ഞാൻ വണ്ടി ഓടിക്കുന്ന ഒരാളാണ്. നമ്മൾ ആരെയും തൊടാതെ, ആരും നമ്മളെയും തൊടേണ്ട എന്ന ഭാവത്തിൽ വണ്ടിയും കൊണ്ട് പോകുമ്പോൾ ചിലര് നമ്മുടെ മുൻപിൽ കേറാൻ നോക്കും. വഴിയുണ്ടെങ്കിൽ വേണ്ടില്ല. മുൻപിലും പുറകിലും ഒക്കെ വണ്ടികളുമായി മല്ലിട്ട് നിൽക്കുമ്പോൾ ചിലർ ഭയങ്കര ഹോർണടിയാണ്. എന്ത് കാര്യത്തിന്. നിർത്തില്ല. ചെവിതല കേൾപ്പിക്കില്ല. ബസ്കാരുടെ കാര്യം പറയേണ്ട. എനിക്കീ നിർത്താതെയുള്ള ഒച്ച സഹിക്കില്ല. ഭയങ്കര ദേഷ്യം വരും. എന്താ എന്ന് കയ്യുയർത്തി ചോദിക്കാറുണ്ട്. അത് പോലെ മീഡിയൻ ഒന്നും ഇല്ലാത്ത വഴിയിൽ ഒരു പ്രശ്നവുമില്ലാതെ വണ്ടികൾ പോകുമ്പോൾ പെട്ടെന്ന് ബസ് സ്റ്റോപ്പിൽ ബസ് നിർത്തി. സ്വാഭാവികമായും വലിയ വണ്ടികളും പുറകിൽ നിർത്തി. എതിർ വശത്ത് നിന്ന് വണ്ടികൾ പോയി കൊണ്ടിരിക്കുന്നു. ഇതൊന്നും നോക്കാതെ ഇരു ചക്ര വാഹനങ്ങൾ എനിക്ക് പോയെ പറ്റു, നിർത്തി ഇട്ടിരിക്കുന്നവർ മണ്ടന്മാർ എന്ന മട്ടിൽ വണ്ടി മുന്നോട്ട് എടുക്കും. അവസാനം അവർക്കും പോകാൻ പറ്റില്ല, എതിർ വശത്ത് നിന്ന് വരുന്നവർക്കും പോകാൻ പറ്റില്ല, ബസിനും പോകാൻ പറ്റില്ല, ആർക്കും പോകാൻ പറ്റില്ല. അവനവൻ മാത്രമുള്ളൂ ഈ ലോകത്ത് എന്ന് വിചാരിച്ചു ജീവിക്കുന്ന രീതിയോട് തന്നെ എനിക്ക് ദേഷ്യമാണ്. നമുക്ക് ജീവിക്കണം. അത് പോലെ തന്നെ മറ്റുള്ളവർക്കും ജീവിക്കണം. അത് എല്ലാവരുടെയും അവകാശമാണ്.
