മിതം കാണുവാൻ ആഗ്രഹിച്ചു. ഇനി എന്നും അവിടെ വിജനമായിരിക്കുമെന്നറിയാമെങ്കിലും വെറുതേ മോഹിച്ചു.
വിഷുപ്പക്ഷി എത്താത്ത മാവ്, നിറയെ സത്തുക്കുടിയൻ മാമ്പഴങ്ങളുമായി പിന്നീടൊരു വർഷം നിലംപതിച്ച് മണ്ണോടമരുകയും ചെയ്തു.


14 Comments
നന്നായെഴുതി👍🌹
സ്നേഹം മിനി ❤️❤️❤️
നല്ല എഴുത്ത്
Seji❤️❤️❤️
നല്ല വിഷു ഓർമ്മകളാൽ സമൃദ്ധമായ ഈ വർഷത്തെ വിഷു.
👏❤👌
Joyce ❤️❤️❤️
അസ്സലായി എഴുതി
നന്ദേച്ചി ❤️❤️❤️
👌🫂
❤️❤️❤️ Achu
എഴുത്ത് നന്നായിരിക്കുന്നു. ആ അനുഗ്രഹങ്ങൾ എക്കാലവും ഉണ്ടാകും. വിഷു ആശംസകൾ❤️❤️
സുമാ 🥰🥰
വിഷുവായാലും ക്രിസ്മസ് ആയാലും ഷൈബിയുടെ തൂലികയിൽ അക്ഷരങ്ങൾ സമൃദ്ധം 👌👌👌
😍😍😍 Silvy