അയല നന്നാക്കവേ
അതിൻ്റെ ചത്ത കണ്ണ് കാൺകെ
അവൾ ചോദിച്ചു,
നീയെന്തിനാ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നത്?
നിൻ്റെ കടലും അതിൻ്റെ ആകാശവും ജീവനും നിനക്ക് നഷ്ടപ്പെട്ടു.
ഞാനൊരു കടല് ഉള്ളിലൊളിപ്പിച്ച്
പുറമെയൊരാകാശം പണിയാൻ ശ്രമിച്ചുകൊണ്ടും ഇരിക്കുന്നു.
അത്രേയുള്ളു.
ഫലത്തിൽ നമ്മൾ വെറും കഷണങ്ങളാണ്.
ചിറക് വെട്ടിമാറ്റിയ കഷണങ്ങൾ!
