മുൻ ടി വി ആങ്കറും, എഴുത്തുകാരിയുമായ ആൻ പാലിയുടെ ഏറ്റവും പുതിയ പുസ്തകമാണ് ‘അഗാപ്പെ’.
സാരംഗ് എന്ന കഥാനായകന്റെ കോർപറേറ്റ് ജീവിതത്തിൽ നിന്ന് കഥ തുടങ്ങിയപ്പോൾ, വായന കുറച്ചു പതുക്കെ ആയിരുന്നു. ഇതെനിക്ക് പറ്റിയ പുസ്തമാണോ എന്ന് ഞാൻ ഒന്ന് സംശയിച്ചു. ആൻ പാലി എന്ന നമുക്കറിയുന്ന എഴുത്തുകാരിയുടെ ശൈലിയേ ആയിരുന്നില്ല തുടക്കത്തിന്.
എന്നാൽ എന്റെ പ്രതീക്ഷകളെ എല്ലാം തെറ്റിച്ചു കൊണ്ട്, എത്ര പെട്ടെന്നാണ് കഥ മാറി മറിഞ്ഞത്. മനസ്സിൽ ഇപ്പോഴും ചെറുപ്പം സൂക്ഷിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ഞാൻ ഇപ്പോഴും ക്യാംപസ് കഥകളുടെ ഒരു ആരാധികയാണ്. അതുപോലെ തന്നെയാണ്, നമ്മൾ കാണാത്ത, അനുഭവിക്കാത്ത സ്ഥലങ്ങളിൽ നടക്കുന്ന കഥകളും. ഇതു രണ്ടും കൂടിച്ചേർന്നപ്പോൾ അഗാപ്പെ മനോഹരമായ ഒരു വായനയാണ് നൽകിയത്.
സാരംഗിന്റെയും മെർലിന്റെയും പോയിന്റ് ഓഫ് വ്യൂയിലൂടെ പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കഥ പിന്നീട് നമുക്ക് എത്ര എത്ര കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ശക്തമായ നിലപാടുകൾ പറയുന്ന, രാഷ്ട്രീയം പറയുന്ന, നമ്മൾ എവിടെയൊക്കെയോ കണ്ടു മറന്നെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ. കോളേജ് ജീവിതത്തിന്റെ ആഘോഷമാണ് അഗാപ്പെ. മനോഹരമായ സൗഹൃദങ്ങളുടെ, ടോക്സിക് ബന്ധങ്ങളുടെ, നമ്മളെ കൊതിപ്പിക്കുന്ന പ്രണയത്തിന്റെ, കണ്ണു നിറയ്ക്കുന്ന പ്രണയ നഷ്ടങ്ങളുടെ, അഭിമാനകരമായ സ്വയം തിരിച്ചറിവിന്റെ, സ്വത്വം തേടിയുള്ള യാത്രയുടെ എല്ലാമെല്ലാം ആകെത്തുകയാണ് അഗാപ്പെ. ഇതൊക്കെ നടക്കുന്നത് സ്വപ്നതുല്യമായ ലണ്ടൻ നഗരത്തിൽ ആണെന്നുള്ളതാണ് അതിന്റെ മനോഹാരിത കൂട്ടുന്നത്.
ഞാൻ കഥാപാത്രങ്ങളിലേയ്ക്കോ, കഥയിലേക്കോ കൂടുതലായി കടക്കുന്നില്ല. വായിച്ചു കഴിയുമ്പോഴേയ്ക്കും, കുറെ ചിരിയും, കുറെയേറെ ചിന്തകളും, കുറച്ച് കണ്ണീരും, അവസാനം ഒരു പുഞ്ചിരിയും നമ്മളിൽ ‘അഗാപ്പെ’ അവശേഷിപ്പിക്കും. വളരെ വളരെ ലൈറ്റ് ആയി, ഒരു സിനിമ കാണുമ്പോലെ ആസ്വദിക്കാൻ പറ്റിയ, മനോഹരമായ ഒരു അനുഭവമായിരുന്നു എനിക്ക് അഗാപ്പെ. നന്ദി, പ്രിയപ്പെട്ട അന്നാമ്മോ❤️ വീണ്ടും വീണ്ടും എഴുതി ഞങ്ങളെ സന്തോഷിപ്പിക്കൂ🥰

