രണ്ടു കുപ്പി അന്തിക്കള്ളും മോന്തി വീട്ടിലേക്കുള്ള കാട്ടു വഴിയിലൂടെ നടന്നു. ഇനി എന്നാ ഇങ്ങനെ പറ്റാ എന്നറിയില്ല, ഇനി പറ്റുമോ എന്നും അറിയില്ല്യ. കേട്ടുപോയ ബീഡി വലിച്ചെറിഞ്ഞു കുടിലിനകത്തേക്ക് കയറി.
ഉമ്മറത്ത് മുനിഞ്ഞു കത്തുന്ന ചിമ്മിണി വിളക്കിന്റെ വെട്ടത്തിൽ മകൻ ഇരുന്ന് ഉറക്കെ പാഠം ചൊല്ലി പഠിക്കുന്നു.
സെപ്റ്റംബർ അഞ്ചു അദ്ധ്യാപക ദിനം……. സെപ്റ്റംബർ അഞ്ചു അദ്ധ്യാപക ദിനം
ച്ചി ….നിർത്തടാ….. ചെക്കന്റെ കയ്യിൽനിന്ന് ബുക്ക് വാങ്ങി വലിച്ചെറിഞ്ഞു
അച്ഛന്റെ പെട്ടന്നുള്ള പ്രവർത്തി കണ്ട് ക്ടാവ് നെലോളിക്കാൻ തുടങ്ങി.
എന്റെ മനുഷ്യാ നിങ്ങള് എന്തിനാ പഠിച്ചോണ്ടിരിക്കണ ക്ടാവിന്റെ മെക്കട്ട് കേറണേ
ക്ടാവിന്റെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്ന് ഓടി വന്ന കെട്ട്യോള് ചോദിച്ചു.
ഒന്നും മിണ്ടാതെ അകത്തേക്ക് കേറിപ്പോയി. ഷർട്ടും മുണ്ടും മാറി തോർത്തുമുണ്ടും എടുത്ത് കിണറ്റിൻ കരയിലേക്ക് നടന്നു.
എന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. നാളെ യുദ്ധം തുടങ്ങുകയാണ്. സേനാംഗത്തിന് നേർച്ചകോഴിയുടെ ആയുസ്സെ ഉള്ളു. രാജാവിന്റെ അമ്മായിഅപ്പനെ കൊന്നവനോടു പകരം വീട്ടാനുള്ളതാണ് ഈ യുദ്ധം. കേട്ട് പരിചയമോ ശത്രുതയോ ഒന്നും ഇല്ലാത്ത ആരെയൊക്കെയോ കൊല്ലണം, അല്ലെങ്കിൽ അവരുടെ കൈയ്യോണ്ട് ചാകണം.
കുളി കഴിഞ്ഞു വന്നപ്പോളേക്കും കെട്ട്യോള് അത്താഴം വിളമ്പി വെച്ചിരുന്നു.
ക്ടാവ് കഴിച്ചില്ലെടി???
ഇല്ല്യാ, അവൻ കരഞ്ഞു കിടന്നുറങ്ങി
വായിലേക്ക് കൊണ്ടു പോയ ഉരുള തിരിച്ചു കിണ്ണത്തിൽ ഇട്ട് എണീറ്റു
എന്തേ അത്താഴം കഴിക്കണില്ല്യേ???
എനിക്ക് വേണ്ടാ…
കൈകഴുകി കിടപ്പുമുറിൽ ചെന്നു. മകൻ കട്ടിലിൽ കിടന്ന് ഉറങ്ങുന്നു. അവന്റെ അരികിൽ കിടന്ന് അവന്റെ തലമുടിയിലൂടെ കൈ ഓടിച്ച് കണ്ണടച്ചു കിടന്നു.
മനസ്സ് കുറെ പിറകിലേക്ക് സഞ്ചരിച്ചു.
ജരാസന്ത മഹാരാജവിന്റെ സേനയിലെ നിഷാദരുടെ തലവൻ ആയിരുന്നു അച്ഛൻ. സേനാപതി ആണെങ്കിലും അധകൃതൻ, അധകൃതൻ തന്നെ.
കളിവില്ലും അമ്പും ആയിരുന്നു തന്റെ ഇഷ്ട കളിക്കൊപ്പുകൾ. ഒരു വില്ലാളി ആകണം എന്നായിരുന്നു തന്റെ ആഗ്രഹം. കാട്ടിലെ പേരറിയാ ഗുരുവിന്റെ ശിക്ഷണം പോര. അതിലും നല്ല ഗുരുവിന്റെ കീഴിൽ അഭ്യസിക്കണം. അങ്ങിനെ ഒരാൾ ആര്???
വനാതിർത്തിയിലുള്ള ഗ്രാമത്തിലേക്ക് കൂട്ടം തെറ്റിപ്പോയ കന്നുകാലിയെ തിരഞ്ഞു പോയ ഒരു കൂട്ടുകാരൻ ആണ് പറഞ്ഞത് അതിർത്തിയിലെ ഗുരു കുലത്തിൽ ദ്രോണാചാര്യർ രാജകുമാരന്മാരായ കൗരവരെയും പാണ്ഡവരെയും ആയുധ അഭ്യാസം പഠിപ്പിക്കുന്നു.
അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് പരശുരാമ ശിഷ്യനായ ദ്രോണരെ കുറിച്ച്. അദ്ദേഹത്തിനു ശിഷ്യപ്പെടണം. ലോകം അറിയുന്ന വില്ലാളി ആകണം.
പിറ്റേന്ന്, പുലരാൻ ഏറെ സമയം ബാക്കിയുള്ളപ്പോൾ തന്നെ എണീറ്റ് അമ്മയുടെ അനുഗ്രഹം വാങ്ങി നടപ്പ് തുടങ്ങി. അവിടെ എത്തിയപ്പോളേക്കും നേരം പുലർന്നിരുന്നു.
രാജകുമാരന്മാർ കൂട്ടം കൂട്ടമായി എത്തി തുടങ്ങിയിരുന്നു. പല വർണ്ണങ്ങളിൽ ഉള്ള പട്ടു വസ്ത്രങ്ങൾ ചുറ്റി ആഭരണങ്ങൾ അണിഞ്ഞ അവർ കറുത്ത തൊലിയുള്ള , പരുപരുത്ത. മരവുരിയും അണിഞ്ഞു കല്ലു മാലയും ഇട്ട് മുള വില്ലുമായി നിൽക്കുന്ന തന്നെ ഒരു വിചിത്ര ജീവിയെ പോല്ലേ നോക്കി.
അല്പസമയം കഴിഞ്ഞപ്പോൾ ഗുരു ആഗതനായി. തന്നെ കണ്ടപ്പോൾ അടുത്തേക്ക് വിളിച്ചു.
ആരാ നീയ്യ്??? എന്തുട്ടിനാ ഇങ്ങട് വന്നേ???
പഠിക്കാൻ വന്നതാ
കൊള്ളാലോ നീയ്യ്…. എന്തുട്ടാ നിന്റെ പേര്??
ഏകലവ്യൻ
അടിപൊളി പേരാണല്ലോ, എവിട്യാ നിന്റെ വീട്
തിരിഞ്ഞു കാട്ടിലേക്ക് വിരൽ ചൂണ്ടി..
അവിടെ കാട്ടിലാ???
മ്മ്…..
ഗുരുവിന്റെ മുഖത്ത് ഉണ്ടായിരുന്ന വാത്സല്യ ഭാവം മങ്ങി
അവിടെ ആരടെ മോനാ???
നിഷാദ സേനാധിപൻ ഹിരണ്യധനുസിന്റെ
കടന്ന് പോടാ ഇവിടന്ന്…. കണ്ണീകണ്ട നിഷാധർക്ക് ബ്രാഹ്മണനായ ഞാൻ അറിവ് പകരുകയോ???? നീ പോയി നിന്റെ കുലത്തൊഴിൽ ചെയ്യടാ ചെക്കാ.
തലതാഴ്ത്തി അവിടെ നിന്ന് പുറത്ത് കടക്കുമ്പോൾ മനസ്സിൽ സംശയം ഫണം വിരിച്ചാടി അറിവിനും ആയിത്തമോ. ഇവിടെയും ജാതിയുടെ മുള്ള് വേലിമറയോ
കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല,
ഏതോ വിപ്ലവം തലക്ക് പിടിച്ചവൻ കൊട്ടാരം മതിലിന്മേൽ കോറിയിട്ട വാക്കുകൾ എന്നൊ വായിച്ചത് ഓർമ്മ വന്നു
സ്കൂളിന് പുറത്തുള്ള മരത്തിൽ കയറി ഇരുന്ന് ദ്രോണർ രാജകുമാരന്മാരെ പഠിപ്പിക്കുന്നത് കണ്ടു പഠിച്ചു.
വൈകുന്നേരം മണ്ണ് കുഴച്ചു ദ്രോണരുടെ രൂപം ഉണ്ടാക്കി രാത്രി മുഴുവൻ അതിന് മുന്നിൽ നിന്ന് രാവിലെ കണ്ടു പഠിച്ച അഭ്യാസങ്ങൾ ചെയ്തു പഠിച്ചു.
പിന്നെ അതായി തന്റെ ദിനരാത്രചര്യ.
കാലം കടന്ന് പോയി. രാജകുമാരന്മാരുടെ പഠിപ്പ് കഴിയുന്ന മുറക്ക് താനും അഭ്യാസങ്ങൾ പരിശീലിച്ചു. തിരിച്ചു കാട്ടിലേക്ക് മടങ്ങി.
ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ് താൻ വിശ്രമിക്കുമ്പോൾ അവിടെ കെടന്ന് ഒരു നായ നിർത്താതെ കുരക്കുന്നു.
വല്ല്യേ ശല്ല്യായല്ലോ ഇതിനെക്കൊണ്ട് എന്ന് മനസ്സിൽ പറഞ്ഞ് വില്ലെടുത്ത് ഒരു പെര്ക്കാ പെര്ക്കി. എന്നീട്ട് അവിടെ കിടന്നുറങ്ങി.
ഈ നേരത്താണ് ദ്രോണരും ശിഷ്യരും ഒരു വൺ ഡേ ട്രിപ്പിന് അവിടെ എത്തിയത് .
അവര് ആ കാഴ്ച കണ്ട് ഞെട്ടി. ഒരു നായെടെ വായെല് അമ്പോണ്ട് ഒരു തൃശ്ശൂപൂരം പന്തല്. എന്നാ ആ നായെടെ വായെല് ഒറ്റ മുറിവുല്ല്യ, ന്നാ അതിന് കോരക്കാനും പറ്റില്ല്യ.
ആരാണ്ടാ ഇപ്പൊ ഇത് ചീത രാവണൻ എന്ന് കണ്ടുപിടിക്കാൻ അവര് അവിടെ തപ്പി തന്നെ കണ്ടു പിടിച്ചു.
കാപ്പെരുമാറ്റം കേട്ടപ്പോ താൻ എണീറ്റു. നോക്കിപ്പോ ദ്രോണരും ശിഷ്യന്മാരും.
നീ…..നീയാ…… ഏകലവ്യൻ അല്ലേടാ…….
ഗുരുവിന്റെ കാൽ തൊട്ട് വന്ദിച്ചു എണീറ്റ തന്റെ അടുത്ത് ദ്രോണർ ചോദിച്ചു.
അതേ ഗുരോ….
നീയാ ഇത് ചീതേ???
അതേ ഗുരോ
പൊളിച്ചണ്ട് ട്ടാ…. ആരാ നിന്റെ ഗുരു??
ദ്രോണാചാര്യർ….
ഇതു കേട്ടപ്പോ അർജ്ജുനൻ ദ്രോണരെ ഒരു നോട്ടം നോക്കി.
പുലിമുരുകനെ ജൂലിയോടൊപ്പം കണ്ടപ്പോൾ മൈന നോക്കണ അതേ നോട്ടം
അപ്പൊ താൻ എന്നെ പറ്റിക്കുകയായിരുന്നല്ലേ കള്ള ബടുവ….. തനിക്ക് എന്നേക്കാൾ ഇഷ്ടം ഇവനോടായിരുന്നല്ലേ എന്നതാണ് ആർജ്ജുനന്റെ ആ നോട്ടത്തിന്റെ അർത്ഥം എന്ന് ദ്രോണർക്ക് മനസ്സിലായി
ഹൈ, ദ്രോണർ ഞാനല്ലേ???
അതെ,
തോന്ന്യാസം പറയെല്ലേട്ട്രാ.. ഞാൻ എപ്പളാണ്ടാ നിന്നെ പഠിപ്പിച്ചേ
താൻ ഗുരുവിനോട് ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞ് താൻ ദിവസും പൂജിക്കുന്ന, താനുണ്ടാക്കിയ ദ്രോണരുടെ പ്രതിമ കാണിച്ചു കൊടുത്തു.
ദ്രോണർക്ക് സംഗതിയുടെ കിടപ്പ് വശം ഏതാണ്ട് മനസ്സിലായി.
ആർജ്ജുനന്റെ മുഖം കുട്ടിക്കലം പോലെ. ദ്രോണർ ആർജ്ജുനനെ കണ്ണടച്ചു കാണിച്ചു…. ദിപ്പോ ശര്യാക്കി തരാന്ന്. എന്നീട്ട് പറഞ്ഞു
അപ്പൊ ഏകലവ്യാ… സംഗതി കളറായിണ്ട്. പക്ഷെ പഠിപ്പിച്ചേന് നീ എനിക്ക് ഫീസ് തന്നില്ല്യല്ലോ…
അത്… ഗുരോ….
അത് പോട്ടെ… നീ ഡിസ്റ്റന്റ് എഡ്യൂക്കേഷൻ സ്കീമിൽ ആണല്ലോ പഠിച്ചത്, അതോണ്ട് ഫീസ് വേണ്ട, പക്ഷെ ഗുരു ദക്ഷിണ വേണം.
എന്തുട്ടാ വേണ്ടേ…. ആശാൻ പറ…. ആരുടെ വായേലാ പന്തൽ ഇടണ്ടേ???
അതല്ല എനിക്ക് വേണ്ടത്
പിന്നെന്തുട്ടാ വേണ്ട ആശാനേ??
നെന്റെ വലത് കയ്യിലെ തള്ളവിരൽ…
എന്തുട്ട്????
ദേ ദിത്….. ദ്രോണർ തമ്പ്സ് അപ്പ് കാണിച്ചു പറഞ്ഞു.. നിന്റെ ദിത് ദിങ്ങട് കട്ടീത് താ…..
ലവ്യെട്ടൻ ഒറങ്ങില്ല്യേ???
കെട്ട്യോൾടെ ശബ്ദം കെട്ട് ഏകലവ്യൻ ചിന്തയിൽ നിന്നുണർന്നു
മ്മ്…..
എന്തിനാ ഇന്ന് മോനെ ചീത്ത പറഞ്ഞെ…….
ജാതിയുടെ പേരിൽ എനിക്ക് അറിവ് പകർന്നു തരാൻ വിസമ്മതിച്ച, ഒരു ഗുരു തന്റെ ശിഷ്യരെയെല്ലാം ഒരു പോലെ കാണേണ്ടവനായിട്ടും, ശിഷ്യരിൽ ഒരുവനോടുള്ള അമിത വാത്സല്യം കൊണ്ട് മറ്റൊരുത്തന്റെ ഭാവി ഇരുളടപ്പിച്ച എന്റെ ഗുരുവിനെ ഓർത്തപ്പോൾ…. ഞാൻ…. എനിക്ക്….. പറ്റിപ്പോയി
തള്ളവിരൽ ഇല്ലാത്ത തന്റെ വലത് കൈപത്തിയിലേക്ക് നോക്കി ഏകലവ്യൻ പറഞ്ഞു.
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ