കുനിഷ്ട് എന്ന് കേട്ടപ്പോൾ തന്നെ കുട്ടിക്കാലത്തു കുനിഷ്ട് കാണിച്ചതു കൊണ്ടുണ്ടായ അനുഭവമാണ് ഓർമ്മ വന്നത്. ഒന്നാംതരത്തിൽ പഠിക്കുന്ന കാലം പുതുമഴ പെയ്താൽ തറവാട്ടിലെ മുല്ലവള്ളി നിറയെ മുല്ലപ്പൂക്കൾ മനംമയക്കുന്ന മണം പരത്തി വിടർന്നു നിൽക്കും. നല്ല മുഴുത്ത പൂമൊട്ട് പറിച്ചെടുത്തു ഉമ്മ തലേന്ന് മുല്ലപ്പൂമാല കെട്ടിവെക്കും പിറ്റേന്ന് നല്ല സുഗന്ധം പരത്തി വിടർന്നു നിൽക്കുന്ന്നുണ്ടാകും ഏകദേശം രണ്ടു മുഴം നീളമുള്ള മുല്ലപ്പൂമാല രണ്ടായിമുറിച്ചു എനിക്കും ചേച്ചിക്കും ചൂടിത്തരാറാണ്പതിവ്.
പതിവു പോലെ ഉമ്മ മുല്ലപ്പൂമാല കെട്ടി രണ്ടായി മുറിക്കാനാഞ്ഞതും പകുതി ചേച്ചിക്ക് കൊടുക്കുന്നതിലുള്ള കുനിഷ്ട് കാരണം മുറിക്കാൻ സമ്മതിക്കാതെ ഞാൻ എനിക്കു തരുന്ന കുനിഷ്ട് കാരണം മുഴുവൻ മാലക്കു വാശിപിടിച്ചു ചേച്ചിയും അവസാനം വഴക്കു മൂത്തപ്പോൾ ഉമ്മാടെ കയ്യിൽനിന്നും നല്ല അടിയും കിട്ടി കെട്ടിവെച്ച മുല്ലമാല രണ്ടു പേർക്കും തരാതെ അടുത്ത വീട്ടിലെ കൂട്ടുകാരിക്ക് കൊടുത്തതും പിന്നീട് അവൾ തലയിൽ ചൂടി ഗമകാണിച്ചു നടന്നു പോകുന്നത് കാണേണ്ടി വന്നതും കുനിഷ്ട് കാണിച്ചതിനുള്ള ചെറിയ ഉദാഹരണം മാത്രം.
മറ്റുള്ളവർക്കു ലഭിക്കുന്ന നേട്ടത്തിൽ അസൂയയും കുനിഷ്ട്ടും കാണിക്കാതെ അവരെ അഭിനന്ദിക്കാനും അവരുടെ നേട്ടത്തിൽ സന്തോഷിക്കുവാനുമാണ് നാം ശ്രമിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതും. അല്ലാത്ത പക്ഷം നമുക്ക് നഷ്ടങ്ങളെ സംഭവിക്കൂ.
റംസീന നാസർ