പെയ്തൊഴിയാൻ പോകുന്ന ഈ മഴക്കാലത്തോടൊപ്പം നീയും പോകാൻ തയ്യാറെടുക്കുകയാണെന്നറിയാം. ഒരുപാടൊന്നുമില്ലെങ്കിലും എനിക്കായ് നീ നൽകിയതു മുഴുവൻ എന്നും മറക്കാൻ കഴിയാത്ത എന്തൊക്കെയോ ആണ്.
സ്വപ്നങ്ങൾ ചോർന്നൊലിക്കുമൊരു കൂരയുടെ ഉള്ളിൽ ഇനി വരും കാലം മുഴുവൻ ഏകനാണെന്നോർക്കുമ്പോഴും കുറച്ചു നാളുകളിലായ് നീ ഏറെ ചൊരിഞ്ഞൊരു സ്നേഹവും പിരിയുവാൻ നേരം നൽകിയ സുഖമുള്ള ഓർമകളും എന്നെ തനിച്ചാക്കില്ലാ എന്നെനിക്കുറപ്പുണ്ട്. പ്രണയം എന്നൊരു വികാരം കൊണ്ടു മാത്രം നീ എന്ന നിലവിളക്കിലേക്കായ് അറിഞ്ഞു കൊണ്ടു തന്നെ പാഞ്ഞടുത്തൊരു ഇയാംപാറ്റയായ് എന്നെ കാണരുത്. നിന്നിൽ ഞാൻ എന്നെ കണ്ടതുകൊണ്ടു കൂടിയായിരുന്നു.
പ്രണയിക്കാനും പ്രണയിക്കപ്പെടാനുള്ള അർഹത ഇല്ലാ എന്നറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.
ഇനിയെൻ മരവിച്ച മനസ്സും പുഞ്ചിരി തുന്നിച്ചേർത്ത ചുണ്ടുകളും വിഷാദം നിഴലടിക്കുമെൻ മിഴികളും എന്റെ ചുറ്റുമുള്ള ആൾക്കൂട്ടത്തിൽ ഒരു പക്ഷേ എന്നെ ഒരു കോമാളിയാക്കി മാറ്റിയേക്കാം. ഒരിക്കലും അർഹിക്കാത്തതൊക്കെ നിന്നിൽ നിന്നേറെ കിട്ടിയതിനാൽ വെറുപ്പ് എന്ന വാക്കു ചേർത്ത് നിന്നെ ഒരിക്കലുമെനിക്ക് ഓർക്കാനും കഴിയുകയില്ല.
ഇനിയുമെപ്പോഴെങ്കിലുമൊരിക്കൽ തമ്മിൽ കാണാനിടയായാൽ എനിക്കായ് എന്തെങ്കിലും നീ നൽകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രം, എന്നും നീ എനിക്കായ് സൂക്ഷിച്ച നിന്റെ മൗനം എനിക്കായ് നൽകുക.
കാരണം നീ പറയുവാൻ ഏറെ മടിച്ചതും ഞാൻ കേൾക്കാനേ റെ കൊതിച്ചതുമായ ഒരു പാട് വാക്കുകൾ ആ മൗനത്തിനുള്ളിലായി നീ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു എന്നെനിക്കറിയാം. ഇനി ഈ മൗനം കൊണ്ടൊരിക്കലും നിൻ മിഴികൾ നിറയാതിരിക്കട്ടെ.
വേദനിക്കുമെന്നറിയാമെങ്കിലും അവസാനമായി ഒന്നുകൂടി പറയട്ടെ, ഒരിക്കലും ഞാൻ നിന്നിൽ നിന്ന് ഏറെ അകലെ ആയിരുന്നില്ല. നിനക്ക് ഒന്നു കൈ നീട്ടിയാൽ എത്താവുന്ന ദൂരത്തായിരുന്നു എന്നും ഞാൻ.
എന്നിട്ടും ………..
എന്നെങ്കിലും തിരിഞ്ഞു നോക്കാൻ നിനക്കായാൽ നമ്മൾ നിറുത്തിയ ഇടത്തു തന്നെ ഞാൻ നിൽപുണ്ടാവും. എന്തിനെന്നറിയാതെ.
Ajeesh Kavungal
1 Comment
നന്നായിട്ടുണ്ട്👏👏👏