പരാജയത്തിന്റെ കൈപ്പുനീരുകൾ ഉള്ള് കനപ്പിച്ചിറങ്ങിപ്പോയ
രാവുകൾ. പകലുകൾ.
കാലവും നേരവും നോക്കാതെ
പെയ്തിറങ്ങിയ,
കണ്ണുനീർകുത്തൊഴുക്കുകൾ.
ഉള്ളിലപ്പോഴും നേരിപ്പോട് പോലൊരുസ്വപ്നം.
കൈച്ചിറങ്ങിയ, പുളിച്ചു തികട്ടിയ
നോവുകൾക്ക് മേലെ
പിന്നേയുമൊരു പ്രത്യാശാനാളം.
കൽക്കണ്ടതുണ്ടുപോലെയല്ല.
പഞ്ചാരതരിയോളം പോന്ന മധുരമുള്ളസ്വപ്നം.
വിജയകിരീടം ചൂടിയ ചിത്രം.
തരിയോളം പോന്ന കനലിനെ
ഊതിയൂതി നാളമാക്കി.
ആളിയാളിപടർത്തി
അഗ്നിയായി ജ്വലിപ്പിച്ചു.
സ്വപ്നങ്ങൾ!!!
ഒത്തിരി മോഹിച്ച സ്വപ്നങ്ങൾ.
കയ്പ്പിടിയിലൊതുക്കി അലറി ചിരിച്ചു.
വിജയി!!!
കഴിഞ്ഞുപോയ കാലത്തിന്റെ കണ്ണുനീരുകൾ
ഘനീഭവിച്ചു. കല്ലായി.
വെറും കല്ലല്ല… വജ്രക്കല്ലായി.
ഉള്ളറകളിൽ ഒത്തിരി പ്രതിഫലനം തീർത്ത നോവുകൾ,
ഇനിയൊരു നോവിനും കെടുത്താനാവാത്തവിധം
പുഞ്ചിരിയായി തിളങ്ങി.
**************** ✍️ ബബിത അഡിറ്റ്