#അരണ
“അരണ കടിച്ചാൽ ഉടനെ മരണം “എന്ന ചൊല്ല് കെട്ടിട്ടാവണം മൂർഖൻ പാമ്പിനെപ്പോലും പേടിക്കാത്ത അച്ഛൻ മെഡിക്കൽ ഷോപ്പിൽ അരണ കേറിയാൽ വല്ലാതെ വിരളുന്നത്. മീനുക്കുട്ടി വിചാരിച്ചു. അതോ ഇടക്കിടെ വില്ലൻ വേഷത്തിൽ വന്നു സ്വൈര്യം കെടുത്താറുള്ള ഡ്രഗ് ഇൻസ്പെക്ടർ മരുന്ന് പെട്ടികൾക്കിടയിൽ അരണയെ കണ്ടാലുള്ള പൊല്ലാപ്പ് ഓർത്തിട്ടോ. രണ്ടായാലും മീനുക്കുട്ടിക്കും അരണയെ ഭയങ്കര പേടിയാണ്.
അച്ഛന്റെ മെഡിക്കൽ ഷോപ്പിന്റെ നേരെ മുൻവശത്തു പെട്ടി വണ്ടിയിൽ ഓറഞ്ചും ആപ്പിളുമൊക്കെ വിൽക്കുന്ന സെയ്ദാലിക്കാടെ കടയിൽ നിന്നാണ് ഇവറ്റകൾ വരുന്നതെന്നാണ് അച്ഛന്റെ കണ്ടുപിടിത്തം.
സ്പെഷ്യൽ ക്ലാസ്സ് ഉള്ള ശനിയാഴ്ച ദിവസങ്ങളിൽ കടയിലിരുന്നാണ് മീനുക്കുട്ടി ഊണു കഴിക്കാറ്. ഉണ്ണാൻ പാത്രം തുറക്കുമ്പോളായിരിക്കും കറക്റ്റ് ടൈമിങ്ങിൽ അരണച്ചേട്ടന്റെ അവതാരം. അതിന്റെ വാല് കാണുന്ന ക്ഷണം മീനുക്കുട്ടി പാത്രം അടച്ചു വച്ച് എലിവാണം കത്തിച്ചു വിട്ട കണക്ക് ശൂ ന്നൊരു പാച്ചിലാണ്. പിന്നെ ലാൻഡിംഗ് മെഡിക്കൽ ഷോപ്പിന്റെ മുൻവശത്തെ സ്ലാബും കഴിഞ്ഞ് മെയിൻ റോഡിലായിരിക്കും. പിറകെ അച്ഛൻ നീണ്ട വടിയുമെടുത്ത് സാധനത്തിനെ പുകച്ചു ചാടിക്കാനുള്ള വട്ടം കൂട്ടലാവും. അവിടേം ഇവിടേം ഒക്കെ തട്ടി മുട്ടി ഒരു വിധത്തിൽ ഇവനെ വെളിയിലാക്കാൻ നോക്കുമ്പോൾ വലത്തോട്ടും ഇടത്തോട്ടും മുൻപോട്ടും പിറകോട്ടും ഒക്കെ ചാടി ചിലപ്പോൾ മരുന്ന് കുപ്പിക്കു മേലെ കൂടി ഹർഡിൽസും നടത്തിയിട്ടേ അവൻ പിൻവാങ്ങൂ. സാധനത്തിനെ കടയുടെ മുൻവശത്തുള്ള ഓടയിലെത്തിച്ചാൽ മീനുക്കുട്ടിയും അച്ഛനും ഹൈ ഫൈ അടിക്കും.
കാര്യങ്ങൾ ഇങ്ങനെ ഒക്കെയാണെങ്കിലും സ്കൂളിൽ വല്ല കുടയോ ചോറ്റുപാത്രമോ മറന്നു വച്ചാൽ “അതെങ്ങനെയാ അരണ ബുദ്ധിയല്ലേ നിനക്ക് “എന്ന് തന്നേം അരണയേം ഒരു ടീമിലാക്കുന്ന അച്ഛന്റെ കമന്റടി മീനുക്കുട്ടിക്ക് അത്ര പിടിക്കില്ല!
✍️ശോഭ നാരായണ ശർമ്മ