അയ്യേ മലയാളി എന്ന തോന്നൽ മനസ്സിൽ പല തവണ സൃഷ്ടിച്ച മലയാളി ആവേണ്ടിയിരുന്നില്ല എന്ന തോന്നലിൽ എത്തിച്ച പല തരത്തിലുള്ള അനുഭവങ്ങൾ സ്വന്തം ജീവിതത്തിലും സമകാലിക സംഭവങ്ങളിലും കണ്ടിട്ടുണ്ട്. ഒന്നല്ല ഒരുപാട് അവസരങ്ങൾ തന്നെയുണ്ട്. ഞാന്‍ പറയാൻ ആഗ്രഹിക്കുന്നത് നമ്മുടെ മാതൃഭാഷയോടുള്ള സ്നേഹത്തെ കുറിച്ചാണ്. പറഞ്ഞു വരുമ്പോള്‍ എന്റെ കേരളം , നമ്മുടെ ദൈവത്തിൻറെ സ്വന്തം നാട്, മാതൃഭാഷയോട് പ്രണയമാണ് എന്നൊക്കെ അടിച്ചു വിടുമെങ്കിലും നമ്മളിൽ പലരും (എല്ലാവരെയും അടച്ചാക്ഷേപിക്കുക അല്ല) എന്നാലും അധികം പേരും നമ്മുടെ മക്കളെ ആംഗലേയ ഭാഷയില്‍ പാണ്ഡിത്യം ലഭിക്കാൻ വേണ്ടി ഏതറ്റം വരെയും പോകും. “എൻറെ മക്കൾക്ക് മലയാളം തീരെ അറിയില്ല ഇംഗ്ലീഷ് മാത്രമേ അറിയൂ” എന്ന് ഏറെ അഭിമാനത്തോടെ പറയുന്ന ഒരുപാട് പേരെ എനിക്കറിയാം.
കുറച്ചുകാലം മുമ്പ് മുമ്പ് സൗദിയിൽ നിന്ന് വന്ന ഒരു ബന്ധു നാട്ടിലെ ഷോപ്പിങ് മാളിൽ പോയി വന്നപ്പോൾ പറഞ്ഞ കുറച്ചു വരികൾ ഇപ്പോൾ ഞാൻ ഓർക്കുന്നു. “ഇവിടെ നിന്ന് സെൽഫി എടുക്കാൻ നാണം തോന്നുന്നു. സ്പ്ലാഷ് എന്നൊക്കെ മലയാളത്തിൽ എഴുതി വെച്ചിട്ടുണ്ട് അതൊക്കെ കണ്ടിട്ട് എന്തോ പോലെ ആകുന്നു. അവർക്ക് ഇത് ഇംഗ്ലീഷില്‍ എഴുതി വെച്ചാൽ പോരെ? ” ഇതായിരുന്നു ആ വരികൾ.
അന്ന് ആ സഭയിൽ ഇരുന്നിരുന്ന ഒരു മുതിര്‍ന്ന സ്ത്രീ അവരോട് ചോദിച്ചു, സൗദിയിൽ ഇംഗ്ലീഷിൽ മാത്രമാണോ ഇതൊക്കെ എഴുതിയിട്ടുള്ളത് എന്ന്. അപ്പോൾ പറഞ്ഞു അല്ല അവിടെ അറബിയിലും എഴുതും. അത് ഒരു അറേബ്യൻ രാജ്യം അല്ലേ? അതേ. മുതിർന്ന സ്ത്രീയും ബാക്കി എല്ലാവരും കൂടി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇത് കേരളം അല്ലേ ഇവിടെ മലയാളം ഉണ്ടാവും അത്രയേ ഉള്ളൂ, സ്പ്ലാഷ് എന്ന് മലയാളത്തിൽ കാണുമ്പോൾ തനിക്ക് ഇത്രമാത്രം ചൊറിയാൻ എന്താ ഉള്ളത്? എന്നൊക്കെ ചോദിച്ചു.
ഞാൻ ചെറിയൊരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ. അത്രമാത്രം ചിലരൊക്കെ മലയാളത്തെ വെറുക്കുന്നുണ്ട്. അത് എന്തിനാണ് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. പണ്ടൊരു കൂട്ടുകാരി ചൈനയിൽ പോയിട്ട് എയർപോർട്ടിൽ വച്ച് കുടുങ്ങിയ ഒരു കഥ പറഞ്ഞത് കൂടി ഞാനൊന്നു പങ്കു വെച്ചോട്ടെ.
എൻറെ ഒരു സുഹൃത്തിൻറെ ഭർത്താവ് അദ്ദേഹത്തിന്റെ കടയിലേക്കുള്ള സാധനങ്ങൾ സ്ഥിരമായി ചൈനയിൽ നിന്നാണ് വാങ്ങാറ്. അതിനായി ഭർത്താവിന്റെ കടയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണ് പതിവായി പോകാറുള്ളത്. എൻറെ സുഹൃത്തിന് ആണെങ്കിൽ ചൈന ഒന്ന് കാണണമെന്ന് വല്ലാത്തൊരു ആഗ്രഹം. അതുകൊണ്ട് ഭർത്താവിനോട് അടുത്ത പ്രാവശ്യം സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ നമുക്ക് ഒരുമിച്ചു പോകാം എന്ന് പറഞ്ഞു അവൾ സമ്മതിപ്പിച്ചു എടുത്തു. അവളാണെങ്കിൽ ഇംഗ്ലീഷിൽ പിജി എടുത്ത ആളാണ്. അപ്പൊ വിദേശത്ത് എവിടെ പോകാൻ ആണെങ്കിലും തനിക്ക് പറ്റുമെന്ന ഒരു അമിത ആത്മവിശ്വാസവും അവൾക്കുണ്ടായിരുന്നു. കാരണം അധികപേരും ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് കുടുങ്ങിയ കഥകൾ ഏറെ കേട്ടത് കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് കച്ച കെട്ടി പുറപ്പെട്ടത്.
എന്നാൽ ചൈനയിൽ എയർപോർട്ടിൽ എത്തിയപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലായത്. അവിടെ ഒരാൾക്ക് പോലും മര്യാദക്ക് ഇംഗ്ലീഷ് അറിയത്തില്ല. അവിടെ ചൈനാ എന്ന രാജ്യത്ത് അവർ പ്രാധാന്യം കൊടുക്കുന്നത് അവരുടെ ചൈനീസ് ഭാഷയ്ക്ക് തന്നെയാണ്. ഇംഗ്ലീഷ് ഒക്കെ പിന്നിൽ നിൽക്കും. അവിടെ എയർപോർട്ടിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാർക്കും ഇംഗ്ലീഷ് വ്യക്തമായി അറിയില്ല. ഇവളുടെ ഭർത്താവാണെങ്കിൽ ആദ്യമായിട്ടാണ് പോകുന്നത്. പുള്ളിക്കാരൻ ഇവിടെ ഇങ്ങനെ ഒരു പണി കാത്തുനിൽക്കുന്നുണ്ട് എന്ന് കരുതിയില്ല. പുള്ളിക്കാരനും ഇവളുടെ എംഎ ഇംഗ്ലീഷിൽ പ്രതീക്ഷ കൊടുത്തിട്ടാണ് അവളെയും കൊണ്ട് യാത്രക്ക് ഇറങ്ങിയത്. അവസാനം കണ്ണും കയ്യും ഒക്കെ കാണിച്ച് കഥകളിയൊക്കെ കളിച്ചു അങ്ങനെ അവർ എങ്ങിനെയൊക്കെയോ തട്ടിമുട്ടി പുറത്തെത്തി ഹോട്ടൽ റൂമിൽ എത്തിപ്പെട്ടു.
അവിടെനിന്ന് ഹോട്ടലിൽ വെച്ചിട്ടാണ് മറ്റൊരു മലയാളിയെ കാണാൻ പറ്റിയത്. അതും ആകസ്മികമായി. ഇവർ തമ്മിൽ പരസ്പരം സംസാരിച്ചപ്പോൾ അവിടെ ജോലി ചെയ്യുന്ന ആളാണ് എന്ന് മനസ്സിലായി. ഇവൾ അയാളോട് ചോദിച്ചു പോലും ഇംഗ്ലീഷ് പോലും മര്യാദയ്ക്ക് സംസാരിക്കാൻ അറിയാത്ത സ്റ്റാഫിനെ എന്തിനാണ് എയർപോർട്ടിൽ ഒക്കെ ഒക്കെ നിയമിക്കുന്നത്? എന്ന്.
അപ്പോഴാണ് അയാൾ പറഞ്ഞത് അവിടെ എംബിബിഎസ് പഠിക്കുന്ന കുട്ടികള്‍ക്ക് പോലും ചൈനീസ് ഭാഷ പഠിച്ചിരിക്കണം. വർക്ക് എക്സ്പീരിയൻസ്, ക്ലിനിക്കൽ എക്സ്പീരിയൻസ് ഒക്കെ ഭാഷ അറിയുമെങ്കിലേ കിട്ടുകയുള്ളൂ എന്ന്. ഇവിടെ ഉള്ളവർ നമ്മുടെ നാട്ടിലെ പോലെയല്ല. ഇവർക്ക് ഇവരുടെ ഭാഷയോട് തന്നെയാണ് ആണ് പ്രധാന മുൻഗണന. നമ്മുടെ നാട്ടിൽ ഒരു ജോലി കിട്ടണമെങ്കിൽ എത്ര യോഗ്യത ഉണ്ടെങ്കിലും ഇംഗ്ലീഷ് നല്ലപോലെ അറിയില്ല എന്ന ഒറ്റ കാരണം കൊണ്ട് അവർ നമ്മളെ തട്ടി മാറ്റും. ഇവിടെ അങ്ങനെ ഒന്നുമില്ല എന്ന്.
അപ്പോൾ അത്രയൊക്കെ ഉള്ളൂ. നമ്മൾ മലയാളികൾക്ക് ഇംഗ്ലീഷ് ഭാഷയോട് ഒരു വല്ലാത്ത അഭിനിവേശം ഉണ്ട്. ഈ എഴുതുന്ന എനിക്ക് പോലും ഉണ്ട്. കാരണം നമ്മുടെ സംസാരത്തിൽ കയറി പറ്റുന്ന വാക്കുകൾ പകുതിയില്‍ അധികവും ഇംഗ്ലീഷ് തന്നെയാണ്. അതിൻറെ ഉപയോഗം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീർന്നു.
ചിലരെങ്കിലും ഉണ്ട് മലയാളം ഭാഷയെ, സംസ്കാരത്തെ ബഹുമാനിക്കുന്നവരും ഇഷ്ടപ്പെടുന്നവരും. പറഞ്ഞു വന്നത് മറ്റൊന്നുമല്ല മലയാളികൾ തന്നെ മലയാളത്തെ വെറുക്കുന്ന സാഹചര്യങ്ങൾ കാണുമ്പോള്‍, മലയാളത്തോട് അസഹിഷ്ണുത കാണിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും വിഷമം തോന്നാറുണ്ട്.
✍️Wordwarrior
2 Comments
ശരിയാണ്, അക്ഷരതെറ്റില്ലാതെ എഴുതാൻ എനിക്ക് കഴിയില്ല..
മക്കൾ നന്നായി സംസാരിക്കും പക്ഷേ വായിക്കാനും എഴുതാനും അറിയില്ല.. പഠിപ്പിക്കാൻ ശ്രമിച്ചു ചീറ്റിപ്പോയി..
എന്നാലും വായിച്ചപ്പോൾ ആദ്യം ഓർമവന്നത് ലേഖികയുടെ ഇംഗ്ലീഷ് പ്രാവിണ്യമാണ്..
Moms ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയിരുന്നു ഒരേയൊരാൾ.. 😍
വിജ്ഞാനപ്രദമായ നല്ലൊരു ലേഖനം പർവീ 👏👏. ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ്. ഇന്ന് പലരും മലയാളഭാഷയെ ബഹുമാനിക്കാതെ പോകുന്നു. മലയാളം അറിയില്ലെന്ന് നടിക്കുന്നു.(ഇന്ന് നമ്മൾ കാണുന്ന ജനപ്രിയ ചാനലുകളിലെ അവതാരികമാ രായ സ്ത്രീകളെ നോക്കിയാൽ മതി) പലർക്കും ഭാഷ നൈപുണ്യം കുറഞ്ഞു വരുന്നതായി കാണുന്നു.