ഓണം വരവായി. പ്രവാസത്തിലെ ഓണം ആഘോഷങ്ങൾ കൊണ്ട് നിറഞ്ഞതാണെങ്കിൽനാട്ടിലെ ഓണം അച്ഛന്റെ കൈപ്പുണ്യം ആണ്. തൃക്കാക്കരപ്പനെ ഉണ്ടാക്കലും പൂത്തറപിടിയ്ക്കലും ഉപ്പേരി വറുക്കലും ഒക്കെ തകൃതിയായി നടന്നിരുന്ന കുട്ടിക്കാലത്തെഓണത്തിൽ നിന്ന് വ്യത്യസ്തമായി മുതിർന്നപ്പോൾ റെഡിമേഡ് തൃക്കാക്കരപ്പനും ടൈൽസ്ഇട്ട് മേൽക്കൂര ഉള്ള മുറ്റവും ഒക്കെ ആയി. അടുപ്പിന്റെ അടുത്ത് അധികനേരം നില്ക്കാൻവയ്യെന്ന് പറഞ്ഞ് അമ്മയും അച്ഛനും ഉപ്പേരി വറവും നിർത്തി. ഓണസദ്യ മാത്രം മരണം വരെഅച്ഛൻ അമ്മയ്ക്കൊപ്പം സ്വയം ഉണ്ടാക്കി വന്നു.
അച്ഛൻ പോയിക്കഴിഞ്ഞാണ് ഓണം ഓർമ്മകൾ തുടങ്ങുന്നതും അവസാനിയ്ക്കുന്നതുംഅച്ഛനിൽ ആണെന്ന് മനസ്സിലായത്. നഷ്ടപ്പെടുമ്പോഴാണല്ലോ വിള്ളലുണ്ടാവുന്നതുംതിരിച്ചറിയുന്നതും!
എന്റെ കുട്ടിക്കാലത്ത് ഓണത്തിന്റെ കുറെ ദിവസങ്ങൾക്ക് മുൻപേ ഉപ്പേരി വറവ് കഴിയും. നിരത്തി വെച്ച പേപ്പറുകളിലെ ചൂടാറിയ ഉപ്പേരി അതാത് തകര ടിന്നുകളിൽ ആക്കുന്നത്ഞങ്ങൾ കുട്ടികളുടെ ജോലി ആണ്. ഇടയ്ക്കിടെ തിന്നുന്നതിലും വിരോധം ഇല്ല. ഇത്രആസ്വദിച്ച് ചെയ്ത ജോലി വേറെ ഉണ്ടാവില്ല തന്നെ.
ഉത്രാടത്തിന്റെ അന്ന് ഉച്ചയൂണ് കഴിഞ്ഞാൽ ചായ നേരത്ത് അച്ഛൻ നാളികേരംചിരകുന്നതും അമ്മ ശർക്കര പാനി ഉണ്ടാക്കുന്നതും കണ്ടാണ് ഞങ്ങൾ കുട്ടികൾഅടുക്കളയിലേക്ക് ചെല്ലുക. പിന്നെ ഉത്സാഹമാണ്. വാഴയില മുറിയ്ക്കാൻ കത്തിയുമായിപറമ്പിലേക്കോട്ടം, കിണറ്റിൽ നിന്ന് വെള്ളം കോരി ഇല കഴുകി തുടയ്ക്കൽ, ചെറിയകഷ്ണങ്ങളായി ഇല കീറൽ, എല്ലാം സ്വയം ഏറ്റെടുത്തു ചെയ്യും. ശർക്കരപാനിയിൽനാളികേരം ഇട്ട് വലിയ ചട്ടുകം കൊണ്ട് ഇളക്കൽ അച്ഛനാണ്. അമ്മയ്ക്ക് അതിനൊന്നുംആരോഗ്യമില്ലെന്നാണ് വെപ്പ്. ഇളക്കി വരട്ടിയെടുത്ത് നാളികേരം കൊണ്ട് വരുമ്പോഴേക്കുംഅമ്മ അരിമാവ് കുഴച്ച് തയ്യാറാക്കിക്കാണും. മധുരനാളികേരത്തിന്റെ ഉരുളി ചൂടാറാൻ വെച്ച്അച്ഛനും അമ്മയും ഇലകളിൽ മാവ് പരത്തും. കുഞ്ഞു ഇലകളിൽ ഇത്തിരി മാവ്ഞങ്ങൾക്കും. പരത്തുമ്പോൾ കൈയിൽ തിരിച്ചു മാവൊട്ടാതെ ഇരിക്കാൻ കൈ വെള്ളത്തിൽമുക്കി പരത്തു എന്ന ടിപ്പ് ആദ്യം പറഞ്ഞു തന്നത് അമ്മയായിരുന്നു.
ഇലകളിൽ പരത്തിയ മാവിലേയ്ക്ക് മധുരനാളികേരം പകുതി ഭാഗത്തേക്ക് ഇടുന്നത്അച്ഛനാണ്. ഒരു പകുതിയിൽ മുഴുവൻ നാളികേരം നിരത്തി മറു ഭാഗം അടച്ച് ഇഡലിചെമ്പിൽ നിരത്തി അടുക്കളയിലെ പതിയെമ്പുറത്ത് വെക്കും ചെമ്പ്. നാളെ നേരംവെളുക്കുമ്പോൾ അടുപ്പ് കത്തിച്ച് ഇഡ്ഡലിചെമ്പ് അടുപ്പത്ത് വെച്ചിട്ടാണ് അച്ഛൻ കുളിച്ച്വരിക. വീട്ടിലെ ആൺകുട്ടികളുടെ കുളി കഴിഞ്ഞ് ഇലകളും പൂത്തറയും ആവണപ്പലകയുംഅരിമാവ് കൊണ്ട് അണിഞ്ഞ് തൃക്കാക്കരപ്പന്മാരെ നിരത്തി തുമ്പക്കുടം ചുറ്റും വിതറിപടിക്കൽ വെച്ചിരിക്കുന്ന ഒറ്റതൃക്കാക്കരപ്പന്റെ അടുത്ത് വരെ തുമ്പക്കുടം വിതറിവരുമ്പോഴേക്ക് അമ്മ അണിഞ്ഞ ഒരു ഇലയിൽ അടയും ശർക്കരയും പഴം പുഴുങ്ങിയതുമായിവന്നിരിക്കും, തൃക്കാക്കരപ്പന് നേദിക്കാൻ.
മധുരം വെച്ച അടയും പഴം പുഴുങ്ങിയതുമാണ് ഓണത്തിന് പ്രാതൽ. അപ്പോൾ കഴിക്കുന്നഅടയേക്കാൾ തലേന്ന് ഇഡലിചെമ്പ് നിറഞ്ഞു കഴിഞ്ഞാൽ ഉരുളിയിൽ ബാക്കി വരുന്നനാളികേരം വരട്ടിയത് കഴിക്കാനാണ് എനിക്കേറെ ഇഷ്ടം. അടയിലേക്ക് ഇടുന്നതിനിടയിൽഅച്ഛൻ വാത്സല്യത്തോടെ വായിൽ വെച്ച് തരുന്ന നാളികേരം വരട്ടിയതിന്റെ രുചി ഇന്നുംവായിലുണ്ട്.
അപ്പോൾ നമുക്ക് തൃക്കാക്കരപ്പന് നേദിക്കാനുള്ള അട എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.
നാളികേരം – 1
ശർക്കര -250 ഗ്രാം
അരിപ്പൊടി, ഉപ്പ് – ആവശ്യത്തിന്
അടി കട്ടിയുള്ള ഉരുളിയിൽ ശർക്കര ഇട്ട് അതിലേക്ക് നികന്ന് നില്ക്കാൻ പാകത്തിന് വെള്ളംഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ച് ശർക്കര നല്ല പാനി ആകുമ്പോൾ അതിലേക്ക് ചിരകിയനാളികേരം ചേർത്ത് ഇളക്കി നന്നായി യോജിപ്പിക്കുക .
അരിപ്പൊടിയിൽ ഉപ്പു ചേർത്ത് ഇളക്കി അതിലേക്ക് ചൂട് വെള്ളം ഒഴിച്ച് നന്നായികുഴച്ചെടുക്കുക. ചപ്പാത്തിമാവിനേക്കാൾ കുറച്ച് ലൂസ് ആയിരിക്കണം. മുറിച്ചഇലക്കഷ്ണങ്ങളിലേക്ക് മാവ് കുറേശ്ശേ ഇട്ട് കൈ ഇടയ്ക്കിടെ വെള്ളത്തിൽ മുക്കി പരത്തുക. ഒരു പകുതിയിൽ വരട്ടിയ നാളികേരം ഇട്ട് പകുതി ഭാഗം നിറച്ച് മറ്റേ ഭാഗം അടച്ച് ഇഡലിചെമ്പിൽ വെച്ച് ആവി കയറ്റി പുഴുങ്ങി എടുക്കുക. 10 മിനിറ്റിൽ മധുരം വെച്ച അട തയ്യാർ.
വരട്ടിയ നാളികേരം അടയിൽ ഇടുന്നതിനിടയിൽ വായിലിട്ട് തരുമായിരുന്നു അച്ഛൻഎനിക്ക്, ഞാൻ മുതിർന്ന് ഇരുപത് വയസ്സുള്ള മക്കളുടെ അമ്മ ആയിട്ടും. അച്ഛന്റെവാത്സല്യഓർമ്മകളിലാണ് ഇന്നും എന്നും എന്റെ ഓണം..
#ഓണം വന്നേ
#impressa
#onamcontest