പ്രണാമം
**********
കാർഗിൽ, നീയെത്ര ധന്യ…
ഭാരതാംബതൻ വീരൻമാരാം
പുത്രന്മാരെ നിൻ നെഞ്ചിലേറ്റു-
വാങ്ങുവാൻ കഴിഞ്ഞ നിനക്കു
കോടി പ്രണാമങ്ങൾ.
ദേശഭക്തിയിൽ നിന്നുടലെടുത്ത
ധീരതയാൽ, പൊരുതി മരിച്ച…
വീരന്മാരുടെ ചോര വീണ് നീ-
പുണ്ണ്യയായ് തീർന്നിരിക്കുന്നു.
യുദ്ധമെന്ന മഹാ വിപത്തിനാൽ
ജീവൻ നഷ്ടമായ സഹോദരങ്ങളേ,
തീരാത്ത ദുഃഖമുണ്ട് എങ്കിലും,
അഭിമാനിക്കുന്നു നിങ്ങളെയോർത്ത്,
മറക്കില്ലൊരിക്കലും നിങ്ങൾ തൻ ജീവത്യാഗം.
ആദരവോടെ നമിക്കുന്നു ഞാനെൻ ശിരസ്സു,
നിങ്ങൾ തൻ ധീരതയ്ക്കും ദേശഭക്തിക്കും മുന്നിൽ.
പച്ചമാംസം തുളച്ചിറങ്ങും വെടിയുണ്ടകൾക്കും,
ഷെല്ലിനും,
കാലടിയൊന്നു തെറ്റിയാൽ
സർവ്വം ഭസ്മമാക്കും മൈനുകൾക്കും,
ഭയപ്പെടുത്തുവാൻ കഴിഞ്ഞില്ല
നിങ്ങൾ തൻ വിപദിധൈര്യത്തെ.
മരണത്തെ മുന്നിൽ കണ്ടിട്ടും,
ശത്രുവിനോടു സധൈര്യം പോരാടിയ സോദരങ്ങളേ,
മതിവരുന്നില്ലെത്ര നിങ്ങളെ
നമിച്ചിട്ടും.
മാതൃരാജ്യത്തിൻ പതാക,
ശിരസ്സുയർത്തി അഭിമാനത്തോടെ പാറുവാൻ
നിങ്ങൾ നൽകിയത് സ്വന്തം പ്രാണനായിരുന്നല്ലോ.
നിങ്ങളെ പെറ്റു പാലൂട്ടി വളർത്തിയോരമ്മയ്ക്കുമമ്മയാം
ഭൂമീ ദേവിക്കും,
അഭിമാനിക്കാം നിങ്ങളെയോർത്ത്,
നിങ്ങൾ തൻ ദേശഭക്തിയോർത്ത്.
എങ്കിലും കഴിയുമോ, നമുക്കീയമ്മ തൻ ഹൃദയവേദനയകറ്റാൻ.
സ്വരാജ്യത്തിന്റെ മൺതരിക്കു പോലും,
പോറലേൽക്കാതെ കാക്കാൻ പൊരുതുന്ന പ്രിയ സോദരരേ,
നിങ്ങൾക്കും സ്നേഹാദരങ്ങൾ.
ദേശത്തിൻ മൺതരികളേ,
നിങ്ങൾക്കുമഭിമാനിക്കാം.
ഹിന്ദുവും ക്രിസ്ത്യനും ഇസ്ലാമുമെന്നു പലതുണ്ടു ജാതിമതങ്ങളെങ്കിലും,
ഒന്നാണു നമ്മുടെ സിരകളിലൊഴുകും രുധിരം.
കഴിയില്ലാർക്കും നമ്മെ പിരിക്കുവാൻ.
അതിനുള്ള ശ്രമങ്ങൾ വെറും പാഴ്മാത്രമാം.
ചതിക്കു ചതിയെന്ന പ്രയോഗത്തിനു പകരം ഒത്തൊരുമയെന്നതു പ്രാവർത്തികമാക്കി,
നമ്മൾ ഭാരതീയർ.
അതിനു മുന്നിൽ വേപഥുവോടോടിയ ശത്രുക്കളേ…
പിൻ തിരിഞ്ഞു നോക്കീടരുത്.
ഉണ്ണാതെ ഉറങ്ങാതെ കാവലുണ്ട്,
നാടിൻ മക്കൾ.
ഇനിയൊരിക്കലും യുദ്ധമെന്ന മഹാ വിപത്തിനാൽ വിറങ്ങലിച്ചു
നിൽക്കാനിട വരരുതേയെന്ന പ്രാർത്ഥനയോടെ…..
സ്വർഗ്ഗം പൂകിയ സോദരർക്ക് ഒന്നു കൂടി പ്രണാമങ്ങൾ.🙏🙏🙏
********
സരിത സുനിൽ ✍️
ചിത്രത്തിന് കടപ്പാട് : ജാഗരൺ