എന്റെ കുഞ്ഞിക്ക് അന്ന് രണ്ടര വയസ്സ്. കിച്ചൂന് നാലര. അന്ന് ഞാൻ ജോലിക്ക് പോകുന്നുണ്ട്. അമ്മയായിരുന്നു മക്കളെ നോക്കുന്നത്. പെങ്കൊച്ചിനെ ഒരുക്കാൻ ഇഷ്‌ടമായിരുന്നെങ്കിലും, അവളുടെ കണ്ണെഴുതാൻ എനിക്കൊരു പേടിയായിരുന്നു. അവൾ കണ്ണ് പിടപ്പിച്ചാൽ എൻ്റെ വിരൽ കണ്ണിൽ കൊള്ളുമോ എന്ന സംശയമായിരുന്നു. ഒരു ദിവസം ഞാൻ ജോലിക്ക് പോയി കഴിഞ്ഞ് ഉച്ച ആയപ്പോൾ അമ്മയ്ക്ക് തലവേദന തുടങ്ങി. അപ്പോൾ അമ്മ ഒന്ന് കിടന്നു. പിന്നെ വൈകുന്നേരം ഞാൻ വന്നപ്പോൾ അമ്മ പറഞ്ഞു “രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമായിരുന്നെടീ. എന്താ എന്ന് നോക്കാൻ പറ്റുന്നില്ലായിരുന്നു.” ഞാൻ നോക്കുമ്പോൾ കുഞ്ഞിയുടെ കണ്ണ് നല്ല ഭംഗിയിൽ എഴുതിയിരിക്കുന്നു. അവൾക്കത് നന്നായി ചേരുന്നുമുണ്ട്. ആരാ എഴുതി തന്നത് എന്ന് ചോദിച്ചപ്പോൾ ചേട്ടനാണെന്ന് പറഞ്ഞു. എനിക്ക് ഭയങ്കര അത്ഭുതമായിരുന്നു. അവനെങ്ങനെ ഇത്ര ഭംഗിയിൽ എഴുതാൻ സാധിച്ചു. അങ്ങനെ കുഞ്ഞിക്ക് ആദ്യമായി കണ്മഷി കൊണ്ട് കണ്ണെഴുതി കൊടുത്തത് അവളുടെ ചേട്ടനാണ്.
