'ഞാൻ റെഡി അല്ല' ... 'ഞാൻ പൂർണ്ണമായും പ്രിപ്പെയർഡ് ആവട്ടെ' ... 'ഇങ്ങനെ സംഭവിച്ചാൽ എന്തുചെയ്യും? അത് നടന്നാൽ എന്തുചെയ്യും?' ഇങ്ങനെയൊക്കെ കരുതി ശങ്കിച്ച് നിൽക്കുവാണോ നിങ്ങൾ?
അതോ...'ഇപ്പോൾ സമയം ശരിയല്ല' 'ഇതിന് ശേഷം ഞാൻ എന്തുചെയ്യണമെന്ന് എനിക്ക് വ്യക്തമല്ല'... അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് പിന്മാറുകയാണോ?
ശരി, ഞാനൊരു കാര്യം പറയട്ടെ ... പൂർണ്ണമായും തയ്യാറായി കഴിഞ്ഞിട്ട്, ചെയ്യാൻ ആഗ്രഹിച്ചത് ആരംഭിക്കാം എന്നാണ് നിങ്ങൾ കരുതുന്നത് എങ്കിൽ, നിങ്ങൾ അത് ചെയ്യില്ല; കാരണം, 'ഫുള്ളി റെഡി' ആണെന്ന് നിങ്ങൾക്ക് ഒരിക്കലും തോന്നില്ല! "എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ" എന്ന് നിങ്ങൾ കാത്തിരിക്കുകയാണെങ്കിലും, അത് സംഭവിക്കില്ല; കാരണം ആ 'സമയം' ഇന്ന്, ഇപ്പോൾ, ഈ നിമിഷം ആണ്!
എന്താണ് നിങ്ങൾ ചെയ്യേണ്ടത്? ചെറിയ ചുവടുകളിലൂടെ തുടങ്ങുക; പക്ഷേ തുടങ്ങിവയ്ക്കുക! ധൈര്യമായി ആരംഭിക്കുക, ഓരോ ഘട്ടത്തിലും പഠിക്കുക. ആദ്യത്തെ ചുവട് എടുത്ത് വെക്കുക, ഗോവണി മുഴുവനായും കണ്ടില്ലെങ്കിലും! കയറുന്തോറും ഓരോ പടിയായി മുന്നിൽ പ്രത്യക്ഷപ്പെടുമെന്ന് ഉറച്ച് വിശ്വസിക്കുക!
റോബിൻ ശർമ്മയുടെ ഈ ഉദ്ധരണി ഓർക്കുക: എല്ലാ വിദഗ്ധരും ഒരിക്കൽ തുടക്കക്കാരായിരുന്നു. അതുകൊണ്ട് വലിയ സ്വപ്നങ്ങൾ കാണുക; (ഭയം മറികടന്ന്) അവയ്ക്ക് വേണ്ടി പോരാടാൻ ഇന്ന് തന്നെ ആരംഭിക്കുക! ഓർക്കുക: എവിടെയെങ്കിലും എത്തണമെങ്കിൽ എവിടെയെങ്കിലും ആരംഭിക്കേണ്ടതുണ്ട്!
കാരണം, ജീവിതത്തിൽ നാം ഏറ്റവും പശ്ചാത്താപത്തിക്കുന്നത്, മടിച്ചു നിന്ന്, തുടങ്ങാതെ വിട്ടു കളഞ്ഞ അവസരങ്ങളെപ്പറ്റിയാണ് !
– ദീപ പെരുമാൾ