ഒറ്റയ്ക്ക് മണ്ണിതിൽ പിറന്നു വീഴുന്ന മർത്യൻ,
തനിയെ തന്നെ മടങ്ങുന്നു മണ്ണിലേക്ക്,
ഇടയിൽ കൂട്ടായെത്തുന്നു പലരും,
ജീവിതയാത്രയിൽ സഹയാത്രികരായ്.
വഴിയിൽ യാത്ര പറഞ്ഞു പിരിഞ്ഞു പോകുന്നു ചിലർ,
യാത്ര പോലും പറയാതെയൊരു നാൾ
അകന്നു പോകുന്നു ചിലർ.
കൂടെയുള്ളവർ ചിലർ വെറും കാഴ്ചക്കാർ,
ചിലരോ സന്തോഷം മാത്രം പങ്കിടാൻ വന്നവർ,
കരൾ പിളരും ദുഃഖങ്ങളിൽ
തുണയായ്, തണലായ്,
കൂടെ നടന്നു,
സ്നേഹവചസ്സാൽ, നീറും മുറിവിൽ
ആശ്വാസമായ്, നിൽക്കുന്നു ചിലർ,
തനിയെ തുഴഞ്ഞു നീങ്ങും
വൈതരണികൾ താണ്ടിടും നേരവും
തനിച്ചല്ല നാം,
എന്ന് പറയാതെ പറയുമവർ.