വില്പനയ്ക്കായൊരുങ്ങുന്നെൻ ഗൃഹം… ചുറ്റുമുള്ളൊരീ ഭൂമിയും..
വിൽക്കുന്നില്ല ഞാനെൻ സ്വപ്നങ്ങൾ… എൻഭൂതവുംഭാവിയും…
വിൽക്കുന്നില്ല ഞാനെന്നെ വിട്ടുപോയൊരാ ബന്ധങ്ങളും ബന്ധനങ്ങളും… വിൽക്കുന്നില്ലെൻ മുറ്റത്തുപതിഞ്ഞ കുഞ്ഞു കാൽപ്പാടുകൾ… വിടർന്നുസുഗന്ധം പരത്തി നിന്നൊരെൻ പൂക്കളും… തേനുണ്ടുനിറഞ്ഞുപറന്നകന്നൊരാ പൂമ്പാറ്റകളും കുഞ്ഞുകുരുവികളും
വിൽക്കുന്നില്ല ഞാനെൻ പൂമുഖം പോയ്മറഞ്ഞോരെന്നച്ഛനുമമ്മയുമായക്ഷരശ്ലോകം ചൊല്ലിക്കളിച്ച സന്ധ്യകൾ…
വിൽക്കുന്നില്ലഞാനെൻനടുത്തളം… കൊച്ചരിപ്പല്ലുകൾ കാട്ടിയെൻ പൈതങ്ങൾ മാമുണ്ടോടി നടന്നൊരാ നടുമുറ്റവും
വിൽക്കുന്നില്ല ഞാനെൻ കിടപ്പറ.. പനിച്ചൂടിലൊരു നെറ്റിയിലിട്ട ശീലമേലിറ്റിറ്റു വീണ കണ്ണുനീർത്തുളളികൾ… തീരാനോവിൻ വ്യഥയിലുറങ്ങാതെ വെളുപ്പിച്ച രാത്രികൾ…
വിൽക്കുന്നില്ലഞാനെൻ്റെയടുക്കള..നെഞ്ചിലെ കനലെരിച്ചു ഞാൻ വേവിച്ചു വാർത്തൊരാ ചോറിൻ ഗന്ധവും…
വിൽക്കുന്നില്ല ഞാനെൻ തൊടിയിലൂടോടിപ്പായുന്നൊരണ്ണാർക്കണ്ണന്മാരെ…
വിൽക്കുന്നില്ല ഞാനെന്നടുക്കളപ്പടിമേലിരുന്നു ചാഞ്ഞും ചരിഞ്ഞും കള്ളക്കണ്ണെറിയുന്നൊരാ മുത്തശ്ശിക്കാക്കയെ…
വിൽക്കുന്നില്ല ഞാനെൻമാവിൻ കൊമ്പിലിരുന്നു മദിച്ചു പാടുന്നൊരാ പുള്ളിക്കുയിലിനെ…
വിൽക്കുന്നില്ല ഞാനെൻ മോഹങ്ങളെ… പെയ്തൊഴിയാത്തൊരെൻ കണ്ണുനീരിനെ… നീറിപ്പുകയുന്നൊരെൻ നെഞ്ചകത്തെ…
എങ്ങനെ വിൽക്കും ഞാൻ… മോഹങ്ങൾ തൻ കളിത്തേരിലേറി ഞങ്ങൾ നെയ്തെടുത്തൊരാ സ്വപ്നങ്ങൾ തൻ പട്ടു തൂവാലകൾ